ആരാണ് ശ്രീലങ്കയുടെ പ്രധാനമന്ത്രി ? കൂട്ടത്തല്ലോ ജനാധിപത്യം?

srilanka
SHARE

യഥാര്‍ഥത്തില്‍ ആരാണ് ശ്രീലങ്കയുടെ പ്രധാനമന്ത്രി ? ആ രാജ്യത്തെ ജനങ്ങളും ചോദിക്കുന്നത് ഇതു തന്നെയാണ്. പ്രശ്നപരിഹാരത്തിന് പ്രസിഡന്‍റ് വിളിച്ച യോഗം അലസിപ്പിരിഞ്ഞതോടെ ലങ്കയില്‍  രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി . ജനാധിപത്യത്തിന്‍റെ സകലമര്യാദകളും ലംഘിക്കുന്ന രംഗങ്ങളാണ് അവിശ്വാസ പ്രമേയ വോട്ടെടുപ്പിനിടെ ഉണ്ടായത്. 

കൂട്ടത്തല്ല്. പാര്‍ലമെന്‍റ് പിരിച്ചുവിട്ട നടപടി സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് സഭ സമ്മേളിച്ചത്.  ആദ്യദിനം  അവിശ്വാസ പ്രമേയം വിജയിച്ചതോടെ  പ്രസിഡന്‍റ് മൈത്രിപാല സിരിസേന നിയമിച്ച പ്രധാനമന്ത്രി മഹിന്ദ രജപക്ഷെയ്ക്ക് അധികാരം നഷ്ടമായി. രാജപക്ഷെയ്ക്കെതിരായ അവിശ്വാസം ശബ്ദവോട്ടോടെ പാസായെന്ന് സ്പീക്കര്‍ കരു ജയസൂര്യ പ്രഖ്യാപിച്ചു. എന്നല്‍ ഇത് അംഗീകരിക്കില്ലെന്ന് രാജപക്ഷെ പക്ഷം നിലപാടെടുത്തു. താന്‍ തന്നെയാണ് പ്രധാനമന്ത്രിയെന്ന് പ്രസിഡന്‍റ് പുറത്താക്കിയ റനില്‍ വിക്രമസിംഗെ പ്രഖ്യാപിച്ചു. പക്ഷെ സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറിയെന്ന് ആക്ഷേപിച്ച രാജപക്ഷെയുടെ പാര്‍ട്ടിക്കാര്‍ ശക്തമായി പ്രതിഷേധിച്ചു. ശബ്ദവോട്ടിലൂടെ പ്രധാനമന്ത്രിയെ പുറത്താക്കാന്‍ സ്പീക്കര്‍ക്കാവില്ലെന്നായിരുന്നു ഇവരുടെ നിലപാട്. 

പിറ്റേന്ന് സഭാ അന്തരീക്ഷം കൂചുതല്‍ കലുഷിതമായി. പാര്‍ലമെന്‍റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്ന് മഹിന്ദ രജപക്ഷെ ആവശ്യപ്പെട്ടു. ഇക്കാര്യം വോട്ടിനിട്ട് തീരുമാനമെടുക്കണമെന്ന പ്രതിപക്ഷ എംപിമാരുടെ ആവശ്യം സ്പീക്കര്‍ അംഗീകരിചച്തോടെ നാടകീയ രംഗങ്ങള്‍ക്കാണ് സഭ സാക്ഷ്യം വഹിച്ചത്. കൂട്ടയടി രാജപക്ഷയെ പിന്തുണയ്ക്കുന്ന എംപിമാര്‍ സ്പീക്കറെ വളഞ്ഞു. സ്പീക്കറുടെ സംരക്ഷണം വിക്രമസിംഗപക്ഷം ഏറ്റെടുത്തതോടെ രംഗം വഷളായി. കസേരയും മൈക്കുമെല്ലാം സ്പീക്കര്‍ക്ക് നേരെ പാഞ്ഞു. 

ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പായതോടെ വോട്ടടെുപ്പ് തടസപ്പെടുത്താനുള്ള രാജപക്ഷെ വിഭാഗത്തിന്‍റെ ശ്രമമായിരുന്നു ബഹളമെന്ന് മറുപക്ഷം ആരോപിച്ചു. രാജ്യത്ത െഅരാജകത്വം അവസാനിപ്പാക്കാനുള്ള പോരാട്ടമാണ് തങ്ങള്‍ നടത്തുന്നതെന്ന് മറുപക്ഷം. പ്രശ്നപരിഹാരത്തിന്‍ മഹിന്ദ രാജപക്ഷെയും റനില്‍ വിക്രമസിംഗെയയും ഒരുമിച്ചിരുത്തി രണ്ടു മണിക്കൂര്‍ ചര്‍ച്ച നടതത്തിയെങ്കിലും രണ്ടുപേരും നിലപാടുകളില്‍ ഉറച്ചുനിന്നതോടെ പ്രശ്നപരിഹാരം അസാധ്യമായി. 

അധികാരതത്തിലേറ്റിയ ജനമാണ് ശ്രീലങ്കയിലെ അധികാരവടംവലിയില്‍ വഞ്ചിക്കപ്പെടുന്നത്. റനില്‍ വിക്രമസിംഗെയുടെ ജനപ്രീതിയില്‍ മൈത്രിപാല സിരിസേനയ്ക്കുണ്ടായ അസ്വസ്ഥതായണ് പ്രശ്നങ്ങളുടെ അടിസ്ഥാനകാരണമെന്ന് വിമര്‍ശനമുണ്ട്. പ്രസിഡന്‍റിന് അമിത അധികാരം നല്‍കുന്ന ഭരണഘടന സിരിസേനയ്ക്ക് പിടിവള്ളിയായി. അധികാരത്തിനു വേണ്ടി എന്തു നെറികെട്ട നിലപാടും സ്വീകരിക്കാന്‍ മടിയില്ലാത്ത നേതാക്കളാണ് ആ രാജ്യത്തിന്‍റെ ശാപം. 

മൈത്രിപാല സിരിസേന, മഹിന്ദ രാജപക്ഷെ, റനി്ല്‍ വിക്രമസിംഗ. ലങ്കന്‍ രാഷ്ട്രീയക്കളത്തിലെ ഈ മൂന്ന് പ്രധാന കളിക്കാരുടെയും രാഷ്ട്രീയ പശ്ചാത്തലം കൗതുകരമാണ്. 2005 മുതൽ 10 വർഷം ശ്രീലങ്കയുടെ  പ്രസിഡന്റായിരുന്നു രാജപക്ഷെ. എന്നാൽ, 2015 ലെ തിരഞ്ഞെടുപ്പിൽ മുൻ അനുയായിയും മന്ത്രിയുമായിരുന്ന മൈത്രിപാല സിരിസേനയോടു പരാജയപ്പെട്ടു. റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനൽ പാർട്ടിയുമായി ചേർന്നാണ് അന്ന് സിരിസേന രാജപക്ഷെയെ തോൽപിച്ചത്. മൂന്നുവര്‍ഷത്തിനിപ്പുറം കഥമാറി. വിക്രമസിംഗെയെ പുറത്താക്കി രാജപക്ഷെയെ, സിരിസേന പ്രധാനമന്ത്രിയാക്കിയതോടെ പഴയ കൂട്ടുകാര്‍ വീണ്ടും ഒന്നിച്ചു. 

രാജപക്ഷെയാകട്ടെ അരനൂറ്റാണ്ട് തന്നെ കൈപിടിച്ച് നടത്തിയ ശ്രീലങ്ക ഫ്രീഡം പാർട്ടി (എസ്എൽഎഫ്പി)യുമായുള്ള ബന്ധം അവസാനിപ്പിച്ച്  പുതിയതായി രൂപീകരിച്ച ശ്രീലങ്ക പീപ്പിൾസ് പാ‍ർട്ടി (എസ്എൽപിപി) യിൽ ചേർന്നു.  ഇപ്പോള്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് രാജപക്ഷെ, സിരിസേന പക്ഷത്തിന്‍റെ ആവശ്യം. പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള അധികാരം ഭരണഘടനപ്രകാരം പ്രസിഡന്‍റിനാണ് എന്നതാണ് വിക്രമസിംഗയ്ക്കുള്ള തടസം. പാര്‍ലമെന്‍റില്‍ ഭൂരിപക്ഷമുണ്ടെങ്കിലും പ്രസിഡന്‍റ് പുറത്താക്കിയതിനാല്‍ അദ്ദേഹത്തിന്‍ പ്രധാനമന്ത്രിയായിരിക്കാന്‍ കഴിയില്ല. ഈ രാഷ്ട്രീയവടംവലിയില്‍ വലയുന്നത് രാജ്യത്തെ സാധാരണജനമാണ്. കാല്‍ നൂറ്റാണ്ട് നീണ്ട ആഭ്യന്തരയുദ്ധത്തിന്‍റെ മുറിവുകള്‍ പൂര്‍ണമായും ഉണങ്ങിയിട്ടില്ല ഈ ദ്വീപ് രാഷ്ട്രത്തിന്. സൂനാമിയടക്കം പ്രകൃതിക്ഷോഭങ്ങവ്‍ നല്‍കിയ ആഘാതങ്ങള്‍ വേറെയും. 

ഓക്സ്ഫര്‍ഡ് ബിരുദധാരികളും അതിസമ്പന്നരുമായ ഒരു കൂട്ടം ആളുകളാണ് രാഷ്ട്രീയം പൂര്‍ണമായും കയ്യാളുന്നത് എന്നതുകൊണ്ടു തന്നെ സാധാരണക്കാരന്‍റെ പ്രശ്നങ്ങള്‍ക്ക് പുല്ലുവിലയാണ്. മഹിന്ദ രാജപക്ഷെ എന്ന മനുഷ്യാവകാശധ്വംസകനും അഴിമതിക്കാരനുമായ പ്രസിഡന്‍റിനെ പരാജയപ്പെടുത്തിയ മൈത്രിപാല സിരിസേനയ്ക്ക് ഒരു ഹീറോ പരിവേഷമുണ്ടായിരുന്നു മുമ്പ്. പ്രസിഡന്‍റിന്‍റെ അധികരങ്ങവ്‍ വെട്ടിക്കുറയ്ക്കുെമന്നുപോലും പറഞ്ഞു സിരിസേന. പക്ഷെ അധികാരക്കസേരയില്‍ അദ്ദേഹത്തിന്‍റെ നിറംമാറി. ഒറ്റത്തവണയെ പ്രസിഡന്‍റാവൂ എന്ന നിലപാട് വിഴുങ്ങി. അധികാരം കൈവിടാതിരിക്കാന്‍ ബദ്ധവൈരിയുമായി കൈകോര്‍ത്തു. രാജപക്ഷെയ്ക്കാണ് ഈ കൂട്ടുകെട്ടില്‍ കൂടുതല്‍ നേട്ടം. തനിക്കെതിരെയുള്ള യുദ്ധകുറ്റകൃത്യകേസുകളും അഴിമതിയാരോപണവുമെല്ലാം അട്ടമറിക്കണമെങ്കില്‍ അദ്ദേഹത്തിന് അധികാരം ആവശ്യമാണ്. അതുകൊണ്ടു തന്നെയാണ് രാജ്യാന്തരസമൂഹത്തിന്‍റെ മുന്നറിയിപ്പുകളെപ്പോലും അവഗണിച്ച് പ്രധാനമന്ത്രിക്കസേരയില്‍ അദ്ദേഹം ഉറച്ചിരിക്കുന്നത്. രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഇതേ രീതിയില്‍ തുടര്‍ന്നാല്‍ നയതന്ത്ര തലത്തിലോ സൈനികതലത്തിലോ ഉള്ള രാജ്യാന്തര ഇടപെടലും ശ്രീലങ്കയ്ക്ക് പ്രതീക്ഷിക്കാം. 

MORE IN LOKA KARYAM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.