അഗ്നിവിഴുങ്ങിയ സ്വര്‍ഗനഗരം

california-fire
SHARE

ചരിത്രത്തിലിന്നോളം കാണാത്ത കാട്ടുതീയുടെ ദുരിതം പേറുകയാണ് യു.എസ് സംസ്ഥാനമായ കാലിഫോര്‍ണിയ. സ്വര്‍ഗനഗരം എന്നറിയപ്പെട്ട കാലിഫോര്‍ണിയയിലെ പാരഡൈസ് പട്ടണത്തെയാകെ കാട്ടുതീ വിഴുങ്ങി. മനുഷ്യന് സാധ്യമാവുന്നതെല്ലാം ചെയ്തിട്ടും നിയന്ത്രിക്കാന്‍ കഴിയാത്ത തീയില്‍ പതിനാലായിരം ഏക്കറിലേറെ സ്ഥലം കത്തിചാമ്പലായി. നഷ്ടപ്പെട്ട ജീവനുകളുടെ കണക്കെടുപ്പ് ഇതുവരെയും കഴിഞ്ഞിട്ടില്ല.

പാരഡൈസ്. കാലിഫോര്‍ണിയയുടെ തലസ്ഥാനമായ സാക്രമെന്റോയുടെ വടക്ക്കിഴക്ക്  സ്ഥിതിചെയ്യുന്ന പട്ടണം. കേവലം ഇരുപത്തി ഏഴായിരത്തിനടുത്താണ് ഇവിടത്തെ ജനസംഖ്യ. രണ്ടാഴ്ച മുന്‍പ്‌വരെ സാധാരണനിലയിലായിരുന്നു ഇവിടത്ത ജനജീവിതം. ഞൊടിയിടയിലാണ് കാര്യങ്ങള്‍ മാറിമറഞ്ഞത്. തീ നാളങ്ങള്‍ നഗരത്തെയാകെ വിഴുങ്ങി. ഒടുവില്‍ പുറത്തുവന്ന നഗരത്തിന്റെ പഴയതും പുതിയതുമായി ഈ ചിത്രങ്ങള്‍ പറയും തീ ദുരന്തത്തിന്റെ ആഴം. 

നവംബര്‍ എട്ട് വ്യാഴാഴ്ച രാവിലെ ആറ് മുപ്പതോടുകൂടിയാണ് പാരഡൈസ് പട്ടണം സ്ഥിതി ചെയ്യുന്ന ബട്ട് കൗണ്ടിയിലെ ക്യാംപ് ക്രീക്ക് റോഡിന് സമീപം തീപ്പൊരി കണ്ടത്. ഈ വഴിയിലുള്ള പസഫിക് ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് കമ്പനിയില്‍ തീ പിടുത്തം ഉണ്ടായെന്നായിരുന്നു അഗ്നിശമനസേനയ്ക്ക് ആദ്യം ലഭിച്ച വിവരം മണിക്കൂറുകള്‍ക്കിടയില്‍ തീ ആളികത്താന്‍ തുടങ്ങി.  അഗ്നിശമന സേന സ്ഥലത്തെത്തിയപ്പോഴേക്കും  ആകാശത്തോളം പുകയും തീനാളങ്ങളും ഉയര്‍ന്നു. ഒപ്പം കാറ്റിന്റെ വേഗതയും കൂടിയതോതെ കാര്യങ്ങള്‍ വൈവിട്ടു. വൈകീടിടോടെ തീ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള മേഖലകളിലാകെ റെഡ് ഫ്ലാഗ് അലേര്‍ട്ട് പ്രഖ്യാപിച്ചു. 

പാരഡൈസിലേക്കും തൊട്ടടുത്ത് സ്ഥിതിചെയ്യുന് കോണ്‍കൗ പട്ടണത്തിലേക്കുമായിരുന്നു തീ പടര്‍ന്നത്. ഇവിടെയുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ മുന്നറിയിപ്പ്കൊടുത്തു. ഒപ്പം അടുത്ത് സ്ഥിതി ചെയ്യുന്ന മറ്റ് നഗരങ്ങളിലും മുന്നറിയിപ്പെത്തി.  80 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശി തുടങ്ങിയതോടെ തീ പടരുന്ന വേഗതയും കൂടി. ഭൂരിഭാഗം പേര്‍ക്കും ഒഴിഞ്ഞുപോകാന്‍‌ സാധിക്കാത്ത അവസ്ഥയായി. പിറ്റേദിവസം പകല്‍ പുറത്തുവന്നത് ചാരമായി മാറിയ പാരഡൈസ് നഗരത്തിന്റെ ആകാശ ദൃശ്യങ്ങളായിരുന്നു. 

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടക്കം കൂടുതല്‍ അഗ്നിശമന സേനാംഗങ്ങള്‍ വന്നിട്ടും തീയണയ്ക്കാനായില്ല. അന്തരീക്ഷമാകെ പുകപടലം മൂടിയതോടെ തീ കത്തുന്നിടത്തേക്ക് എത്താന്‍ പോലും സാധിക്കാതായി. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഇരുപതിനായിരം ഏക്കറിലേറെ പ്രദേശം പൂര്‍ണമായും കത്തി ചാമ്പലായി. വീടുകളും ഓഫിസ് സ്ഥാപനങ്ങളും  വ്യാപരസ്ഥാപനങ്ങളുമടക്കം ആയിരത്തിലേറെ കെട്ടിടങ്ങളെ തീനാളങ്ങള്‍ വിഴുങ്ങി.  കാറ്റിന്റെ വേഗത ഏറിയതും കാലാവസ്ഥ വ്യതിയാനവുമാണ് തീ പടര്‍ന്നുപിടിക്കാന്‍ കാരണമായതെന്നായിരുന്നു കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ പറഞ്ഞത്.

നവംബര്‍ പത്തോടുകൂടി കത്തിയമര്‍ന്ന പ്രദേശത്തിന്റെ വിസ്തൃതി നാല്‍പതിനായിരം ഹെക്ടറായി ഉയര്‍ന്നു. കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഗ്നിബാധ. 1933നുശേഷമുള്ള ഗ്രിഫിത്ത് പാര്‍ക്ക് തീ പിടുത്തമായിരുന്നു ഇതിനുമുന്‍പ് കാലിഫോര്‍ണിയ കണ്ട ഏറ്റവും വലിയ തീ പിടുത്തം. നവംബര്‍ 15 ന് പുറത്തുവന്ന കണക്കുകള്‍ പ്രകാരം 5596 അഗിശമനസേനാംഗങ്ങളാണ് തീ കെടുത്താനും രക്ഷാപ്രവര്‍ത്തനത്തിനും  എത്തിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടകം അറന്നൂറിലേറെ ഫയര്‍ എ‍ഞ്ചിനുകളും എത്തി. തീ ശമിച്ചതോടെ മേഖലയിലെ അന്തരീക്ഷമാകെ പുകപടലങ്ങളാല്‍ മൂടി വിഷലിപ്തമായി. തിരച്ചിലിലില്‍ ഇതുവരെ 77 മൃതദേഹങ്ങള്‍ ലഭിച്ചു ആയിരത്തി അഞ്ഞൂറിലേറെ പേരെ കാണാതായി. ആകെ കത്തിനശിച്ച പ്രദേശത്തിന്റെ വിസ്തൃതി 240,000 ഏക്കറായി .പാരഡൈസിലെയും കോണ്‍കൗവിലെയും 90 ശതമാനം കെട്ടിടങ്ങളെയും അഗ്നി വിഴുങ്ങി. ചരിത്രപ്രാധാന്യമുള്ള ഹണി റണ്‍ കവേര്‍ഡ് പാലവും  പൂര്‍ണമായും കത്തിനശിച്ചു. 

തീപിടുത്തം ഉണ്ടായി രണ്ടാം ദിവസം വന്ന പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റില്‍ കുറ്റപ്പെടുത്തലുകളായിരുന്നു കൂടുതല്‍. കാലിഫോര്‍ണിയ സംസ്ഥാനത്തെ വനം സംരകണ വകുപ്പിന്റെ വീഴ്ചയാണ് ഇത്രവലിയ ദുരന്തത്തിന് കാരണം എന്നാണ് ട്രംപ് പറയുന്നത്. വര്‍ഷാവര്‍ഷം കോടിക്കണക്കിന് തുക വിഹിതം കൊടുത്തിട്ടും ഒന്നും ചെയ്തില്ല.ഇനിയും ഇത് തുടര്‍ന്നാല്‍ കാലിഫോര്‍ണിയക്കുള്ള വിഹിതം റദ്ദാക്കും. പ്രസിഡന്റിന്റെ ട്വീറ്റിനെതിരെ വ്യാപകപ്രതിഷേധമാണ് ഉണ്ടായത്. കാലിഫോര്‍ണിയയുടെ അറുപത് ശതമാനം വനവും ഫെഡര്‍ ഗവണ്‍മെന്റിന്റെ കീഴിലാണെന്നും വനസംരക്ഷണം സംസ്ഥാനത്തിന്റെ ബാധ്യതയല്ലെന്നു പറഞ്ഞ ഉദ്യോഗസ്ഥര്‍ പ്രസിഡന്റ് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്ന് തുറന്നടിച്ചു.

ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി ശനിയാഴ്ച കാലിഫോര്‍ണിയയിലേക്ക് പുറപ്പെടും മുന്‍പും ട്രംപ് പറഞ്ഞത് ആവര്‍ത്തിച്ചു കാലിഫോര്‍ണിയയിലെത്തിയ പ്രസിഡന്റ് ഗവര്‍ണര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമൊപ്പം പാരഡൈസ് പട്ടണം സന്ദര്‍ശിച്ചു. ദുരന്തം നേരില്‍ കണ്ട ട്രപിനോട് കാലാവസ്ഥ വ്യതിയനാത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറിയോ എന്ന ചോദ്യത്തിന് ഇതായിരുന്നു ഉത്തരം.

ഇവിടെ ട്രംപിനെതിരെ ഒറ്റപ്പെട്ട പ്രതിഷേധങ്ങളും അരങ്ങേറി. രാഷ്ട്രീയം കളിക്കാതെ കുടിവെള്ളം എത്തിക്കാനാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പാരഡൈസ് നഗരത്തിലെ കുടിവെള്ള ശ്രോതസുകളെല്ലാം വറ്റിയിരിക്കുകയാണ്. വ്യാപാരസ്ഥാപനങ്ങളും കത്തിയമര്‍നന്നതോടെ കുടിവെള്ളം വിലകൊടുത്തുവാങ്ങിക്കാനും സാധിക്കാത്ത അവസ്ഥയായി. ഇത് ദുരിതം ഇരട്ടിയാക്കിയിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനം കാരണമായി പറയുമ്പോഴും തീപ്പൊരി ഉണ്ടായത് എവിടെ നിന്നാണെന്ന അന്വേഷണവും ഊര്‍ജിതമായി നടക്കുന്നുണ്ട്.

MORE IN LOKA KARYAM
SHOW MORE