‘കടക്ക് പുറത്ത്’; രോഷത്തോടെ വാതിലടച്ച് ട്രംപും വൈറ്റ് ഹൗസും

trump-whitehouse
SHARE

പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രണ്ടു പേരോട് കടക്ക് പുറത്ത് എന്നു പറഞ്ഞു യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനോടും സിഎന്‍എന്‍ വൈറ്റ്ഹൗസ് കറസ്പോണ്‍ഡന്‍റ് ജിം അകോസ്റ്റയോടും. പ്രസിഡന്‍റിന്‍റെ റഷ്യ ബന്ധവും തിരഞ്ഞെടുപ്പ് അട്ടിമറിയും സംബന്ധിച്ച റോബര്‍ട്ട് മ്യൂളറുടെ അന്വേഷണം അവസാന ലാപ്പിലെത്തി നില്‍ക്കുമ്പോഴാണ് അറ്റോര്‍ണി ജനറലിനെ പുറത്താക്കി തന്‍റെ ഇഷ്ടക്കാരനെ നിയോഗിച്ചത്. പുതിയ അറ്റോര്‍ണി ജനറലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ വന്‍പ്രതിഷേധം തന്നെ നടന്നു.

നിഷ്പക്ഷ അന്വേഷണങ്ങള്‍ രാഷ്ട്രീയനേതാക്കള്‍ക്ക് എന്നും പേടിസ്വപ്നമാണ്. റഷ്യ ബന്ധം സംബന്ധിച്ച റോബര്‍ട്ട് മ്യൂളറുടെ അന്വേഷണം വൈറ്റ് ഹൗസിന്‍റെ പടി കടക്കുമെന്ന ഘട്ടത്തിലാണ് അറ്റോര്‍ണി ജനറലിനെ ട്രംപ് പുറത്താക്കിയത്. യുഎസ് നീതിന്യായ സംവിധാനത്തിലെ ഏറ്റവും ഉന്നത പദവിയാണ് അറ്റോർണി ജനറലിന്റേത്. റോബര്‍ട്ട് മ്യൂളറുടെ അന്തിമ റിപ്പോര്‍ട്ട് പരിശോധിക്കേണ്ടതും അറ്റോര്‍ണി ജനറല്‍ തന്നെ. മ്യൂളര്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കാതിരുന്നതോടെയാണ് ജെഫ് സെഷന്‍സ് ട്രംപിന്‍റെ കണ്ണിലെ കരടായത്. സെനറ്റ് അംഗമായിരുന്ന സെഷൻസ് ട്രംപിന്റെ പ്രചാരണസംഘത്തിലെ വിദേശകാര്യ ഉപദേശകനായിരുന്നു.  

തിരഞ്ഞെടുപ്പുകാലത്തു രണ്ടുതവണ വാഷിങ്ടണിലെ റഷ്യൻ അംബാസഡറെ കണ്ടുവെന്ന വിവരം പുറത്തുവന്നതോടെ റഷ്യ ബന്ധം സംബന്ധിച്ച അന്വേഷണത്തിന്‍റെ ചുമതലയില്‍ നിന്ന് അദ്ദേഹം മാറി നില്‍ക്കുകയായിരുന്നു. പകരം ഡപ്യൂട്ടി അറ്റേര്‍ണി ജനറലിന് മ്യൂളര്‍ അന്വേഷണത്തിന്‍റെ ചുമതലയും നല്‍കി. ഇതോടെ അന്വേഷണം ട്രംപിന്‍റെ വിശ്വസ്ഥരിലേക്കും മക്കളിലേക്കും എത്തി. പ്രസിഡന്‍റിനെത്തന്നെ ചോദ്യം ചെയ്യുമെന്ന വാര്‍ത്തയുമെത്തി. മ്യൂളര്‍ തന്നെ വേട്ടയാടുകയാണെന്ന് ട്രംപ് ആവര്‍ത്തിച്ചതോടെ സ്പെഷല്‍ കോണ്‍സലിനെ പുറത്താക്കുമെന്ന സൂചന വന്നു. എന്നാല്‍ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ റോഡ് റോസെന്‍സ്റ്റൈന്‍ നിലപാടെടുത്തു. ഇതോടയാണ് തിടുക്കത്തില്‍ സെഷന്‍സിനെ പുറത്താക്കി റോസെന്‍സ്റ്റൈന്‍റെ മുകളില്‍ ആക്ടിങ് അറ്റോര്‍ണി ജനറലായി മാത്യു വിറ്റെക്കറെ നിയമിച്ചത്. റോബര്‍ട്ട് മ്യൂളറുടെ അന്വേഷണത്തെ എന്നും എതിര്‍ത്തിട്ടുള്ള വ്യക്തിയാണ് മാത്യു വിറ്റേക്കര്‍. മ്യൂളര്‍ പരിധിവിടുകയാണെന്നും ട്രംപിന്‍റെ സാമ്പത്തിക സ്രോതസും മറ്റും അന്വേഷണ പരിധിയില്‍ കൊണ്ടു വരുന്നത് അനാവശ്യമാണെന്നും പരസ്യമായി പറഞ്ഞിട്ടുണ്ട് വിറ്റേക്കര്‍. 

വിറ്റേക്കറുടെ സ്ഥാനാരോഹണം റോബര്‍ട്ട് മ്യൂളറുടെ അന്വേഷണം അട്ടിമറിക്കാനാണെന്ന ആക്ഷേപവുമായി പ്രതിപക്ഷം നിരത്തിലിറങ്ങി. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ പ്രസിഡന്‍റിനെതിരായ ഇംപീച്ച്മെന്‍റ് നടപടികള്‌‍‍ക്ക് തുടക്കമിട്ടേക്കുമെന്ന സൂചനയും ശക്തമാണ്.തിരഞ്ഞെടുപ്പ് വിജയത്തിന് റഷ്യന്‍ സഹായം തേടി എന്ന ആരോപണത്തിലുള്ള അന്വേഷണം അട്ടിമറിക്കാന്‍ തുടക്കം മുതല്‍ നിരവധി അധാര്‍മിക നീക്കങ്ങള്‍ നടത്തി ഡോണള്‍ഡ് ട്രംപ്. പ്രസിഡന്‍റിന്‍റെ വിശ്വസ്ഥനും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ജനറൽ മൈക് ഫ്ലിന്നിന്റെ റഷ്യാ ബന്ധം സംബന്ധിച്ച അന്വേഷണം തടയാനാണ് എഫ്ബിഐ മേധാവിയായിരുന്ന ജയിംസ് കോമിയെ  ട്രംപ് പുറത്താക്കിയത്. 

പിന്നാലെയെത്തിയ മ്യൂളറാവട്ടെ ട്രംപിന് തലവേദനയാവുന്ന നിരവധി തലങ്ങളിലേക്ക് അന്വേഷണം കൊണ്ടു െചന്നെത്തിച്ചു. ഇതോടെയാണ് ജസ്റ്റിസ് ഡിപാര്‍ട്ട്മെന്‍റിനെത്തന്നെ ഉപയോഗിച്ച് മ്യൂളര്‍ക്ക് തടയിടാനുള്ള നീക്കം. അതെ സത്യത്തിനും നീതിക്കും വിരുദ്ധമായി നിലകൊള്ളില്ലെന്ന ഉറച്ച നിലപാടുള്ള ഉദ്യോഗസ്ഥര്‍ വക്രബുദ്ധിക്കാരായ രാഷ്ട്രീയക്കാര്‍ക്ക് അസ്വീകാര്യരാകും. ഏതുവിധേനയും അവരെ ഭരണതലത്തില്‍ മാറ്റിനിര്‍ത്തുക എന്നത് ജനാധിപത്യത്തില്‍ പതിവ് കാഴ്ചയാണ്. സത്യസന്ധതയും നീതിബോധവുമുള്ള ഉദ്യോഗസ്ഥരെ അകറ്റിനിര്‍ത്തുകയാണ് അധാര്‍മികതയുടെ കാവലാളുകള്‍ക്ക് എളുപ്പവഴി. മ്യൂളര്‍ക്ക് പിന്തുണയുമായി നിരത്തിലിറങ്ങിയ ജനങ്ങളാണ് അമേരിക്കന്‍ ജനാധിപത്യത്തിന്‍റെ സംരക്ഷകര്‍

 നേര്‍വഴിക്കാരായ ഉദ്യോഗസ്ഥരെപ്പോലെ തന്നെ രാഷ്ട്രീയ നേതൃത്വങ്ങളുടെ കണ്ണിലെ കരടാണ് നട്ടെല്ലുള്ള മാധ്യമപ്രവര്‍ത്തകര്‍. കുഴലൂത്തുകാരല്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ ഭരണക്കാരുടെ പടിക്കു പുറത്താണ്. വൈറ്റ് ഹൗസ് സീനിയര്‍ കറസ്പോന്‍ഡന്‍റ് ജിം അകോസ്റ്റ പണ്ടേ ഡോണള്‍ഡ് ട്രംപിന്‍റെ നോട്ടപ്പുള്ളിയാണ്. പക്ഷെ വ്യാജആരോപണമുന്നയിച്ചാണ് അദ്ദേഹത്തെ വൈറ്റ്ഹൗസ് മാധ്യമസംഘത്തില്‍ നിന്ന് പുറത്താക്കിയത്.  റഷ്യ അന്വേഷണമുള്‍പ്പെടെ  പ്രസിഡന്‍റിന് അലോസരമുണ്ടാക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചതാണ് അകോസ്റ്റ ചെയ്ത തെറ്റ്.

ജിം അകോസ്റ്റയെ കാണുന്നതേ ഡോണള്‍ഡ് ട്രംപിന് ചതുര്‍ഥിയാണ്. പ്രസിഡന്‍റിന്‍റെ മുഖം കറുപ്പിക്കന്‍ കണക്കിലെടുക്കാതെ വൈറ്റ് ഹൗസ് ചീഫ് കറസ്പോന്‍ഡന്‍റ് അകോസ്റ്റ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.  പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍  പ്രസിഡന്‍റിന്‍റെ പാര്‍ട്ടിക്ക്  അധോസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിന് ശേഷമുള്ള വാര്‍ത്താസമ്മേളനമായിരുന്നു ഇത്.   ഹോണ്ടുറാസിൽനിന്നു യുഎസിലേക്കു നീങ്ങുന്ന കുടിയേറ്റ യാത്രാസംഘത്തെ നേരിടാന്‍ അതിര്‍ത്തിയില്‍ സൈനികരെ വിന്യസിക്കുന്നതിനെക്കുറിച്ചായിരുന്നു അകോസ്റ്റയുടെ ആദ്യ ചോദ്യം.  പട്ടിണിയും ദുരിതവും മൂലം നാടുവിട്ടോടുന്ന ജനക്കൂട്ടത്തെ രാജ്യത്തിനുമേല്‍ ആക്രമണം നടത്താന്‍ വരുന്നവരായി എങ്ങനെ കണക്കാക്കും എന്ന് ചോദ്യം.  ഇവിടെ തുടങ്ങിയ അഭിപ്രായ ഭിന്നത റഷ്യ അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യങ്ങളിലേക്ക് കടന്നതോടെ കൂടുതല്‍ വഷളായി. 

പിറ്റേന്ന് രാവിലെ കഥയാകെ മാറി. വൈറ്റ് ഹൗസ് ജീവനക്കാരിയോട് മോശമായി പെരുമാറിയതിന് ജിം അകോസ്റ്റയെ വൈറ്റ് ഹൗസ് മാധ്യമസംഘത്തില്‍ നിന്ന് പുറത്താക്കിയതായി പ്രസ് സെക്രട്ടറി അറിയിച്ചു. ഈ കാണുന്ന ദൃശ്യങ്ങളാണ് അകോസ്റ്റക്കെതിരായ നടപടിക്കാധാരം. മൈക്ക് പിടിച്ചു വാങ്ങാനെത്തുന്ന ജീവനക്കാരിയുടെ കൈ തട്ടി മാറ്റുന്ന അകോസ്റ്റ. പക്ഷേ ഇതേ വിഡിയോ വൈറ്റ് ഹൗസ് പുറത്തുവിട്ടപ്പോള്‍ ആദ്യമെ അകോസ്റ്റ ജീവനക്കാരിയെ തള്ളിമാറ്റുന്ന തരത്തിസായി. എഡിറ്റ് ചെയ്ത് പുറത്തിറക്കിയ വിഡിയോ വൈറ്റ് ഹൗസിന് അപമാനമാണെന്ന് മാധ്യമപ്രവര്‍ത്തക കൂട്ടായ്മ അഭിപ്രായപ്പെട്ടു.  എന്നാല്‍  ജിം അകോസ്റ്റ എല്ലാ അര്‍ഥത്തിലും മോശക്കാരനാണെന്ന് പ്രസിഡന്‍റ് ആവര്‍ത്തിച്ചു. മുതല്‍ വൈറ്റ് ഹൗസ് റിപ്പോര്‍ട്ട് ചെയ്യുന്ന ജിം അകോസ്റ്റ ടീം ട്രംപുമായി പലതവണ ഉടക്കിയിട്ടുണ്ട്. ബ്രിട്ടിഷ് പ്രധാനമെന്ത്രി തെരേസ മെയുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പോലും അകോസ്റ്റയെ അപമാനിച്ചു പ്രസിഡന്‍റ് ട്രംപ്. അപ്രിയ ചോദ്യങ്ങളുമായി കുഴയ്ക്കുന്ന സിഎന്‍എന്‍ ചീഫ് വൈറ്റ് ഹൗസ് കറസ്പോന്‍ഡന്‍റ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്സിന്‍റെയും ശത്രുവാണ്. 

മാധ്യമങ്ങള്‍ ജനങ്ങളുടെ ശത്രുക്കളാണ് എന്ന പ്രസ്താവന തിരുത്തണം എന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന അകോസ്റ്റ സാന്‍ഡേഴ്സുമായി കൊമ്പുകോര്‍ത്തത് അടുത്ത കാലത്താണ്. ജിം അകോസ്റ്റയോട് ഔദ്യോഗികമാധ്യമസംഘത്തില്‍ നിന്ന് കടക്കുപുറത്ത് എന്നു പറഞ്ഞതുകൊണ്ട് അദ്ദേഹമുന്നയിച്ച ചോദ്യങ്ങളില്‍ നിന്ന് പ്രസിഡന്‍റ് ട്രംപിന് രക്ഷപെടാനാവില്ല. റഷ്യ അന്വേഷണവും കുടിയേറ്റസംഘത്തെ നേരിടലമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കിക്കൊണ്ടിരിക്കും. വിശ്വസനീയവും ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നതുമായ ഉത്തരങ്ങള്‍ ഇല്ലാതാവുമ്പോഴാണ് അധികാരികള്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്നത്. ആ ഒളിച്ചോട്ടമാണ് മാധ്യമങ്ങളോടുള്ള അസഹിഷ്ണുതയായി പുറത്തുവരുന്നത്. ചോദ്യങ്ങളെ സഹിഷ്ണുതയോടും വസ്തുതാപരമായും  നേരിടാനാവാത്തവര്‍ ഭീരുക്കളും ജനാധിപത്യത്തെ മാനിക്കാത്തവരുമാണ്. അധികാരത്തിന്‍റെ ഗര്‍വ് ആ ദൗര്‍ബല്യം മറയ്ക്കാനുള്ള മേലാടയും. 

MORE IN LOKA KARYAM
SHOW MORE