ചരിത്രത്തിലാദ്യമായി മുസ്‍ലിം വനിതകള്‍ പാര്‍ലമെന്റില്‍, ട്രംപിന് തല്ലും തലോടലും

muslim-women-in-parliament
SHARE

അമേരിക്കന്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ജനപ്രതിനിധിസഭയില്‍ ഡെമോക്രാറ്റ് പാര്‍ട്ടിക്കും സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും വിജയം. ജനപ്രതിനിധിസഭ പിടിച്ചെങ്കിലും നീലത്തരംഗമെന്ന് അവകാശപ്പെടാന്‍ ഡെമോക്രാറ്റുകള്‍ക്കാവില്ല. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സെനറ്റില്‍ മൂന്ന് സീറ്റുകളാണ് അവര്‍ക്ക് കൈവിട്ടുപോയത്.  ഏതായാലും വാഷിങ്ടണിലെ ഒറ്റപ്പാര്‍ട്ടി ഭരണം ഇതോടെ അവസാനിച്ചു. 

ട്രംപ് വിരോധികളുടെയും മിതവാദികളുടെയും പ്രതിഷേധം വോട്ടായി മാറിയപ്പോള്‍ യുഎസ് പാര്‍ലമെന്‍റിലെ അധോസഭയായ ജനപ്രതിനിധിസഭ എട്ടുവര്‍ഷത്തിനു ശേഷം ഡെമോക്രാറ്റിക് പാര്‍ട്ടി തിരിച്ചുപിടിച്ചു. 24 ചുവപ്പന്‍  സീറ്റുകളാണ് നീലയായി മാറിയത്.  ഡെമോക്രാറ്റ് സ്ഥാനാര്‍ഥികളായ  ഇല്‍ഹാന്‍ ഉമറും  റാഷീദ താലിബും കോണ്‍ഗ്രസിലെത്തുന്ന ആദ്യ മുസ്ലീം വനിതകളായി.  പ്രസിഡന്‍റിന്‍റെ സ്ത്രീവിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്യാനാണ് ഡെമോക്രാറ്റുകള്‍ വലിയതോതില്‍ വനിതകളെ രംഗത്തിറക്കിയത്. 

യാഥാസ്ഥിതിക മേഖലകള്‍ റിപ്പബ്ലിക്കന്‍മാര്‍ക്കൊപ്പം നിന്നപ്പോള്‍ 2016ല്‍ ട്രംപിന് വോട്ടുചെയ്ത വിദ്യാസമ്പന്നര്‍ ഇക്കുറി മാറിച്ചിന്തിച്ചു. കന്‍സസ് സിറ്റി, ഫിലഡെല്‍ഫിയ,പിറ്റ്സ്ബര്‍ഗ്, .മിയാമി, വാഷിങ്ടണ്‍ ഡിസി തുടങ്ങിയ സ്ഥലങ്ങളിലെല്ലാമുള്ള ഡെമോക്രാറ്റ് മുന്നേറ്റം ഇതാണ് സൂചിപ്പിക്കുന്നത്. സെനറ്റ് പോരാട്ടത്തിലായിരുന്നു പ്രസിഡന്‍റ് ട്രംപ് കൂടുതല്‍ ഉൗന്നല്‍ നല്‍കിയത്. അവിടെ വിജയിക്കാന്‍ അദ്ദേഹത്തിനായി. ഡെമോക്രാറ്റുകളുടെ മൂന്ന് സീറ്റുകളാണ് പ്രസിഡന്‍റിന്‍റെ പാര്‍ട്ടി പിടിച്ചെടുത്തത്. 

ഇന്ത്യാനയില്‍ സെനറ്റര്‍ ജോ ഡൊന്നൈലിയും നോര്‍ത്ത് ഡകോടട്ടയില്‍ സെനറ്റര്‍ ഹെയ്ദി ഹെയ്റ്റ്കാംപും മിസൗറിയില്‍ സെനറ്റര്‍ കെയ്‍ര്‍ മകാസ്കിലുംപരാജയപ്പെട്ടു. സെനറ്റര്‍ ടെഡ് ക്രൂസ് ടെക്സസില്‍ വന്‍ വെല്ലുവിളി നേരിട്ടെങ്കിലും സീറ്റ് നിലനിര്‍ത്തി. ടെന്നസിയിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്ക് വിജയിക്കാനായി. ജഡ്ജ് നിയമനത്തിലും മറ്റും പ്രസിഡന്്‍റിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതായി സെനറ്റിലെ ചുവപ്പ് വിജയം.ഗവര്‍ണര്‍ പോരാട്ടങ്ങളില്‍ ഫ്ലോറിഡയില്‍ ഡെമോക്രാറ്റുകള്‍ക്ക് വന്‍ തിരിച്ചടി നേരിട്ടു.

റോണ്‍ ഡെസാന്‍റിസ് പരാജയപ്പെടുത്തിയത് ഫ്ലോറിഡയുടെ ആദ്യ കറുത്തവര്‍ഗക്കാരനായ ഗവര്‍ണര്‍ ആകുമെന്ന് കരുതിയ ആന്‍്ഡ്രൂ ഗില്ലമിനെയാണ്.  റോണ്‍ ഡെസാന്‍റിസ് പ്രസിഡന്‍റിന്‍റെ എല്ലാ വിദ്വേഷപ്രസംഗങ്ങളെയും ഏറ്റുചൊല്ലുന്നയാളാണ്.  മിഷിഗണിലും ഇല്ലിനോയിയിലും ഗവര്‍ണര്‍ പോരാട്ടം വിജയിക്കാന്‍ ഡെമോക്രാറ്റുകള്‍ക്കായി. രാജ്യചരിത്രത്തില്‍ ആദ്യമായി കോളറാഡോയില്‍ സ്വവര്‍ഗാനുരാഗിയായ വ്യക്തി  ഗവര്‍ണര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. 

റിപ്പബ്ലിക്കന്‍ പാര്‍ട്ടി  വലിയ തിരിച്ചടി നേരിട്ടാല്‍‌ ഉത്തരവാദിത്തം പ്രസിഡന്‍റിന്‍റെ തലയില്‍‌ വയ്ക്കപ്പെടും എന്നതുകൊണ്ട് പറന്നു നടന്ന് പ്രചാരണം നടത്തി പ്രസിഡന്‍റ് ട്രംപ്.  അദ്ദേഹത്തിന്‍റെ വിദ്വേഷപ്രസംഗങ്ങള്‍ പക്ഷെ രാജ്യത്തെ വല്ലാതെ ഭിന്നിപ്പിക്കുന്നതായി. അപ്പോഴുമിത് 2020ലേക്കുള്ള ദിശാസൂചകമാണെന്നതില്‍ തര്‍ക്കമില്ല. കുടിയേറ്റക്കാരുടെ കൂട്ടത്തോടെയുള്ള വരവ്, രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതി, ബ്രെറ്റ് കവനോയുടെ സുപ്രീംകോടതിയിലേക്കുള്ള വരവ്, നികുതി പരിഷ്കാരങ്ങള്‍, ആരോഗ്യപരിരക്ഷ.

നിര്‍ണായകമായ ഒട്ടേറെ വിഷയങ്ങളാണ് ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായത്. ഇതെല്ലാം ചേര്‍ത്തുവായിക്കപ്പെട്ടത് ഡോണള്‍ഡ് ട്രംപ് എന്ന ഒറ്റപ്പേരിനോടും. ലോകത്തെയാകെ വിറപ്പിക്കുന്ന ട്രംപ് നയങ്ങളെ അമേരിക്കന്‍ ജനത എങ്ങനെ സ്വീകരിക്കുന്നു എന്നതിന്‍റെ വിലയിരുത്തലായിരുന്നു ഈ തിരഞ്ഞെടുപ്പ്. അമേരിക്കന്‍ ജനാധിപത്യമൂല്യങ്ങളോ സാമ്പത്തിക നേട്ടമോ , ഏതിനാണ് ലോകത്തെ ഈ വന്‍ശക്തി രാജ്യത്തെ ജനത കൂടുതല്‍ വിലമതിക്കുന്നത് എന്നതായിരുന്നു പ്രധാന ചോദ്യം.  സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനങ്ങളിേക്ക് പറന്നു നടന്ന് പ്രചാരണം നടത്തി പ്രസിഡന്‍റ് 

പ്രസിഡന്‍റിന്‍റെ ആക്രോശങ്ങളും അതുണ്ടാക്കിയ വിദ്വേഷരാഷ്ട്രീയവും അമേരിക്കന്‍ സാമൂഹ്യാന്തരീക്ഷത്തെ വല്ലാതെ ഭിന്നിപ്പിച്ചു. വംശീയാധിഷേപങ്ങളും അക്രമങ്ങളും നിരപരാധികളുടെ ചോരവീഴ്ത്തി.  മനുഷ്യാവകാശങ്ങള്‍ക്കും നാനാത്വത്തിനും വേണ്ടി നിലകൊള്ളുന്ന മറ്റൊരു വിഭാഗം വിദ്വേഷരാഷ്ട്രീയത്തിനെതിരെ രംഗത്തെത്തി.

മുതിര്‍ന്ന ഡെമോക്രാറ്റ് നേതാക്കള്‍ക്കും ട്രംപ് വിമര്‍ശകര്‍ക്കും ഭീഷണി പാഴ്സല്‍ ബോംബായെത്തി. സ്ത്രീപുരുഷ സമത്വത്തിനു വേണ്ടിയുള്ള വാദങ്ങള്‍ ബലപ്പെട്ടു.  പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള ചേരിപ്പോര് വര്‍ധിച്ചു. വിദ്യാഭ്യാസമുള്ളവനും ഇല്ലാത്തവനും ഇടയില്‍ വ്യത്യസ്ത വിഷയങ്ങളിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കൂടുതല്‍ പരസ്യമായി. സംസ്ഥാനങ്ങള്‍ തമ്മില്‍, മേഖലകള്‍ തമ്മില്‍ പലതരത്തിലുള്ള ഭിന്നതകള്‍ തലപൊക്കി.

 പക്ഷേ ട്രംപിന്‍റെ തുറുപ്പുചീട്ട് സാമ്പത്തിക മുന്നേറ്റം തന്നെയായിരുന്നു. രണ്ടുവര്‍ഷംകൊണ്ട് അമേരിക്കന്‍ സമ്പദ്്്വ്യവസ്ഥയിലുണ്ടായ മുന്നേറ്റം, തൊഴിലില്ലായാമയിലുണ്ടായ കുറവ്. ഇതാണ് അദ്ദേഹം ജനങ്ങള്‍ക്കുമുന്നില്‍ വച്ചത്. അത് ഒരു പരിധിവരെ വിജയം കണ്ടു.   ജനപ്രതിനിധി സഭയിലെ    ഡമോക്രാ റ്റ്ഭൂരിപക്ഷം  പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ  ഇംപീച്മെന്‍റ് നടപടികൾക്ക് തുടക്കമിട്ടേക്കാം.

അധികാരംകൊണ്ട് സ്വകാര്യ സാമ്പത്തികലാഭമുണ്ടാക്കൽ, സ്ഥാനത്തിനു ചേരാത്ത സ്വഭാവം പെരുമാറ്റം, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യയുമായുള്ള ഒത്തുകളി തുടങ്ങിയവയാണ് ട്രംപിനെതിരെയുള്ള കുറ്റങ്ങൾ. പഷെ സെനറ്റിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷം ഉറപ്പിച്ച ട്രംപിന് കുറ്റവിചാരണ നടപടികളെ അവിടെ തടയാം. സുപ്രധാന നിയമനിര്‍മാണങ്ങളെ അധോസഭയില്‍ ചോദ്യം ചെയ്യാനും വൈകിപ്പിക്കാനും ഡെമോക്രാറ്റുകള്‍ക്ക് കഴിയും എന്നത് ഭരണനിര്‍വഹണത്തില്‍ തടസ്സങ്ങളും സൃഷ്ടിച്ചേക്കും.  ഇടക്കാല തിരഞ്ഞെടുപ്പുഫലം അമേരിക്കന്‍ രാഷ്ടരീയത്തെ കൂടുതല്‍ കഷുഷിതമാക്കുമെന്ന് ചുരുക്കം. 

MORE IN LOKA KARYAM
SHOW MORE