ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഒരു സീറ്റ് വ്യത്യാസം; രാഷ്ട്രീയ അനിശ്ചിതാവസ്ഥയില്‍ സ്വീഡൻ

Lokakaryam-Sweden
SHARE

രാഷ്ട്രീയ അനിശ്ചിതാവസ്ഥയില്‍ സ്വീഡന്‍. പ്രധാനപ്പെട്ട രണ്ട് രാഷ്ട്രീയ  സഖ്യങ്ങള്‍ക്കും കേവല ഭൂരിപക്ഷത്തിന് അടുത്തെത്താനാവാതെ പോയതോടയാണ് രാജ്യത്തെ രാഷ്ട്രീയ രംഗം കലുഷിതമായത്. തീവ്രവലത് ആശയങ്ങള്‍ പുലര്‍ത്തുന്ന സ്വീഡന്‍ ഡെമോക്രാറ്റുകള്‍ കരുത്താര്‍ജിച്ചതാണ് മുഖ്യധാര കക്ഷികളുടെ സീറ്റുകള്‍ നഷ്ടപ്പെടുത്തിയത്. ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഒരു സീറ്റ് മാത്രം വ്യത്യാസമുള്ളതിനാല്‍ വലതുപക്ഷത്തിന്‍റെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാവും.

1917 മുതല്‍ സ്വീഡനില്‍ അധികാരം നിലനിര്‍ത്തിയിട്ടുള്ള സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഇക്കുറി നേരിട്ടത്. ഏറ്റവുമധികം സീറ്റുകള്‍ നേടിയെങ്കിലും 28.3 ശതമാനം വോട്ടുമാത്രമാണ് ലഭിച്ചത്. പ്രതിപക്ഷത്ത് ഇടതുപാർട്ടികളും ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളും മുന്നേറിയെങ്കിലും കേവല ഭൂരിപക്ഷത്തിനടുത്തെത്താനായില്ല. തീവ്രനിലപാടുകാരായ സ്വീഡന്‍ ഡെമോക്രാറ്റുകളാണ് ഈ തിരഞ്ഞെടുപ്പിലെ കറുത്തകുതിരകള്‍. 63 സീറ്റുകളാണ് പാര്‍ട്ടി നേടിയത്. എന്നുവച്ചാല്‍ 17.5 ശതമാനം വോട്ട്. ഭരണപ്രതിപക്ഷങ്ങവ്‍ തമ്മില്‍ സഖ്യമുണ്ടാക്കുകയോ ഏതെങ്കിലും ഒരു കൂട്ടര്‍ വലതുപക്ഷ പിന്തുണ തേടുകയോ മാത്രമാണ് സാധ്യത. ഘടകകക്ഷിളെ പരസ്പരം ചാട്ടിട്ടുപിടിച്ച് സഖ്യം ശക്തമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പ്രധാനമന്ത്രി സ്റ്റെഫാൻ ലോവിയൊന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉള്‍ഫ് ക്രിസ്റ്റേഴ്സണ്‍ ആവശ്യപ്പെട്ടു. ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളെ കൂടി ഉള്‍പ്പെടുത്തി ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം സ്വീഡന്‍ ഡെമോക്രാറ്റുകളുടെ പുറത്തുനിന്നുള്ള പിന്തുണ തേടുകയാണ് പ്രതിപക്ഷത്തിന്‍റെ ലക്ഷ്യം. എന്നാല്‍ താന്‍ രാജിവയ്ക്കില്ലെന്നും വലതുപക്ഷത്തെ ഒരു കാരണവശാലും കൂടെക്കൂട്ടാന്‍ അനുവദിക്കില്ലെന്നുമാണ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോവെന്‍റെ നിലപാട്. രാജ്യത്തിന്‍റെ ഐക്യത്തിന് വെല്ലുവിളിയാകുന്ന സ്വീഡന്‍ ഡെമോക്രാറ്റുകളെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ധാര്‍മി ഉത്തരവാദിത്തം എല്ലാ മുഖ്യധാര പാര്‍ട്ടികള്‍ക്കുമുണ്ടെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സ്വീഡന്‍ ഡെമോക്രാറ്റുകളെ ഭരണത്തില്‍ കൂടെക്കൂട്ടില്ലെന്നു തന്നെയാണ് പ്രതിപക്ഷത്തിന്‍റെയും നിലപാട്. 

എന്നാല്‍ മുഖ്യധാര പാര്‍ട്ടികള്‍ എത്ര അകറ്റിനിര്‍ത്തിാലും 63 സീററ് എന്നത് ജനങ്ങള്‍ നല്കിയ അംഗീകാരമാണെന്നും രാജ്യത്തെ നയരൂപീകരണത്തില്‍ തങ്ങള്‍ പ്രധാന ശക്തിയാവുമെന്നും  സ്വീഡന്‍ ഡെമോക്രാറ്റ് നേതാവ് ജിമ്മി അക്സണ്‍ തിരിച്ചടിച്ചു. 

ആരാണ് ഈ സ്വീഡന്‍ ഡെമോക്രാറ്റുകള്‍ ? എന്താണ് അവരുടെ നിലപാട് ? എന്തുകൊണ്ടാണ് സ്വീഡന്‍ ഡെമോക്രാറ്റുകളെ എന്തുവിലകൊടുത്തും ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് പ്രധാനമന്ത്രി ലൊവിയന്‍  വാശി പിടിക്കുന്നത് ?

ആല്‍ഫ്രഡ് നൊബേലിന്‍റെ നാട്ടിലും അശാന്തിയുടെ വിത്തുവിതച്ചത് കുടിയേറ്റക്കാരോടുള്ള നിലപാട് തന്നെയായിരുന്നു. അഭയാര്‍ഥി പ്രവാഹം തുടങ്ങിയ 2014 മുതല്‍ ഇക്കാര്യത്തിലുള്ള അസ്വസ്ഥത പ്രകടമായിരുന്നു. കുടിയേറ്റ വിരുദ്ധനിലപാടുള്ള ,കടുത്ത ദേശീയവാദികളായ സ്വീഡൻ ഡമോക്രാറ്റുകൾക്ക് 2014ലെ തിരഞ്ഞെടുപ്പിൽ 49 സീറ്റുകൾ ലഭിച്ചത് പുകയുന്ന ജനരോഷത്തിന്‍റെ സൂചനയായിരുന്നു.ഒരു ലക്ഷത്തി അറുപത്തി മൂവായിരം കുടിയേറ്റക്കാരെ രാജ്യത്ത് അനുവദിക്കുക എന്ന സുപ്രധാന തീരുമാനം കൈക്കൊണ്ടതിന് ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പായിരുന്നു ഇക്കുറി നടന്നത്. കുടിയേറ്റവിരോധം തന്നെയായിരുന്നു ഇക്കുറിയും സ്വീഡന്‍ ഡെമോക്രാറ്റുകളുടെ മുഖ്യപ്രചാരണായുധം. വന്‍ തോതിലുള്ള അഭയാര്‍ഥി പ്രവാഹം രാജ്യത്തെ ക്ഷേമപദ്ധതികളുടെ നടത്തിപ്പിനെയടക്കം രാജ്യത്തെ സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചു. ഇതുണ്ടാക്കിയ ജനരോഷം മുതലെടുക്കാന്‍ സ്വീഡന്‍ ഡെമോക്രാറ്റുകള്‍ക്കായി എന്നതാണ് വസ്തുത. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍, ക്രമസമാധാന പാലനത്തില്‍ എല്ലാം സര്‍ക്കാരിന് കാര്യങ്ങള്‍ കൈവിട്ടുപോയി. തീവ്രവാദ ആക്രമണങ്ങളും ഗൂണ്ടാ വിളയാട്ടവും സ്വീഡിഷ് സാമൂഹ്യാന്തരീക്ഷത്തെ മാറ്റിമറിച്ചു.  നിയോ നാസിസ്റ്റ് , ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങളിലൂന്നിയ സ്വീഡന്‍ ഡെമോക്രാറ്റുകള്‍ പെട്ടന്നുതന്നെ കളം നിറഞ്ഞു.  ഇത്രകാലം നമമ്ള്‍ ചുമലിലേറ്റിയ സര്‍ക്കാര്‍ നമ്മെക്കാളേറെ വിദേശകുടിയേറ്റക്കാരെയാണ് സ്നേഹിക്കുന്നത്, സ്വീഡന്‍ ഡെമോക്രാറ്റ് നേതാവ് ജിമ്മി അക്സണ്‍ ആഞ്ഞടിച്ചു. വളരെ തന്ത്രപൂര്‍വം ഇസ്ലാംവിരുദ്ധതയും ദേശീയവാദവും പ്രചാരണത്തില്‍ നിറയ്ക്കാന്‍ അവര്‍ക്കായി. എന്നാല്‍ സ്വീഡന്‍റെ മതനിരപേക്ഷതയും മാന്യതയും സഹിഷ്ണുതയും അളക്കുന്ന തിരഞ്ഞെടുപ്പാണിതെന്ന് പ്രധാനമന്ത്രി ജനങ്ങളെ ഓര്‍മിപ്പിച്ചു. 

മുഖ്യധാരാ പാര‍്ട്ടികള്‍ ശക്തമായി രംഗത്തിറങ്ങിയതോടെ അല്‍പം മൃദുഭാവത്തിന്‍റെ മുഖംമൂടിയണിഞ്ഞു വലതുപക്ഷം. പക്ഷേ ആശയപ്രചാരണത്തില്‍ മാറ്റമുണ്ടായില്ല. എന്തുതന്നെയായാലും  കുടിയേറ്റക്കാരോടും അഭയാർഥികളോടുമുള്ള ശക്തമായ എതിർപ്പും ഭയവുംബാധിച്ച ജനക്കൂട്ടത്തെ ആകർഷിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ വളര്‍ച്ച യൂറോപ്പിലെ മുഖ്യധാരാ പാര്‍ട്ടികള്‍ക്കാകെ വെല്ലുവിളിയാവുകയാണ്. ജര്‍മനിയിലും ഫ്രാന്‍സിലും ഓസ്ച്രിയയിലും ഹംഗറിയിലുമെല്ലാം ഇത് പ്രകടമായതാണ്. വന്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും  തീവ്രദേശീയവാദികളുടെ വളര്‍ച്ച സ്വീഡനിലെ രാഷ്ട്രീയപ്പാര്‍ട്ടികളെ ആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ആര് അധികാരത്തിലേറിയാലും അതിര്‍ത്തികാവലടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ കര്‍ശന നിലപാടെടുക്കേണ്ടി വരുമെന്നുറപ്പ്. 

MORE IN LOKA KARYAM
SHOW MORE