റഷ്യയോട് സ്നേഹിച്ച് മാധ്യമങ്ങളെ ചീത്തവിളിച്ച് ട്രംപ്

lk-trump-t
SHARE

റഷ്യ ബന്ധം സംബന്ധിച്ച ആരോപണത്തില്‍ സ്വയം കുഴിതോണ്ടുകയാണോ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്? മകന്‍ ജൂനിയര്‍ ട്രംപ് സെപ്ഷല്‍ കോണ്‍സല്‍ മുമ്പാകെ പറഞ്ഞത് ശരിയല്ലെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. ഹിലറി ക്ലിന്‍റണെക്കുറിച്ചുള്ള വിവരം തിരക്കി റഷ്യക്കാരുമായി മകന്‍ സംസാരിച്ചത്രെ. അതിനിടെ, പോയ ആഴ്ച അദ്ദേഹത്തിന്‍റെ ഉന്നതസുരക്ഷാ ഉദ്യോഗസ്ഥര്‍ നിരന്നു നിന്ന് മാധ്യമങ്ങളോട് പറഞ്ഞു, നവംബറിലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിലും റഷ്യ അട്ടിമറി നീക്കങ്ങള്‍ നടത്തിയേക്കാം. പക്ഷേ ആരെന്തു പറഞ്ഞാലും റഷ്യയെ സംശയിക്കില്ലെന്ന നിപാടിലാണ് പ്രസിഡന്‍റ് ട്രംപ്.

2016ലെ തിരഞ്ഞെടുപ്പില്‍ റഷ്യയോ റഷ്യന്‍ പൗരന്‍മാരോ ഇടപെട്ടിട്ടില്ല എന്ന വ്ലാഡിമിര്‍ പുടിന്‍റെ വാദത്തെ തലകുലുക്കി സമ്മതിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റിനെയാണ് ഹെല്‍സിങ്കിയില്‍ കണ്ടത്. പക്ഷെ രണ്ടാഴ്ചക്കിപ്പുറം പ്രസിഡന്‍റ് ട്രംപ് തന്‍റെ ട്വീറ്റിലൂടെത്തന്നെ പറയുന്നത് ഇതിന് ഘടകവിരുദ്ധമായ കാര്യങ്ങളും. മകന്‍ ട്രംപ് ജൂനിയര്‍ 2016ല്‍ റഷ്യന്‍ അഭിഭാഷകയുമായി കൂടിക്കാഴ്ച നടത്തിയത് എതിര്‍ സ്ഥാനാര്‍ഥി ഹിലറി ക്ലിന്‍റെണെക്കുറിച്ചുള്ള മോശം വിവരങ്ങള്‍ ശേഖരിക്കാന്‍ തന്നെയായിരുന്നത്രെ. . അതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നാണ് പ്രസിഡന്‍റിന്‍റെ വാദം. നിയമത്തിലെ ശരിതെറ്റുകള്‍ മറ്റൊരു വിഷയം. പക്ഷെ  ട്രംപ് ജൂനിയര്‍ ഇതുസംബന്ധിച്ച് നല്‍കിയ വിശദീകരണം കള്ളമായിരുന്നുവെന്നാണ് പ്രസിഡന്‍റിന്‍റെ ട്വീറ്റ് തെളിയിക്കുന്നത്. 

2017 ജൂലൈയില്‍ ജൂനിയര്‍ ട്രംപ് വിശദീകരിച്ചത് ആ കൂടിക്കാഴ്ച റഷ്യന്‍ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്കായാണെന്നായിരുന്നു. കൂടിക്കാഴ്ചയില്‍ ഹിലറിക്കെതിരെ പ്രയോഗിക്കാവുന്ന ഒന്നും കാര്യമായി കിട്ടിയില്ലെന്നും ട്രംപ് അവകാശപ്പെടുന്നു. പക്ഷേ അമേരിക്കന്‍ നിയമപ്രകാരം വിദേശരാജ്യങ്ങളില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള തിരഞ്ഞെടുപ്പ് സഹായത്തിന് ശ്രമിക്കുന്നത് ഗുരുതരമായ കുറ്റമാണ്. റോബര്‍ട്ട് മ്യൂളര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്ന തരത്തില്‍ ട്രംപ് കുളമാക്കുകയാണെന്ന് അദ്ദേഹത്തിന്‍റെ അടുപ്പക്കാര്‍ ആശങ്കപ്പെടുന്നു. എന്നാല്‍  റഷ്യയുമായി കൂട്ടുകൂടുന്നതില്‍ ഒരു തെറ്റുമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രസിഡന്‍റ്.  അമേരിക്കന്‍ ജനാധിപത്യം  അട്ടിമറിക്കാന്‍ റഷ്യ ഇടപെടുന്നു എന്ന ആരോപണത്തെ കെട്ടുകഥയെന്ന് അദ്ദേഹം ആവര്‍ത്തികുന്നു.   രാജ്യസുരക്ഷയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പക്ഷേപ്രസിഡന്‍റിന്‍റെ അഭിപ്രായമല്ല. 2018 ലെ തിരഞ്ഞെടുപ്പും അട്ടിമറിക്കാനും ദുര്‍ബലപ്പെടുത്താനും വ്ലാഡിമിര്‍ പുടിന്‍റെ രാജ്യം ശ്രമിക്കുമെന്ന് അവര്‍ ഒറ്റക്കെട്ടായി പറയുന്നു. രാജ്യത്തെ എട്ടുവകുപ്പുകളാണ് റഷ്യന്‍ ഇടപെടല്‍ നടന്നിട്ടുണ്ടെന്നും ഇനിയും നടക്കുമെന്നും പറയുന്നത്. കേന്ദ്ര, സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകള്‍ അതീവ ജാഗ്രതപുലര്‍ത്തണനെന്ന് ഓര്‍മിപ്പിക്കുന്നത് ട്രംപ് നിയമിച്ച എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ ആണ്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലും റഷ്യ ഇടപെട്ടിട്ടുണ്ടെന്ന് റേ പറയുന്നു. 

രഹസ്യാന്വേഷണവിഭാഗം തലവന്‍ ഡാന്‍ കോട്്സിനും മറിച്ചൊരു അഭപ്രായമില്ല. അമേരിക്കന്‍ മൂല്യങ്ങളെ ത്ച്ചുടയ്ക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് റഷ്യയെന്ന് അദ്ദേഹവും പറയുന്നു. അത്  മാധ്യമങ്ങളിലൂടെയോ സമൂഹമാധ്യമങ്ങളിലൂടെയോ ആഭ്യന്ത ചാരന്‍മാരെ ഉപയോഗിച്ചോ എങ്ങനെ വേണമെങ്കിലും ആകാം. സ്വതന്ത്രവും സുതാര്യവുമായ അമേരിക്കന്‍ തിരഞ്ഞെടുപ്പ് സംവിധാനത്തെയാണ് ശത്രുക്കള്‍ ലക്ഷ്യമിടുന്നതെന്ന് പറഞഞ ആഭ്യന്തര സുരക്ഷാസെക്രട്ടറി ക്രിസ്റ്റീന്‍ നീല്‍സണും ആശങ്ക മറച്ചുവച്ചില്ല. ലോകത്ത് ഏറ്റവും അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് പ്രവര്‍ത്തിക്കുന്നവരാണ് അമേരിക്കിന്‍ രഹസ്യാന്വേഷണ വിഭാഗം. ഇ മെയില്‍ വിവരങ്ങള്‍, ഫോണ്‍ കോളുകള്‍, പണമിടപാടുകള്‍, തുടങ്ങി എല്ലാ വിവരങ്ങളും ശേഖരിച്ചതിന് ശേഷമാണ് അവര്‍ നിഗമനങ്ങളിലേക്കെത്തുന്നത്. റഷ്യന്‍ ചാരന്‍റെ സ്വകാര്യകമ്പ്യൂട്ടറില്‍ നിന്നു പോലുമുള്ള വിവരങ്ങള്‍ എഫ്ബിഐ കൃത്യമായി ചോര്‍ത്തിയിരുന്നു. 

വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമം താഴെത്തട്ടില്‍ നിന്നുമുതല്‍ നടന്നതിന്‍റെ കൃത്യമായ വിവരങ്ങള്‍ക്ക് അവര്‍ക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു രഹസ്യരേഖ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പ് പ്രസിഡന്‍റ് ട്രംപിനെ കാണിച്ചിരുന്നുവെന്ന് ന്യൂ യോര്‍ക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ ഇന്‍റര്‍നെറ്റ് ശൃംഖല ഹാക്ക് ചെയ്യാന്‍ വ്ലാഡിമിര്‍ പുടിന്‍ നേരിട്ട് ഉത്തരവിട്ടെന്ന് തെളിയിക്കുന്നതായിരുന്നു ആ രേഖ. കാര്യങ്ങള്‍ ബോധ്യപ്പെട്ടതായി അന്ന് സമ്മതിച്ച പ്രസിഡന്‍റ് പക്ഷേ പിറ്റേന്നു മുതല്‍ തന്‍റെ രഹസ്യാന്വേഷണവിഭാഗത്തെ തള്ളിപ്പറഞ്ഞുതുടങ്ങി. വൈറ്റ് ഹൗസ് പ്രസ് റൂമില്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പോലും പ്രസിഡന്‍റിനെയും അദ്ദേഹ്തതിന്‍റെ അടുപ്പക്കാരെയും അസ്വസ്ഥരാക്കുകയാണ്. എല്ലാ കുഴപ്പത്തിനും കാരണക്കാര്‍ മാധ്യമങ്ങളാണെന്നാണ് ഇവര്‍ പറയുന്നത്. 

ഡോണള്‍ഡ് ട്രംപിനെതിരെ നിരന്തരം കള്ളവാര്‍ത്തകള്‍ ചമയ്ക്കുന്ന മാധ്യമങ്ങളാണ് എല്ലാ കുഴപ്പവും ഉണ്ടാക്കുന്നതെന്ന് വൈറ്റ് ഹൗസ് പറയുന്നു. ജനാധിപത്യത്തിന്‍റെ നിലനില്‍പിന് വെല്ലുവിളി ഉയരുമ്പോള്‍ അതെക്കുറിച്ചുയരുന്ന ചോദ്യങ്ങളാണ് പല രാജ്യങ്ങളിലെയുമെന്നപോലെ അമേരിക്കയിലെ രാഷ്ട്രീയക്കാരെയും അസ്വസ്ഥരാക്കുന്നത്. പക്ഷേ അധിഷേപങ്ങള്‍ കേട്ട് നിശബ്ദരായി തിരിഞ്ഞുനടക്കുന്നവരല്ല തങ്ങളെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. അസാധാരണമായ വാക് പോരിന് വൈറ്റ്ഹൗസ് പ്രസ് റൂം സാക്ഷിയായി. 

മാധ്യമങ്ങള്‍ അമേരിക്കയുടെ ശത്രുക്കളാണോ?പ്രസിഡന്‍റ് ട്രംപിന്‍റെ മകളും മുഖ്യ ഉപദേശകയുമായ ഇവാന്‍ക ട്രംപ് ഈ ചോദ്യത്തെ തമാശയായാണ് കേട്ടത്. ഒരിക്കലും തനിക്ക് മാധ്യമങ്ങളെക്കുറിച്ച് അങ്ങനെയൊരു അഭിപ്രായമില്ല , അവര്‍ പറഞ്ഞു. വ്യാജവാര്‍ത്തക്കാരെന്നും രാജ്യദ്രോഹികളെന്നും ദിനംപ്രതിയെന്നോണം പിതാവ് ആക്ഷേപിക്കുന്നവരെക്കുറിച്ചാണ് ഇവാന്‍ക ഇങ്ങനെ പറഞ്ഞത്. മാധ്യമങ്ങള്‍ ജനങ്ങളുടെ ശത്രുക്കളല്ല പക്ഷേ വാര്‍ത്തകളില്‍ പകുതിയും വ്യാജമാണെന്നും പ്രസിഡന്‍റ് ഇതിനെ വിശദീകരിച്ചു. 

 CNN ചാനല്‍ പ്രതിനിധിയെ തന്‍രെ അനുയായികള്‍ അധിക്ഷേപിക്കുന്ന വിഡിയോ വീണ്ടും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസിഡന്‍റ് മാധ്യമവിരോധത്തിന് ആക്കം കൂട്ടാന്‍ ശ്രമിച്ചു. ഇതെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്സും അതിരുവിട്ടു. മാധ്യമങ്ങള്‍ പ്രസിഡന്‍റിനെ വല്ലാതെ ആക്രമിക്കുകയാണെന്നും തന്നെയും വെറുതെ വിടുന്നില്ലെന്നും പറഞ്ഞ സാറ കത്തിക്കയറി.  വൈറ്റ്ഹൗസ് മാധ്യമപ്രവര്‍ത്തകര്‍ കര്‍ശനമായിത്തന്നെ പ്രസ് സെക്രട്ടറിയുടെ ആരോപണങ്ങളെ നേരിട്ടു. മാധ്യമങ്ങള്‍ ജനവിരുദ്ധരാണെന്ന് പറഞ്ഞ പ്രസ്താവന പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 

പ്രസിഡന്‍റിന്‍റെ മുഖ്യശത്രുക്കളിലൊരാളായ ജിം അകോസ്റ്റയുടെ വാദങ്ങള്‍ക്കൊന്നും സാന്‍ഡേഴ്സിന്‍റെ നിലപാട് മാറ്റാനായില്ല. റഷ്യന്‍ ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് വൈറ്റ് ഹൗസും മാധ്യമങ്ങളും തമ്മിലുള്ള ഉരസലിന് കാരണമാകുന്നത്. വസ്തുതകള്‍ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളെ വ്യാജവാര്‍ത്തയെന്ന് അധിഷേപിച്ച് തലയൂരുകയാണ് ഡോണള്‍ഡ് ട്രംപിന്‍റെ വൈറ്റ് ഹൗസ് പതിവായി െചയ്യുന്നത്. പക്ഷെ ജനാധിപത്യത്തിലെ നാലാം തൂണായി പ്രവര്‍ത്തിക്കുന്ന യുഎസ് മാധ്യമങ്ങള്‍ ആരെയും ഭയക്കാതെ, സ്വാധീനങ്ങള്‍ക്ക് വഴിപ്പെടാതെ  വാര്‍ത്തകള്‍ നല്‍കിക്കൊണ്ടേയിരിക്കുന്നു. 

MORE IN LOKA KARYAM
SHOW MORE