രാഷ്ട്രമാതാവിന് അന്ത്യയാത്ര: തേങ്ങലോടെ ദക്ഷിണാഫ്രിക്ക

lk-winnie-mandela-t
SHARE

വിന്നി മണ്ടേല വിട പറഞ്ഞു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു  നെല്‍സന്‍ മണ്ടേലയുടെ മുന്‍ ഭാര്യ. മണ്ടെലയുടെ ഭാര്യ എന്നതുകൊണ്ടു മാത്രമല്ല രാജ്യം അവരെ ആദരിച്ചത്  വര്‍ണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തില്‍  സ്വന്തം സ്ഥാനം അടയാളപ്പെടുത്തി വിന്നി. വിമര്‍ശനങ്ങള്‍ ഏറെ കേട്ടെങ്കിലും ദക്ഷിണാഫ്രിക്കന്‍ ചരിത്രത്തിന് ആദരവോടെ മാത്രമെ വിന്നി മണ്ഡേലയുടെ പേര് ഒാര്‍ക്കനാവൂ. 

ഞാനവളുടെ സൗന്ദര്യം കണ്ട് സ്തംഭിച്ചുപോയി..വിന്നി മാഡിക്കസേലയുമായുളള ആദ്യകൂടിക്കാഴ്ചയെക്കുറിച്ച് നെല്‍സണ്‍ മണ്ടേല സ്വന്തം ആത്മകഥയില്‍ ഇങ്ങനെ കുറിച്ചു. 1957 ലെ ആ  കണ്ടുമുട്ടല്‍ ദക്ഷിണാഫ്രിക്കയുടെ ചരിത്രം തന്നെ തിരുത്താനുള്ള ഒരു യാത്രയുടെ തുടക്കമായിരുന്നു. രാഷ്ട്രീയത്തിലേക്കുള്ള, മുഖ്യധാരയിലേക്കുള്ള, പോരാട്ടങ്ങളിലേക്കുള്ള  വിന്നി മണ്ടേലയുടെ കടന്നുവരവ് അങ്ങനെയായിരുന്നു. ആദ്യഭാര്യയും തന്‍റെ മൂന്നുമക്കളുടെ അമ്മയുമായ ഇൗവ്്ലിനില്‍ നിന്നും വിവാഹമോചനം നേടിയ മണ്ടേല, വിന്നിയെ ഒപ്പം കൂട്ടി. സമരം തന്നെയായിരുന്ന ജീവിതത്തിലേക്ക്. വര്‍ണവെറിയുടെ ചങ്ങലകള്‍ പൊട്ടിച്ചെറിയുകയെന്ന വലിയ ദൗത്യത്തിലേക്ക്. മൂന്നു ദശാബ്ദം ഭര്‍ത്താവിനൊപ്പം  വര്‍ണവിവേചനത്തിനെതിരെ പോരാടിയ ധീരയെ രാഷ്ട്രമാതാവായി ദക്ഷിണാഫ്രിക്ക ഹൃദയത്തിലെഴുതി. 

1964ല്‍  നെല്‍സണ്‍   മണ്ടേല ജയിലലടയ്ക്കപ്പെട്ടു .പിന്നെ റോബന്‍ ഐലന്‍ഡിന്‍ നീണ്ട 27വര്‍ഷത്തെ കാരാഗൃഹവാസം. അക്കാലമത്രയും പുറത്ത് മണ്ടേലയുടെ നാവും പ്രതിരൂപവുമായി വിന്നി. 

നിരാശയുടെ പടുകുഴിയില്‍വീണ ഒരു ജനതയ്ക്ക്  പ്രതീക്ഷയുടെ കിരണങ്ങളായി അവരുടെ വാക്കുകള്‍, അടിച്ചമര്‍ത്തപ്പെട്ട  സമൂഹത്തിന്  ആത്മവീര്യം പകര്‍ന്നു ആ സാന്നിധ്യം. ദക്ഷിണാഫ്രിക്കന്‍ പൊലീസിന്‍റെ ഉപദ്രവം കലശലായിരുന്ന അക്കാലത്ത് ഒരു വനിതാനേതാവിന് ചിന്തിക്കാന്‍ പോലും കഴിയാത്ത വഴികള്‍ അവര്‍ സധൈര്യം പിന്നിട്ടു. മണ്ടേല ജയിലിലായത് സമരത്തിന്‍റെ വീര്യം കുറച്ചില്ല. 

വിന്നിയിലെ നേതാവിനെ മനസിലാക്കാന്‍ വെള്ളക്കാരുടെ പൊലീസ് അല്‍പം വൈകി. പോരാട്ടങ്ങളുടെ മുനയൊടിക്കാന്‍ വിന്നിയെയും തടവിലിടുകമാത്രമായിരുന്നു മാര്‍ഗം. വിദൂരഗ്രാമമായ ബ്രന്‍റ് ഫോര്‍ട്ടില്‍ 17മാസം പുറംലോകത്തെക്കുറിച്ച് ഒന്നുമറിയാതെ വിന്നിക്കുകഴിയേണ്ടിവന്നു.  അപ്പോഴേക്കും ലോകശ്രദ്ധ നേടിക്കഴിഞ്ഞിരുന്ന വനിതാനേതാവിനായി ലോകത്തിന്‍റെ വിവിധ കോണുകളില്‍‌ നിന്ന് പിന്തുണയെത്തി. അറസ്റ്റുകളും കൊടിയ പീഡനങ്ങളും സമരത്തിന് ശക്തി കൂട്ടിയതേയുളളൂ. സ്വാതന്ത്യപ്പോരാട്ടങ്ങളുടെ ജ്വലിക്കുന്ന പ്രതീകങ്ങളായി മാറി വിന്നിയും മണ്ടേലയും ലോകത്തിന്‍റെ നിറുകയിലേക്കുയര്‍ന്നു. 

1976ല്‍ ജൊഹന്നാസ് ബര്‍ഗിനടുത്ത് സോവെറ്റോ സ്കൂളില്‍ വര്‍ണവിവേചനത്തിനെതിരെ പ്രതിഷേധിച്ച കറുത്തവര്‍ഗക്കാരായ കുട്ടികള്‍  വെടിയേറ്റുവീണപ്പോള്‍ ജയിലിലായിരുന്ന മണ്ടേലയെ ചെറുത്തുനില്‍പ്പിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തിയത് വിന്നിയാണ്. . രക്തരൂക്ഷിതമായ ആ ചെറുത്തുനില്‍പ്പോടെ ചെറുപ്പക്കാരൊന്നടങ്കം സമരത്തിനായി ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അണിനിരന്നത്  വിന്നിയെന്ന നേതാവിന്‍റെ സ്ഥാനം ഒരിക്കല്‍കൂടി അടിവരയിട്ടുറപ്പിച്ചു.

ജയിലില്‍ നിന്ന് മണ്ടേല വിന്നിക്കെഴുതിയ കത്തുകളിലെല്ലാം സ്നേഹവും ആരാധനയും നിറഞ്ഞുനിന്നു. വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യത്തില്‍ ഇരുവരും ഒരുമിച്ചുണ്ടായിരുന്നത് ചുരുങ്ങിയ വര്‍ഷങ്ങള്‍ മാത്രം. മണ്ടേല ജയിലില്‍ പോകുമ്പോള്‍ കുഞ്ഞുങ്ങളായിരുന്ന പെണ്‍മക്കള്‍ അദ്ദേഹം തിരിച്ചെത്തുമ്പോഴേക്കും അമ്മയുടെ തണലില്‍ യുവതികളായി വളര്‍ന്നിരുന്നു. 1990 ല്‍ ജയില്‍മോചിതനായ ശേഷം ഇരുവരും തമ്മിലുള്ള ബന്ധം അത്ര അത്ര സുഖകരമായിരുന്നില്ല. അതിന്‍റെ കാരണങ്ങളിലൊന്ന് വിന്നിയുടെ നഷ്ടപ്പെട്ട പ്രതിച്ഛായ ആയിരുന്നു. പുതുതായി വാങ്ങിയ സോവെറ്റോയിലെ വീട്ടിലേക്ക് ചെറുപ്പക്കാരായ കൂട്ടുകാര്‍ മാറിമാറി വന്നു. അഴിമതിക്കേസുകളിലും പേരുചേര്‍ക്കപ്പെട്ടു. ഇതിനെല്ലാം ആക്കം കൂട്ടിയത് മണ്ടേല യുണൈറ്റ‍ഡ് ഫുട്ബോള്‍ ടീം ആയിരുന്നു. ഗുണ്ടാസംഘമായി മാറിയ സംഘം അരുംകൊലകളേറെ നടത്തി. 14 വയസുകാരനെ തട്ടിയെടുത്തു പീഡിപ്പിച്ചുകൊന്നുവെന്ന കേസില്‍ ആറുവര്‍ഷം തടവിന് വിന്നി ശിക്ഷിക്കപ്പെട്ടെങ്കിലും പിന്നീടത് പിഴശിക്ഷയാക്കി ലഘൂകരിച്ചു. കുട്ടികളടക്കം ഒട്ടേറെപ്പേരെ പീഡിപ്പിച്ചു കൊന്നതിന് വിന്നി  നേരിട്ട് ഉത്തരവാദിയാണെന്ന്  കോടതി കണ്ടെത്തി. വര്‍ണവെറിയുടെ ഇരുളില്‍ നിന്ന് ഒരു രാജ്യത്തെ സ്വാതന്ത്യത്തി്ന്‍റെ വെളിച്ചത്തിലേക്കെത്തിച്ച ധീരവനിതയെ, ന്യായാധിപന് നുണച്ചിയെന്ന് വിശേഷിപ്പിച്ചു. ജീവിതകാലം മുഴുവന്‍  അനുഭവിച്ച യാതനകളുടെയും സഹനത്തിന്‍റെയും ഫലമായി രൂപപ്പെട്ട പ്രതികാരവാജ്ഞചയാണ് ആ കറുത്ത അധ്യായങ്ങളെന്ന് പിന്നീട് പലരും വിലയിരുത്തി.  1998 ല്‍ മണ്ടേല വിന്നിയുമായി വേര്‍പിരിഞ്ഞു മൂന്നാമതും വിവാഹിതനായെങ്കിലും ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രമാതാവ് എന്ന സ്ഥാനത്തിന് വിന്നിയല്ലാതെ മറ്റൊരവകാശിയുണ്ടായില്ല 

MORE IN LOKA KARYAM
SHOW MORE