സ്വാത് താഴ്‌വരയില്‍ മാലാഖ

lk-malala-t
SHARE

മലാല സ്വന്തം മണ്ണില്‍ മടങ്ങിയെത്തി. വെടിയുണ്ടകള്‍ക്ക് മുന്നില്‍ പതറില്ല എന്ന സന്ദേശവുമായാണ്   തല ഉയര്‍ത്തിപ്പിടിച്ച് അവള്‍  ഇസ്ലമാബാദില്‍ വിമാനമിറങ്ങി. ഇന്ന് ലോകത്തില്‍ ഏറ്റവും പ്രശസ്തയായ പാക്കിസ്ഥാനിയാണ് മലാലയെന്ന് പറയാം.   വിദ്യാഭ്യാസ അവകാശ  പോരാട്ടങ്ങളുടെ പേരിൽ ഭീകരരുടെ വെടിയേറ്റു മരണത്തെ മുഖാമുഖം കണ്ടിട്ടും  അവളുടെ  നിശ്ചയദാര്‍ഢ്യത്തിന്  തെല്ലും ഇളക്കം തട്ടിയിട്ടില്ല.

ഇരുപതുവയസ് മാത്രമുള്ള ഒരു പെണ്‍കുട്ടിയുടെ വരവിനായി , ലോകമാധ്യമങ്ങളൊന്നടങ്കം  ഇസ്്ലമബാദ് വിമാനത്താവളത്തില്‍   കാത്തുനിന്നു. പാക് സര്‍ക്കാരിലെ ഉന്നതര്‍ പൂച്ചെണ്ടുകളുമായി വരി നിന്നു. കാരണം വരുന്നത് മലാല യൂസഫ് സായ് ആണ്. ലോകത്തിലേറ്റവും പ്രായം കുറഞ്ഞ നൊബേല്‍ ജേതാവ്, പാക്കിസ്ഥാന്‍റെ അഭിമാനം. അതെ, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സ്വാത്്താഴ്്വരയില്‍ നിന്നാണ് ലോകത്തിന്‍റെയാകെ അഭിമാനമായി മലാല മാറിയത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വേണം എന്ന് ആവശ്യപ്പെട്ടതിനാണ്  കൗമാരപ്രായത്തില്‍ മലാലായ്ക്ക് ക്രൂരമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. 

ബിബിസി ഉറുദുവിലൂടെ തന്‍റെ സ്വപ്നങ്ങള്‍ ലോകത്തോട് പങ്കുവച്ച  പതിനാലുകാരിയെ  സ്കൂളിലേയ്ക്കുള്ള വഴിയിലാണ് താലിബാന്‍ ഭീകരര്‍ വെടിവച്ചിട്ടത്. പക്ഷേ ലോകം ആ കൊച്ചുപെണ്‍കുട്ടിയെ കൈവിട്ടില്ല. ഇംഗ്ലണ്ടില്‍ വിദഗ്ധ ചികില്‍സ നേടിയ മലാല ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു.  ഭീകരരുടെ വെടിയുണ്ടകള്‍ക്ക് അവളെ തളര്‍ത്താനായില്ല. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മലാല ശബ്ദമുയര്‍ത്തിക്കൊണ്ടേയിരുന്നു. പ്രയത്നങ്ങള്‍ക്കുള്ള അംഗീകാരമായി  പതിനേഴാം വയസ്സിൽ സമാധാന നൊബേൽ സമ്മാനം ലഭിച്ചതോടെ മലാല, ഈ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി.പ്രശ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും തന്‍റെ ഏറ്റവും വലിയസ്വപ്നം ജന്മനാട്ടിലേക്കുള്ള മടങ്ങിവരവായിരുന്നെന്ന് മലാല പറയുന്നു. സ്വാത് താഴ്്്വരിയിലേക്കുള്ള വരവ് അതുകൊണ്ടുതന്നെ വൈകാരികമായി. ബാല്യകാല സുഹൃത്തുക്കളും പഴയ അധ്യാപകരുമായുള്ള കൂടിക്കാഴ്ചയിൽ മലാലയ്ക്കു കണ്ണീരടക്കാനായില്ല

ഓക്സ്ഫഡ് സർവകലാശാലാ വിദ്യാർഥിയയ മലാലയുടെ ജന്മനാട്ടിലെ ഹ്രസ്വസന്ദര്‍ശനം മറ്റുപല ചോദ്യങ്ങളും ഉയര്‍ത്തിവിട്ടു. സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് സന്ദര്‍ശനപരിപാടി ഒരുക്കിയതെങ്കിലും മലാലാ വിരുദ്ധമുദ്രാവാക്യങ്ങളും ഉയര്‍ന്നുകേട്ടു പാക്കിസ്ഥാനില്‍. മറ്റൊന്ന് മലാലയുടെ ചോരചിന്തലും നൊബേല്‍ പുരസ്കാരവും പാക്കിസ്ഥാനി പെണ്‍കുട്ടികളുടെ ജീവിതതത്തില്‍ എന്ത് മാറ്റമുണ്ടാക്കി എന്നതാണ്.

ലിംഗസമത്വത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ മലാല യൂസഫ്സായ് പാശ്ചാത്യ സംസ്കാരത്തിന്‍റ വക്താവായി മാറി എന്നതാണ് പാകിസ്ഥാനില്‍ ചിലരെങ്കിലുമുയര്‍ത്തുന്ന വിമര്‍ശനം.  പാശ്ചാത്യരുടെ ഇസ്്ലാമോഫോബിയക്ക് ആക്കം കൂട്ടുന്ന വാക്കുകള്‍ മലാലയില്‍ നിന്ന് വരുന്നു എന്ന് മുമ്പ് പിന്തുണച്ചവര്‍പോലും കരുതുന്നു. ഇതുവഴി പാക്്സംസ്കാരത്തെ ലോകത്തിനു മുന്നില്‍ ഇടിച്ചുതാഴ്ത്തി എന്നാണ് കുറ്റപ്പെടുത്തല്‍. സ്വന്തം വ്യക്തിത്വമുള്ള മുസ്്ലിം പെണ്‍കുട്ടി എന്നത് ചിലര്‍ക്കെങ്കിലും ദഹിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു മലാല വിരുദ്ധ ഹാഷ്ടാഗുകള്‍.  അത് നേരെ പറയാന്‍ പറ്റാത്തതുകൊണ്ടാവാം പാക്കിസ്ഥാനിലെ മറ്റ് പെണ്‍കുട്ടികള്‍ ദുര്‍ബലരാണോ, പാക്കിസ്ഥാനിലെ പുരുഷന്‍മാരെല്ലാം മോശക്കാരാണോ തുടങ്ങി നിരവധി ചോദ്യങ്ങളുമായി സമൂഹമാധ്യമവിമര്‍ശകര്‍ കളം നിറഞ്ഞു.  പാശ്ചാത്യ സംസ്കാരം പ്രചരിപ്പിക്കുന്ന മലാല ജീന്‍സിട്ട് മുസ്്ലിം പെണ്‍കുട്ടികളെ വഴി തെറ്റിക്കുന്നു എന്നതായിരുന്നു പോയവര്‍ഷം കേട്ട മറ്റൊരു വിമര്‍ശനം. മലാലയെക്കെതിരായ ആക്രമണം പോലും കൃത്രിമമാണെന്ന് ഇക്കൂട്ടര്‍ പ്രചരിപ്പിച്ചു. മുസ്്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടുന്നു എന്ന് അവകാശപ്പെടുന്ന മലാല സമുദായത്തിന് നീതി നിഷേധിക്കപ്പെടുമ്പോള്‍ എന്തു ചെയ്തു എന്ന് മറ്റൊരു ചോദ്യം.

പക്ഷേ തന്‍റെ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം   മലാലാ യൂസഫ് സായ്    മുമ്പേ മറുപടി പറഞ്ഞതാണ്. ‘I AM Malala’ എന്ന ആത്മകഥ കരുത്തുറ്റ പാക് സംസ്കാരത്തിന്‍റെ നേര്‍ക്കാഴ്ചയാണ്. പാക്കിസ്ഥാനി സ്ത്രീകളുടെ ആത്മധൈര്യവും രാജ്യസ്നേഹവും അവകാശപോരാട്ടവുമെല്ലാം പുസ്തകം   വ്യക്തമാക്കുന്നു. സംസ്കാര സമ്പന്നരായ പാക്കിസ്ഥാനി പുരുഷന്‍മാരെക്കുറിച്ചും മലാല പറഞ്ഞുവയ്ക്കുന്നുണ്ട്. മകനെയും മകളെയും ഒരുപോലെ കാണുന്ന അച്ഛനെയും സഹോദരിയെ ബഹുമാനിക്കുന്ന സഹോദരനെയുമെല്ലാം ഇതേ സ്വാത് താഴ്‌വരയില്‍ ലോകത്തിന് കാണിച്ചുതരുന്നു മലാല. ഇസ്്ലാം പഠിപ്പിക്കുന്ന നന്മയുടെ പാഠങ്ങളും മലാലയുടെ എഴുത്തുികളില്‍ വ്യക്തം. സമൂഹത്തിലെ ഏതാനും ദുഷ്ടശക്തികള്‍ക്കെതിരെ മാത്രമാണ് അവര്‍ ശബ്ദമുയര്‍ത്തിയത്. പാശ്ചാത്യലോകത്തെ വമിര്‍ശിക്കുന്നതിലും മടികാണിച്ചില്ല മലാല. പാക്കിസ്ഥാനില്‍ അമേരിക്ക നടത്തുന്ന ഡ്രോണ്‍ ആക്രമണത്തിനെതിരെ  പതിനാറാം വയസില്‍ പ്രസിഡന്‍റ് ഒബാമയെ നേരില്‍ കണ്ട് പ്രതിഷേധമറിയിച്ചു മലാല.   

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്കെതിരെ രംഗത്തെത്തിയ അവര്‍ ഗാസയിലെ സ്കൂളുകളുടെ പുനരുദ്ധാരണത്തിന് വന്‍തുക സംഭാവനയും നല്‍കി.  വാസ്തവത്തില്‍പാശ്ചാത്യ മാധ്യമങ്ങള്‍ മലാലായെ അവതരിപ്പിച്ച രീതിയിലാണ് പിശകു പറ്റിയത്. പാക്കിസ്ഥാനികള്െല്ലാം   ഇടുങ്ങിയ ചിന്താഗതിക്കാരും സ്ത്രീ പീഡകരും തീവ്രവാദികളുമാണെന്നും അവര്‍ക്കിടയില്‍ നിന്ന് പോരാടി വിജയിച്ച ഏക വ്യക്തിമായണ് മലാലയെന്നും തോന്നുന്ന രീതിയിലായിരുന്നു ചിത്രീകരണം. ഇതാണ് വിദ്യാസമ്പന്നരായ ആളുകളെപ്പോലും ചൊടിപ്പിച്ചത്.  പക്ഷെ പലതും കരുതിക്കൂട്ടിയുള്ള വിമര്‍ശനങ്ങളെന്ന് വ്യക്തം. ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള 40 ശതമാനം കുട്ടികള്‍ക്കും വിദ്യാഭ്യാസം ഇന്നും നിഷേധിക്കപ്പെടുന്നു എന്ന യാഥാര്‍ഥ്യം മൂടിവയ്ക്കുക കൂടി ഈ വിമര്‍ശകരുടെ ലക്ഷ്യമാകണം. പാക് സംസ്കാരത്തെക്കുറിച്ച് അഭിമാനം കൊള്ളുന്നവര്‍ പക്ഷെ ഇവരെക്കുറിച്ച് ഒന്നും പറയുന്നില്ല. ഭക്ഷണവും വിദ്യാഭ്യാസവുമെല്ലാം നിഷേധിക്കപ്പെടുന്ന   ഇവര്‍ക്കായാണ് മലാല ഫണ്ടിന്‍റെ ഒരു ശതമാനം നീക്കിവച്ചിരിക്കുന്നത.് ഒരുപക്ഷേ,   മലാല ആണ്‍കുട്ടിയായിരുന്നെങ്കില്‍ ഹീറോ പരിവേഷം നല്‍കാന്‍ ഈ വിമര്‍ശകരില്‍ ചിലരെങ്കിലും തയാറായേനെ. പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തിന് രാജ്യം ഒരു പെണ്‍കുട്ടിയുടെ പേരില്‍ അറിയപ്പെടുന്നത് അംഗീകരിക്കാന്‍ നല്ല പ്രയാസമുണ്ട്. പാക്കിസ്ഥാന്‍ എന്ന ജന്മനാടിനെ അപമാനിക്കുകയല്ല മലാല യൂസഫ്സായ് ചെയ്തത്. അതിന്‍റെ ഇരുണ്ട വശങ്ങള്‍ കൂടി തുറന്നുകാട്ടാനാണ് അവര്‍ശ്രമിച്ചത്. അതുവഴി രാജ്യത്താകെ പ്രകാശം പരത്താനും. 

MORE IN LOKA KARYAM
SHOW MORE