തലപൊക്കുന്ന ബൊക്കൊ ഹറാം

Boko-Haram
SHARE

നൈജീരിയയെ ഞെട്ടിച്ച് വീണ്ടും ബോക്കോ ഹറാം ആക്രമണം. 2014ലേതുപോലെ സ്കൂള്‍ വിദ്യാര്‍ഥിനികളാണ് ഇക്കുറിയും ഇരകള്‍.  110 പെണ്‍കുട്ടികളെയാണ് തീവ്രവാദികള്‍ തട്ടിയെടുത്തത്.  യോബ് സംസ്ഥാനത്തെ ദാപ്ചി ഗേൾസ് സ്കൂളാണു ആക്രമിക്കപ്പെട്ടത്.  കുട്ടികളെ മടക്കിക്കൊണ്ടുവരിക എന്നാവശ്യപ്പെട്ടുള്ള മാതാപിതാക്കളുടെ പ്രതിഷേധം അക്രമാസക്തമായി.

തോക്കുകളും ഗ്രനേഡുകളുമായി ഡാപ്ച്ചിയിലെ സര്‍ക്കാര്‍ ഗേള്‍സ് സ്കൂളിലേക്ക് ഇരച്ചുകയറിയ ബോക്കോ ഹറാം തീവ്രവാദികള്‍  മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടികളെ വാഹനങ്ങളില്‍ കയറ്റി സ്ഥലംവിട്ടു. തീവ്രവാദികളില്‍ നിന്ന് രക്ഷിക്കാനെത്തിയ പ്രതിരോധിക്കാന്‍ മാര്‍ഗമില്ലാത്ത സ്കൂള്‍ അധികൃതര്‍നിസഹായ ദൃക്സാക്ഷികളായി.  900 കുട്ടികളില്‍ നിരവധിപേര്‍ മതില്‍ ചാടിയും മറ്റും രക്ഷപെട്ടു.  ഒാടുന്ന വഴി പലരും തീവ്രവാദികളുടെ കയ്യില്‍പ്പെട്ടു. ഡോര്‍മറ്ററികള്‍ക്കുള്ളിലും പൊന്തക്കാട്ടിലും ഒളിച്ചിരുന്നാണ് ഏതാനുംപേര്‍ രക്ഷപെട്ടത്. പട്ടാളമെന്ന് തെറ്റിദ്ധരിപ്പിച്ചും കുട്ടികളെ വാഹനത്തില്‍ കയറ്റാന്‍ തീവ്രവാദികള്‍ക്കായെന്ന് രക്ഷപെട്ടവര്‍ സാക്ഷ്യപ്പെടുത്തി.  സ്കൂള്‍ കെട്ടിടം തിരഞ്ഞാണ് തീവ്രവാദികള്‍ പാഞ്ഞെത്തിയതെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഗ്രാമീണരില്‍ ചിലരെ തോക്കിന്‍മുനയില്‍ വഴികാട്ടികളാക്കി.  തുണിയും കയറും ഉപയോഗിച്ച് വാഹനത്തിനുള്ളില്‍ കെട്ടിയിട്ട കുട്ടികളുമായി വന്ന വേഗത്തില്‍ വാഹനങ്ങള്‍ പോയി മറഞ്ഞു. ആക്രമണം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പട്ടാളം തിരിഞ്ഞുനോക്കിയില്ലെന്നും വിമര്‍ശനമുണ്ട്. ആക്രമണവും തട്ടിക്കൊണ്ടുപോകലും സ്ഥിരികരിക്കാന്‍ ആദ്യം നൈജീരിയന്‍ സര്‍ക്കാര്‍ തയാറായില്ല. മണിക്കൂറുകള്‍ക്ക് ശേഷം മിലിട്ടറി ജെറ്റുകള്‍ ഡാപ്ച്ചിക്കുമുകളില്‍ പറക്കുമ്പോഴേയ്ക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. തീവ്രവാദികളുടെ കേന്ദ്രമെന്ന് തെറ്റിദ്ധരിച്ച് അഭയാര്‍ഥികളും സന്നദ്ധപ്രവര്‍ത്തകരും താമസിക്കുന്ന ക്യാംപ് നൈജീരിയന്‍ പട്ടാളം ആക്രമിക്കുകയും ചെയ്തു.  52 കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരുക്കേറ്റു.   ഏറെ വൈകി സ്കൂളിലെത്തിയ പ്രവിശ്യഗവര്‍ണര്‍ അടക്കമുള്ളവര്‍ വലിയ പ്രതിഷേധം ഏറ്റുവാങ്ങി. പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു

ചിബോക്ക് പട്ടണത്തിലെ ബോർഡിങ് സ്‌കൂളിൽ പരീക്ഷയെഴുതിക്കൊണ്ടിരുന്ന 219 സ്‌കൂൾ വിദ്യാർഥിനികളെ ഭീകരർ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയിട്ട് 4 വര്‍ഷം പിന്നിടുമ്പോഴാണ് ദാപ്ച്ചി ആക്രണം. ബൊക്കൊ ഹറാം ഭീകരതയിലേക്കു രാജ്യാന്തരശ്രദ്ധ ക്ഷണിക്കാൻ വഴിതെളിച്ച സംഭവമായിരുന്നു ചിബൊക്കിലേത്. പെൺകുട്ടികളുടെ മോചനത്തിനായി തുടങ്ങിയ ബ്രിങ് ബാക്ക് അവർ ഗേൾസ് എന്ന ഓൺലൈൻ ക്യാംപെയ്‌നിൽ  മിഷേൽ ഒബാമ മുതൽ മലാല യൂസഫ്‌സായി വരെ പങ്കാളികളായി.  പക്ഷേ അന്നത്തെ പ്രസിഡന്‍റ്    ഗുഡ്‌ലക്ക് ജൊനാഥനും സര്‍ക്കാരും  കാട്ടിയ അനാസ്ഥയില്‍ കാലങ്ങളോളും ഇരകളുടെ കുടുംബങ്ങള്‍ കണ്ണീരിലാഴ്ന്നു,  ചിബോക്ക് പെണ്‍കുട്ടികള്‍ നല്ല ശതമാനവും ഇപ്പോഴും തടവില്‍ തന്നെ. മടങ്ങിയെത്തിവരാവട്ടെ കൂട്ടമാനഭംഗം ഉള്‍പ്പെടെയുള്ള കൊടുംക്രൂരതകളുടെ ആഘാതത്തില്‍ നിന്ന് മോചിതരാവാത്തവരും.  ചിബോക്കിന് ശേഷം കുട്ടികളടക്കം    ഇരുന്നൂറിൽപ്പരം സ്‌ത്രീകളെ ഭീകരർ തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്നാണു രാജ്യാന്തര മനുഷ്യാവകാശ സംഘടന ആംനെസ്‌റ്റിയുടെ കണക്കുകൾ.     ബോക്കാ ഹറാമും നൈജീരിയന്‍ സര്‍ക്കാരും തമ്മിലുള്ള പോരാട്ടത്തിന് ഏഴുവയസായി. തീവ്രവാദി തലവന്‍  അബൂബക്കർ ശെഖാവു കൊല്ലപ്പെട്ടെന്ന് പലതവണ സര്‍ക്കാര്‍ അവകാശപ്പെട്ടു. അപ്പോഴൊക്കെ താന്‍ ജീവനോടെയുണ്ടെന്ന വിഡിയോ സന്ദേശവുമായി ശെഖാവു രംഗത്തെത്തി.    ബോക്കാ ഹറാമിന്‍റെ അന്ത്യവും ചിബോക്ക് പെണ്‍കുട്ടികളുടെ മോചനവും വാഗ്ദാനം ചെയ്താണ് പ്രതിപക്ഷ നേതാവും മുൻ പട്ടാളഭരണാധികാരിയുമായ മുഹമ്മദ് ബുഹാരി  അധികാരത്തിലേറിയത്.  എന്നാല്‍ തീവ്രവാദവിരുദ്ധ പോരാട്ടത്തില്‍ ബുഹാരിയും പരാജയപ്പെട്ടെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. ആഫ്രിക്കയിൽ ഏറ്റവും ജനസംഖ്യയുള്ളതും ഏറ്റവും വലിയ സമ്പദ്‌ഘടനയുള്ളതുമായ രാജ്യമാണു നൈജീരിയ. രാജ്യത്തിന്റെ തെക്കൻ മേഖല ക്രൈസ്‌തവ ഭൂരിപക്ഷവും വടക്കൻ മേഖല മുസ്‌ലിം ഭൂരിപക്ഷവുമാണ്. ഈ വിഭജനം മുതലെടുത്താണു ബൊക്കോ ഹറാം പ്രവർത്തനം. ബൊക്കോ ഹറാം ഭീകരരുടെ വളർച്ച രാജ്യത്തു വൻ പ്രതിസന്ധിയാണ് ഉളവാക്കിയിരിക്കുന്നത്.  ഈ നിലയില്‍ പോയാല്‍ നാലുലക്ഷം കുട്ടികൾ പട്ടിണിയുടെ പിടിയിൽ അകപ്പെടുമെന്നാണ് യുണിസെഫിന്‍റെ കണക്ക്. സിറിയയിലും നൈജീരിയയിലും തീവ്രവാദപ്രസ്ഥാനങ്ങളുടെ ഇരകളാകുന്നത് നിരപരാധികളാണ്. കറുത്തവന്‍റെ വേദനയോട് പൊതുവേയുള്ള അവഗണന നൈജീരിയയുടെ കാര്യത്തിലും ലോകരാജ്യങ്ങവ്‍ പുലര്‍ത്തുന്നു എന്ന വിമര്‍ശനവുമുണ്ട്. 

MORE IN LOKA KARYAM
SHOW MORE