കോടതിയിലും രാഷ്ട്രീയം തിളച്ചു; വിപ്ലവം തീർത്ത വിധികൾ; വിവാദങ്ങൾ

supreme-court-2018-new
SHARE

ശബരിമല യുവതീപ്രവേശം, റഫാല്‍ ഇടപാട്, ആധാറിന്‍റെ നിയമ സാധുത തുടങ്ങി സുപ്രീംകോടതി തീര്‍പ്പു പറഞ്ഞ നിര്‍ണായ വിഷയങ്ങള്‍ പലതുണ്ട് 2018ൽ. നീതിന്യായ രംഗത്ത് മുന്‍പുണ്ടായിട്ടില്ലാത്ത പല സംഭവങ്ങള്‍ക്കും ഈ വര്‍ഷം സാക്ഷിയായി.

സംഭവബഹുലമായിരുന്നു 2018. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്‍റ് നീക്കം നടന്നു. ഇതിന് കാരണമായതായകട്ടെ സുപ്രീംകോടതിയിലെ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി കലാപം നടത്തിയതും വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തതുമായിരുന്നു. കോടതി നടപടികള്‍ നിര്‍ത്തിവെച്ച് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു. 

സുപ്രീംകോടതിയില്‍ കൊട്ടാര വിപ്ലവം നടന്നത് അന്നാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ സഹജഡ്ജുമാരായ ജെ ചെലമേശ്വര്‍, ര‍‍ഞ്ജന്‍ ഗൊഗോയ്, കുര്യന്‍ ജോസഫ്, മദന്‍ ബി ലോക്കൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തി.

ജനാധിപത്യം അപകടത്തിലാണെന്ന് പരസ്യമായി വിളിച്ചു പറഞ്ഞു. കേസുകള്‍ വീതിച്ചു നല്‍കുന്നതില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. 

ജഡ്ജുമാരുടെ തുറന്നുപറച്ചിലിന്‍റെ ചുവടുപിടിച്ചാണ് ദീപക് മിശ്രയ്ക്കെതിരെ ഇംപീച്ച്മെന്‍റിന് പ്രതിപക്ഷം കരുനീക്കിയത്. പക്ഷെ, ചര്‍ച്ചകള്‍ക്കപ്പുറം മുന്നോട്ടുപോയില്ല.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊറാഹ്ബുദ്ദീന്‍ ഷേക്ക് ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജ് ബി.എച്ച് ലോയയുടെ മരണത്തിലെ ചുരുളഴിക്കണമെന്ന ആവശ്യം അന്വേഷണത്തിനുളള ചെറിയ സാധ്യത പോലും തുറന്നിടാതെ സുപ്രീംകോടതി കുഴിച്ചുമൂടി. 

എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന ഒരുപിടി വിധികളില്‍ ഒപ്പുവെച്ചുകൊണ്ട് ദീപക് മിശ്ര സുപ്രീംകോടതിയുടെ അമരക്കാരന്‍റെ പദയില്‍ നിന്ന് പടിയിറങ്ങി.

സ്വവര്‍ഗാനുരാഗത്തിന് അനുമതി നല്‍കി. വിവാഹേതര ബന്ധം കുറ്റകരമല്ലാതാക്കി. ആധാറിനെ ഉപാധികളോടെ അംഗീകരിച്ചു. ദയാവധത്തിന് അനുമതി നല്‍കി. അയോധ്യക്കേസിലെ നിയമപ്രശ്നം ഭരണഘടനാബെഞ്ചിന് വിടണമെന്ന ആവശ്യം തള്ളി. നമ്പി നാരായണന് നീതി ഉറപ്പാക്കി. 

ആവിഷ്ക്കാരസ്വാതന്ത്ര്യം കോടതി കയറിയപ്പോള്‍ സുപ്രീംകോടതി കൃത്യമായ നിലപാടെടുത്തു. ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം നടത്താന്‍ ഭരണകൂടത്തിന് മാര്‍നിര്‍ദേശം നല്‍കി. പദ്മാവത് സിനിമയായാലും മീശ നോവലായാലും നിരോധനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും കഴിയില്ലെന്ന ഉറച്ച തീരുമാനം. 

കേരളത്തിന്‍റെ സ്വാശ്രയ ഓര്‍ഡിനന്‍സ് ചവറ്റുകുട്ടയിലെറിഞ്ഞു. ലിംഗസമത്വം ഉയര്‍ത്തിപ്പിടിച്ചാണ് ശബരിമല യുവതീപ്രവേശത്തിന് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് അനുമതി നല്‍കിയത്. സെപ്റ്റംബര്‍ 28 ന്. ബെഞ്ചിലെ ഏക വനിതയായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര യുവതീപ്രവേശത്തെ എതിര്‍ത്തത് ശ്രദ്ധേയമായി. ശബരിമല വിഷയത്തില്‍ കേരളം തിളച്ചുമറിയുമ്പോള്‍ എല്ലാ കണ്ണുകളും വീണ്ടും സുപ്രീംകോടതിയിലേയ്ക്കാണ്. ജനുവരി 22 ന് രണ്ടിലൊന്നറിയാം. 

രഞ്ജന്‍ ഗൊഗൊയ് പരമോന്നത കോടതിയുടെ 46 മത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. ആയിരം വിധിന്യായങ്ങളുടെ റെക്കോര്‍ഡുമായി കുര്യന്‍ ജോസഫ് നീതിമാന്‍റെ കുപ്പായം ഊരിവെച്ചു. കുര്യന്‍ ജോസഫിനൊപ്പം ദീപക് മിശ്രയ്ക്കെതിരെ പടനീക്കം നടത്തിയ മദന്‍ ബി ലോക്കൂറും ജെ ചെലമേശ്വറും വിരമിച്ചു.

കേന്ദ്രസര്‍ക്കാരും ജുഡീഷ്യറിയും തമ്മിലുള്ള നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ജസ്റ്റിസ് കെ എം ജോസഫിന് സുപ്രീംകോടതി ജഡ്ജായി ഓഗസ്റ്റ് 7 ന് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞത്.

 പട്ടിക വിഭാഗ പീഡന നിരോധന നിയമം സുപ്രീംകോടതി ലഘൂകരിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചു. സുപ്രീംകോടതി വിധി മറികടക്കാന്‍ പാര്‍ലമെന്‍റില്‍ നിയമം പാസാക്കി കേന്ദ്രസര്‍ക്കാര്‍ തെരുവിലെ രോഷം ആറിത്തണുപ്പിച്ചു. 

റഫാല്‍ ഇടപാടിനെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയത് ബിജെപിക്കും നരേന്ദ്രമോദിക്കും ആശ്വാസമായി. എന്നാല്‍ വിധിയില്‍ സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച പരാമര്‍ശിച്ചതിലെ പിഴവ് തൊട്ടുപിന്നാലെ തലവേദനയായി. സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ഡല്‍ഹി ഹൈക്കോടതി ഡിസംബര്‍ 17ന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

മുബൈയിലും ഗുജറാത്തിലും കാണ്ഡമാലിലും മുസഫര്‍ നഗറിലും നടന്ന കൂട്ടക്കുരുതികള്‍ക്ക് ഉത്തരവാദികളായ ക്രിമിനലുകള്‍ക്ക് രാഷ്ട്രീയക്കാരുടെ സംരക്ഷണമുണ്ടായിവെന്ന് ഓര്‍മ്മപ്പെടുത്തലുമായാണ് ഹൈക്കോടതി സിഖ് വിരുദ്ധ കലാപത്തിലെ ഇരകള്‍ക്ക് നീതി ഉറപ്പാക്കിയത്. 

2018 ലെ ഏറ്റവും കിടിലന്‍ ഡയലോഗും സുപ്രീംകോടതിയില്‍ നിന്നായിരുന്നു. "ജനാധിപത്യത്തില്‍ എതിര്‍ശബ്ദങ്ങള്‍ സുരക്ഷാ വാല്‍വ് പോലെയാണ്. സുരക്ഷാ വാല്‍വ് ഇല്ലാതായാല്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കും." സുപ്രീംകോടതി ജഡ്ജ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡിന്‍റേതാണ് കോടതി മുറിക്കുള്ളില്‍ മുഴങ്ങിക്കേട്ട ഈ വാക്കുകള്‍. 

MORE IN SPECIAL PROGRAMS
SHOW MORE