റിസര്‍വ് ബാങ്കും സര്‍ക്കാരും നേര്‍ക്കുനേര്‍

modi-rbi-demonetisation
SHARE

നോട്ട് നിരോധനമെന്ന ചരിത്രപരമായ മണ്ടത്തരം നടന്നിട്ട് രണ്ട് വര്‍ഷം പിന്നിട്ടു. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നായിരുന്നു വിശേഷണം. പക്ഷെ പ്രഖ്യാപിച്ച ലക്ഷ്യങ്ങള്‍ ഒന്നുംതന്നെ നേടിയെടുക്കാന്‍ സാധിച്ചില്ല. നട്ടെല്ലുതകര്‍ന്ന നമ്മുടെ സമ്പദ് വ്യവസ്ഥ നിവര്‍ന്നുനില്‍ക്കാന്‍ പെടാപ്പാടുപെടുകയാണ്. ഇതിന്‍റെ അന്തരഫലമായാണ് റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടക്കുന്ന പരസ്യമായ പോര്.

എന്തിനായിരുന്നു നോട്ട് നിരോധനം? കള്ളപ്പണം പുറത്തെത്തിയില്ല. കള്ളനോട്ട് അടിക്കുന്നത് അവസാനിച്ചില്ല. ഭീകര ഭീഷണി ഇപ്പോഴുമുണ്ട്. കറന്‍സിയുടെ പ്രചാരം കൂടുകയാണ് ഉണ്ടായത്. ഡിജിറ്റലൈസേഷനില്‍ നേരിയ മുന്നേറ്റമുണ്ടായെങ്കിലും ഇപ്പോള്‍ എല്ലാം ഏറെക്കുറെ പഴയപടിതന്നെ. കേന്ദ്രസര്‍ക്കാരിന്‍റെ കാലാവധി പൂര്‍ത്തിയാകാറാകുന്നു. ജനങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട സമയമായി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തിയത് നോട്ട് നിരോധനത്തിലൂടെ പിടിച്ചെടുത്ത പണം കൊണ്ടാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും ഒടുവില്‍ നല്‍കിയിട്ടുള്ള മറുപടി. നാട്ടുകാര്‍ കുറച്ചൊക്കെ ബുദ്ധിമുട്ട് സഹിക്കണമെന്നാണ് മോദി സര്‍ക്കാരിലെ ജയിംസ് ബോണ്ടും ദേശീയസുരക്ഷാ ഉദേഷ്ടാവുമായ അജിത് ഡോവലിന് പറയാനുള്ളത്. 

തുഗ്ലക് പരിഷ്ക്കാരത്തിന് പിന്തുണ കിട്ടാനും പിന്നീട് വന്‍വിജയമായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനും റിസര്‍വ് ബാങ്കിനുമേല്‍ വലിയ സമ്മര്‍ദമുണ്ടായിരുന്നുവെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം തടയാനും കള്ളനോട്ട്  ഇല്ലാതാക്കാനും കഴിയുമെന്ന സര്‍ക്കാര്‍ വാദം നടപ്പുള്ള കാര്യമല്ലെന്ന് റിസര്‍വ് ബാങ്ക് നേരത്തെ തന്നെ അറിയിച്ചിരുന്നുവത്രേ. 2016 നവംബര്‍ എട്ടിനാണ് മോദി 500ന്‍റെയും 1000ത്തിന്‍റെയും നോട്ടുകള്‍ അസാധുവാക്കുന്നത്. പ്രഖ്യാപനം വരുന്നതിന് രണ്ടര മണിക്കൂര്‍ മുന്‍പ് ആര്‍ബിെഎയുടെ ബോര്‍ഡ് യോഗം അടിയന്തരമായി ചേര്‍ന്നിരുന്നു. നോട്ട് നിരോധനം മൂലം ഹ്രസ്വകാലത്തേയ്ക്ക് മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍‌ ഇടിവുണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.

റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവരികയാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉൗര്‍ജിത് പട്ടേല്‍ രാജി ഭീഷണി മുഴക്കി. നവംബര്‍ 9ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉന്നത ഉദ്യോഗസ്ഥരെയും ഡല്‍ഹിയിലെത്തി ഉൗര്‍ജിത് പട്ടേല്‍ കണ്ടു. റിസര്‍വ് ബാങ്കിന്‍റെ പ്രവര്‍ത്തന സ്വാതന്ത്രത്തിനുമേല്‍ സര്‍ക്കാര്‍ കൈകടത്തുകയാണെന്ന വിമര്‍ശനം ശക്തമാണ്. 

കരുതല്‍ ധനത്തിന്‍റെ മൂന്നിലൊന്ന് കൈമാറാന്‍ റിസര്‍വ് ബാങ്ക് വിസമ്മതിച്ചതാണ് കേന്ദ്രസര്‍ക്കാരുമായുള്ള ഏറ്റുമുട്ടിന്‍റെ മൂര്‍ച്ച കൂട്ടിയത്. കരുതല്‍ധനമായ 9.59 ലക്ഷം കോടി രൂപയില്‍ നിന്ന് 3.6 ലക്ഷം കോടി രൂപ കൈമാറണമെന്നാണ് കേന്ദ്രധനമന്ത്രാലയം ആവശ്യപ്പെട്ടത്. കരുതല്‍ധനം കൈമാറുന്നത് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുമെന്ന് റിസര്‍വ് ബാങ്ക് നിലപാടെടുത്തു. ഇത് സര്‍ക്കാരിനെ ചൊടിപ്പിച്ചു. പൊതുമേഖലാ ബാങ്കുകളില്‍ കിട്ടാക്കടം പെരുകുന്നു. വന്‍കിട മുതലാളിമാര്‍ കോടികള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ബാങ്കുകളുടെ അസ്ഥിവാരം ഇളക്കുന്നു. ബാങ്കുകളെ നിലയ്ക്കുനിര്‍ത്താനുള്ള നിയന്ത്രണാധികാരം റിസര്‍വ് ബാങ്കിന് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഡെബിറ്റ് കാര്‍ഡുകളിലൂടെയും ക്രെഡിറ്റ് കാര്‍ഡുകളിലൂടെയും നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ റിസര്‍വ് ബാങ്കിന്‍റെ അധികാര പരിധിക്ക് പുറത്തുകൊണ്ടുവരാനും നീക്കമുണ്ട്. റിസര്‍വ് ബാങ്കിന് ഇതിനോട് കടുത്ത വിയോജിപ്പുണ്ട്. സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയാല്‍ പറ്റില്ലെന്ന് പറയാന്‍ റിസര്‍വ് ബാങ്ക് സ്വാതന്ത്ര്യമുണ്ടാകണമെന്ന് ആര്‍ബിെഎ മുന്‍ ഗവര്‍ണര്‍ രഘുറാംരാജന്‍ പറയുന്നു. സീറ്റ് ബെല്‍റ്റ് പോലെയാണ് റിസര്‍വ് ബാങ്ക്. ഡ്രൈവര്‍ അഥവാ കേന്ദ്രസര്‍ക്കാര്‍ സീറ്റ് ബൈല്‍റ്റ് ധരിച്ചിരിക്കണം. അല്ലെങ്കില്‍ അപകടമുണ്ടായാല്‍ ദുരന്തം വലുതായിരിക്കുമെന്ന് രഘുറാംരാജന്‍ മുന്നറിയിപ്പ് നല്‍കുന്നു. 

റിസര്‍വ് ബാങ്കും ഭരണകൂടവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പേ തുടങ്ങിയതാണ്. പിന്നീട് 1957 ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരിക്കെ കേന്ദ്ര ധനമന്ത്രാലയം റിസര്‍വ് ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് ബെനഗല്‍ രാമറാവു ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. ഭരണഘടനാ സ്ഥാപനങ്ങള്‍ ഒാരോന്നായി പിടിച്ചെടുക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന വിലയിരുത്തലിനിടെയാണ് റിസര്‍വ് ബാങ്കുമായുള്ള യുദ്ധം

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജനുമായി ഒട്ടും സുഖത്തിലായിരുന്നില്ല. രഘുറാംരാജനെതിരെ ബിജെപി നേതാക്കളും മന്ത്രിമാരും വാളോങ്ങി. രാജന്‍റെ പരിഷ്ക്കാരങ്ങള്‍ സാമ്പത്തിക സ്ഥിതി മോശമാക്കുന്നുവെന്നായിരുന്നു വിമര്‍ശനം. അങ്ങിനെ രണ്ടാംതവണയും ഗവര്‍ണറാകാനുള്ള രഘുറാംരാജന്‍റെ സാധ്യതകള്‍ അടഞ്ഞു. പുകച്ച് പുറത്തുചാടിച്ചു. ഉൗര്‍ജിത് പട്ടേല്‍ പിന്‍ഗാമിയായി. ഇപ്പോള്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ തര്‍ക്കം മുറുകുന്നതിനിടെ മറ്റൊരു ട്വിസ്റ്റും നടന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് വിവരാവകാശ കമ്മിഷന്‍  കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ പട്ടിക പുറത്തുവിടണമെന്ന സുപ്രീംകോടതി വിധി നടപ്പായില്ലെന്ന് കാണിച്ചാണ് നോട്ടീസ്. സര്‍ക്കാരും ആര്‍ബിെഎയും തമ്മിലുള്ള തര്‍ക്കത്തിന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റൊരു കാരണവുമുണ്ട്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ചെറുകിട വ്യാപാരികള്‍ക്ക് വന്‍തുക വായ്പയായി നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. റിസര്‍വ് ബാങ്ക് ഇതിന് തടസം നിന്നു.

സര്‍ക്കാര്‍ നീക്കത്തിന് രണ്ട് മാനങ്ങളുണ്ട്. ഒന്ന്, ഭരണഘടനാസ്ഥാപനങ്ങളെ ചൊല്‍പ്പടിയില്‍ നിര്‍ത്തുക. രണ്ട്, കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി കാര്യങ്ങള്‍ നീക്കുക. നോട്ട് നിരോധനത്തിന്‍റെ രണ്ടാംവാര്‍ഷിക പുതിയ പ്രതിസന്ധികളാണ് രാജ്യത്തിന് മുന്നില്‍വെയ്ക്കുന്നത്.

MORE IN INDIA BLACK AND WHITE
SHOW MORE