'അജയ്യ ഭാരതം അടല്‍ ബിജെപി'; പുതിയ മുദ്രാവാക്യം; പോരിന് ബിജെപി

bjp
SHARE

നരേന്ദ്ര മോദി സര്‍ക്കാര്‍ അവസാന ലാപ്പിലെ ഒാട്ടത്തിലാണ്. ഭരണനേട്ടങ്ങളും വികസനമുദ്രാവാക്യങ്ങളും എണ്ണിപ്പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നു. നാലുവര്‍ഷത്തില്‍ അച്ഛേ ദിന്‍ ആര്‍ക്കെങ്കിലും വന്നിട്ടുണ്ടോ? ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടില്‍‌ പതിനഞ്ച് ലക്ഷം രൂപ എത്തിയിട്ടുണ്ടോ? ഭാരതം സ്വച്ഛമായോ? പഴയ മുദ്രാവാക്യങ്ങള്‍ അമ്പേ ഉപേക്ഷിച്ച് പുതിയ മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിനിറങ്ങുകയാണ് ബിജെപി. അന്‍പതുവര്‍ഷം രാജ്യം ഭരിക്കുമെന്ന് തെല്ലൊരു അഹങ്കാരത്തോടെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിക്കുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ്.  

തിളക്കമുള്ള മുദ്രാവാക്യങ്ങളുടെ കണ്‍കെട്ടില്‍ വീണാണ് 2014 ല്‍ വോട്ടര്‍മാര്‍ താമരചിഹ്നത്തിന് നേരെ വിരലമര്‍ത്തിയത്. അങ്ങിനെ മോദിയെന്ന ബ്രാന്‍ഡ് വിജയകരമായി വിറ്റഴിച്ചു. മുദ്രാവാക്യങ്ങളെല്ലാം കേവലം വാചകകസര്‍ത്തുകളായി അവശേഷിക്കില്ലെന്നും ചിലതെങ്കിലും യഥാര്‍ഥ്യമാകുമെന്നും ആത്മാര്‍ഥമായി വിശ്വസിച്ച ചെറുതല്ലാത്തൊരു ജനവിഭാഗം ഉണ്ടായിരുന്നു. എന്നാല്‍ നാലുവര്‍ഷത്തെ മോദി ഭാരതത്തിന്‍റെ ബാലന്‍സ് ഷീറ്റ് പരിശോധിച്ചാല്‍ നിരാശയാണ് ഫലം. പക്ഷെ, മുദ്രാവാക്യങ്ങള്‍ക്ക് മാത്രം പഞ്ഞമുണ്ടായി‌ല്ല. കഴിഞ്ഞ തവണത്തെ അച്ഛേ ദിന്‍ ഉപേക്ഷിച്ച ബിജെപി പുതിയ മുദ്രാവാക്യവുമായി 2019 ലെ തിരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. അജയ്യ ഭാരതം, അടല്‍‌ ബിജെപി.  ആര്‍ക്കും തോല്‍പ്പിക്കാനാകാത്ത ഇന്ത്യ, അടിയുറച്ച ബിജെപി. ‍ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്. 

കാവിക്കോട്ടയിലെ നെഹ്റുവായിരുന്ന അടല്‍ ബിഹാരി വാജ്പേയുടെ ഒാര്‍മ്മകളുടെ അനുകൂല്യം കൂടി ലക്ഷ്യമിട്ടാണ് ഈ മുദ്രാവാക്യത്തിന്‍റെ പിറവി. ദേശീയ നിര്‍വാഹക സമിതിക്ക് ശേഷവും ബിജെപിയില്‍ നിലവിലെ നടപ്പുശീലങ്ങള്‍ക്കൊന്നും മാറ്റമില്ല. മോദിയും അമിത് ഷായും തന്നെ പാര്‍ട്ടിയുടെ ആദ്യത്തെയും അവസാനത്തെയും വാക്ക്. അമിത് ഷായുടെ നേതൃത്വത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടും. അതിനായി സംഘടനാ തിരഞ്ഞെടുപ്പ് നീട്ടിവെച്ചു. 2014 ല്‍ നേടിയതിനേക്കാള്‍ വലിയ വിജയവുമായി 2019ല്‍ അധികാരം നിലനിര്‍ത്തുമെന്ന ആത്മവിശ്വാസമാണ് അമിത് ഷാ പങ്കുവെച്ചത്.

മോദിയുടെ പ്രതിച്ഛായ, അമിത് ഷായുടെ സംഘാടന മികവ്, കേന്ദ്രസര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍, നയിക്കാന്‍ ആളില്ലാത്ത പ്രതിപക്ഷനിരയുടെ ദൗര്‍ബല്യങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയാകും ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുക. അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ മാതൃകയില്‍ മോദിയും മറ്റുള്ളവരും തമ്മിലുള്ള മല്‍സരമായി ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തെ മാറ്റിയെടുത്തു കഴിഞ്ഞു. ദരിദ്ര കുടുംബങ്ങളില്‍ പാചകവാതകമെത്തിക്കാനുള്ള ഉജ്വല യോജന മുതല്‍ ലോകത്തെ ഏറ്റവും വലിയ ആരോഗ്യപരിരക്ഷാ പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെട്ട ആയുഷ് മാന്‍ ഭാരത് വരെ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ വിശദീകരിച്ച് ജനങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാനാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് അമിത് ഷാ നല്‍കിയ നിര്‍ദേശം. 

2001 ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായ ശേഷം നടന്ന ഒരു തിരഞ്ഞെടുപ്പിലും ഗുജറാത്തില്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടിട്ടില്ല. അതുപോലെ ഒരന്‍പത് കൊല്ലം ബിജെപി ഇന്ത്യ ഭരിക്കുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അവകാശവാദം. അന്‍പത് വര്‍ഷം ഭരിക്കുമെന്നത് പോട്ടെ 2019ല്‍ 2014ലേതിനേക്കാള്‍ വലിയ വിജയം നേടുമെന്ന ആത്മവിശ്വാസം അതിരുകടന്നതാണെന്ന് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ വിലയിരുത്തേണ്ടിവരും.

നരേന്ദ്ര മോദിക്ക് തുല്യനായ എതിരാളിയില്ല. പ്രതിപക്ഷനിരിയില്‍ വേണ്ടത്ര െഎക്യമില്ല. ഇതെല്ലാം ശരിയാണ്. പക്ഷെ അതിനെല്ലാം അപ്പുറമാണ് ജനങ്ങളുടെ ഉള്ളില്‍ രൂപം കൊള്ളുന്ന അസംതൃപ്തി. ഇന്ധനവില ഒാരോ ദിവസവും റെക്കോര്‍ഡ് തിരുത്തിക്കൊണ്ടിരിക്കുന്നു. രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്നു. കാര്‍ഷികരോഷം തെരുവുകളില്‍ ആളിക്കത്തുന്നു. ഒാരോ വര്‍ഷവും ഒരുകോടി തൊഴിലവസരങ്ങള്‍ എന്ന വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ല. നോട്ട് നിരോധനം അതിജീവിക്കാനാകാത്ത ദുരന്തമായി അവശേഷിക്കുന്നു. ജിഎസ്ടിയുണ്ടാക്കിയ പ്രതിസന്ധികള്‍ അവസാനിച്ചിട്ടില്ല.

നീരവ് മോദിമാരും വിജയ് മല്യമാരും കോടികളുടെ തട്ടിപ്പു നടത്തി വിദേശത്ത് വിലസുന്നു. സുപ്രീംകോടതി ജഡ്ജിമാര്‍ ജനങ്ങളുടെ മധ്യത്തിലേക്ക് ഇറങ്ങിച്ചെന്ന് ജനാധിപത്യം അപകടത്തിലാണെന്ന് വിളിച്ചുപറയുന്നു.  എതിര്‍ശബ്ദങ്ങള്‍ ജനാധിപത്യത്തിലെ സുരക്ഷാവാല്‍വുകളാണെന്നും സുരക്ഷാവാല്‍വ് ഇല്ലാതായാല്‍ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിക്കുമെന്നും പരമോന്നത നീതിപീഠം മുന്നറിയിപ്പ് നല്‍കുന്നു. ഇതിനിടയിലാണ് 2019ല്‍ 2014ലേതിനേക്കാള്‍ വലിയ വിജയത്തിന്‍റെ ആകാശക്കോട്ട ബിജെപി കെട്ടിയുയര്‍ത്തിയിട്ടുള്ളത്. 

നിങ്ങള്‍ ഞങ്ങള്‍ക്ക് കുറച്ചുകൂടി സമയം തരൂ, ഞങ്ങള്‍ നിങ്ങള്‍ക്ക് ജാതിയും മതവും പറഞ്ഞ് തമ്മിലടിക്കാത്ത പുതിയ ഇന്ത്യയെ തരാം. ഇതാണ് ബിജെപിക്ക് ഇപ്പോള്‍ ജനങ്ങളോട് പറയാനുള്ളത്. പറയുന്നത് ബിജെപിയാണെന്ന് പ്രത്യേകം ഒാര്‍ക്കണം. അവര്‍ ഇതുവരെ പയറ്റിയിട്ടുള്ള ഇപ്പോഴും പയറ്റിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയമെന്താണെന്നും ഒാര്‍ക്കണം. കാര്യങ്ങളെല്ലാം ശരിയാക്കുന്നതിന് ബിജെപിക്ക് കുറച്ചുകൂടി സമയംവേണമത്രേ. നരേന്ദ്ര മോദിക്ക് ഒരു തവണകൂടി ഭരിക്കാന്‍ അവസരം നല്‍കണമത്രേ.  

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്. ബിജെപി ഭരിക്കുന്ന മൂന്ന് പ്രധാനപ്പെട്ട സംസ്ഥാനങ്ങള്‍ ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പിലേയ്ക്ക് പോകും. മൂന്നിടത്തും ഭരണ വിരുദ്ധവികാരം ശക്തമാണ്. അധികാരത്തില്‍ പിടിച്ചുനില്‍ക്കാന്‍ ബിജെപിക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. 2014ല്‍ മോദിയുടെ വിജയത്തിന്‍റെ മാധുര്യം കൂട്ടിയത് യുപിയിലെ വന്‍നേട്ടമായിരുന്നു. 80ല്‍ 71 സീറ്റ്. ഇത്തവണ പക്ഷെ യുപിയില്‍ ചരിത്രം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന യഥാര്‍ഥ്യം ബിജെപി നേതൃത്വത്തിന് നന്നായിട്ടറിയാം. 

മധ്യപ്രദേശില്‍ 15 വര്‍ഷമായി ബിജെപി അധികാരത്തിലുണ്ട്. 13 വര്‍ഷമായി ശിവ്‍രാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രി കേസരയില്‍. വ്യാപം അഴിമതിയും ദുരൂഹമരണങ്ങളും ചൗഹാന്‍റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കി. കര്‍ഷകരുടെ അസംതൃപ്തി കീറാമുട്ടിയായി തുടരുന്നു. രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ നേരിടുന്ന ഭരണവിരുദ്ധ വികാരത്തിനൊപ്പം ബിജെപിയിലെ പാളയത്തില്‍ പടയും കാര്യങ്ങള്‍ വെല്ലുവിളിയുയര്‍ത്തുന്നു.

മധ്യപ്രദേശിലും രാജസ്ഥാനിലും അധികാരം പിടിച്ചെടുത്ത് ലോക്സഭാ തിരഞ്ഞെടുപ്പിലേയ്ക്കുള്ള വിജയയാത്ര തുടങ്ങാമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍. മധ്യപ്രദേശില്‍ 29 ഉം രാജസ്ഥാനില്‍ 25 ഉം ലോക്സഭാ സീറ്റുകളാണുള്ളത്. പാട്ടിദാര്‍ സമുദായത്തിന്‍റെ സംവരണ പ്രക്ഷോഭത്തില്‍ വിയര്‍ത്ത ബിജെപിക്ക് ഗുജറാത്തില്‍ ഇനിയും കാര്യങ്ങള്‍ കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞിട്ടില്ല. മറ്റ് സമുദായങ്ങളും ബിജെപി നേതൃത്വത്തോട് കലഹത്തിലാണ്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പല നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപി ചരിത്രമെഴുതി. ഭരണം പിടിച്ചെടുത്തു. ത്രിപുരയില്‍ നേടിയതടക്കം നിര്‍ണായകമായ ചില സൈദ്ധാന്തിക വിജയങ്ങളും അക്കൂട്ടത്തില്‍പ്പെടുന്നവയാണ്. ഇന്ദിരാ ഗാന്ധി നയിച്ച കാലത്തെ കോണ്‍ഗ്രസിനേക്കാള്‍ ഒരുപടി മേലെയാണ് മോദിയുടെ കാലത്തെ ബിജെപിയെന്നാണ് പാര്‍ട്ടി നേതാക്കളുടെ വാഴ്ത്തലുകള്‍. 

ഗാന്ധി നെഹ്റു കുടുംബം ഇന്ത്യ ഭരിച്ച 48 വര്‍ഷത്തെയും  മോദി ഭരിച്ച 48 മാസത്തെയും താരതമ്യം ചെയ്യാനാണ് ബിജെപി ജനങ്ങളോട് ആവശ്യപ്പെടുന്നത്. നെഹ്റുവില്‍ തുടങ്ങി രാജീവ് ഗാന്ധിയില്‍ എത്തി നില്‍ക്കുന്ന കോണ്‍ഗ്രസിന് പ്രതാപകാലത്തിന് ബദല്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് മോദി അമിത് ഷാ ദ്വയത്തിന്‍റെ നീക്കം. 

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ഒരൊറ്റയിടത്ത് പോലും മറ്റ് പാര്‍ട്ടികളുടെ സീറ്റ് പിടിച്ചെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. യുപിയില്‍ യോഗി ആദിത്യനാഥിന്‍റെ കുത്തകമണ്ഡലം ബിജെപിക്ക് നഷ്ടമായി. യുപിയിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ സിറ്റിങ് സീറ്റുകളില്‍ തോല്‍വിയേറ്റുവാങ്ങി.

കടുത്ത വര്‍ഗീയ ധ്രുവീകരണത്തിന് പടിച്ച പണി പതിനെട്ടും പയറ്റിയിട്ടും യുപിയിലെ ഉപതിരഞ്ഞെടുപ്പുകളില്‍ വിശാലസഖ്യത്തോട് അടിയറവ് പറഞ്ഞു. ശിവസേനയുമായുള്ള കലഹങ്ങള്‍ പറഞ്ഞുതീര്‍ക്കാതെ ബിജെപിക്ക് മഹാരാഷ്ട്രയില്‍ വലിയ നേട്ടങ്ങള്‍ സ്വപ്നം കാണാന്‍ കഴിയില്ല. നിതീഷ് കുമാര്‍ അവസരത്തിനൊത്ത് ഏത് സമയവും നിലപാട് മാറ്റാം. 

ബിഹാറില്‍ ലാലു പ്രസാദ് യാദവിന്‍റെ ആര്‍ജെഡിയുടെ നേതൃത്വത്തില്‍ മഹസഖ്യം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. റാംവിലാസ് പാസ്വാനും ഉപേന്ദ്ര കുശ്‍വാഹയും എന്‍ഡിഎ ക്യാംപില്‍ കലാപമുയര്‍ത്തിക്കഴിഞ്ഞു. കാര്യങ്ങള്‍ പന്തിയല്ലെന്ന് കണ്ടാല്‍ ഇരുവരും ബിജെപിയുമായുള്ള കൂട്ട് വിട്ട് എതിര്‍ചേരിയില്‍ ചേക്കേറാം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ബിജെപി മുന്നേറ്റം പ്രതീക്ഷിക്കുന്നത്. തെലങ്കാനയില്‍ ടിആര്‍എസ് തുണച്ചേക്കും.

മോദിയുടെ ശത്രുപക്ഷത്തേയ്ക്ക് മാറിയ ചന്ദ്രബാബുനായ്ഡു ആന്ധ്രയില്‍ ജനവികാരം ആളിക്കത്തിച്ച് മുന്നേറുകയാണ്. തമിഴ്നാട്ടില്‍ പലതായി ചിതറിയ അണ്ണാഡിഎംകെ ഒപ്പം നിര്‍ത്താനുള്ള നീക്കം തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യാനുള്ള സാധ്യത ശുഷ്ക്കമാണ്. 

പ്രതിപക്ഷ െഎക്യത്തിന് ഇന്ധനം പകരുന്നതായിരുന്നു പെട്രോള്‍ വില വര്‍ധനക്കെതിരായ ഭാരത് ബന്ദ്. കോണ്‍ഗ്രസ് മുന്‍കൈയെടുത്ത് പ്രക്ഷോഭത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ‌കൈകോര്‍ത്തു. ജനകീയ പ്രശ്നം ഉയര്‍ത്തി മോദി സര്‍ക്കാരിനെ പൊതുശത്രുവായി പ്രഖ്യാപിച്ച പ്രതിപക്ഷം ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള കാഹളം മുഴക്കി. പക്ഷെ അവിടെയും കല്ലുകടിയുണ്ടായി.

വിശാല പ്രതിപക്ഷ െഎക്യം എന്നത് സങ്കീര്‍ണമായ ആശയമാണെന്നും കടമ്പകള്‍ ഇനിയും ഏറെയുണ്ടെന്നും ഭാരത് ബന്ദ് അടിവരയിട്ടു. കോണ്‍ഗ്രസ് നയിച്ച സമരത്തില്‍ 17 പാര്‍ട്ടികളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ പരസ്യമായി അംഗീകരിക്കാത്ത തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിഷേധത്തിന്‍റെ ഭാഗമാക്കാന്‍ കഴിഞ്ഞത് നേട്ടമായി. എന്നാല്‍ സിപിഎം, സിപിെഎ, സമാജ്‍വാദി പാര്‍ട്ടി, ബിഎസ്പി എന്നീ കക്ഷികള്‍ സ്വന്തം നിലയ്ക്കാണ് സമരം നടത്തിയത്.സുപ്രധാനമായ ഒരു ജനകീയപ്രശ്നത്തില്‍പ്പോലും പ്രതിപക്ഷത്തെ എല്ലാവരെയും ഒന്നിച്ച് ഒരുവേദിയില്‍ നിര്‍ത്താന്‍ സാധിക്കാതെപോയത് തിരിച്ചടിയായി.

തിരഞ്ഞെടുപ്പിലേയ്ക്കും സീറ്റ് വിഭജനത്തിലേയ്ക്കുമൊക്കെ കടക്കുമ്പോള്‍ പ്രതിപക്ഷ െഎക്യത്തിന് മുന്നില്‍ വെല്ലുവിളികളുടെ കാഠിന്യം കൂടും. പ്രാദേശിക താല്‍പര്യങ്ങളും അധികാരമോഹങ്ങളും തിണ്ണമിടുക്കുമൊക്കയുള്ളവരെ ഒരു കുടക്കീഴില്‍ അണിനിരത്തുകയെന്നത് മോദി വിരുദ്ധത പറഞ്ഞതുകൊണ്ടുമാത്രം സാധ്യതമാകുന്ന കാര്യമല്ല.

അന്‍പതുവര്‍ഷം ഇന്ത്യ ഭരിക്കുമെന്ന് ആത്മവിശ്വാസത്തിന് മേനി പറയാമെങ്കിലും അധികാരത്തുടര്‍ച്ച ഒരു തവണയെങ്കിലും ലഭിക്കുന്നതിന് നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടിവരും. ഉള്ള അവസരം എങ്ങിനെ വിനിയോഗിക്കണമെന്നറിയാത്ത ആശയക്കുഴപ്പത്തിലാണ് പ്രതിപക്ഷം. 

MORE IN INDIA BLACK AND WHITE
SHOW MORE