ജനാധിപത്യത്തിന്‍റെ പ്രഷര്‍കുക്കര്‍ പൊട്ടുമോ? പുതിയ ‘അടിയന്തരാവസ്ഥ’യുടെ ഉള്ളർത്ഥം

India-Black&white1
SHARE

" ജനാധിപത്യത്തില്‍ എതിര്‍ശബ്ദങ്ങള്‍ സുരക്ഷാ വാല്‍വ് പോലെയാണ്. സുരക്ഷാ വാല്‍വ് ഇല്ലാതായാല്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കും." സുപ്രീംകോടതി ജഡ്ജ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡിന്‍റേതാണ് കോടതി മുറിക്കുള്ളില്‍ മുഴങ്ങിക്കേട്ട ഈ വാക്കുകള്‍. വര്‍ത്തമാനകാല ഇന്ത്യയില്‍ ഏറ്റവും തിളക്കമുള്ള നിരീക്ഷണം. ജനാധിപത്യത്തിന്‍റെ ഹൃദയകവാടത്തില്‍ ചില്ലിട്ടുവയ്ക്കേണ്ട പരാമര്‍ശം. ജനാധിപത്യത്തെ അടിയന്തരാവസ്ഥയ്ക്കു കീഴില്‍ അടിയറവെയ്ക്കാന്‍ ഭരണകൂടം ശ്രമിക്കുന്നുവെന്ന ആശങ്കകള്‍ക്കിടയിലാണ് ഈ നീരീക്ഷണം. 

ഒരോര്‍മ്മപ്പെടുത്തല്‍പോലെ. ജനാധിപത്യം ചവിട്ടിയരയ്ക്കപ്പെട്ട ഇരുണ്ട നാളുകളില്‍ ജയില്‍വാസം അനുഭവിച്ച കുല്‍ദീപ് നയ്യാര്‍ രാജ്യം വീണ്ടുമൊരു അടിയന്തരാവസ്ഥയുടെ പ്രഹരം ഏറ്റുവാങ്ങേണ്ടിവരുമോയെന്ന ആശങ്ക പങ്കുവെയ്ക്കുകയായിരുന്നു. കുല്‍ദീപ് നയ്യാരുടെ മരണത്തിന്‍റെ തൊട്ടടുത്ത ആഴ്ച്ചയില്‍ ചെറുതല്ലാത്ത ഒരുവിഭാഗം ജനങ്ങള്‍, ജനാധിപത്യവിശ്വാസികള്‍ ഭീതിയോടെ പറഞ്ഞു, രാജ്യം രണ്ടാം അടിയന്തരാവസ്ഥ നേരിടുകയാണോ. നിശബ്ദമായ അടിയന്തരാവസ്ഥ.

ഒാഗസ്റ്റ് 28. ഇന്ത്യയുടെ പല ഭാഗത്തുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീടുകള്‍ പൊലീസ് വളയുന്നു. അവരുടെ കമ്പ്യൂട്ടറുകളും പുസ്തകങ്ങളും രേഖകളും പരിശോധിക്കുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെ അറസ്റ്റുകള്‍ നടക്കുന്നു. പതിവുപോലെ എല്ലാ മനുഷ്യാവകാശങ്ങളും ഭരണഘടനാ അവകാശവും കാറ്റില്‍പ്പറത്തി പൊലീസിന്‍റെ മാവോയിസ്റ്റ് വേട്ട. 

അറസ്റ്റിന് മുന്‍പ് പൊലീസ് ഒരാളോട് ചോദിച്ചത് നിങ്ങളെന്തിനാണ് ബി.ആര്‍ അംബേദ്ക്കറിന്‍റെ പുസ്തകങ്ങള്‍ വായിക്കുന്നത് എന്നായിരുന്നു. നിങ്ങളുടെ ചുവരുകളില്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ക്ക് പകരം അംബേദ്ക്കറിന്‍റെയും ജ്യോതിബ ഫൂലെയുടെയും ചിത്രങ്ങള്‍ എന്തിനാണെന്നായിരുന്നു. അര്‍ബന്‍ നക്സലുകള്‍ അഥവാ നഗരമാവോയിസ്റ്റുകള്‍ എന്നാണ് അറസ്റ്റിലായവരെ വിശേഷിപ്പിച്ചത്. 

പത്രപ്രവര്‍ത്തകന്‍ ഗൗതം നാവ്‍ലാഖ, അഭിഭാഷക സുധ ഭരദ്വാജ്, തെലുഗു കവി വരവര റാവു, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അരുണ്‍ ഫെറേറ, എഴുത്തുകാരനും അധ്യാപകനുമായ വെര്‍നണ്‍ ഗൊണ്‍സാല്‍വസ് എന്നിവരെ റെയ്ഡിനു ശേഷം മഹാരാഷ്ട്ര പൊലീസ് അറസ്റ്റുചെയ്തു. 

സുധ ഭരദ്വാജിനെയും ഗൗതം നാവ്‍ലാഖയെയും പുണെയിലേയ്ക്ക് കൊണ്ടുപോകുന്നത് ഹൈക്കോടതി തടഞ്ഞു. നടപടി ക്രമങ്ങള്‍ പാലിച്ചല്ല അറസ്റ്റെന്ന് ചൂണ്ടിക്കാട്ടി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദീകരണം തേടി. അറസ്റ്റിലായവരെ വീട്ടില്‍ തടങ്കലില്‍ വച്ചാല്‍മതിയെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. 

മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ കഴിഞ്ഞ ജനുവരിയിലുണ്ടായ കലാപത്തില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. 1818 ലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും മറാത്ത പേഷ്വാമാരും തമ്മില്‍ കോരെഗാവ് യുദ്ധം നടന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യത്തില്‍ പട്ടിക വിഭാഗത്തില്‍പ്പെട്ട സൈനികരുണ്ടായിരുന്നു. ഉന്നത ജാതിക്കാരുടെ മറാത്ത സൈന്യത്തിനുമേല്‍ ഈസ്റ്റ് ഇന്ത്യ കമ്പനി വിജയിച്ചു. അടിച്ചമര്‍ത്തപ്പെട്ടവരുടെ ആത്മാഭിമാനത്തിന്‍റെ പ്രതീകമായി ഭീമ കൊറേഗാവ് അടയാളപ്പെടുത്തപ്പെട്ടു. എല്ലാ വര്‍ഷവും ജനുവരി ഒന്നിന് യുദ്ധവിജയം ആഘോഷിക്കുന്നു. 1927ല്‍ ബാബസാഹേബ് അംബേദ്ക്കര്‍ വിജയാഘോഷത്തിന് നേതൃത്വം നല്‍കി.  

ഈ വര്‍ഷം ജനുവരി ഒന്നിന് യുദ്ധവിജയത്തിന്‍റെ ഈരുനൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നേരെ അപ്രതീക്ഷിത അക്രമണമുണ്ടായി. മറാത്ത വിഭാഗക്കാരാണ് അക്രമം അഴിച്ചുവിട്ടത്. സാമുദായിക സംഘര്‍ഷം കലാപമായി ആളിപ്പടര്‍ന്നു. എന്നാല്‍ പട്ടിക വിഭാഗക്കാരെ പ്രകോപിച്ച് സാമുദായിക സംഘര്‍ഷത്തിന് തിരികൊളുത്തിയെന്നും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പുകള്‍ ശ്രമിച്ചെന്നും ആരോപിച്ച് റജിസ്റ്റര്‍ ചെയ്ത കേസിലാണ് അഞ്ചുപേര്‍ അറസ്റ്റിലായത്. 

ഭീമ കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ജൂണ്‍ 6ന്. മലയാളിയായ സാമൂഹിക പ്രവര്‍ത്തകന്‍ റോണ വില്‍സന്‍, ദലിത് പ്രവര്‍ത്തകന്‍ സുധീര്‍ ധാവ്ളെ, അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‍ലിങ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മഹേഷ് റൗവുത്ത്, അധ്യാപിക ഷോമ സെന്‍ എന്നിവരാണ് പിടിയിലായത്.  റോണ വില്‍സന്‍റെ വസതിയില്‍ നിന്നും കണ്ടെടുത്ത സന്ദേശത്തില്‍ നിന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള ഗൂഢാലോചനയുടെ വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു. 

ആര്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ആള്‍ കോമ്രേഡ് പ്രകാശിന് എഴുതിയ കത്തിലാണ് പ്രധാനമന്ത്രിയെ വധിക്കാനുള്ള നീക്കത്തിന്‍റെ വിവരങ്ങളുള്ളത്. ആരാണ് കോമ്രേഡ് പ്രകാശ് ? 

മോദിയെ കൊല്ലണമെന്ന് കത്തില്‍ നേരിട്ട് പറയുന്നില്ലെങ്കിലും ലക്ഷ്യംവയ്ക്കുന്നത് അതുതന്നെയാണെന്ന് പൊലീസ് ആവര്‍ത്തിച്ച് ഉറപ്പിച്ചു പറയുന്നു. കത്തിലെ വരികള്‍ ഇങ്ങിനെ, മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദു ഫാസിസ്റ്റ് ഭരണകൂടം ആദിവാസി സമൂഹത്തിന്‍റെ ജീവിതം തന്നെ തച്ചുടച്ചു. മോദി അധികാരത്തില്‍ വന്നശേഷം 15 സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്തി.  ഇത് തുടര്‍ന്നാല്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം തടയപ്പെടും. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ മാതൃക സ്വീകരിക്കാവുന്നതാണ്. മോദിയുടെ റോഡ് ഷോകള്‍ അവസരമാക്കുക. ഇതാണ് കത്തിന്‍റെ ഉള്ളടക്കം. പദ്ധതിക്കാവശ്യമായ ആയുധങ്ങള്‍ സംഘടിപ്പിക്കാന്‍ എട്ടുകോടി രൂപ വേണ്ടിവരുമെന്നും കത്തിലുണ്ട്. 

കത്ത് വ്യാജമാണെന്ന് അറസ്റ്റിലായവര്‍ ആവര്‍ത്തിക്കുന്നു. കത്തിന്‍റെ വിശ്വാസ്യത ഇപ്പോഴും ചോദ്യമുനയിലാണ്. സംശയംവേണ്ടെന്ന് പൊലീസ് ആവര്‍ത്തിച്ച് ആണയിടുന്നുണ്ടെങ്കിലും. 

പ്രധാനമന്ത്രിയെ വധിക്കാനുള്ള കഥ പുറത്തുവന്നതോടെ ഭീമ കൊറേഗാവ് കലാപക്കേസിന്‍റെ സ്വഭാവം മാറി. ഭീമാ കോറെഗാവ് കലാപത്തില്‍ ഉള്‍പ്പെട്ട മേല്‍ജാതിക്കാര്‍ക്കെതിരെ നടപടികളൊന്നും ഉണ്ടായില്ലെന്നതും ശ്രദ്ധേയ വസ്തുതയാണ്. ഇപ്പോള്‍ അറസ്റ്റിലായ സുധ ഭരദ്വാജ് മാവോയിസ്റ്റ് നേതാക്കള്‍ക്ക് അയച്ചതെന്ന് അവകാശപ്പെടുന്ന കത്തും പൊലീസ് പുറത്തുവിട്ടു. കത്ത് വ്യാജമാണ് സുധ ഭരദ്വാജ് പ്രതികരിച്ചു. വധഭീഷണിക്കത്തിന്‍റെ നെല്ലും പതിരും തിരഞ്ഞ് കണ്ടെത്തേണ്ടത് സത്യസന്ധമായ അന്വേഷണത്തിലൂടെ വേണം. തെരുവു പ്രസംഗങ്ങളിലൂടെയോ, തീവ്രദേശീയത ആളിക്കത്തുന്ന ചാനല്‍ ചര്‍ച്ചകളിലൂടെയോ ആകരുത്. ഗോവിന്ദ് പന്‍സാരെയുടെയും നരേന്ദ്ര ധബോല്‍ക്കറുടെയും കൊലപാതക്കേസുകള്‍ അന്വേഷിച്ച് ഒരുവഴിക്കാക്കിയ പുണെ പൊലീസാണ് മാവോയിസ്റ്റ് ഭീഷണിയുടെ ചുരുളഴിക്കാന്‍ ശ്രമിക്കുന്നത് എന്നത് കാണാതിരുന്നുകൂടാ. 

മാവോയിസ്റ്റ് പട്ടിക തയ്യാറാക്കിയത് മന്‍മോഹന്‍ സിങ് സര്‍ക്കാരാണെന്ന് അറസ്റ്റിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറയുന്നു. മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന 128 സംഘടനകളുടെ പട്ടിക 2012ലാണ് തയ്യാറാക്കിയത്. ഈ സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ അറസ്റ്റിലായവര്‍ ഈ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറയുന്നു. 

അര്‍ബന്‍ നക്സല്‍സ്. നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നക്സലൈറ്റുകള്‍. നക്സലിസത്തിന് കൂറേകൂടി വിശാല അര്‍ഥത്തില്‍ പറഞ്ഞാല്‍ മാവോയിസത്തിന് ഗ്രാമ, നഗര വിവേചനങ്ങളുണ്ടോ? വിയോജിപ്പുകള്‍ ഉച്ചത്തില്‍ വിളിച്ചുപറയുകയും അധികാരികളുടെ നെറികേടുകള്‍ തുറന്നുകാട്ടുകയും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും െചയ്യുന്നവരെ മാവോയിസ്റ്റുകളെന്ന് മുദ്രകുത്തുന്നത് ഭരണകൂടങ്ങള്‍ വര്‍ഷങ്ങളായി പയറ്റുന്ന കുടിലതന്ത്രമാണ്. പ്രതിഷേധങ്ങളെ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കാന്‍ മാവോയിസ്റ്റ് വിശേഷണം കൊണ്ട് എളുപ്പത്തില്‍ സാധിക്കും. 

ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം മാവോയിസത്തിന് ഭീതിയുടെ ഒരു വിപണന സാധ്യതയുണ്ട്. കാണാമറയത്തിരുന്ന് രാജ്യത്തോട് യുദ്ധം ചെയ്യുന്ന ശത്രുക്കാളാണ് മാവോയിസ്റ്റുകള്‍. എന്നാല്‍ കണ്‍മുന്നിലുള്ള രാജ്യദ്രോഹി എന്ന തലത്തിലേയ്ക്ക് അര്‍ബന്‍ നക്സല്‍ എന്ന പ്രയോഗം എത്തുന്നു. ആര്‍ക്കെതിരെയും ഏതുനിമിഷവും പ്രയോഗിക്കാവുന്ന ശക്തമായ ആയുധം. 

ബിനായക് സെന്നിന്‍റെ കേസില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു നടത്തിയ ശ്രദ്ധേയമായ നിരീക്ഷണമുണ്ട്. "നിങ്ങള്‍ ചിലരെ മാവോയിസ്റ്റുകളാക്കുന്നു. മറ്റ് ചിലരെ അനുഭാവികളാക്കുന്നു. ചിലരെ അനുഭാവികളാക്കി ഹാജരാക്കുന്നു. വീട്ടിലെ അലമാരയില്‍ കണ്ട ഒരു പുസ്തകമാണോ ഒരാളെ ഭീകരനാക്കുന്നത്.'' ഇപ്പോഴത്തെ അറസ്റ്റുകള്‍ക്കും അര്‍ബന്‍ നക്സല്‍ മുറവിളികള്‍ക്കും ഇടയില്‍ ജസ്റ്റിസ് കട്ജുവിന്‍റെ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. സായുധവിപ്ലവത്തിനായി ആയുധമെടുത്ത് കാട്ടില്‍ കഴിയുന്നവര്‍ക്ക് നാട്ടില്‍ സഹായമൊരുക്കുന്നവരാണ് അര്‍ബന്‍ നക്സലുകളെന്ന് പൊലീസ് ഭാഷ്യം

എന്നാല്‍ ഇത്തരം ലളിതയുക്തിയില്‍ ഒതുങ്ങുന്നതല്ല സത്യം. ഇവിടെയാരും സുരക്ഷിതരല്ല അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയാണ് ഉള്ളതെന്ന ആശങ്കകളെ ഇതിനോട് ചേര്‍ത്തുവായിക്കണം. ജനാധിപത്യം രാജവാഴ്ച്ചപോലെ ആസ്വദിക്കാനാണ് എല്ലാ അധികാരികളുടെയും ആഗ്രഹം. പഞ്ചായത്തു മുതല്‍ പാര്‍ലമെന്‍റ് വരെ വിയോജുപ്പുകളെ അടിച്ചമര്‍ത്താനുള്ള പ്രവണത കാണാം. ആശയങ്ങളോട് നിഴല്‍യുദ്ധം ചെയ്യുകയാണ് അധികാരികള്‍. വിമര്‍ശിക്കുന്നവരെ കാത്തിരിക്കുന്നത് വെടിയുണ്ടകളാണ്. ധാബോല്‍ക്കര്‍ മുതല്‍ ഗൗരി ലങ്കേഷ് വരെ ഉദാഹരണങ്ങള്‍ മുന്നിലുണ്ട്. ചോദ്യങ്ങള്‍ ചോദിക്കുന്നവരും, സ്വതന്ത്രമായി ചിന്തിക്കുന്നവരും ഭരണകൂടത്തെ നയങ്ങളുടെയും നിലപാടുകളുടെയും പേരില്‍ എതിര്‍ക്കുന്നവരും അനഭിമതരാകും. അര്‍ബന്‍ നക്സലൈറ്റുകളാകും. 

ഇപ്പഴത്തെ അറസ്റ്റുകള്‍ ഭയപ്പെടുത്തുന്ന ഒരു മുന്നറിയിപ്പായി മാറുന്നത് ഈ പശ്ചാത്തലത്തിലാണ്. നോട്ട് നിരോധനത്തെ, ആള്‍ക്കൂട്ട കൊലപാതകങ്ങളെ, വര്‍ഗീയതയെ, സര്‍ക്കാരിന് സമ്പന്നരോടുള്ള ഇഷ്ടക്കൂടുതലിനെ, കശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും മനുഷ്യാവകാശപ്രശ്നങ്ങളെ ചോദ്യം ചെയ്താല്‍ നിങ്ങള്‍ രാജ്യദ്രോഹിയാകും അര്‍ബന്‍ നക്സലൈറ്റാകും. ഇന്ന് ഞാന്‍, നാളെ നീ. ഏതുനിമിഷവും പൊലീസ് നിങ്ങളുടെ വാതില്‍ക്കല്‍ ഇരച്ചെത്താം. 

മാവോയിസ്റ്റ് വേട്ടയെന്ന ക്രൈം ത്രില്ലറിന്‍റെ ആവേശത്തിമിര്‍പ്പിനിടയില്‍ ഇന്ധനവില വര്‍ധനയും കരകയാറാത്ത സമ്പദ് വ്യവസ്ഥയും കര്‍ഷിക പ്രതിസന്ധിയും മറന്നുപോകരുത്. പട്ടിക വിഭാഗങ്ങള്‍ക്കിടയില്‍ ആളിക്കത്തുന്ന രോഷം കാണാതെ പോകരുത്. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ജനപ്രീതിയും രൂപയുടെ മൂല്യവും ഒരുപോലെ  ഇടിയുന്നത് അറിയാതിരിക്കരുത്. അവിടെയാണ് മാവോസ്റ്റ് വേട്ടയുടെ രാഷ്ട്രീയവശം.

MORE IN INDIA BLACK AND WHITE
SHOW MORE