ശിവപ്രസാദിന്‍റെ വേഷപ്പകര്‍ച്ചകള്‍

naramalli-sivaprasad
SHARE

ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലര്‍ക്ക് ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ എന്താണ് കാര്യം? ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എന്താണ് പറയാനുള്ളത്? 

തെലുഗു ദേശം പാര്‍ട്ടിയുടെ ലോക്സഭാംഗമായ നരമല്ലി ശിവപ്രസാദാണ് ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ വേഷത്തില്‍ പാര്‍ലമെന്‍റിലെത്തിയത്. അറിയപ്പെടുന്ന അഭിനേതാവുമാണ് ശിവപ്രസാദ്.

പാര്‍ലമെന്‍റിന്‍റെ കഴിഞ്ഞ രണ്ട് സമ്മേളന കാലയളവിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് അദ്ദേഹത്തിന്‍റെ വേഷപ്പകര്‍ച്ചകളാണ്. തന്‍റെ അഭിനയശേഷി അടയാളപ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നില്ല ശിവപ്രസാദിന്‍റെ ഓരോ വേഷങ്ങളും. ശക്തമായ സമരസന്ദേശങ്ങളാണ് ഓരോ വേഷത്തിലൂടെയും ഉയര്‍ന്നുകേട്ടത്. 

പാര്‍ലമെന്‍റിലെത്തിയ ഹിറ്റ്ലര്‍ക്ക് മോദിയോട് എന്താണ് പറയാനുള്ളത്? ഉത്തരം, ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കണം. പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം. 

കഴിഞ്ഞ രണ്ട് സമ്മേളനകാലമായി നരമല്ലി ശിവപ്രസാദ് എന്ന ടിഡിപി എം.പി ഏവരുടെയും ശ്രദ്ധാകേന്ദ്രമാണ്. രാഷ്ട്രീയക്കാര്‍ പലരും നല്ല അഭിനേതാക്കളാണെന്ന ആക്ഷേപങ്ങള്‍ക്കിടയില്‍ അഭിനേതാവും രാഷ്ട്രീയക്കാരനുമായി ഒരേ സമയം തന്നെ പൊതുവേദിയില്‍ പകര്‍ന്നാടുന്ന വ്യക്തി. ത

ന്‍റെ അഭിനയ മികവ് രാഷ്ട്രീയ ആയുധമാക്കുന്നു. ശ്രീകൃഷ്ണന്‍ മുതല്‍ സര്‍ദാര്‍ പട്ടേല്‍ വരെ. മുസ്‍ലിം പുരോഹിതന്‍ മുതല്‍ സ്കൂള്‍ വിദ്യാര്‍ഥി വരെ. നാരദ മഹര്‍ഷിയും മീന്‍പിടുത്തക്കാരനും സത്യസായ്ബാബയും കൊള്ളക്കാരനുമൊക്കെയായി ശിവപ്രസാദിന്‍റെ അവതാരങ്ങള്‍

കഴിഞ്ഞ ബജറ്റ് സമ്മേളന കാലത്ത് തുടങ്ങിയതാണ് വേറിട്ട വഴിയിലുള്ള പോരാട്ടം. കൃത്യമായി പറഞ്ഞാല്‍ ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ചന്ദ്ര ബാബു നായ്ഡുവിന്‍റെ തെലുഗു ദേശം പാര്‍ട്ടി ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചപ്പോള്‍ മുതല്‍. ഇപ്പോള്‍ വര്‍ഷകാല സമ്മേളനവും പിന്നിട്ടു. 

പാര്‍ലമെന്‍റ് ചേരുന്ന ഓരോ ദിവസവും ഓരോ വേഷത്തിലാണ് എത്തുക. അറുപതിലധികം വേഷപ്പകര്‍ച്ചകള്‍. ഇന്ന് എന്ത് വേഷത്തിലായിരിക്കും ശിവപ്രസാദ് എത്തുകയെന്ന ആകാംക്ഷ പാര്‍ലമെന്‍റിലെത്തുന്ന മിക്കവര്‍ക്കുമുണ്ടാകും. പിന്നെ സെല്‍ഫികള്‍. ക്യാമറ ക്ലിക്കുകള്‍. സംഭവം ഗംഭീരം. ടിഡിപിയുടെ പ്രതിഷേധം അങ്ങിനെ ശിവപ്രസാദിന്‍റെ വേഷങ്ങളുടെ കൗതുകക്കാഴ്ച്ചയെ പിന്‍പറ്റി വാര്‍ത്തകളില്‍ നിരന്തരം ഇടംപിടിക്കുന്നു. ഇതേ വേഷങ്ങളില്‍ തന്നെയാണ് സഭയ്ക്കകത്തും സാന്നിധ്യമറിയിക്കുന്നത്. 

ഒന്നായ വിശാല ആന്ധ്രയെ രണ്ടായി വെട്ടിമുറച്ചതിന് പരിഹാരമായി ഇപ്പോഴത്തെ ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കുക, പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദേശീയ രാഷ്ട്രീയത്തില്‍ പുതിയ സാധ്യതകള്‍ക്ക് വഴി തുറന്ന് ടിഡിപി ബിജെപിയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചത്. 

‌അന്നു മുതല്‍ ടിഡിപി എം.പിമാര്‍ പാര്‍ലമെന്‍റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ എന്നും രാവിലെ പ്രതിഷേധിക്കും. കൊടികള്‍ വീശി, പ്ലക്കാര്‍ഡുകളുയര്‍ത്തി, മുദ്രാവാക്യം വിളിച്ച് നില്‍ക്കുന്ന സഹപ്രവര്‍ത്തകര്‍ക്കു നടുവില്‍ തന്‍റേതുമാത്രമായ ശൈലിയില്‍ പ്രതിഷേധിച്ച് ശിവപ്രസാദ്. പല സമരങ്ങളും കണ്ട പാര്‍ലമെന്‍റിന്‍റെ നാള്‍വഴികളില്‍ ഇതുവരെയില്ലാത്ത സമരചരിത്രം. എല്ലാത്തിനും സാക്ഷിയായി ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭകാരി മഹാത്മ ഗാന്ധി. 

സമരകഥകള്‍ ചോദിച്ചറിയാന്‍ ഞങ്ങളെത്തുമ്പോള്‍ ട്രാന്‍സ്ജന്‍ററിന്‍റെ വേഷത്തിലേയ്ക്ക് കൂടുമാറുകയായിരുന്നു ശിവപ്രസാദ്. അറുപത്തിയേഴുകാരന്‍. തിരുപ്പതിക്കടുത്ത് സംവരണ മണ്ഡലമായ ചിറ്റൂരില്‍ നിന്നാണ് ലോക്സഭയിലെത്തിയത്. എന്തിന് ഇങ്ങിനെയൊരു സമരരീതി തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് തനത് ശൈലയില്‍ സരസമായ മറുപടി. ആയിരം വാക്കിനേക്കാള്‍ ശക്തിയുണ്ടല്ലോ ഒരു ദൃശ്യത്തിന്. ശിവപ്രസാദ് നയം വ്യക്തമാക്കുന്നു. 

ഇതെല്ലാം വേഷം കെട്ടലുകളെന്ന് ചിരിച്ചുതള്ളാന്‍ വരട്ടെ. ആള് ഡോക്ടറാണ്. ഭാര്യയും മക്കളും മരുമക്കളും അടക്കം എല്ലാവരും ഡോക്ടര്‍മാര്‍. അഭിനയം അഭിനിവേശമായി കുട്ടിക്കാലം മുതലേ കൂടെക്കൂടി. ആറാം വയസില്‍ ആദ്യമായി നാടകത്തിന്‍റെ അരങ്ങില്‍. 

നാടകത്തില്‍ നിന്ന് സിനിമയിലേയ്ക്കും ചുവടുമാറ്റി. ഭാരതി രാജയാണ് ആദ്യമായി ക്യാമറയ്ക്കു മുന്നില്‍ അവസരം നല്‍കിയത്. 26 സിനിമകളില്‍ അഭിനയിച്ചു. നാല് സിനിമകള്‍ സംവിധാനം ചെയ്തു. അഭിനയ മികവിന് സംസ്ഥാന പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. എം.എല്‍.എയായി. സംസ്ഥാനമന്ത്രിയായി. രണ്ട് തവണ എം.പിയായി. ചന്ദ്ര ബാബു നായ്ഡുവുമായി വര്‍ഷങ്ങളുടെ സൗഹൃദം.

മോദിയെ സ്വന്തം മണ്ഡലമായ വാരാണസിയുടെ ഐതിഹ്യപ്പെരുമ പറഞ്ഞ് ചോദ്യമുനയില്‍ നിര്‍ത്തിയതും സത്യസായ് ബാബയായി വേഷമിട്ടതും മറക്കാനാകാത്ത അനുഭവങ്ങള്‍

ആന്ധ്രയുടെ വിഭജനത്തിനെതിരെ നേരത്തെ സമാനമായ രീതിയില്‍ ശിവപ്രസാദ് പ്രതിഷേധിച്ചിട്ടുണ്ട്. സമരം ഒാരോ ദിനം പിന്നിടുമ്പോഴും ജനപ്രീതിയേറുന്നതായി അനുഭവസാക്ഷ്യം. ഭാര്യ രലവിജയലക്ഷമിയാണ് എല്ലാത്തിനും താങ്ങായി കൂടെയുള്ളത്.

ട്രാന്‍സ്ജെന്‍റര്‍ വേഷമണിഞ്ഞതിന് പിന്നില്‍ മോദിക്ക് നല്‍കാന്‍ ഒരു സന്ദേശമുണ്ടെന്ന് ശിവപ്രസാദ് പറയുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിലേയ്ക്ക് രാജ്യം പോകുമ്പോള്‍ സമരത്തിന്‍റെ ഭാവിയെന്താകുമെന്ന ചോദ്യത്തിന് ഇതാണ് മറുപടി

അപൂര്‍വമായ ഈ സമരവും സമരരീതിയും ചരിത്രത്തില്‍ ഇടംപിടിക്കുകയാണ്. ചന്ദ്രബാബു നായ്ഡുവിന്‍റെ വാക്കിന്‍ മുനയിലാണ് ശിവപ്രസാദിന്‍റെ പ്രതിഷേധത്തിന്‍റെ ഭാവി. 

ശിവപ്രസാദ് വരും ദിനങ്ങളില്‍ ഏത് വേഷത്തില്‍ ഏത് രീതിയില്‍ പ്രതിഷേധിക്കുമെന്ന കൗതുകം ബാക്കി. ടിഡിപിയുടെ രാഷ്ട്രീയ നിലപാടുകളെ ആശ്രയിച്ചിരിക്കും ഈ സമരത്തിന്‍റെ മുന്നോട്ടുപോക്ക്. സമരങ്ങളും പ്രതിഷേധങ്ങളും വിയോജിപ്പുകളുമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കരുത്ത്. ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന് നേരയുണ്ടായ വധശ്രമം ആശങ്കകളോടെ കാണണം. വിയോജിപ്പുകളെ വെടിയുണ്ടകള്‍കൊണ്ട് നേരിടുന്ന രാഷ്ട്രീയത്തെ ചെറുത്ത് തോല്‍പ്പിക്കണം.

MORE IN INDIA BLACK AND WHITE
SHOW MORE