ഇമ്രാന്‍റെ ഇന്നിങ്സും ഇന്ത്യയും

ibw-imran-t
SHARE

പാക്കിസ്ഥാനില്‍ പുതിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് തുടക്കമായി. പൊതുതിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായത് ഇമ്രാന്‍ ഖാന്‍റെ പാക്കിസ്ഥാന്‍ തെഹ്‍രീക്കെ ഇന്‍സാഫ്. ഇമ്രാന്‍റെ ഇന്നിങ്സില്‍ നിന്ന് ഇന്ത്യയ്ക്ക് എന്ത് പ്രതീക്ഷിക്കാം. അയല്‍ക്കാര്‍ തമ്മിലുള്ള അവിശ്വാസത്തിന്‍റെ നിഴല്‍ നീങ്ങുമോ? കശ്മീര്‍ പ്രശനം പരിഹരിക്കാന്‍ വഴിതുറക്കുമോ? പാക്കിസ്ഥാനിലെ ജനവിധി ഇന്ത്യയ്ക്ക് നല്‍കുന്ന സന്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

നയാ പാക്കിസ്ഥാന്‍. പുതിയ പാക്കിസ്ഥാന്‍. ഇതായിരുന്നു മുദ്രാവാക്യം. ഏഴു ദശാബ്ദത്തെ ചരിത്രത്തില്‍ മാറ്റങ്ങളുടെ അധ്യായമാണ് ബാലറ്റ് പേപ്പറിലൂടെ പാക്ക് മണ്ണില്‍ രചിക്കപ്പെട്ടത്. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും മുസ്‍ലിം ലീഗ് നവാസ് ഷെരീഫ് വിഭാഗവും ചേര്‍ന്ന് മുപ്പത് വര്‍ഷം അധികാരം പങ്കുവെച്ച ഇടത്തേയ്ക്ക് മൂന്നാമതൊരു ശക്തിയുടെ കടന്നുവരവ്. പാക്കിസ്ഥാന്‍ തെഹ്‍രിക്കെ ഇന്‍സാഫ്. പടനയിച്ചത് പാക്ക് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍. മുഹമ്മദ് അലി ജിന്നയ്ക്ക് ശേഷം ഏറ്റവും കരുത്തുറ്റ ജനനായകനെന്ന് അനുയായികള്‍ വിശേഷിപ്പിക്കുന്ന ഇമ്രാന്‍ ഖാന്‍. 

അയല്‍പ്പക്കത്തെ അധികാരരാഷ്ട്രീയത്തിലുണ്ടായ വഴിത്തിരിവുകളില്‍ പക്ഷെ, ഇന്ത്യ ഒട്ടും അല്‍ഭുതപ്പെട്ടില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാകുമെന്ന കണക്കൂട്ടല്‍ തെറ്റിയില്ല. കാരണം, അരമരഹസ്യങ്ങള്‍ അത്രമേല്‍ അങ്ങാടിപ്പാട്ടായിരുന്നു. പാക്കിസ്ഥാനെക്കുറിച്ച് ഒരു വിലയിരുത്തലുണ്ട്; എല്ലാ രാജ്യങ്ങള്‍ക്കും സ്വന്തമായി സൈന്യമുണ്ട്. എന്നാല്‍ പാക്കിസ്ഥാന്‍റെ കാര്യത്തില്‍ സൈന്യത്തിന് സ്വന്തമായി രാജ്യമുണ്ട്. സൈന്യം നേരിട്ടും അല്ലാതെയും ഭരണം നിയന്ത്രിച്ചുപോരുന്നു. തോക്കിന്‍ മുനയില്‍ പുലരുന്ന ജനാധിപത്യം. പട്ടാള അട്ടിമറികള്‍ അപൂര്‍വതകളല്ല. 

ഇമ്രാന്‍ ഖാന്‍റെ വിജയവും കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചതിന്‍റെ വാര്‍ഷികവും ഒപ്പം വന്നത് യാദൃശ്ചിതയാകാം. എന്നാല്‍ ഇന്ത്യയുമായി സൗഹൃദത്തിന് കൈനീട്ടുകയായിരുന്നു വിജയം പ്രഖ്യാപിച്ച് ഇമ്രാന്‍ ഖാന്‍ ചെയ്തത്. ഇന്ത്യ ഒരു ചുവടുവച്ചാല്‍ താന്‍ രണ്ട് ചുവടുവയ്ക്കുമെന്ന് പ്രഖ്യാപിച്ചു.

ക്യാപ്റ്റന്‍ കളിക്കാനിറങ്ങിയപ്പോള്‍ പിച്ച് ഒരുക്കിയത് പട്ടാളമായിരുന്നു. വോട്ട് പെട്ടിയില്‍ വീഴും മുന്‍പ് വിധി ഏറെക്കുറെ വ്യക്തം. നവാസ് ഷെരീഫും സൈനിക നേതൃത്വവും തമ്മില്‍ ഉടക്കുകയും ഷെരീഫ് കുടുംബത്തിന് അഴിമതി ആരോപണത്തില്‍ അടിത്തറ ഇളകുകയും ചെയ്തോടെയാണ് പാക്കിസ്ഥാനില്‍ മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിയത്. ഇരുപത്തിരണ്ട് വര്‍ഷത്തെ രാഷ്ട്രീയ നീക്കങ്ങള്‍ ലക്ഷ്യത്തോട് അടുക്കുമ്പോള്‍ ഇമ്രാന്‍ ഖാന്‍റെ ഏറ്റവും വലിയ ശക്തി സൈന്യം ഒപ്പമുണ്ട് എന്നതാണ്. അതുതന്നെയാണ് ഏറ്റവും വലിയ ദൗര്‍ബല്യവും. പാക്കിസ്ഥാന്‍റെ വിദേശനയത്തിലും പ്രതിരോധനയത്തിലും അവസാനവാക്ക് സൈന്യത്തിന്‍റേതാണ്. പ്രത്യേകിച്ചും ഇന്ത്യയുടെ കാര്യത്തില്‍. 1977 ല്‍ ജനറല്‍ സിയാ ഉള്‍ ഹഖ് ചിട്ടപ്പെടുത്തിയ അധികാര ബലതന്ത്രത്തിന്‍റെ വഴിയിലൂടെ മാത്രമേ ആ രാജ്യം സഞ്ചരിച്ചിട്ടുള്ളൂ. ബേനസീര്‍ ഭൂട്ടോയുടെ മുതല്‍ നവാസ് ഷെരീഫിന്‍റെ വരെ സര്‍ക്കാരുകളും. വഴിമാറി നടക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം വലിയ വില കൊടുക്കേണ്ടിയും വന്നു. ഇത്തവണ ഇമ്രാന്‍ ഖാനെ മുന്നില്‍ നിര്‍ത്തി ബാലറ്റിലൂടെ സൈന്യം അധികാരം പിടിച്ചെടുത്തുവെന്ന വിലയിരുത്തലുകളാണെറേയും. 

ഇരുപത്തിരണ്ട് വര്‍ഷത്തെ ഇമ്രാന്‍ഖാന്‍റെ രാഷ്ട്രീയം പുരോഗമനവാദിയില്‍ നിന്ന് കടുത്ത വലതുപക്ഷ ഇസ്‍ലാമിക നിലപാടുകളെ പ്രീണിപ്പിച്ച കൗശലക്കാരനിലേക്കുള്ള പരിണാമം കൂടിയാണ്. പാക്കിസ്ഥാന് 1992 ല്‍ ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന് പ്രധാനമന്ത്രിക്കസേര സുഖമുള്ള അനുഭവമാകാനിടയില്ല. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ല എന്നത് ഒരുകാര്യം.  അതിനുമുപരിയായി, ക്രിക്കറ്റിെല ഒാള്‍ റൗണ്ട് മികവ് ഭരണത്തിലും പുറത്തെടുക്കാന്‍ സൈന്യം സമ്മതിക്കില്ലെന്ന് ഉറപ്പ്. താല്‍പര്യങ്ങള്‍ക്ക് എതിര് നിന്നാല്‍ ഏത് നിമിഷവും തള്ളിതാഴെയിടാം. 

പാക്കിസ്ഥാനിലെ പുതിയ സര്‍ക്കാരിന്‍റെ ഇന്ത്യ സമീപനങ്ങളെക്കുറിച്ച് കൃത്യമായ പ്രവചനവും വിലയിരുത്തലും നടത്താന്‍ ഇനിയും സമയമായിട്ടില്ല. പക്ഷെ, വലിയ പ്രതീക്ഷകള്‍ വേണ്ട എന്നുതന്നെയാണ് അനുഭവങ്ങള്‍ നല്‍കുന്ന പാഠം. വിശ്വസിച്ച് ഒപ്പം നിര്‍ത്തിയപ്പോഴെല്ലാം തിരിച്ചുകിട്ടിയിട്ടുള്ളത് വെടിയുണ്ടകളും നെറികേടുകളുമാണ്. ആണവ ശക്തികളാണ് രണ്ട് രാജ്യങ്ങളും. അവിശ്വാസമാണ് പരസ്പരം. ഇന്ത്യ പാക്കിസ്ഥാന്‍ ബന്ധത്തിലെ മര്‍മ്മം കശ്മീരാണ്. കശ്മീരില്‍ ഹിതപരിശോധനവേണമെന്ന നിലപാടുകാരന്‍ തന്നെയാണ് ഇമ്രാന്‍ ഖാനും. കശ്മീര്‍ നയത്തില്‍ വലിയ വഴിത്തിരിവുകള്‍ക്കൊന്നും താല്‍ക്കാലം കാത്തിരിക്കേണ്ടതില്ല. പാക്കിസ്ഥാനില്‍ കശ്മീര്‍ വിഷയത്തിലെ അടിയൊഴുക്കുകള്‍ നിയന്ത്രിക്കുന്നത് സൈന്യവും ഭീകരസംഘടനാ നേതാക്കളുമാണ്. 'താലിബാന്‍ ഖാന്‍' എന്ന് ഇരട്ടപ്പേരുണ്ടുള്ള ഇമ്രാന്‍ ഈ പ്രതിച്ഛായ തിരുത്താന്‍ തയ്യാറാകുമോയെന്ന് കണ്ടുതന്നെ അറിയണം. മലക്കം മറിച്ചിലുകളില്‍ അഗ്രഗണ്യനാണ്. ഇസ്‍ലാമിസ്റ്റ് ഗ്രൂപ്പുകളുടെ കടുംപിടുത്തങ്ങള്‍ക്ക് ചിലപ്പോള്‍ വഴങ്ങേണ്ടിയും വന്നേക്കാം. 

കശ്മീരില്‍ വെല്ലുവിളികള്‍ കൂടിയേക്കാമെന്ന മുന്നറിയിപ്പാണ് പ്രതിരോധ വിദഗ്ധര്‍ ഇന്ത്യയ്ക്ക് നല്‍കുന്നത്. ഭീകരരെ ഉന്മൂലനം ചെയ്യണമെന്ന ലോകരാജ്യങ്ങളുടെ ശക്തമായ സമ്മര്‍ദം പാക്കിസ്ഥാനുമേലുണ്ട്. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനം പറയുന്നത് ഇസ്‍ലാമബാദിലെ പ്രധാനമന്ത്രിയുടെ ഒാഫീസ് അനുസരിക്കുന്ന പതിവ് 'ഇന്ത്യ നയ'ത്തില്‍ തുടരും. ഭരണത്തിന്‍റെ മധുവിധുകാലത്ത് പുതിയ പാക് സര്‍ക്കാര്‍ ഒരുപക്ഷെ ചില നല്ല ചുവടുവയ്പ്പുകള്‍ ഇന്ത്യയ്ക്കായി വച്ചേക്കാം. ഏതായാലും ഇന്ത്യ പാക് ബന്ധം ഇപ്പോള്‍ അത്ര സുഖത്തിലല്ല. അയല്‍പ്പക്കത്തെ ഭരണമാറ്റത്തോട് കരുതലോടെയാണ് ഇന്ത്യ പ്രതികരിച്ചത്. അളന്നുകുറിച്ച വാക്കുകളില്‍. 

തെക്കന്‍ ഏഷ്യയെ ഭീകരമുക്തമാക്കാന്‍ പുതിയ സര്‍ക്കാരിന് കഴിയട്ടെയെന്ന് ആശംസിച്ചു. പാക്കിസ്ഥാന്‍റെ ചൈനയുമായുള്ള ചങ്ങാത്തവും അഫ്ഗാന്‍ നയവുമായിരിക്കും ഇന്ത്യയുമായുള്ള ഇടപടലുകളെ സ്വാധീനിക്കുന്ന മറ്റൊരുഘടകം. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആവേശച്ചൂടിലേക്ക് കടന്നതിനാല്‍ വലിയ നയതന്ത്ര പരീക്ഷണങ്ങള്‍ നരേന്ദ്ര മോദി മുതിര്‍ന്നേക്കില്ല. മാത്രവുമല്ല, കാര്‍ക്കശ്യം പുറത്തെടുക്കാനും ഇടയുണ്ട്. മോദിക്ക് ഇതുവരെയുള്ള അനുഭവങ്ങള്‍ അത്ര സുഖകരമല്ലാത്തതുകൊണ്ട് പ്രത്യേകിച്ചു. ദേശീയസുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്‍റെ കണക്കൂട്ടലുകള്‍ നിര്‍ണായകമാകും.

MORE IN INDIA BLACK AND WHITE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.