ജിന്നയുടെ പ്രേതവും ജനാധിപത്യ ഇന്ത്യയും

ibw-alighar-uni-t
SHARE

മുഹമ്മദ് അലി ജിന്ന. ഒരു ശരാശരി ഇന്ത്യക്കാരന്‍റെ മനസില്‍ ജിന്ന എക്കാലവും വില്ലനാണ്. മതത്തിന്‍റെ പേരില്‍ മണ്ണിനെ വിഭജിച്ചതിന്, കലാപത്തിന്, പരസ്പരം പോരടിക്കുന്ന രണ്ട് രാജ്യങ്ങളുടെ രൂപീകരണത്തിന് കാരണക്കാരന്‍. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പൊതുബോധം ജിന്നയെയും പാക്കിസ്ഥാനെയും ശത്രുപക്ഷത്ത് നിര്‍ത്തിയാണ് നിലനില്‍ക്കുന്നത്. ജിന്ന യഥാര്‍ഥത്തില്‍ ആരായിരുന്നു? ജിന്നയുടെ പേരില്‍ നടക്കുന്ന പുതിയ വിഭജനങ്ങളുടെ രാഷ്ട്രീയമെന്താണ്?

പാക്കിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയുടെ ഒരു ചിത്രമാണ് രാജ്യത്തെ സുപ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ അലിഗഡ് മുസ്‍ലിം സര്‍വകലാശാലയെ സംഘര്‍ഷഭൂമിയാക്കിയത്. ബിജെപി നേതാവും അലിഗഡ് എം.പിയുമായ സതീഷ് കുമാര്‍ ഗൗതം സര്‍വകലാശാല വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂറിന് അയച്ച ഒരു കത്തില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. മുഹമ്മദലി ജിന്നയുടെ ചിത്രം സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ ഹാളില്‍ നിന്ന് നീക്കം ചെയ്യണമെന്നായിരുന്നു സതീഷ് ഗൗതത്തിന്‍റെ ആവശ്യം. 1938ലാണ് ജിന്നയുടെ ചിത്രം സര്‍വകലാശാലയുടെ ചുമരില്‍ ഇടം പിടിക്കുന്നത്. ജിന്നയുടെ ചിത്രം നീക്കണമെന്ന ആവശ്യവുമായി ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ക്യാംപസില്‍ എത്തിയതോടെ കാര്യങ്ങള്‍ വഷളായി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യാനാഥിന്‍റെ സംഘടനയാണ് തീവ്രനിലപാടുള്ള ഹിന്ദുയുവവാഹിനി. സംഘര്‍ഷത്തില്‍ 41 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്ക്കരിച്ച് പ്രതിഷേധിച്ചു. സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സര്‍വകലാശാലയിലെ ഇന്‍റര്‍നെറ്റ് ബന്ധം രണ്ട് ദിവസത്തേയ്ക്ക് വിചേ്ഛദിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. കലാലയം കലാപാന്തരീക്ഷത്തില്‍.  രാജ്യത്തെ വിഭജിക്കാന്‍ കാരണക്കാരനായ ജിന്നയുടെ നേട്ടങ്ങള്‍ ആഘോഷിക്കരുതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ജിന്നയുടെ പേരില്‍ ബിജെപിയിലും തമ്മിലടിയായി. ജിന്നയെ പുകഴ്ത്തി യുപി മന്ത്രി സ്വാമി പ്രസാദ് മൗര്യയും രംഗത്തെത്തി. ജിന്നയുടെ ചിത്രം നീക്കില്ലെന്ന നിലപാടില്‍ അലിഗഡ് സര്‍വകലാശാല ഉറച്ചു നില്‍ക്കുന്നു. അലിഗഡ് സര്‍വകലാശാല കോര്‍ട്ടിന്‍റെ സ്ഥാപകാംഗവും വിദ്യാര്‍ഥി യൂണിയനിലെ ആജീവനാന്ത അംഗവുമായിരുന്ന ജിന്നയുടെ ചിത്രം സ്ഥാപിച്ചതില്‍ അപാകതയില്ലെന്നാണ് സര്‍വകലാശാലയുടെ നിലപാട്.

ഒരിക്കലും ന്യായീകരിക്കാനാകാത്ത മഹാപരാധത്തിന്‍റെ ആണിക്കല്ലാണ് ജിന്നയെന്ന് നിസ്സംശയം പറയാം. ചരിത്രത്തെ എങ്ങിനെ വായിച്ചാലും. ചരിത്രത്തിലെ തെറ്റുകളെ വര്‍ത്തമാനകാലത്തില്‍ നിന്നുകൊണ്ട് തിരുത്താന്‍ ശ്രമിക്കുന്നത് മണ്ടത്തരമാണ്. തീക്കൊള്ളിക്കൊണ്ട് തലചൊറിയലാണ്. 

ഏഴുപതിറ്റാണ്ടുകള്‍ക്കിപ്പുറവും വിഭജനത്തിന്‍റെ കരിനിഴല്‍ ഇന്ത്യന്‍ സമൂഹത്തെ വിട്ടൊഴിഞ്ഞിട്ടില്ല. ഒരു ജനതയുടെ സ്വാതന്ത്ര്യമോഹങ്ങളെ കണ്ണീരിലും ചോരയിലും മുക്കിയതിന്‍റെ യഥാര്‍ഥ ഉത്തരവാദിയെ കണ്ടെത്താനുള്ള അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ജിന്നയുടെ പേര് വീണ്ടും വീണ്ടും ഉയര്‍ന്നുവരുന്നത് ഈ പരിസരങ്ങളിലാണ്.

ചരിത്രത്തിന്‍റെ താളുകളില്‍ ജിന്ന ഏറെ ദുരൂഹതകളും വൈരുധ്യങ്ങളുമുള്ള കഥാപാത്രമാണ്. 

മഹാത്മാഗാന്ധിയോടുള്ള അസൂയയും, രോഷവും ഒരുപരിധിവരെ പകയുമാണ് ജിന്നയിലെ അതിസങ്കീര്‍ണമായ രാഷ്ട്രീയ നിലപാടുകള്‍ക്ക് അടിസ്ഥാനമായത്. ഗാന്ധി ജനിച്ചത് ഗുജറാത്തില്‍. ജിന്നയുടെ കുടുംബവേരുകളും ഗുജറാത്തില്‍. ഗുജറാത്തില്‍ നിന്ന് കറാച്ചിയിലേക്ക് കുടിയേറിയ ജിന്നാഭായ് പൂഞ്ചയുടെ ഏഴുസന്താനങ്ങളില്‍ മൂത്തമകനായി 1876 ഡിസംബര്‍ 25 നാണ് മുഹമ്മദലി ജിന്നയുടെ ജനനം. ഗാന്ധിയേക്കാള്‍ ഏഴുവയസിന് ഇളയതായിരുന്നു ജിന്ന. 

മുപ്പത് വയസ് പൂര്‍ത്തിയാകും മുന്‍പ് മുംബൈയിലെ അതിപ്രശസ്തരായ അഭിഭാഷകരില്‍ ഒരാളായിമാറി ജിന്ന. കോണ്‍ഗ്രസിന്‍റെ ദേശീയനേതാക്കളിലൊരാളായി വളര്‍ന്നു. മതേതരത്വത്തിന്‍റെയും ഇന്ത്യന്‍ ദേശീയതയുടെ ശക്തനായ വക്താവായിരുന്നു ഈ കാലയളവില്‍ ജിന്ന. ദാദഭായ് നവറോജിയുടെയും ഫറോസ്ഷാ മേത്തയുടെ ആദര്‍ശങ്ങളുടെ ചുവടുപിടിച്ചാണ് ദേശീയ സമരത്തിന്‍റെ പാതയിലെത്തിയത്.

ഗാന്ധിയുടെയും ജിന്നയുടെയും പൊതുജീവിതത്തെ കരുപ്പിടിപ്പിച്ചത് ഗോപാല്‍ കൃഷ്ണ ഗോഖ്‍ലെയായിരുന്നു. ഹിന്ദു മുസ്‍ലിം െഎക്യത്തിന്‍റെ രാജദൂതനെന്നായിരുന്നു അക്കാലത്ത് ഗോഖ്‍ലെ ജിന്നയെ വിശേഷിപ്പിച്ചത്. ഗാന്ധിജി ദക്ഷിണാഫ്രിക്കന്‍ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ മുംബൈയില്‍ നല്‍കിയ സ്വീകരണച്ചടങ്ങിന്‍റെ അധ്യക്ഷന്‍ ജിന്നയായിരുന്നു. കോണ്‍ഗ്രസിന്‍റെ ജനറല്‍സെക്രട്ടറിയും വൈസ്രോയിയുടെ 60 അംഗ ഉന്നതാധികാര കൗണ്‍സിലിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമായിരുന്നു ജിന്ന. 1906 ല്‍ മുസ്‍ലിംലീഗ് രൂപീകരിച്ചപ്പോള്‍ വിയോജിപ്പ് രേഖപ്പെടുത്തിയവരുടെ കൂട്ടത്തില്‍ ജിന്നയുമുണ്ടായിരുന്നു എന്നത് വൈരുദ്ധ്യം. ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം ലീഗിനെയും നിര്‍ത്താനുള്ള സഹകരണനീക്കങ്ങളുടെ ഭാഗമായാണ് ജിന്ന ലീഗ് നേതാക്കളുമായി അടുത്തത്. 1916 ല്‍ കോണ്‍ഗ്രസും ലീഗും തമ്മിലുണ്ടാക്കിയ സന്ധിയുടെ ശില്‍പ്പികളിലൊരാള്‍ ജിന്നയായിരുന്നു. ഗാന്ധിജിയുടെ വരവാണ് ഇന്ത്യയുടെ സ്വാതന്ത്ര്യപ്പോരാട്ടത്തിന് ജനകീയമുഖം നല്‍കിയത്. സൂര്യനസ്തമിക്കാത്ത സാമ്രജ്യത്തിനൊതിരായ സമരങ്ങളുടെ പടനായകന്‍ ഗാന്ധിയായി. ഗാന്ധിജിയുടെ ജനപ്രീതി വര്‍ദ്ധിച്ചുവരുന്നത് ജിന്നയെ അസംതൃപ്തനാക്കിക്കൊണ്ടിരുന്നു. നിസഹകരണപ്രസ്ഥാനത്തെ എതിര്‍ത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്നു. നിയമനിഷേധങ്ങളും സത്യാഗ്രഹസമരങ്ങളും പരിഷ്കൃതസമൂഹത്തിന് യോജിച്ചതല്ലെന്നായിരുന്നു ജിന്നയുടെ വാദം. കൊല്‍ക്കത്തയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രത്യേക സമ്മേളനത്തില്‍ കലഹങ്ങളുയര്‍ത്തി. ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടു.  കോണ്‍ഗ്രസിന്‍റെ നാഗ്പൂര്‍ സമ്മേളനത്തിലും ഗാന്ധിജിക്കെതിരെ ശബ്ദമുയര്‍ത്തി ജിന്ന സ്വയം ഇല്ലാതായി. 

ഗാന്ധിജിയോട് നിഴല്‍യുദ്ധം നടത്തി പരാജയപ്പെട്ട ജിന്നയ്ക്ക് വേദനകള്‍ മറക്കാവുന്നതിലും അപ്പുറമായിരുന്നു. ഇന്ത്യയിലെ ഏറ്റവും സ്വാധീനശേഷിയുള്ള നേതാവായി ഉയര്‍ന്നുവരാനുള്ള കണക്കുകൂട്ടലുകള്‍ തകര്‍ന്നടിഞ്ഞു. രാഷ്ട്രീയ വനവാസം പ്രഖ്യാപിച്ച് ഇംഗ്ലണ്ടിലേക്ക് പോയി. 1934 ല്‍ മടങ്ങിയെത്തിയത് പുതിയ ലക്ഷ്യങ്ങളുമായിട്ടാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ തലമാറ്റിവരമാറ്റിയ കരുനീക്കങ്ങള്‍ക്ക് തുടക്കമിടാനുള്ള വരവ്.

ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ജിന്നയുടെ ലക്ഷ്യം കോണ്‍ഗ്രസിന് ഒത്തശക്തിയായി മുസ്‍ലിംലീഗിനെ വളര്‍ത്തിയെടുക്കുകയായിരുന്നു. മതതേതരത്വത്തിന്‍റെ രാജദൂതന്‍ അങ്ങിനെ പതിയെ വിഭജനരാഷ്ട്രീയത്തിന്‍റെയും വര്‍ഗീയനിലപാടുകളുടെയും വക്തവായി. കോണ്‍ഗ്രസ് ഒരു ഹിന്ദുപാര്‍ട്ടിയാണെന്നായിരുന്നു ജിന്നയുടെ വിമര്‍ശനം.  

1937 ല്‍ ലക്നൗവില്‍ ചേര്‍ന്ന മുസ്‍ലിം ലീഗ് സമ്മേളനത്തില്‍  കോണ്‍ഗ്രസിനെതിരായ ജിന്നയുടെ രോഷം അണപൊട്ടിയൊഴുകി. അതൊരു യുദ്ധപ്രഖ്യാപനമായിരുന്നു. ജിന്നയുടെ വാക്കുകളാല്‍ മുറിവേറ്റ ഗാന്ധി തന്‍റെ വ്യഥകള്‍ പങ്കുവെച്ച് കത്തയച്ചു. ജിന്നയുടെ പഴയ ഭൂതകാലം ഒാര്‍മ്മിച്ചെഴുതിയ ഗാന്ധി തനിക്ക് സുഹൃത്തായ പഴയ ദേശീയവാദിയെ നഷ്ടമായെന്ന് വേദനയോടെ കുറിച്ചു. തന്‍റെ സുഹൃത്തായിരുന്ന അതേ ജിന്നയാണോ ലകൗനവില്‍ പ്രസംഗിച്ചതെന്ന് ചോദിച്ചു. പഴയ പരാജയങ്ങള്‍ മറന്നിട്ടില്ലെന്ന് സൂചിപ്പിച്ചായിരുന്നു ജിന്നയുടെ മറുപടി. അതേ ജിന്നയുടെ യുദ്ധം ശരിക്കും നിലപാടുകളുടെ പേരിലായിരുന്നില്ല, അതിലേറെ വ്യക്തിപരമായിരുന്നു. മനസുകള്‍ അടുക്കാന്‍ കഴിയുന്നതിലും ഏറെ അകലത്തിലായിക്കഴിഞ്ഞിരുന്നു. 1940 ല്‍ ലാഹോറില്‍ ചേര്‍ന്ന മുസ്‍ലിംലീഗ് സമ്മേളനം ഹിന്ദുക്കള്‍ക്കും മുസ്‍ലിംങ്ങള്‍ക്കും പ്രത്യേക രാജ്യംവേണമെന്ന പ്രമേയം പാസാക്കി. ഗാന്ധിയുടെ അനുരഞ്ജനനീക്കങ്ങളെല്ലാം നിഷ്ഫലമായി. വിഭജനം ഒഴിവാക്കാന്‍ കഴിയാതായി. ചരിത്രത്തിലെ ഏറ്റവും വലിയ പലായനത്തിന് ലോകം സാക്ഷിയായി. ദ്വിരാഷ്ട്രവാദത്തിന് ജിന്നമാത്രമായിരുന്നോ ഉത്തരവാദി?

ജവഹര്‍ ലാല്‍ നെഹ്റു മുഹമ്മദ് അലി ജിന്നയ്ക്ക് പ്രധാനമന്ത്രിപദം ഒഴിഞ്ഞുകൊടുത്തിരുന്നെങ്കില്‍ വിഭജനം ഒഴിവാക്കാമായിരുന്നുവെന്ന് വാദിക്കുന്നവരുണ്ട്. ഇതില്‍ കഴമ്പുണ്ടോ?

വിഭജനത്തെ ഒാര്‍ത്ത് ജിന്ന പിന്നീട് പരിതപിച്ചിരുന്നുവെന്ന വിലയിരുത്തലുകളുണ്ട്. ജിന്ന മതേതരവാദിയായിരുന്നുവെന്ന് 2005 ല്‍ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ ബിജെപി നേതാവ് എല്‍ കെ അഡ്വാനി അഭിപ്രായപ്പെട്ടു. അഡ്വാനി പറഞ്ഞതേ ഉള്ളൂവെങ്കില്‍ ബിജെപി നേതാവായിരുന്ന ജസ്വന്ത് സിങ്ങ് എഴുതുകയും ചെയ്തു. വിഭജനത്തിന് നെഹ്റുവിനെയും സര്‍ദാര്‍ പട്ടേലിനെയും കൂടി ജസ്വന്ത് സിങ് പ്രതിക്കൂട്ടില്‍ നിര്‍ത്തി. 

അഡ്വാനിയുടെ നിലാപാടിനെ ആര്‍എസ്എസും ബിജെപിയും തള്ളിപ്പറഞ്ഞു. സംഘപരിവാര്‍ രാഷ്ട്രീയത്തിന് രഥമുരുട്ടി അധികാരവഴിതെളിയിച്ചുകൊടുത്ത അഡ്വാനി അങ്ങിനെ ആര്‍എസ്എസിന് താല്‍പര്യമില്ലാത്തവനായി. എന്തുകൊണ്ടാകാം അഡ്വാനി ജിന്നയെക്കുറിച്ച് അത്തരമൊരു അഭിപ്രായം രേഖപ്പെടുത്തിയത് ? 

മുസ്‍ലിം രാഷ്ട്രം േവണമെന്ന് വാശിപിടിച്ച  ജിന്ന പാക്കിസ്ഥാന്‍ രൂപീകരിച്ച് പന്ത്രണ്ട് മാസങ്ങള്‍ക്കിപ്പുറം മരിച്ചു. 1948 സെപ്റ്റംബര്‍ 11 ന്. ക്ഷയരോഗവും കാന്‍സറുമായിരുന്നു മരണകാരണം. കറാച്ചിയിലാണ് ഖബറടക്കിയത്. ജിന്നയുടെ പിന്‍ഗാമികള്‍ പാക്കിസ്ഥാനെ മതരാഷ്ട്രമാക്കാന്‍ കൂടുതല്‍ കൂടുതല്‍ പരിശ്രമിച്ചു. ഇതരമതങ്ങളോട് അസഹിഷ്ണുത അണപൊട്ടിയൊഴുകി. ഹിന്ദുക്കളടക്കം ന്യൂനപക്ഷങ്ങളെ വേട്ടയാടി. ജനാധിപത്യം പേരില്‍ മാത്രം ഒതുങ്ങി. പട്ടാളവും രാഷ്ട്രീയനേതൃത്വവും ജുഡീഷറിയും തോന്നുംവഴിക്ക് സഞ്ചരിച്ചു. ഇന്ത്യ മതേതര ജനാധിപത്യ റിപ്പബ്ലിക്കായപ്പോള്‍ പാക്കിസ്ഥാന്‍ ഇസ്‍ലാമിക് റിപ്പബ്ലിക്കായി. ഒരു തോറ്റ ജനതയായി

ജിന്നയെയും പാക്കിസ്ഥാനെയും കുറിച്ച് പറയുമ്പോള്‍ ഇന്ത്യയിലെ മുസ്‍ലിംങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നവര്‍ ഒന്നോര്‍ക്കണം. ജിന്നയെയും ജിന്നയുടെയും മതരാഷ്ട്ര സ്വപ്നങ്ങളെയും പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിച്ച് ഈ മണ്ണിന്‍റെ പാരമ്പര്യത്തോടൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ തീരുമാനിച്ചവരാണ് ഇന്ത്യയിലെ മുസ്‍ലിംങ്ങള്‍. ഹിന്ദു ഭൂരിപക്ഷ രാജ്യത്ത് മുസ്‍ലിംങ്ങള്‍ക്ക് അധികാരത്തില്‍ യാതൊരുപ്രാതിനിധ്യവുമുണ്ടാകില്ലെന്ന ആശങ്കയാണ് ജിന്ന പടര്‍ത്തിയത്. ഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ തേരോട്ടങ്ങള്‍ ജിന്നയുടെ ആശങ്കകള്‍ക്ക് വീണ്ടും ഇടമൊരുക്കിക്കൊടുക്കുകയാണ്. 

ജിന്നയും പാക്കിസ്ഥാനും നമുക്കൊരു ചൂണ്ടുപലകയാണ്. വൈവിധ്യങ്ങള്‍ തുടച്ചുനീക്കാന്‍ ശ്രമിക്കുമ്പോള്‍. ഏകവിശ്വാസത്തിന്‍റെ സര്‍വാധിപത്യത്തിലേക്ക് നീങ്ങുമ്പോള്‍, അസഹിഷ്ണുതയുടെ കനലുകള്‍ കാട്ടുതീയാകാന്‍ തുടങ്ങുമ്പോള്‍ ജിന്ന ബാക്കിയിട്ട പാഠങ്ങളിലേക്ക് ജാഗ്രതയോടെ വീണ്ടും കടന്നുപോകണം. ചരിത്രത്തിെല തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തണം.

MORE IN INDIA BLACK AND WHITE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.