ഇംപീച്ച്മെന്‍റിന് പിന്നിലെ രാഷ്ട്രീയ നീക്കങ്ങള്‍

ibw-sc-impeachment-t
SHARE

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച്മെന്‍റ് ചെയ്യാനുള്ള അണിയറ നീക്കങ്ങള്‍ സജീവമാണ്. ചീഫ്ജസ്റ്റിസ് ദീപക് മിശ്രയെ നടപടി ദൂഷ്യം ആരോപിച്ച് കുറ്റവിചാരണചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയവുമുണ്ട്. രാജ്യത്തെ ജുഡീഷ്യറിയില്‍ കാര്യങ്ങള്‍ അത്ര വെടിപ്പല്ലാതായിട്ട് നാളുകള്‍ കുറച്ചായി. തൂണുകള്‍ തമ്മിലടിക്കുകയും ഇളകാന്‍ തുടങ്ങുകയുമൊക്കെ ചെയ്യുമ്പോള്‍ പ്രതിസന്ധിയിലാകുന്ന ജനാധിപത്യമാണ്.

സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ കീഴ്‍വഴക്കങ്ങള്‍ മാറ്റിവെച്ച് പരസ്യമായി രാജ്യത്തോട് ചിലത് വിളിച്ചപ്പോള്‍ അതുണ്ടാക്കിയ പ്രകമ്പനങ്ങള്‍ ചെറുതായിരുന്നില്ല. പരമോന്നത നീതിപീഠത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തിലല്ല. ജനാധിപത്യം അപകടത്തിലാണ്. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരുടെ വാക്കുകളാണ് ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്‍റ് നീക്കത്തിന് വഴിമരുന്നിട്ടത്. സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരിയാണ് ആദ്യമായി ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചത്. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളിലുണ്ടായ വഴിത്തിരിവ് മറ്റ് പ്രതിപക്ഷപ്പാര്‍ട്ടികളെയും ഇംപീച്ച്മെന്‍റ് നീക്കത്തിന്‍റെ വഴിയിലേക്ക് കൊണ്ടുവന്നു. കോണ്‍ഗ്രസ് ആദ്യം മടിച്ചുനിന്നെങ്കിലും പിന്നെ നേതാക്കാള്‍ സ്വന്തം നിലയ്ക്ക് മുന്നോട്ടുവന്നു. 

സുപ്രീംകോടതിയുടെ 45 മത് ചീഫ് ജസ്റ്റിസാണ് ദീപക് മിശ്ര. 2017 ഒാഗസ്റ്റ് 28 ന് ചുമതലയേറ്റു. 2018 ഒക്ടോബര്‍ 2ന് കാലാവധി തീരും. ഒഡീഷ സ്വദേശിയായ മിശ്രയ്ക്ക് 2011 ലാണ് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം കിട്ടുന്നത്. യാക്കൂബ് മേമന്‍റെ ദയാഹര്‍ജി തള്ളിയതും മുത്താലാഖ് നിരോധനവും സിനിമ തീയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയതും ഉള്‍പ്പെടെ ഒട്ടേറെ നിര്‍ണായക തീര്‍പ്പുകള്‍. ബാബറി മസ്ജിദ് കേസും ആധാര്‍ കേസും ശബരിമല സ്ത്രീപ്രവേശനവും ദീപക് മിശ്രയുടെ ബെഞ്ചിന്‍റെ പരിഗണനയിലാണ്.

രാഷ്ട്രപതിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പാക്കുന്നുണ്ട്. ഭരണഘടനാ അനുച്ഛേദം 124 (4 ), 1968 ലെ ജഡ്ജസ് ( എന്‍ക്വയറി ) ആക്ട് എന്നിവയിലാണ് ഇംപീച്ച്മെന്‍റിനെക്കുറിച്ച് പറയുന്നത്. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും എല്ലാ ജഡ്ജിമാര്‍ക്കും ഇംപീച്ച്മെന്‍റ് പ്രക്രിയ ഒരുപോലെയായിരിക്കും. രണ്ട് കാരണങ്ങളുടെ പേരില്‍ ജഡ്ജിയെ നീക്കാം. ഒന്ന്, തെളിയിക്കപ്പെട്ട പെരുമാറ്റ ദൂഷ്യം. രണ്ട്, പ്രാപ്തിക്കുറവ്. ക്രിമിനല്‍പ്രവര്‍ത്തനങ്ങളും ജുഡീഷ്യല്‍ മര്യാദകേടും ഇതില്‍പ്പെടും. ദീപക് മിശ്രയുടെ കാര്യത്തില്‍ പ്രാപ്തിക്കുറവ് നിലനില്‍ക്കില്ല. പിന്നെയുള്ളത് പെരുമാറ്റദൂഷ്യമാണ്. കുറ്റവിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസില്‍ ചീഫ് ജസ്റ്റിസിനെതിെര ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങള്‍ ഇവയാണ്.

1, മെഡിക്കല്‍കോളേജ് കോഴയിടപാട് കേസില്‍ ചീഫ് ജസ്റ്റിസും ഉള്‍പ്പെട്ടിട്ടുണ്ടെന്ന ഗുരുതര ആരോപണമുണ്ട്.

2, തന്നിലേക്ക് നീളാമായിരുന്ന കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തീരുമാനമെടുത്തതുവഴി പെരുമാറ്റച്ചട്ടം ലംഘിച്ചു

3, 2017 നവംബര്‍ ആറിന് ഇറങ്ങിയ ഉത്തരവിന്‍റെ തിയതി തിരുത്തി

4, അഭിഭാഷകനായിരിക്കെ വ്യാജ സത്യവാങ് മൂലം നല്‍കി ഭൂമി കൈക്കലാക്കി

5, രാഷ്ട്രീയപ്രാധാന്യമുള്ള പല കേസുകളും മുന്‍നിശ്ചയിക്കപ്പെട്ടപോലെ വിധി വരുംവിധം ചില പ്രത്യേക ബെഞ്ചുകള്‍ക്ക് നല്‍കി

സങ്കീര്‍ണമാണ് ഇംപീച്ച്മെന്‍റ് നടപടികള്‍. ആരോപണങ്ങള്‍ സംശലേശമന്യേ തെളിക്കണം. ലോക്സഭയില്‍ സ്പീക്കര്‍ക്കോ രാജ്യസഭയില്‍ അധ്യക്ഷനായ ഉപരാഷ്ട്രപതിക്കോ ഇംപീച്ച്മെന്‍റിന് നോട്ടീസ് നല്‍കാം. നോട്ടീസിന് ലോക്സഭയില്‍ നൂറോ, രാജ്യസഭയില്‍ അന്‍പതോ എം.പിമാരുടെ പിന്തുണവേണം. നോട്ടീസ് സ്വീകരിക്കോനോ, തള്ളിക്കളയാനോ സ്പീക്കര്‍ക്കും ഉപരാഷ്ട്രപതിക്കും അധികാരമുണ്ട്. നോട്ടീസ് സ്വീകരിച്ചാല്‍ ആരോപണങ്ങള്‍‌ അന്വേഷിക്കാന്‍ മൂന്നംഗ സമിതി രൂപീകരിക്കും. അന്വേഷണ സമിതിയില്‍ സുപ്രീംകോടതി ജഡ്ജി, ഏതെങ്കിലും ഒരു ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ്, സ്പീക്കറോ ഉപരാഷ്ട്രപതിയോ നാമനിര്‍ദേശം ചെയ്ത നിയമവിദഗ്ധന്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ജഡ്ജിയെ നീക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം രാജ്യസഭയും ലോക്സഭയും പാസാക്കണം. പ്രമേയം പാസാകണമെങ്കില്‍ ഒാരോ സഭകളിലും ഹാജരായ അംഗങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. മാത്രമല്ല, ഒാരോ സഭയിലെയും ആകെ അംഗസംഖ്യയുടെ അന്‍പത് ശതമാനവും വേണം. കടമ്പകളെല്ലാം കടന്ന് ഇരുസഭകളിലും പ്രമേയം പാസായാല്‍ രാഷ്ട്രപതിക്ക് ഉത്തരവിലൂടെ ജഡ്ജിയെ നീക്കാം.  

ദീപക് മിശ്ര ഒക്ടോബറില്‍ വിരമിക്കുന്നതിനാല്‍ ഇംപീച്ച്മെന്‍റ് നീക്കം ലക്ഷ്യം കാണാന്‍ പ്രതിപക്ഷത്തിന് മുന്നിലുള്ളത് പരിമതമായ സമയമാണ്. ആരോപണങ്ങള്‍ കൃത്യമായ മുനകൂര്‍പ്പിച്ചതായിരിക്കണം. ലോക്സഭയില്‍ ബിജെപിക്ക് കൃത്യമായ ഭൂരിപക്ഷമുണ്ട്. രാജ്യസഭയിലാകട്ടെ പ്രതിപക്ഷ നിരയില്‍ ബിജെഡി ഉള്‍പ്പെടെ ഇംപീച്ച്മെന്‍റ് നീക്കത്തെ പിന്തുണയ്ക്കുന്നില്ല. കണക്ക് പ്രതിപക്ഷത്തെ തുണയ്ക്കുന്നില്ലെന്ന് ചുരുക്കം. പ്രതിപക്ഷപാര്‍ട്ടികളെ കേന്ദ്രസര്‍ക്കാരിനെതിരെ അണിനിരത്തുകയെന്ന യുദ്ധതന്ത്രം കൂടി ഇംപീച്ച്മെന്‍റ് നീക്കത്തിനു പിന്നിലുണ്ട്. അതായത്, തൊടുക്കുന്നത് ദീപക് മിശ്രയ്ക്ക് നേരെയാണെങ്കിലും ലക്ഷ്യം നരേന്ദ്ര മോദി തന്നെ. ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് പരിഗണിക്കുന്ന ബാബറി മസ്ജിദ് കേസിന്‍റെ രാഷ്ട്രീയ പ്രാധാന്യം കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം. ഒന്നുറപ്പ്, ഇംപീച്ച്മെന്‍റ് ഇരുതലമൂര്‍ച്ചയുള്ള വാളാണ്. ജുഡീഷ്യറിയുടെ വിശ്വാസ്യത പരപ്രധാനമായതിനാല്‍ ഏറെ സൂക്ഷിച്ച് വീശേണ്ട വാള്‍.  

ഇന്ത്യയുടെ പല ഭാഗങ്ങളും കത്തുകയാണ്. അശാന്തമായ തെരുവുകള്‍. ബംഗാളിലും ബിഹാറിലും വര്‍ഗീയ സംഘര്‍ഷങ്ങള്‍. വടക്കേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ എസ്.സി എസ്ടി നിയമം ദുര്‍ബലപ്പെടുത്തിയ വിധിക്കെതിരായ പ്രതിഷേധം. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യമാണിത്. അന്ധനായ വൃദ്ധനെ ജയ് ശ്രീറാം എന്ന് നിര്‍ബന്ധിപ്പിച്ച് വിളിപ്പിക്കുന്നു. താന്‍ ഒരു മുസ്‍ലീമാണെന്ന് വൃദ്ധന്‍ പറയുന്നത് ദൃശ്യങ്ങളില്‍ കേള്‍ക്കാം. ബംഗാളില്‍ നിന്നാണ് വര്‍ഗീയ വിഷം തീണ്ടിയ ഈ കാഴ്ച്ച. രാമനവമി ആഘോഷങ്ങളുടെ പേരില്‍ ബിജെപിയും സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും കൊമ്പുകോര്‍ത്തതോടെ ബംഗാള്‍ കുരുതിക്കളമാണ്. ബംഗാളില്‍ അധികാരം പിടിക്കാന്‍ എല്ലാ അടവും പയറ്റുന്ന ബിജെപിക്ക് രാമനാണ് ആയുധം. ഹിന്ദുക്കളെ ഒന്നിപ്പിക്കാന്‍ എന്ന പ്രഖ്യാപനത്തോടെയാണ് ബിജെപി രാമനവമി ഘോഷയാത്ര പ്രഖ്യാപിച്ചത്. ഹിന്ദുക്കള്‍ ബിജെപിയുടെ കുത്തകയല്ലെന്ന് കാണിച്ചുകൊടുക്കാന്‍ മമത ദീദിയും ബദല്‍ റാലികള്‍ നടത്തി. എരിതീയില്‍ എണ്ണയൊഴിച്ച് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയും. വംഗദേശത്ത് മനുഷ്യക്കുരുതിയോടെ വോട്ടുബാങ്ക് രാഷ്ട്രീയം പൊടിപൊടിക്കുകയാണ്. ബിഹാറില്‍ ഭാഗല്‍പൂരിലും രാമനവമി ആഘോഷം കലാപത്തിലാണ് കലാശിച്ചത്. കേന്ദ്രമന്ത്രി അശ്വനി കുമാര്‍ ചൗബേയുടെ മകന്‍ അരിജിത് ശാശ്വത് അക്രമങ്ങള്‍ക്ക് അറസ്റ്റിലായി. 2019 ല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുമ്പോള്‍ സംഘപരിവാറിന്‍റെ വിദ്വേഷ രാഷ്ട്രീയം അരങ്ങുതകര്‍ക്കുകയാണ്. വികസനമെന്നപേരില്‍ ഉയര്‍ത്തിക്കാട്ടാന്‍ ഒന്നുമില്ലാതാകുമ്പോള്‍ അണികളെ ആയുധങ്ങളുമായി തെരുവിലിറക്കിവിടും. ഭരണഘടനാ ശില്‍പി ബിആര്‍ അംബേദ്ക്കറിന്‍റെ ഘര്‍വാപ്സി നടത്തും. ഭീംറാവു അംബേദ്ക്കറിനെ ഭീറാവു റാംജി അംബേദ്ക്കറാക്കി മാറ്റിയ യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ നീക്കം കൃത്യമായ സംഘപരിവാര്‍ അജന്‍ഡകളോടെയാണ്. ദലിത് രാഷ്ട്രീയത്തിന്‍റെ മിശിഹയെ സവര്‍ണ വിചാരധാരയുടെ അവതാരമാക്കുക.

എസ്.സി എസ്ടി നിയമത്തിന്‍റെ ദുരുപയോഗം തടയാനെന്ന പേരിലുള്ള സുപ്രീംകോടതിയുടെ ഉത്തരവും അതിനെതിരെ കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി നല്‍കാന്‍ വൈകിയതുമാണ് വടക്കേന്ത്യയില്‍ മറ്റൊരു പ്രതിഷേധാഗ്നിയായത്. പട്ടിക ജാതി പട്ടിക വര്‍ഗ നിയമപ്രകാരമുള്ള പരാതിയില്‍ ഉടനടിയുള്ള അറസ്റ്റ് പാടില്ലെന്നായിരുന്നു വിധിയിലെ പ്രധാന നിര്‍ദേശം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതിയെങ്കില്‍ നിയമന അധികാരിയില്‍ നിന്ന് അനുമതി വാങ്ങുകയും ഡെപ്യൂട്ടി സൂപ്രണ്ടില്‍ കുറയാത്ത പദവിയുള്ള ഉദ്യോഗസ്ഥന്‍ പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തശേഷമേ അറസ്റ്റ് ചെയ്യാവൂ. അരക്ഷിതാവസ്ഥ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ലാത്ത പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ കൂടുതല്‍ ആശങ്കകളിലേക്ക് തള്ളിവിടുന്നതാണ് സുപ്രീംകോടതി വിധി

MORE IN INDIA BLACK AND WHITE
SHOW MORE