'കാലാ'യുടെ കറുത്ത രാഷ്ട്രീയം

rajinikanth
SHARE

ഇന്ത്യയില്‍ ഏറ്റവും അധികം താരമൂല്യമുള്ള രജനികാന്തിന്‍റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് 'കാലാ'യുടെ ട്രൈലര്‍ എത്തിയത്. അതുകൊണ്ട് തന്നെ 'കാലാ'യിലെ രാഷ്ട്രീയ സൂചനകള്‍ ചര്‍ച്ചയാകുന്നത് സ്വാഭാവികം. 'കാലാ: കരികാലന്‍'. 'കബാലി'ക്ക് ശേഷം രജനികാന്ത് പാ രഞ്ജിത്തിനൊപ്പം. സൂപ്പര്‍സ്റ്റാറും സംവിധായകനും സിനിമയില്‍ പറയാന്‍പോകുന്ന രാഷ്ട്രീയ ഭൂമികയിലേക്ക് പ്രവേശിക്കാനുള്ള വാതിലാണ് ടീസര്‍. കറുപ്പിന്‍റെ രാഷ്ട്രീയം കൃത്യമായ അടയാളപ്പെടുത്തുന്ന ഒരുമിനിറ്റ് പതിനേഴ് സെക്കന്‍റിലെ കാഴ്ച്ചകള്‍. 

മാര്‍ച്ച് 2, 2018 നായിരുന്നു 'കാലാ കരികാലയുടെ ടീസര്‍ ചിത്രത്തിന്‍റെ നിര്‍മ്മാതവും നടനുമായ ധനുഷ് പുറത്തുവിട്ടത്. കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതിയുടെ മരണം മൂലം ടീസര്‍ പുറത്തിറക്കുന്നത് ഒരു ദിവസം നീട്ടിവെയ്ക്കുകയായിരുന്നു. കറുപ്പില്‍ മുങ്ങിയ ഹോളിയുടെ ആഘോഷലഹരിക്കും ആള്‍ക്കൂട്ടത്തിനും നടുവിലൂടെ കറുപ്പ് അണിഞ്ഞ് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ മാസ് എന്‍ട്രി നടത്തുന്ന സ്റ്റൈല്‍ മന്നന്‍. സര്‍വം കറുപ്പ് മയം.

സിനിമയുടെ കച്ചവട സാധ്യതകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയവും അംബേദ്ക്കര്‍ ചിന്തകളും മാസ് ഓഡിയന്‍സിനായി തീയറ്ററുകളിലെത്തിക്കുന്ന സംവിധായകനാണ് പാ രഞ്ജിത്ത്. 'ആട്ടക്കത്തി'യും 'മദ്രാസും' 'കബാലി'യും ഇത് ശരിവെയ്ക്കും. 

തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി അധോലോകനായകനായിത്തീരുന്ന കഥാാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. അന്തരിച്ച അധോലോക നേതാവ് ഹാജിമസ്താന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമെന്ന് വിവാദങ്ങളുണ്ടായെങ്കിലും അണിയറപ്രവര്‍ത്തകര്‍ നിഷേധിച്ചു. പരമ്പരാഗത ധാരണകള്‍ അനുസരിച്ച് വെളുപ്പ് നായകനാണ്, പവിത്രമാണ്, വരേണ്യമാണ്. കറുപ്പ് വില്ലനും അഴുക്കും അധ:കൃതവും. സിനിമയിലും ജീവിതത്തിലുമുള്ള ആ പൊതുബോധത്തിനുമേല്‍ സെര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുകയാണ് സംവിധായകന്‍ പാ രഞ്ജിത്ത്. 

പോരാടും. ടീസറിന്‍റെ തുടക്കത്തില്‍ ജനക്കൂട്ടം മുഴക്കുന്ന ഈ മുദ്രാവാക്യം തന്നെ കൃത്യമായ രാഷ്ട്രീയ സൂചനയാണ്. തമിഴകത്ത് ഒരു ജനകീയമുന്നേറ്റം നടത്താനുള്ള രജനികാന്തിന്‍റെ അഭിനിവേശം. കണ്ടുശീലിച്ച രാഷ്ട്രീയ നേതാക്കളെ ഒാര്‍മ്മപ്പെടുത്തുന്ന നാനാ പടേക്കറിന്‍റെ വില്ലന്‍ കഥാപാത്രം. വില്ലന്‍റെ പക്ഷത്ത് വെളുപ്പാണ്. നായകന്‍റെ വശത്ത് കറുപ്പും. നാനാ പടേക്കറിന്‍റെ ഇരിപ്പിന് ഒരു ബാല്‍ താക്കറേ 'ടച്ചു'ണ്ട്. കാലാ എന്ന പേരിനെക്കുറിച്ച് പുച്ഛത്തോടെ വില്ലന്‍റെ ചോദ്യം. ഇത് കേള്‍ക്കുമ്പോള്‍ ഒാര്‍മ്മയില്‍ നിറയുന്നത് കബാലിയിലെ വില്ലന്‍റെ ചോദ്യവും രജനികാന്തിന്‍റെ മറുപടിയുമാണ്. 

കാലാ, കബാലി... സിനിമയും സമൂഹവും പ്രതിനായകര്‍ക്കും അധകൃതര്‍ക്കും പതിച്ച് നല്‍കിയിരുന്ന പേര് നായകന് നല്‍കി പാ രഞ്ജിത്ത് പൊളിച്ചെഴുത്ത് നടത്തുന്നു. കാബാലി പറഞ്ഞ സ്വത്വരാഷ്ട്രീയത്തിന്‍റെ തുടര്‍ച്ചയാണ് കാലായില്‍ കാത്തിരിക്കുന്നത്. മുംബൈയിലെ ധാരാവി ചേരിയില്‍ നിന്ന് ഉയര്‍ന്നുവന്ന അധോലക നായകനെ തമിഴ് സിനിമ ഇതിന് മുന്‍പ് കണ്ടിട്ടുണ്ട്. മണിരത്നത്തിന്‍റെ നായകനില്‍(1987 ). വെളുപ്പുടുത്ത പുരികങ്ങള്‍ക്കിടയില്‍ ചുവന്ന കുറിവരച്ച വേലുനായ്ക്കര്‍. കമല്‍ ഹാസന്‍റെ ആ കഥാപാത്രത്തിന്‍റെ എതിര്‍ ദിശയില്‍ നില്‍ക്കുന്നു രജനികാന്തിന്‍റെ കറുപ്പുടുത്ത കാലാ. സിനിമയില്‍ രണ്ട് വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ചവരും രാഷ്ട്രീയത്തില്‍ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവരുമാണല്ലോ രജനിയും കമലും. 

നാനാ പടേക്കറിന്‍റെ കഥാപാത്രം പറയുന്നത് ശുചിത്വത്തെയും വിശുദ്ധിയെയും കുറിച്ചാണ്. സ്വച്ഛ് ഭാരത് രാഷ്ട്രീയക്കാലമോ, കമല്‍ ഹാസന്‍റെ അഴിമതി ശുദ്ധീകരണമോ ഇവിടെ പറയാതെ പറയുന്നുണ്ടോ? ഫാസിസ്റ്റുകളും നാസികളും പറഞ്ഞത് വംശശുദ്ധിയുടെ രാഷ്ട്രീയമായിരുന്നു. കറുപ്പ് തൊഴിലാളി വര്‍ഗത്തിന്‍റെ നിറമാണെന്നാണ് കാലായുടെ മറുപടി. 

പശ്ചാത്തലത്തിലേക്ക് സൂക്ഷിച്ച് നോക്കിയാല്‍ നൊബേല്‍ സമ്മാനം നേടിയ ആദ്യ ആഫ്രിക്കന്‍ വനിതയും പരിസ്ഥിതി പ്രവര്‍ത്തകയുമായ വാംഗാരി മാതായുടെ ചിത്രം കാണാം. കബാലിയില്‍ രജനികാന്തിന്‍റെ ഇന്‍ട്രോ സീന്‍ ഒാര്‍മ്മയില്ലേ. അതിലുമുണ്ട് ദലിത് രാഷ്ട്രീയത്തിന്‍റെ സൂചനകള്‍. തടവറയില്‍ കബാലി വായിക്കുന്നത് മൈ ഫാദര്‍ ബലിയ എന്ന പുസ്തകമാണ്. സ്വാതന്ത്ര്യത്തിന് മുന്‍പും ശേഷവുമുള്ള ദലിത് ജീവിതം വരച്ചിടുന്ന പുസ്തകം. തെലങ്കാനയിലെ കരിംനഗറിലുള്ള പ്രഫസര്‍ വൈ ബി സത്യനാരായണയുടെ രചന. 

ഭീംറാവു അംബേദ്ക്കര്‍ കൊളുത്തിവെച്ച മൂന്ന് ലക്ഷ്യങ്ങളാണ്. " പഠിക്കൂ.. പോരാടൂ... സംഘടിക്കൂ''. കാലായുടെ ടീസര്‍ അവസാനിക്കുന്നത് പഠിക്കൂ, പോരാടൂ ഈ വരികളിലാണ്. ഇനി അവശേഷിക്കുന്നത്, സംഘടിക്കൂ എന്ന മൂന്നാം മുദ്രാവാക്യം. രഞ്ജിത്തിന്‍റെ അംബേദ്കറിസ്റ്റ് സമീപനങ്ങള്‍ 'കാലാ'യുടെ ഫസ്റ്റ് ലുക്കില്‍ നിന്ന് ആസ്വാദര്‍ വായിച്ചെടുത്തിടുത്തിട്ടുണ്ട്. രജനി ഇരിക്കുന്ന ജീപ്പ് നമ്പറിനെയും അംബേദ്ക്കറിനെയും ബന്ധിപ്പിക്കുന്ന ചില സൂചനകള്‍. ജീപ്പ് നമ്പറിലെ എം.എച്ച്് മഹാരാഷ്ട്രയെ സൂചിപ്പിക്കുന്നു, കഥ നടക്കുന്നത് അംബേദ്ക്കറിന്‍റെ കര്‍മ്മ മണ്ഡലമായ മഹാരാഷ്ട്രയില്‍. ബി ആര്‍ എന്നത് ഭീംറാവു റാംജി അംബേദ്ക്കറിന്‍റെ സൂചനയാണോ? 1956 അംബേദ്ക്കര്‍ മരിച്ച വര്‍ഷമാണ്. ഇതിലെ അവസാന അക്കങ്ങളായ 56 തിരിച്ചിട്ടാല്‍ 65. അംബേദ്ക്കര്‍ അറുപത്തിയഞ്ച് വര്‍ഷമാണ് ജീവിച്ചിരുന്നത്.

ആത്മീയരാഷ്ട്രീയം പറയുന്ന രജനിക്ക് ഇടത്തോട്ടാണോ, വലത്തോട്ടാണോ ചായവ് എന്ന് ചോദിച്ചാല്‍ വലത്തോട്ട് അല്‍പം താല്‍പര്യമുണ്ടെന്നാണ് മറുപടി. പക്ഷെ രജനി ഇനിയും മനസുതുറന്നിട്ടില്ല. പക്ഷെ ര‍ഞ്ജിത്തിന്‍റെ കാലാ പറയുന്നത് ദലിത് രാഷ്ട്രീയമാണ്. ചിത്രത്തിന്‍റെ ടീസറിന് ഡിസ്‍ലൈക്ക് അടിച്ച് ദലിത് വിരുദ്ധ രാഷ്ട്രീയം ഒാണ്‍ലൈനില്‍ പരസ്യപ്പെടുത്തുന്നുമുണ്ട് ചെറുതല്ലാത്തൊരു വിഭാഗം. 

MORE IN INDIA BLACK AND WHITE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.