കമലിന്‍റെ രാഷ്ട്രീയ പൊള്ളത്തരങ്ങള്‍

ibw-kamal-t
SHARE

കാത്തിരിപ്പ് അവസാനിച്ചു. കമല്‍ ഹാസന്‍ സ്വന്തം രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചു. തമിഴകരാഷ്ട്രീയത്തില്‍ വീണ്ടും താരപ്പൊലിമയുടെ പകിട്ടും പോരാട്ടച്ചൂട്ടും നിറയുകയാണ്.  രണ്ടുമാസം മുന്‍പാണ് രജനീകാന്ത് രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും പ്രഖ്യാപിച്ചത്. ഉലകനായകന്‍ പക്ഷെ ഒരുപടി മുന്നിലാണ്. തമിഴ്നാട് ഒരുമാറ്റം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ കമലിന്‍റെ രാഷ്ട്രീയനീക്കങ്ങള്‍ക്ക് എന്തുചലനമുണ്ടാക്കാന്‍ കഴിയും? 

ഫെബ്രുവരി 19 ന് ക്ഷേത്രനഗരമായ മധുരയിലെ ഒറ്റക്കടമൈതാനിയില്‍ മുന്നില്‍ അണിനിരന്ന ആള്‍ക്കൂട്ടത്തോട് കമല്‍ ഹാസന്‍ ഉറക്കെ പ്രഖ്യാപിച്ചു. മക്കള്‍ നീതി മയ്യം. സാക്ഷിയായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. ആശംസാ സന്ദേശമയയ്ച്ച് കേരളമുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വരൂപം സിനിമയിലെ പാട്ടിന്‍റെ അകമ്പടിയോടെ പാതക ഉയര്‍ത്തി. ചുവപ്പും വെള്ളയും നിറമുള്ള ആറ് കൈകള്‍ കോര്‍ത്തതിന്‍റെ ഒത്ത നടുവിലായി നക്ഷത്രം. ആറ് കൈകള്‍ തെക്കേഇന്ത്യയിെല ആറ് സംസ്ഥാനങ്ങളെയും നക്ഷത്രം തമിഴ്ജനതയെയും പ്രതിനിധാനം ചെയ്യുന്നു. അഴിമതിയാണ് കമല്‍ ഉയര്‍ത്തിക്കാട്ടുന്ന മുഖ്യവിഷയം. മുദ്രാവാക്യം നാളൈ നമതൈ. നാളെ നമ്മുടേത്. എംജിആറിന്‍റെ സൂപ്പര്‍ഹിറ്റ് ചലച്ചിത്രത്തിന്‍റെ പേര് കൂടിയാണ് നാളൈ നമതൈ.

മുന്‍രാഷ്ട്രപതി ഡോക്ടര്‍ എപിജെ  അബ്ദുല്‍ കലാമിന്‍റെ രാമേശ്വരത്തെ വീട്ടില്‍ നിന്നാണ് കമല്‍ ഹാസന്‍ തന്‍റെ രാഷ്ട്രീയപ്രവേശനത്തിന് തുടക്കം കുറിച്ചത്. എംജിആറിനെയും അബ്ദുല്‍ കലാമിനെയും ചേര്‍ത്തുനിര്‍ത്തിക്കൊണ്ടുള്ള ജനപ്രിയതയുടെ വഴിയിലൂടെയാണ് കമല്‍ അധികാര കസേര സ്വപ്നം കാണുന്നത്.  

കളത്തൂര്‍ കണ്ണമ്മയില്‍ തുടങ്ങിയ കമലിന്‍റെ അഭിനയ ജീവിതം അന്‍പത്തിയെട്ട് വര്‍ഷം പിന്നിടുന്നു. ഈ കാലയളവില്‍ താരശരീരത്തിലുണ്ടായതുപോലെ നിരവധി മാറ്റങ്ങള്‍ ജീവിതത്തിലും നിലപാടുകളിലുമുണ്ടായി. സിനിമ തന്നെയാണ് കമലിന്‍റെ ശ്വാസവും വിശ്വാസവും. ക്യാമറയ്ക്ക് മുന്നിലും പിന്നിലും പരീക്ഷണങ്ങളുടെ പകര്‍ന്നാട്ടങ്ങള്‍. ഒന്നും രണ്ടുമല്ല ദശാവതാരത്തികവില്‍ എത്തിനില്‍ക്കുന്നു. ഇഷ്ടമുള്ളവര്‍ക്ക് വിളിപ്പേരുകള്‍ നല്‍കുന്ന തമിഴന്‍റെ ശീലം കമലിനെ കാതല്‍ മന്നനും സകലകലാവല്ലഭനും ഉലകനായകനുമൊക്കെയാക്കി.   

തന്‍റെ രാഷ്ട്രീയ നിലപാടുകളും സാമൂഹിക നിരീക്ഷണങ്ങളുമെല്ലാം സിനിമയിലൂടെ കൃത്യമായി കമല്‍ അടയാളപ്പെടുത്താറുണ്ട്. ജാതിപ്പോരിന്‍റെ കഥ പറഞ്ഞ തേവര്‍ മകനില്‍ തുടങ്ങുന്നു ആ സഞ്ചാരം. ഇന്ത്യനും ഉന്നാല്‍ മുടിയും തമ്പിയും അന്‍പേ ശിവവും ഹേ റാമും പച്ചയായ രാഷ്ട്രീയം പറഞ്ഞ സിനിമകളുടെ ശ്രേണിയില്‍പ്പെടുന്നു. 

പെരിയാറിന്‍റെ ദൈവനിഷേധത്തൊപ്പം ഉറച്ചുനില്‍ക്കുമ്പോഴും കമലിന്‍റെ വേഷപ്പകര്‍ച്ചകള്‍ പലതും വെളുത്തുതുടുത്ത, പൂണൂലിട്ട സവര്‍ണബോധത്തിന്‍റെ ആകാരവടിവില്‍ ഒതുങ്ങിനില്‍ക്കുന്നതായിരുന്നു. തീയ്യറ്ററുകളിലെ ആള്‍ക്കൂട്ട ആഘോഷത്തേയ്ക്കാള്‍ ക്ലാസ് ഒാഡിയന്‍സായിരുന്നു കമലിന്‍റെ ബലം. കമലിന് കട്ട ഫാന്‍സ് അസോസിയേഷനില്ല, കമല്‍ഹാസന്‍ നെര്‍പണയേക്കം എന്ന സാമൂഹികസേവന കൂട്ടായ്മയാണുള്ളത്. രക്തദാനക്യാംപുകളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമൊക്കെയായി സജീവമാണവര്‍. 

തന്‍റെ ആസ്വാദകവൃന്ദത്തെ രാഷ്ട്രീയപ്രസ്ഥാനമായി പരിവര്‍ത്തനം ചെയ്യാനാണ് കമല്‍ ഹാസന്‍ ശ്രമിക്കുന്നത്. എന്നാല്‍ രക്തദാനക്യാംപ് സംഘടിപ്പിക്കുന്നതുപോലെ എളുപ്പമല്ല 234 നിയമസഭാ മണ്ഡലങ്ങളും 39 ലോക്സഭാ സീറ്റുകളുമുള്ള ഒരുസംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കുന്നത്. 

ജയലളിതയുടെ മരണവും കരുണാധിനിയുടെ പ്രായാധിക്യവും തമിഴ് രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച നേതൃശൂന്യത മുതലെടുക്കാന്‍ ശ്രമിക്കുകയാണ് കമല്‍ ചെയ്യുന്നത്. രജനികാന്തിന്‍റെ ലക്ഷ്യവും മറ്റൊന്നല്ല. സിനിമയിലെന്നപോലെ രാഷ്ട്രീയത്തിലും രണ്ടുംപേരും രണ്ട് വഴിക്കാണെന്ന് രജനികാന്ത് വ്യക്തമാക്കിക്കഴിഞ്ഞു. ജയലളിതയുടെ പ്രതാപകാലത്ത് അഴിമതിയോ, അധികാരദുര്‍വിനിയോഗമോ ഈ താരരാജക്കന്മാരെ അലോസരപ്പെടുത്തിയിരുന്നില്ല എന്നതാണ് വിചിത്രം. ഇരുവര്‍ക്കും സ്വന്തം സിനിമകളുടെ ബോക്സ് ഒാഫീസ് കളക്ഷനെക്കുറിച്ച് മാത്രമായിരുന്നു ആശങ്ക. എ.പി.ജെ അബ്ദുല്‍ കലാം ജീവിച്ചിരുന്നപ്പോഴോ മരിച്ചശേഷമോ അദ്ദേഹത്തിന്‍റെ സ്വപ്നങ്ങള്‍ക്ക് വിയര്‍പ്പൊഴുക്കാന്‍ കമല്‍ മെനക്കെട്ടിരുന്നല്ല. ഹാസ്യതാരം വിവേകിനെപ്പോലെ കലാമിന്‍റെ സ്വപ്നങ്ങള്‍ക്ക് കൂട്ടായിരുന്നവര്‍ തമിഴ്സിനിമാലോകത്തുണ്ട്. കലാമിന്‍റെ സ്മാരക നിര്‍മ്മാണം വൈകിയപ്പോള്‍ പ്രക്ഷോഭരംഗത്തുണ്ടായിരുന്നവരുടെ കൂട്ടത്തിലും കമലുണ്ടായിരുന്നില്ല. ഇപ്പോഴത്തെ കലാം സ്നേഹം യുവാക്കളെ ആകര്‍ഷിക്കാനെന്ന് വ്യക്തം. ജയലളിതയുടെ മരണശേഷം അണ്ണാഡിഎംകെയിലുണ്ടായ ഒപിഎസ് ഇപിഎസ് അധികാരവടംവലിയില്‍ പക്ഷം പിടിച്ചാണ് കമല്‍ രാഷ്ട്രീയരംഗത്തേയ്ക്കുള്ള വരവറിയച്ചത്. ജെല്ലിക്കെട്ട് സമരത്തിന് പിന്തുണയറിച്ചു. അഴിമതിക്കെതിരായ ട്വീറ്റുകളും മയ്യം വിസില്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷനും. ജനപ്രീതി വോട്ടാക്കിമാറ്റാനാണ് നീക്കമെങ്കില്‍ കമലിന്‍റെ താരപ്രഭാവത്തിന് പഴയ സ്വാധീനമില്ലെന്നതാണ് വസ്തുത.  

എംജിആറും കരുണാനിധിയും ജയലളിതയും സിനിമയുടെ പകിട്ടിനൊപ്പം രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍റെ അനുഭവപാഠങ്ങളുമായാണ് അധികാരം പിടിച്ചത്. കമല്‍ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ച മധുരയുടെ മണ്ണില്‍വെച്ചതുതന്നെയാണ് വിജയ്കാന്ത് സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചത്. കമലിന്‍റെ ചടങ്ങിനെത്തിയതിനേക്കാള്‍ എത്രയോ മടങ്ങ് അധികം ആള്‍ക്കൂട്ടം വിജയ്കാന്തിനെകേള്‍ക്കാനെത്തിയിരുന്നു. രാഷ്ട്രീയത്തില്‍ അടിയും തടയും അഭ്യസിച്ചവര്‍ വിജയകാന്തിന്‍റെ ഉപദേശികളായുണ്ട്. 

പേര് പ്രഖ്യാപിച്ചെങ്കില്‍ പാര്‍ട്ടിക്ക് ശക്തമായ അടിത്തറ പണിയാനുള്ള ശ്രമങ്ങളൊന്നും കമല്‍ നടത്തിയിട്ടില്ല. മക്കള്‍ നീതി മയ്യം ഒരു സന്നദ്ധസംഘടനയെന്ന പ്രതീതിയാണ് ഇപ്പോഴും ബാക്കിയിടുന്നത്. നീതിയെന്ന വാക്ക് ചേര്‍ത്തുവെച്ച മറ്റൊരുരാഷ്ട്രീയപാര്‍ട്ടിയിലൂടെയാണ് ദ്രാവിഡരാഷ്ട്രീയം രൂപപ്പെട്ടത്. 101 വര്‍ഷം മുന്‍പ് പിറവിയെടുത്ത ജസ്റ്റിസ് പാര്‍ട്ടി. അഴിമതിക്കെതിരെ അരവിന്ദ് കേജ്‍രിവാള്‍ ഡല്‍ഹി നടത്തിയതുപോലൊരു കുറ്റിച്ചൂല്‍ വിപ്ലവമാണ് കമല്‍ ലക്ഷ്യമിടുന്നതെങ്കില്‍ തമിഴ്നാടിന്‍റെ വലുപ്പവും വൈവിധ്യവും തടസമാണ്. ഒരു പക്ഷെ മധ്യവര്‍ഗത്തെ സ്വാധീനിക്കാന്‍ കമലിന് കഴിഞ്ഞേക്കാം. ജാതി ദ്രാവിഡ മണ്ണില്‍ ഒരു നിര്‍ണായഘടകമാണ്. ഇടത്താണോ വലത്താണോ നില്‍ക്കുന്നതെന്ന് ചോദിച്ചാല്‍ മധ്യത്തിലാണെന്നാണ് കമലിന്‍റെ മറുപടി. ഇത്തരമൊരു അഴകൊഴമ്പന്‍ നിലപാടികൊണ്ടോ അംബേദ്ക്കറെയും പിണറായി വിജയനെയും ബറാക് ഒബാമയെയും മാതൃകാപുരുഷന്മാരായി പ്രഖ്യാപിച്ചതുകൊണ്ടോ കാര്യമില്ല. പാര്‍ട്ടി നയം എന്താണെന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ല. രജനീകാന്തിന് വലത്തോട്ടാണ് അല്‍പം ചായ്‍വ്. കമലിന്‍റെ വരവോടെ 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു മോദി വിരുദ്ധചേരി കൂടുതല്‍ ബലപ്പെടുന്നതായും വിലയിരുത്തലുണ്ട്. 

അരനൂറ്റാണ്ടിലധികമായി ദ്രാവിഡപാര്‍ട്ടികളുടെ കോട്ടയായ തമിഴകത്ത് കമലിന് എന്ത് മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന് ഇനിയും ഉറപ്പിച്ച് പറയാനായിട്ടില്ല. അണ്ണാഡിഎംകെയുടെയും ഡിഎംകെയുടെയും വോട്ടുകള്‍ എത്രമാത്രം കമല്‍ ഭിന്നിപ്പിക്കുമെന്ന് കണക്കെടുക്കാറായിട്ടില്ല. അല്‍പ്പം കൂടിക്കാത്തിരിക്കണം. കമലിന്‍റെ അന്‍പേ ശിവം എന്ന ചിത്രത്തിലെ ഒറ്റവരി ഡയലോഗ് ഈ ലോകത്ത് ഒരുപാട് അല്‍ഭുതങ്ങള്‍ അടുത്ത നിമിഷം നമുക്കുമുന്നിലെത്താനായി ഒളിച്ചിരിപ്പുണ്ട്.

MORE IN INDIA BLACK AND WHITE
SHOW MORE