വൈവിധ്യമാര്‍ന്ന ചിത്രങ്ങളുടെ നീണ്ടനിര; എക്സ്പോഷർ 2024ലെ കാഴ്ചകളിലേക്ക്

gulf
SHARE

കാലം അടയാളപ്പെടുത്തുന്ന ചിത്രങ്ങളുമായി വീണ്ടും ഷാർജ എക്സ്പോഷർ. പരിസ്ഥിതിയിലെ വിസ്മയക്കാഴ്ചകളും കാലവും ഭരണകൂടങ്ങളും മറച്ചുവയ്ക്കാൻ ശ്രമിക്കുന്ന സത്യങ്ങളുമെല്ലാം ചിത്രങ്ങളായി പ്രദർശനത്തിൽ അണിനിരന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളും ഫോട്ടോഗ്രഫിയുടെ സാധ്യതകളും പരിചയപ്പെടുത്തുന്ന എക്സ്പോഷർ 2024ലെ കാഴ്ചകളിലേക്ക്

പ്രപഞ്ചത്തിലെ വിസ്മയങ്ങളും പ്രകൃതി സൗന്ദര്യങ്ങളും ഫോട്ടോഗ്രഫി പരീക്ഷണങ്ങളും യുദ്ധത്തിന്റെ പരിണിതഫലങ്ങളുമെല്ലാം ഇടകലർന്ന ചിത്രങ്ങൾ. ഫോട്ടോഗ്രാഫിയോടുള്ള പ്രണയം ഫോട്ടോഗ്രഫർമാരെ സാഹസികരാക്കുന്നതിന്റെ നേർക്കാഴ്ചയായിരുന്നു പ്രദർശനം.   യുക്രെയ്ൻ യുദ്ധവും ഇറാഖിലും സിറിയയിലും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിന്റെ അനന്തരഫലവും സ്വാതന്ത്ര്യത്തിനായുള്ള ഹോങ്കോംങ് ജനതയുടെ പോരാട്ടവുമെല്ലാം തുറന്നു കാട്ടുന്നതായിരുന്നു ഫോട്ടോ ജേർണലിസ്റ്റായ നിക്കോൾ ടഗ്ഗിന്റെ ചിത്രങ്ങൾ. ഫോട്ടോജേർണിലസിന്റെ സാധ്യതകൾ വിളിച്ചോതുന്നതായിരുന്നു ഓരോ ചിത്രങ്ങളും. പന്ത്രണ്ട് വർഷത്തിനിടെ വിവിധയിടങ്ങളിൽ നിന്നായി പകർത്തിയ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. യുദ്ധവും കലാപവുമെല്ലാം എങ്ങനെ സാധാരണ ജനതയെ ബാധിക്കുന്നെന്ന് നിക്കോളിന്റെ ചിത്രങ്ങൾ പറയും.

വന്യജീവികളോടുള്ള സ്നേഹവും കരുതലുമാണ് ഇവരെ ഒന്നുചേർത്തത്. ആൻജലേന സ്കോട്ടും ജൊനാതൻ സ്കോട്ടും. കിഴക്കൻ ആഫ്രിക്കയിലെ സെരിൻഗെറ്റിയിലെ വന്യജീവികളെ അടിസ്ഥാനമാക്കിയാണ് നാല് പതിറ്റാണ്ടിലേറെയായി ഇവരുടെ പ്രവർത്തനങ്ങൾ. വൈൽഡ് ലൈഫ് ഫോട്ടൊഗ്രഫിയിൽ ഏറെ താൽപര്യം ആൻജലേനയ്ക്കാണ്. വന്യജീവികളെക്കുറിച്ചുള്ള ജൊനാതന്റെ അറിവ് ഇവരെ ഒരു പെർഫെക്ട് ടീമാക്കി വംശനാശം സംഭവിക്കാതെ ഇവയെ നിലനിർത്തണമെങ്കിൽ ജീവിക്കാൻ സുരക്ഷിതമയൊരു ഇടം ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് പറയുന്നു ഇരുവരും. വന്യജീവികളുടെ ജീവിതം പകർത്തുന്നതിനൊപ്പം അവയെക്കുറിച്ച് പൊതുസമൂഹത്തിന് അവബോധമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇരുവരും സിംഹത്തെയും കടുവയേയുമൊക്കെ ക്യാമറയിൽ പകർത്താനുള്ള ശ്രമം ഇതുവരെ അപകടങ്ങളിലേക്കൊന്നും ചെന്നെത്തിച്ചിട്ടില്ല. അതിനുള്ള കാരണവും ഇരുവരും വ്യക്തമാക്കി. എക്സ്പോഷറിൽ പങ്കാളികളാവാൻ കഴിഞ്ഞതിന്റെ സന്തോഷവും ഇരുവരും പങ്കുവച്ചു

ആസ്വാദനത്തിനൊപ്പം ഫോട്ടോഗ്രഫിയെക്കുറിച്ച് പഠിക്കാനും അവസരമൊരുക്കുന്നതാണ് പ്രദർശനം. പുതുപുത്തൻ ക്യാമറകളും സാങ്കേതിക വിദ്യയിലെ മാറ്റങ്ങളുമെല്ലാം പരിചയപ്പെടുത്തുന്നതായിരുന്നു മേള. ഒരാഴ്ചയിലേറെ നീണ്ട പ്രദർശനം കാണാൻ ഒട്ടേറെ പേരാണ് ഷാർജ എക്സ്പോ സെന്റിലേക്ക് എത്തിയത്. സൂര്യോദയവും അസ്തമയും വിവിധ രാജ്യങ്ങളെ വൈവിധ്യമാർന്ന ഭൂപ്രകൃതിയിൽ വരുത്തുന്ന വിസ്മയങ്ങളാണ് മാർകോ ഗ്രാസിയുടെ ചിത്രങ്ങളെല്ലാം. 25 ചിത്രങ്ങളിൽ എല്ലാം ഒന്നിനൊന്ന് മെച്ചം. പല ചിത്രങ്ങളും ദിവസങ്ങളുടെയും മാസങ്ങളുടെയും കാത്തിരിപ്പിന് ശേഷം പകർത്തിയതാണെന്ന് മാർകോ ആഗ്രഹിച്ച ചിത്രങ്ങൾ കിട്ടണമെങ്കിൽ അൽപസ്വൽപം സാഹസികതയും കായികക്ഷമതയുമൊക്കെ അത്യാവശ്യമാണെന്ന് വ്യക്തമാക്കുന്നതാണ് മാർക്കോയുടെ ചിത്രങ്ങൾ. കുന്നും മലയും മഞ്ഞും താണ്ടി,, പകർത്തിയവയാണ് മിക്കതും. പരുന്തിന്റെ കണ്ണിലൂടെയുള്ള ലോകം പകർത്തിയ സെബാസ്റ്റ്യന്റെ ചിത്രങ്ങൾ കാഴ്ചയുടെ മറ്റൊരു തലത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും. നിർമിത ബുദ്ധിയുടെ സാധ്യതകൾ കോർത്തിണക്കിയ ചിത്രങ്ങളും പ്രദർശനത്തിന്റെ ഭാഗമായി. 1965 മുതൽ ഇങ്ങോട്ടുള്ള ന്യൂയോർക്കാണ് ഷോൺ പീയാഹയുടെ ചിത്രങ്ങൾ. താലിബാന് കീഴിലുള്ള അഫ്ഗാനിസ്ഥാനെയും അഫ്ഗാൻ ജനതയേയും കാട്ടിത്തരികയാണ് അഫ്ഷിൻ ഇസ്മായിലിന്റെ ചിത്രങ്ങൾ. സിനിമാറ്റിക് സ്ക്രീനിംഗ്, വർക്ക് ഷോപ്പുകൾ, സെമിനാറുകൾ- തുടങ്ങി ഇരുന്നൂറോളം പരിപാടികളാണ് എക്സ്പോഷറിന്റെ ഭാഗമായി ഒരുക്കിയത്.   ലോകത്തിലെ വിഖ്യാതരായ ഫോട്ടോഗ്രാഫർമാരും ചലച്ചിത്ര പ്രവർത്തകരും സെമിനാറുകളിലും ചർച്ചകളിലും പങ്കാളികളായി. ഷാർജ ഉപ ഭരണാധികാരിയും മീഡിയാ കൗൺസിൽ ചെയർമാനുമായ ഷൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസ്മിയാണ് ഒരാഴ്ചയിലേറെ നീണ്ടുനിന്ന എക്സ്പോഷർ ഉദ്ഘാടനം ചെയ്തത്. പ്രദർശനത്തിനെത്തിയവരെ കാഴ്ചയുടെ വേറിട്ട തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതായിരുന്നു ഓരോ ചിത്രങ്ങളും.  

Gulf This Week 

MORE IN GULF THIS WEEK
SHOW MORE