ഇന്‍ഡോ അറബ് സംസ്കാരങ്ങളെ വിളിച്ചോതുന്ന ക്ഷേത്രം; ഉദ്ഘാടനത്തിനൊരുങ്ങി ഹിന്ദു മന്ദിർ

Gulf-This--Week
SHARE

മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാ ക്ഷേത്രം പണി പൂർത്തിയായി ഉദ്ഘാടനത്തിന് പൂർണസജ്ജമായി. യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇന്ത്യ യുഎഇ സംസ്കാരങ്ങളെ മനോഹരമായി കോർത്തിണക്കിയാണ് ബിഎപിഎസ് ഹിന്ദു മന്ദിർ നിർമിച്ചിരിക്കുന്നത്. ഏറെ പ്രത്യേകതകളുള്ള ശിലാക്ഷേത്രം പതിനാലിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ക്ഷേത്രത്തിൻറെ വിശേഷങ്ങളിലേക്ക് സ്വാമിനാരായൺ പ്രസ്ഥാനത്തിന്റെ ആത്മീയനേതാവ് ആയിരുന്ന പ്രമുഖ് സ്വാമി മഹാരാജ് 1997ലാണ് അബുദാബിയിലൊരു ക്ഷേത്രം വിഭാവനം ചെയ്തത്. രണ്ടരപതിറ്റാണ്ടിനിപ്പുറം അത് യാഥാർഥ്യമായതാണ് ഈ കാണുന്ന ശിലാക്ഷേത്രം. മധ്യപൂർവദേശത്തെ ഏറ്റവും വലുത്.  ആരാധനയ്ക്ക് തുറന്നുകൊടുക്കാനുള്ള തയ്യാറെടുപ്പുകളാണ് പുരോഗമിക്കുന്നത്. അബുദാബിയിലെ അൽ റഹ്ബ പ്രദേശത്ത് സർക്കാർ സൗജന്യമായി നൽകിയ ഇരുപത്തിയേഴ് ഏക്കർ സ്ഥലത്താണ് ബിഎപിഎസ് ഹിന്ദു മന്ദിർ നിർമിച്ചിരിക്കുന്നത്.

ദൂരക്കാഴ്ചയിൽ തന്നെ വ്യക്തമാണ് ഇന്ത്യ യുഎഇ സംസ്കാരങ്ങളുടെ സമന്വയമാണ് ഈ ശിലാക്ഷേത്രമെന്ന്. ക്ഷേത്രത്തിന് മുന്നിലായുള്ള രണ്ട് കെട്ടിടങ്ങളിലും അറബ് നിർമാണരീതി കാണാം. കാലാവസ്ഥയും ഭൂപ്രകൃതിയുമെല്ലാം കണക്കിലെടുത്താണ് സംസ്കാരങ്ങളെ ഇങ്ങനെ കോർത്തിണക്കിയിരിക്കുന്നത്. തീർന്നില്ല. ക്ഷേത്രത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ തന്നെ അറിയാം നിർമിതിയിലെ വൈവിധ്യം. ഏത് കൊടിയ വെയിലിലും ചൂട് പിടിക്കാത്ത ചൈനീസ് ടൈലുകളാണ് ഇവിടെ പാകിയിരിക്കുന്നത്.  52 രാജ്യങ്ങളിലായി 1200 ഓളം ക്ഷേത്രങ്ങൾ പണിത 'ബോച്ചാസൻ വാസി അക്ഷർ പുരുഷോത്തം സൻസ്ഥ ' എന്ന പ്രസ്ഥാനമാണ്   ക്ഷേത്രനിർമാണത്തിന് ചുക്കാൻ പിടിക്കുന്നത്. മൂന്ന് പുണ്യനദികളുടെ സംഗമസ്ഥാനത്താണ് ക്ഷേത്രം. ഇരുവശത്തുമായി കാണുന്ന ജലധാരകൾ ഗംഗയേയും യമുനയേയും പ്രതിനിധാനം ചെയ്യുമ്പോൾ പ്രകാശകിരണങ്ങളായി സരസ്വതി നദിയുമുണ്ടാകും. ജലധാരകൾക്ക് അരികെ മേൽക്കൂരകളിലും തൂണുകളിലും ചെമ്പിലും പിച്ചളയിലും തീർത്ത മണികളും ഘടിപ്പിച്ചിട്ടുണ്ട്.

ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് ഗോപുരങ്ങളാണ് ഏറ്റവും വലിയ പ്രത്യേകത. ഏഴ് ഗോപുരങ്ങളിലുമായി ഏഴ് പ്രതിഷ്ഠകൾ. ബിഎപിഎസ് സമൂഹത്തിന്റെ ആരാധനാ മൂർത്തിയായ അക്ഷർ പുരുഷോത്തം മഹാരാജ്, ശിവപാർവതിമാരും മക്കളും ഉൾപ്പെടുന്ന ശിവപരിവാർ,  കൃഷ്ണപരിവാ‍ർ, രാം പരിവാർ, തിരുപ്പതി പത്മാവതി, അയ്യപ്പൻ, ജഗന്നാഥ് എന്നിങ്ങനെയാണ് പ്രതിഷ്ഠകൾ. ഏഴ് പ്രതിഷ്ഠകളുമായി ബന്ധപ്പെട്ട കഥകൾ ക്ഷേത്ര ഭിത്തികളിൽ കൊത്തിവച്ചത് കാണാം. രാമായണത്തിലെ പ്രധാന മുഹൂർത്തങ്ങളും  ഇന്ത്യയിലെ പ്രധാനപ്പെട്ട പതിമൂന്ന് ശിവക്ഷേത്രങ്ങളും മഹാഭാരതവും  ഭഗവാൻ സ്വാമിനാരായണ ചരിതവും ഭഗവത്ഗീതയുമെല്ലാം  ഇതിൽ ഉൾപ്പെടും. ശബരിമല കൊടിമരനിർമാണ ശിൽപിയായ അനന്തൻ ആചാരിയുടെയും അനു അനന്തന്റെയും നേതൃത്വത്തിലാണ് അയ്യപ്പന്റെ പഞ്ചലോഹവിഗ്രഹം ഒരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹ വിഗ്രമാണെന്ന പ്രത്യേകതയും ഇതിന് ഉണ്ട്. വസുദൈവ കുടുംബമെന്ന സങ്കൽപത്തെ എല്ലാ അർഥത്തിലും സാക്ഷാത്ക്കരിക്കുന്നതാണ് ബിഎപിഎസ് ഹിന്ദു മന്ദിർ. ജാതിമതഭേദമന്യേ ആർക്കും ആരാധനയ്ക്കായി ഇവിടെ എത്താം. സഹവർത്തിതം സാധ്യമാണെന്നാണ് ക്ഷേത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നതെന്ന് ബിഎപിഎസ് അധികൃതർ വ്യക്തമാക്കി. രാജസ്ഥാനത്തിലെ പിങ്ക് സാൻഡ് സ്റ്റോണും ഇറ്റലിയിൽ നിന്നുള്ള മാ‍ർബിളും ഉപയോഗിച്ചാണ് നിർമാണം. കമ്പികൾ ഉപയോഗിക്കാതെ ,, പ്രത്യേക രീതിയിൽ കൊത്തിയുണ്ടാക്കിയ കല്ലുകൾ കൂട്ടിയോജിപ്പിച്ചാണ് നിർമാണം. അതി സങ്കീർണമായ കൊത്തുപണികളാണ് ഓരോ മാ‍ർബിൾ തൂണുകളിലും. ഇന്ത്യയിലെ  വിദഗ്ധരായ ശിൽപികളുടെ വർഷങ്ങളുടെ കരവിരുതാണ് ഇക്കാണുതെല്ലാം

മതസൗഹാർതത്തിന്റെയും സാഹോദര്യത്തിന്റെും മുദ്രകൾ കാണാം ചുവരിലെ കൊത്തുപണികളിൽ.   2019 ൽ അബുദാബിയിൽ ക്ഷേത്രത്തിൻറെ ആദ്യശില സ്ഥാപിച്ചു. ക്ഷേത്രത്തിൻറെ നിർമ്മാണ ഘട്ടങ്ങളിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, സജ്ഞയ് ദത്ത്, അക്ഷയ് കുമാർ തുടങ്ങിയ പ്രമുഖർ ഉൾപ്പടെ  വിവിധ മേഖലകളിലുളള വിവിധ രാജ്യക്കാരായ, വിവിധ മതവിശ്വാസികളായ 50,000 പേർ ക്ഷേത്രത്തിൽ ശിലാസ്ഥാപനം നടത്തിയിട്ടുണ്ട്. ഇരുപത്തേഴ് ഏക്കർ സ്ഥലത്തിന്റെ പകുതിയോളം പാർക്കിങ്ങിനായാണ് വിനിയോഗിക്കുന്നത്.  പ്രാർഥനാ മുറികൾക്കു പുറമെ ആത്മീയവും സാംസ്‌കാരികവുമായ ആശയ വിനിമയത്തിനുള്ള രാജ്യാന്തര വേദി, സന്ദർശക കേന്ദ്രം, പ്രദർശന ഹാളുകൾ, പഠന മേഖലകൾ, ഗ്രന്ഥശാലകൾ തുടങ്ങിയവയും സജ്ജമാക്കും.

പതിനാലിന് വൈകിട്ട് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രം ഉദ്ഘാടനം ചെയ്യും. യുഎഇ ഭരണാധികാരികളും ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തും. പതിനെട്ടിന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെങ്കിലും തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യുഎഇ നിവാസികളോട് മാർച്ച് ഒന്ന് വരെ കാത്തിരിക്കണമെന്ന് ക്ഷേത്രംഭാരവാഹികൾ അഭ്യർഥിച്ചു. നിലവിൽ റജിസ്റ്റർ ചെയ്തവർക്ക് ദർശനത്തിനെത്താമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംസ്കാരങ്ങളെയും മതങ്ങളെയും  ഒരുമിച്ച് ചേ‍ർക്കുന്ന, ആത്മീയ ഐക്യത്തിന്‍റെ പ്രതീകമായ ക്ഷേത്രത്തിലെത്താൻ ഇതിനകം ഒട്ടേറെപേരാണ് ഓൺലൈൻ റജിസ്ട്രേഷൻ നടത്തി കാത്തിരിക്കുന്നത്.

Gulf This Week

MORE IN GULF THIS WEEK
SHOW MORE