ലോകമെങ്ങും നിന്നുള്ള കാപ്പിയെത്തി; സുഗന്ധം പരത്തി ദുബായ്

gtw-coffee-27
SHARE

കാപ്പി ഇഷ്ടപ്പെടാത്തവർ നന്നേ കുറവായിരിക്കും. കാപ്പിയുണ്ടാക്കുന്ന വേറിട്ട രീതികളും വൈവിധ്യമാർന്ന രുചികളും പരിചയപ്പെടുത്തി  ദുബായിൽ വേൾഡ് ഓഫ് കോഫി മേള. അൻപതിലേറെ രാജ്യങ്ങളിൽ നിന്നായി 1650ലേറെ ബ്രാൻഡുകളാണ്  മൂന്നു ദിവസത്തെ മേളയിൽ പങ്കെടുത്തത്.  ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉൽപാദക‍ർക്കും വിതരണക്കാർക്കും ഒപ്പം ചെറുകിട റസ്റ്ററന്റുകളും കഫേകളുമെല്ലാം മേളയിൽ പങ്കാളികളായി.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ബൈക്കും കാപ്പിയുമൊക്കെയായി റോസ്റ്റർ വില്ലേജിലെ വേറിട്ട സ്റ്റാളായിരുന്നു കഫേ റൈഡർ. അന്വേഷിച്ചപ്പോൾ അറിഞ്ഞു യുഎഇയിൽ ചെറിയ ബൈക്ക് വർക് ഷോപ്പായി ആരംഭിച്ച സംരംഭം കഫേയ്ക്ക് വഴിമാറുകയായിരുന്നു.

എത്യോപ്യയിലാണ് കാപ്പിയുടെ കഥ തുടങ്ങുന്നത്. പതിനഞ്ചാം നൂറ്റാണ്ടായപ്പോഴേക്കും എത്തിയോപ്യൻ മലനിരകളിൽ നിന്ന് ശേഖരിച്ച കാപ്പിക്കുരുവുമായി യമനികൾ കാപ്പി കൃഷി തുടങ്ങി. ഇന്നത്തേതിന് സമാനമായി കാപ്പി കുരു റോസ്റ്റ് ചെയ്ത് അന്നേ കാപ്പി ഉണ്ടാക്കി തുടങ്ങിയിരുന്നു. പതിനാറാം നൂറ്റാണ്ടായപ്പോഴേക്കും മധ്യപൂർവദേശത്തെ മറ്റ് രാജ്യങ്ങളിലേക്കും നോർത്ത് ആഫ്രിക്കയിലേക്കും യൂറേപിലേക്കുമെല്ലാം കാപ്പിയുടെ രുചിയെത്തി.  

രുചിയേറിയ കാപ്പിക്കൂട്ടുകളും പരീക്ഷണങ്ങളും പരിചയപ്പെടുത്തുന്ന നൂറിലേറെ സ്റ്റാളുകൾ.  യുഎഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മാരിയാണ് പ്രദർശന മേള ഉദ്ഘാടനം ചെയ്തത്.. സ്പെഷ്യാലിറ്റി കോഫി അസോസിയേഷൻ യുഎഇ ചാപ്റ്റർ സിഇഓ ഖാലിദ് അൽ മുല്ല അടക്കമുള്ളവർ പങ്കെടുത്തു. ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉൽപാദകരായ ബ്രസീൽ, എത്യോപ്യ തുടങ്ങി ഇന്ത്യയടക്കം ഏറ്റവും മികച്ച കാപ്പി സംഭാവന ചെയ്യുന്ന രാജ്യങ്ങളുടെയെല്ലാം പ്രതിനിധ്യംമേളയിലുണ്ടായിരുന്നു. ഒഡീഷയിലെ ഗോത്ര വർഗക്കാർ സംരംഭിച്ച് തയ്യാറാക്കുന്ന കാപ്പിയുമായാണ് ക്രുതി കോഫി കമ്പനി എത്തിയത്.

ഇന്ത്യൻ കാപ്പി കൂടുതൽ പേരിലേക്ക് എത്തിക്കാനും പുതിയ വിപണി കണ്ടെത്താനും ഇത്തരം മേളകൾ സഹായിക്കും. കാപ്പിയുണ്ടാക്കുന്ന വിവിധതരം മെഷിനുകളും ഗ്രൈന്ററുകളുമെല്ലാം പ്രദർശനത്തിൽ ഉൾപ്പെട്ടിരുന്നു. കപ്പുകൾ, കോഫി മഗ്സ്, കോഫി ഫ്ലാസ്കുകളെല്ലാം എന്നിവയും വിൽപനയ്ക്ക് വച്ചിരുന്നു.

കാപ്പിയുടേയും കാപ്പിപ്പൊടിയുടേയും നിർമ്മാണത്തിലെ പുതിയ സാങ്കേതിക വിദ്യയും മേള പരിചയപ്പെടുത്തുന്നുണ്ട്. ഇന്ന് കാപ്പിയെന്നാൽ ഒരൊറ്റ രുചിയോ കൂട്ടോ അല്ല. പല പേരുകളിൽ പല നിറങ്ങളിൽ പല രുചികളായി കാപ്പി ലഭിക്കും. കോൾഡ് കോഫിയും എക്സ്പ്രസോയും കപ്പിച്ചിനോയും ലാറ്റേയും എന്നുവേണ്ട കാൻഡ് കോഫി വരെ ഇന്ന് ലഭ്യമാണ്. മുന്തിയ ഇനം കാപ്പിക്കുരുക്കളും ബ്രൂവിങ്ങിലെ പുതുരീതികളുമൊക്കെയായി കാപ്പിയുടെ രുചിഭേദങ്ങളെ കാപ്പി പ്രേമികളിലേക്ക് എത്തിക്കുന്നതിൽ കോഫി ഷോപ്പുകളുടെ പങ്ക് വലുതാണ്.

കാപ്പിയുടെ ഗുണമേൻമയും രുചിയുമെല്ലാം മനസിലാക്കാനുള്ള കപ്പിങ് സെഷനായിരുന്നു മേളയുടെ മറ്റൊരു ആകർഷണം. വിവിധ കമ്പനികൾ അവരുടെ കാപ്പിപ്പൊടികളും കാപ്പികളും സന്ദർശകരുടെയും വിദഗ്ധരുടെയും അഭിപ്രായത്തിനായി നിരത്തി വയ്ക്കുന്നതാണ് കപ്പിങ് സെഷൻ. ഓരോ മണിക്കൂറിലും വിവിധ കമ്പനികളുടെ കപ്പിങ് സെഷൻ നടക്കുന്നുണ്ട് ഇവിടെ.

കിഴക്കൻ ആഫ്രിക്കയിലെ ബുറുൻഡി രാജ്യത്ത് നിന്നുള്ള കാപ്പി ഗുണമേൻമയ്ക്കും രുചിയ്ക്കും ഏറെ പേരുകേട്ടതാണ്. കപ്പിങ് സെഷനിലൂടെ കൂടുതൽ പേരിലേക്ക് ഈ രുചിയെത്തുക്കുകയാണ് ഇവർ.  പ്രാദേശിക കോഫി വിപണിയിലെ ഗണ്യമായ വളർച്ചയും വികാസവും ഉയർത്തിക്കാട്ടുന്നതായിരുന്നു മേള. കാപ്പി കൃഷിയിൽ പരിസ്ഥിതി സൗഹൃദ കാർഷിക രീതികൾ സ്വീകരിക്കുന്നതിന്റെ ആവശ്യകതയിലേക്ക് വെളിച്ചം വീശുന്ന പ്രഭാഷണങ്ങളും ശിൽപശാലകളും നടന്നു.  വരുംവർഷങ്ങളിൽ കാപ്പി വിപണിയിൽ ഗണ്യമായ വളർച്ചയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഡാറ്റ ബ്രിഡ്ജ് മാർക്കറ്റ് റിസർച്ച് അനുസരിച്ച്, മെന മേഖലയിലെ കോഫി, എസ്പ്രസ്സോ പാനീയങ്ങളുടെ വിപണി മൂല്യം 2030 ഓടെ ഏകദേശം 133 കോടി ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്.   സംസ്കാരത്തിന്റെയും ആതിഥ്യ മര്യാദയുടെയും പ്രതീകമാണ് ഇന്ന് കാപ്പി. അത് നേർചിത്രം കൂടിയായി മേള. കാപ്പിയുടെ പുത്തൻ ബ്രൂവിങ് ടെക്‌നിക്കുകൾ, റോസ്റ്റിംഗ് ടിപ്പുകളുമെല്ലാം സ്വായത്തമാക്കിയായിരുന്നു മേളക്കെത്തിയ പലരും മടങ്ങിയത്.   

World Coffee Fest in Duabi 

MORE IN GULF THIS WEEK
SHOW MORE