അബുദാബിയില്‍ ഇനി 'നാടക' കാലം; ഭരത് മുരളി നാടകോല്‍സവത്തിന് അരങ്ങൊരുങ്ങി

gulf-this-week
SHARE

പതിവ് തെറ്റിക്കാതെ നാടകത്തെ നെഞ്ചേറ്റി ഭരത് മുരളി നാടകോൽസവത്തിന് അരങ്ങൊരുക്കിയിരിക്കുകയാണ് അബുദാബിയില്‍. സമൂഹം ചർച്ചചെയ്യേണ്ട വിഷയങ്ങൾ അതിനിണങ്ങിയ കഥാപരിസരങ്ങളിലൂടെ അരങ്ങിലെത്തിച്ചിരിക്കുകയാണ് ഓരോ നാടകസമിതികളും. പത്ത് നാടകങ്ങളിൽ ആദ്യം അരങ്ങിലെത്തിയത് ക്രിയേറ്റിവ് ക്ലൗഡ് യുഎഇ അലൈൻ ചാപ്റ്റർ അവതരിപ്പിച്ച സോർബയായിരുന്നു.

ജീവിതത്തെ അത്രമേൽ പ്രണയിക്കുന്ന  സോർബയുടെ കഥ പറഞ്ഞായിരുന്നു ഭരത് മുരളി നാടോകോൽസവത്തിന് അബുദാബിയിൽ തുടക്കം കുറിച്ചത്.  സോർബയുടെയും   പുസ്തകപ്പുഴുവായ  ആഖ്യാതാവിന്റെയും ക്രീറ്റ്  എന്ന സ്ഥലത്തെ ഖനിയിലേക്കുള്ള  യാത്രയുടെ  കഥയാണ്  നിക്കോസ് കസൻ‌ദാക്കീസിന്റെ ലോക ക്‌ളാസിക്കുകളിൽ  ഒന്നായ  "സോർബ ദി ഗ്രീക്ക്.  ഓരോ നിമിഷവും പൂർണ്ണമായി ജീവിക്കണമെന്ന ആശയമാണ് നാടകം മുന്നോട്ടുവെക്കുന്നത്. സമകാലീന വിഷയങ്ങളിലൂന്നിയുള്ള നാടകങ്ങളാണ് അരങ്ങിലെത്തിയവയിലേറെയും. നിറഞ്ഞസദസിന് മുന്നിലായിരുന്നു അവതരണം. കേരളത്തിന്  പുറത്തുനടക്കുന്ന  ഏറ്റവും വലിയ നാടകോൽസവം അബുദാബി സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്.

വംശീയ കലാപത്തിനെതിരെയും യുദ്ധത്തിനെതിരെയും ശബ്ദിക്കുന്ന ജീവലതയെന്ന നാടകം  പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി.  പ്രസിദ്ധ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ സുധാമേനോന്റെ ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ എന്ന കൃതിയിലെ  മീൻ പാടും തേൻ രാജ്യം എന്ന അധ്യായമാണ് അരങ്ങിലെത്തിച്ചത്.  പലതും നേടാനുള്ള നെട്ടോട്ടത്തിൽ നമ്മെ ഗ്രസിക്കാനുള്ളവ മുന്നിലുണ്ടാകുമെന്ന് പറഞ്ഞുവയ്ക്കുന്നു മരണക്കളിയിൽ എന്ന നാടകം. കനൽ തീയേറ്റർ ദുബായ് ആണ് നാടകം അവതരിപ്പിച്ചത്

അവതരണ മഹിമകൊണ്ട് ശ്രദ്ധയമായിരുന്നു പൂച്ച എന്ന നാടകം. നാലാം തൂണെന്ന് വിശേഷിപ്പിക്കുന്ന മാധ്യമ  പ്രവർത്തനത്തിന്റെ പോരായ്മളാണ് നാടകം വരച്ചു കാട്ടുന്നത്. ശരിയായ രീതിയിലുള്ള മാധ്യമ പ്രവർത്തനത്തിന്റെ ആവശ്യകത  നാടകം പറയുന്നു.  മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവൽ നാടകമായ സോവിയറ്റ് സ്റ്റേഷൻ കടവും അരങ്ങിലെത്തി.  സമയത്തിലൂടെയും കാലത്തിലൂടെയും ഉള്ള ഒരു തിരിച്ചു പോക്കാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ജനാധിപത്യത്തെ അധികാര ദുർവിനിയോഗം എങ്ങിനെ ഉന്മൂലനാശനം ചെയ്യപ്പെടുന്നു എന്ന് നാടകം പറയുന്നു. അബുദാബി ശക്തി തിയറ്റേഴ്‌സാണ് നാടകം അവതരിപ്പിച്ചത്.  

വൈക്കം മുഹമ്മദ് ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്ക് എന്ന കൃതിയിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് അവതരിപ്പിച്ച ടോയ്‌മാൻ ശ്രദ്ധേയമായി.  ഫാസിസം,,  ഭയാനകമായ പ്രത്യയശാസ്ത്രമായി എങ്ങനെ പരിണമിക്കുന്നു എന്ന് നാടകം പറയുന്നു. ചമയം തിയറ്റേഴ്‌സ് ഷാർജയാണ് നാടകം അരങ്ങിലെത്തിച്ചത്. ലളിതമായ അവതരണവും ദൃശ്യ ചാരുതയും കൊണ്ട് ഏറെ ശ്രദ്ധേയമായി ട്വിങ്കിൾ റോസയും പന്ത്രണ്ട്  കാമുകന്മാരും എന്ന നാടകം.  സ്ത്രീയുടെ സ്വാതന്ത്ര്യവും സ്വപ്‌നങ്ങളും സ്വാഭാവികതയും സ്നേഹത്തിന്റെ  മനോഹരമായ  ആവിഷ്‌ക്കാരങ്ങളായി കാണുക എന്നത്  പുരുഷത്വത്തിന്റെ പൂർണ്ണതയാണെന്ന് ഓർമപ്പെടുത്തുന്നു നാടകം.

മജു സംവിധാനം ചെയ്ത്  2022  ൽ  പുറത്തിറങ്ങിയ   "അപ്പൻ ".  എന്ന സിനിമയാണ്  ഭൂതങ്ങൾ എന്ന പേരിൽ നാടകമാക്കിയത്. മക്കളെയും ഭാര്യയെയും എല്ലാ കാലത്തും വെയിലത്ത്‌ നിർത്തിയ ഒരു അപ്പന്റെ ജീവിതവും അന്ത്യവുമാണ്   നാടകം പറയുന്നത്. അബുദാബിയും നാടക മൽസരവും തമ്മിൽ അരനൂറ്റാണ്ടിന്റെ ബന്ധമുണ്ട്. 74ൽ ആണ് ഗൾഫിലെ ആദ്യ നാടക മൽസരത്തിന് അബുദാബി വേദിയായത്.  പിന്നീട്  2009-ൽ കേരള സോഷ്യൽ സെന്റർ ആരംഭിച്ച കെഎസ്സി അബുദാബി നാടകോൽസവമാണ് നടൻ മുരളിയുടെ സ്മരണാർഥം 2011 ൽ ഭരത് മുരളി നാടകോൽസവമെന്ന് നാമകരണം ചെയ്തത്.

എല്ലാവർഷവും ഡിസംബറിലാണ്  നാടകോത്സവത്തിലെ മികച്ച നാടകത്തിന് പതിനായിരം ദിർഹമാണ് സമ്മാനം. കേരളത്തിലെ പ്രശസ്തരായ സംവിധായകരാണ് ഓരോ സമിതിയുടെയും നാടകങ്ങൾ സംവിധാനം ചെയ്യുന്നത്. ഇവർക്കൊപ്പം മാറ്റുരയ്ക്കാൻ പ്രവാസികളായ രചയിതാക്കളും സംവിധായകരും എല്ലാവർഷവും ഉണ്ടാകാറുണ്ട്. നാടകത്തെ എത്ര കണ്ട് നെഞ്ചേറ്റുന്നുണ്ട് ഇവരെന്ന് വിളിച്ചോതുന്നതാണ് ഓരോ വർഷത്തെയും ഭരത് മുരളി നാടകോൽസവവും അരങ്ങിലെത്തുന്ന നാടകങ്ങളും

MORE IN GULF THIS WEEK
SHOW MORE