നിര്‍ണായക നയതന്ത്ര നീക്കങ്ങള്‍; ചരിത്രനേട്ടങ്ങൾ: ഗള്‍ഫ് 2023

gulf-this-week-29
SHARE

അങ്ങനെ 2023 വിട പറയുകയാണ്. ഗൾഫിനെ സംബന്ധിച്ച് നിര്‍ണായകമായ നയതന്ത്ര നീക്കങ്ങളുടെ വർഷമാണ് കടന്നുപോകുന്നത്. ഒപ്പം  ബഹിരാകാശമേഖലയിൽ ഉൾപ്പെടെ ചരിത്രപരമായ നേട്ടങ്ങൾ വേറെയും.  കോപ് 28 ഉൾപ്പെടെ സുസ്ഥിതരമായമായ ഭാവിക്കായുള്ള പരിശ്രമങ്ങളിൽ ഗൾഫിന് നിർണായകമായ പങ്ക് വഹിക്കാൻ കഴിഞ്ഞ വർഷം കൂടിയാണ് 2023.  ഗാസ മുനമ്പിലെ ഇസ്രായേൽ പാലസ്തീൻ യുദ്ധമാണ് ഗൾഫ് മേഖലയെ അലോസരപ്പെടുത്തിയ ഘടകം. പാലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എല്ലാ സഹായസഹകരണങ്ങളുമായി യുഎഇ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങൾ രംഗത്തുണ്ട്.

മധ്യപൂർവ ദേശത്തെ അസ്വാരസ്യങ്ങളെ നയതന്ത്രനീക്കങ്ങളിലൂടെ തരണചെയ്ത വർഷമാണ് കടന്നുപോകുന്നത്. അമേരിക്കയെ പിന്തള്ളി മധ്യപൂർവദേശത്ത് സാന്നിധ്യം ശക്തമാക്കാനുള്ള ചൈനയുടെ ശ്രമങ്ങളും, മേഖലയിലെ നിർണായക ശക്തിയാകാൻ ലക്ഷ്യമിട്ടുള്ള സൗദിയുടെ നീക്കങ്ങളുമാണ് പുതിയ മാറ്റങ്ങൾക്ക് പിന്നിൽ.  ചൈനയുടെ മധ്യസ്ഥതയിൽ സൗദിയും ഇറാനും ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും കൈകോർത്തതാണ് മേഖലയിലെ ഈ വർഷത്തെ ഏറ്റവും വലിയ നയതന്ത്രനേട്ടം.  2016ൽ ഷിയാ പുരോഹിതനെ സൗദി വധിച്ചതുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ബന്ധം വഷളായതും   നയതന്ത്രബന്ധം വിച്ഛേദിച്ചതും. എന്നാൽ ഇപ്പോൾ നയതന്ത്രബന്ധം സാധാരണനിലയിലെത്തിക്കാനുള്ള നിരന്തര ശ്രമങ്ങളിലാണ് ഇരുരാജ്യങ്ങളും. കൃത്യമായ ഇടവേളകളിൽ ചൈനയുടെ മധ്യസ്ഥതയിൽ ത്രികക്ഷിയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയാണ് തുടർനടപടികളിലേക്ക് കടക്കുന്നത്.

ഖത്തറുമായി ജിസിസ രാജ്യങ്ങൾ അടുക്കാനും 2023 വഴിവച്ചു. ബഹ്റൈനും യുഎഇയും ഖത്തറുമായുള്ള ബന്ധം പുനസ്ഥാപിച്ചു. 2017ൽ ഖത്തറിന് ഏർപ്പെടുത്തിയ ഉപരോധം നാല് വർഷത്തിന് ശേഷം പിൻവലിച്ചിരുന്നെങ്കിലും യാത്രാ വ്യാപാര ബന്ധങ്ങൾ ബഹ്റൈൻ മാത്രം പുനരാരംഭിച്ചിരുന്നില്ല. നയതന്ത്രബന്ധം പുനസ്ഥാപിക്കാൻ യുഎഇയും മുതിർന്നില്ല. എന്നാൽ ഇക്കഴിഞ്ഞ ജൂണിൽ യുഎഇയും ഖത്തറും എംബസി പുനസ്ഥാപിച്ച് പ്രവർത്തനം തുടങ്ങി. *തീവ്ര ഇസ്ലാമിക സംഘടനകൾക്ക്‌ പിന്തുണ നൽകി എന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ്,, അറബ് രാഷ്ട്രങ്ങൾ ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയിരുന്നത്. ഷിയാ വിഭാഗക്കാരുടെ ശക്തികേന്ദ്രമായ ഇറാനും തുർക്കിയുമായുള്ള ഖത്തറിന്റെ ബന്ധവും ഇതിന് ആക്കംകൂട്ടി. മേഖലയിലെ പ്രബലരായ സൗദി മുന്നിട്ടിറങ്ങിയാണ് അനുരജ്ഞനത്തിലെത്തിയത്*. സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ  എട്ട് വര്‍ഷത്തോളമായി തുടരുന്ന യമന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കും വഴിയൊരുങ്ങിയതും 2023ൽ തന്നെ. *ഒമാന്റെയും ഐക്യരാഷ്ട്ര സഭയുടെയും മധ്യസ്ഥതയിലായിരുന്നു ഹൂതി നേതാക്കളുമായുള്ള സൗദിയുടെ ചർച്ച. തടവുകാരെ മോചിപ്പിച്ച് സമാധാനശ്രമങ്ങൾക്ക് സൗദി ആക്കം കൂട്ടി.*  ഐക്യരാഷ്ട്ര സഭയുടെ മേൽനോട്ടത്തിൽ സമഗ്രവും ശാശ്വതവുമായ രാഷ്ട്രിയപരിഹാര ചർച്ചയിൽ ഏർപ്പെടാൻ യമനിലെ കക്ഷികളെ പ്രോത്സാഹിപ്പിക്കാനും യമൻ ജനതയെ പിന്തുണക്കാനും പ്രവർത്തിക്കുമെന്ന് സൗദി വ്യക്തമാക്കിയിട്ടുണ്ട്. സുഡാനിൽ സൈന്യവും അർധസൈന്യവും തമ്മിലുണ്ടായ ആഭ്യന്തര കലാപത്തിൽ മേഖലയിൽ ഏറ്റവും വലിയ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതും സൗദി തന്നെ.  പിന്നാലെ ഒരു പതിറ്റാണ്ടോളം നീണ്ട ഇടവേളക്ക് ശേഷം സിറിയയുമായി സൗദി  നയതന്ത്രം ബന്ധം പുനസ്ഥാപിച്ചു.  ജിദ്ദയിൽ നടന്ന അറബ് ഉച്ചകോടിയിൽ 12 വർഷത്തിന് ശേഷം സിറിയ പങ്കെടുത്തതിനും 2023 സാക്ഷിയായി.  *അറബ് മേഖലയിൽ സമാധാനം ഉറപ്പ് വരുത്തുന്ന പ്രഖ്യാപനവുമായാണ് അന്ന് അറബ് ഉച്ചകോടി സമാപിച്ചത്.* പിന്നാലെ ഗാസ യുദ്ധത്തിനെ തുടർന്ന് റിയാദ് ആതിഥ്യം വഹിച്ച അടിയന്തിര അറബ് ഉച്ചകോടിയിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും പങ്കെടുത്തു.

മേഖലയിലെ സമാധാനശ്രമങ്ങൾ ഒരു വഴിയ്ക്ക് പുരോഗമിക്കുന്നിടെ ഒരു ചരിത്രനേട്ടങ്ങൾക്ക് കൂടി ,, 2023 വേദിയായി. യുഎഇ സുസ്ഥിരവർഷമായി പ്രഖ്യാപിച്ച 2023ൽ തന്നെ ദുബായ് ആഗോള കാലാവസ്ഥാ ഉച്ചകോടി കോപ്പ് 28ന് വേദിയായി.  കോപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഫോസിൽ ഇന്ധനം പടിപടിയായി കുറയ്ക്കുന്ന കാര്യത്തിൽ അംഗ രാജ്യങ്ങൾക്കിടയിൽ അഭിപ്രായ സമന്വയമായമുണ്ടാക്കാൻ യുഎഇയ്ക്ക് ആയി.  2050 ഓടെ അന്തരീക്ഷ മലിനീകരണം പൂജ്യത്തിലെത്തിക്കാൻ ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള പരിവർത്തനം വേണമെന്ന പ്രമേയത്തിന് അംഗീകാരം നൽകിയാണ് ഉച്ചകോടിക്ക് ദുബായിൽ കൊടിയിറങ്ങിയത്.    

ഒരു വർഷം മുൻപ് കാൽപന്തുകളിയുടെ വിളനിലമായ മണ്ണ് പച്ചപ്പണ്ണിഞ്ഞ് കൃഷിയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പുതുചിന്തകൾ പങ്കുവയ്ക്കുന്ന കാഴ്ചയാണ് 2023ൽ ദോഹ കാത്തുവച്ചിരുന്നത്. ആറുമാസക്കാലം നീണ്ടുനിൽക്കുന്ന രാജ്യാന്തര ഹോട്ടികൾച്ചറൽ എക്സ്പോ  പ്രൗഢഗംഭീരമായി ദോഹ അൽബിദ പാർക്കിൽ പുരോഗമിക്കുന്നു.  ഇതിനകം മൂന്ന് ഗിന്നസ് റിക്കോർഡുകളാണ് ഇവിടെ പിറന്നത്. ലോകത്തിലെ ഏറ്റവും വലിയ ഹരിത മേൽക്കൂരയും ഏറ്റവും വലിയ ത്രീ ഡി പ്രിൻറ് സാങ്കേതിക വിദ്യയയിലൊരുക്കിയ കോൺക്രീറ്റ് നിർമിതിക്കും പിന്നാലെ  മുപ്പത്തി അയ്യായിരം പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് ഏറ്റവും വലിയ വാചകമെഴുതിയാണ് എക്സ്പോ മൂന്നാമതും ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയത്.  

എക്സ്പോ 2020ക്ക് ശേഷം മധ്യപൂർവദേശം ആകാംഷയോടെ കാത്തിരിക്കുന്ന എക്സ്പോയുടെ പ്രഖ്യാപനവും 2023ൽ ആയിരുന്നു. റിയാദ് എക്സ്പോ 2030.  വികസനത്തിൻറെ പാതയിൽ കുതിക്കുന്ന സൗദിയിലേക്ക് ഉറ്റു നോക്കുന്ന ലോകം കാണാൻ കാത്തിരിക്കുന്ന പരിപാടി.  കിരീടാവകാശി  മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച വിഷൻ 2030 പദ്ധതി രാജ്യത്ത് സൃഷ്ടിച്ച മാറ്റത്തിന് കൂടുതൽ കരുത്ത് പകരാൻ എക്‌സ്‌പോ ആതിഥേയത്വം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ബഹിരാകാശമേഖലയിലെ നേട്ടങ്ങളാണ് എടുത്തുപറയേണ്ട മറ്റൊന്ന്.  യുഎഇയുടെ സ്വന്തം ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ബഹിരാകാശത്ത് ചരിത്രം കുറിച്ച വർഷം.  രാജ്യാന്തരനിലയത്തിൽ ആറുമാസമാണ് നെയാദി ചെലവഴിച്ചത്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച എമറാത്തി. ഇരുനൂറിലേറെ പരീക്ഷണങ്ങൾ നടത്തി. ഇതിനിടെ ബഹിരാകാശത്ത് നടന്ന് ചരിത്രത്തിന്റെ ഭാഗം കൂടിയായി സുൽത്താൻ അൽ നെയാദി. എഴ് മണിക്കൂറാണ് നെയാദി ബഹിരാകാശനിലയത്തിന്റെ അറ്റകുറ്റപ്പണികൾക്കായ് സ്പേസ് വോക്ക് നടത്തിയത്. ഇത്തരത്തിൽ സ്പേസ് വോക്ക് നടത്തുന്ന ആദ്യ അറബ് പൗരനാണ് അദ്ദേഹം.  

യുഎഇ ചാന്ദ്രദൗത്യമായ റാഷിദ് റോവർ ചന്ദ്രോപരിതലത്തിൽ തൊട്ടതിനും 2023 സാക്ഷിയായി. ലാൻഡർ തകർന്ന് ദൗത്യം പരാജയപ്പെട്ടെങ്കിലും ബഹിരാകാശരംഗത്ത് യുഎഇയുടെ വലിയ വഴിത്തിരിവായിരുന്നു റാഷിദ് റോവർ. പരാജയത്തിൽ തളരാതെ അടുത്തത് കൂടുതൽ മനോഹരവും വലുതും  ധീരവുമായിരിക്കുമെന്ന് പറഞ്ഞുകൊണ്ട് പുതിയ ചാന്ദ്ര ദൗത്യം പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ.   യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തുമാണ് റാഷിദ് റോവർ രണ്ടിന്റെ പണി തുടങ്ങിയതായി പ്രഖ്യാപിച്ചത്. ബഹിരാകാശ ദൗത്യത്തിന് കൂടുതൽ എമറാത്തി ബഹിരാകാശ സഞ്ചാരികളെ അയക്കാനുള്ള ഒരുക്കത്തിലാണ് യുഎഇ. *ഒപ്പം നാസയുടെ ചാന്ദ്രദൗത്യത്തിൽ എമറാത്തി ബഹിരാകാശ സഞ്ചാരികളെ അയക്കാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.*   

ആദ്യ അറബ് വനിത ബഹിരാകാശത്ത് എത്തിയ വർഷം കൂടിയാണ് 2023. സൗദിയുടെ റയ്യാന ബര്‍ണാവിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയ വനിത. സൗദി യാത്രികൻ അലി അൽ ഖര്‍നിയും റയാനയും അടങ്ങുന്ന നാലംഗ സംഘം കഴിഞ്ഞ മേയിലാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയത്. *യുഎഇയുടെ സുൽത്താൻ അൽ നെയാദിയുടെ ദൗത്യത്തിനിടെയായിരുന്നു എട്ട് ദിവസത്തെ ദൗത്യത്തിനായി സംഘമെത്തിയത്. ഇതോടെ മറ്റൊരു ചരിത്രനിമിഷത്തിന് കൂടി ബഹിരാകാശനിലയം സാക്ഷിയായി. ഒരേ സമയം മൂന്ന് അറബ് വംശജര്‍ ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ചെന്ന ചരിത്രത്തിന് കൂടി പങ്കാളിയായി ആയിരുന്നു ബർണാവിയുടെ മടക്കം. 

വ്യാപാരവാണിജ്യരംഗത്തും വലിയ മാറ്റങ്ങൾക്കാണ് 2023 വഴിവച്ചത്. ജൂലായിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിനിടെയാണ് രൂപയിൽ വ്യാപാരം നടത്താൻ ഇരുരാജ്യങ്ങളും തമ്മിൽ കരാറായത്.  25 കിലോ സ്വർണം 12.84 കോടി രൂപയ്ക്ക് ഇന്ത്യയിലേക്ക് അയച്ചതിന് പിന്നാലെ പത്ത് ലക്ഷം ബാരലിന്റെ ക്രൂഡ് ഓയിൽ ഇടപാട് അബുദാബി നാഷ്ണൽ ഓയിൽ കമ്പനിയും ഇന്ത്യൻ ഓയിൽ കോർപറേഷഷനും തമ്മിൽ രൂപയിൽ നടത്തി. ഇടപാടുകളുടെ ചെലവും സമയവും കുറയ്ക്കുമെന്നതിനൊപ്പം രൂപയുടെ സ്ഥിരത കൂട്ടുമെന്നുമാണ് വിലയിരുത്തൽ. യുഎഇയുടെ ചുവടുപിടിച്ച് റിയാലിലും രൂപയിലും വ്യാപാരം നടത്താനുള്ള തയ്യാറെടുപ്പിലാണ് സൗദിയും.  സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യാസന്ദർശനത്തിനിടെയാണ് ഇത് സംബന്ധിച്ച ചർച്ചകൾക്ക് സജീവമായത്.  

കുവൈത്തിൽ വലിയ രാഷ്ട്രീയമാറ്റങ്ങൾക്ക് വഴിവച്ച വർഷമാണ് കടന്നുപോകുന്നത്. 2020ൽ അമീറായി  ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബ അധികാരമേറ്റതിനുശേഷം നടക്കുന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് ഇക്കഴിഞ്ഞ ജൂണിൽ നടന്നത്.  2022 സെപ്റ്റംബറിലെ തിരഞ്ഞെടുപ്പ് ഫലം  അസാധുവാക്കി ഇക്കഴിഞ്ഞ മാർച്ചിൽ  2020ലെ പാർലമെന്റ് പുനസ്ഥാപിച്ചിരുന്നെങ്കിലും പ്രത്യേക അധികാരം ഉപയോഗിച്ച് അമീ‍ർ പാർലമെന്റ് പിരിച്ചുവിടുകയായിരുന്നു. ഇതാണ് വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. ഭൂരിപക്ഷം നേടി പ്രതിപക്ഷം വിജയിച്ചെങ്കിലും വൈകാതെ കുവൈത്തിന് അമീറിനെ നഷ്ടമായി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഒരുമാസമായി ആശുപത്രിയിൽ ചികിൽസയിലായിരുന്ന അമീർ ഇക്കഴിഞ്ഞ പതിനാറിനാണ് വിട പറഞ്ഞത്. ഇതോടെ കുവൈത്തിലെ പതിനേഴാമത്തെ അമീറായി ഷെയ്ഖ് നവാഫിന്റെ അർധസഹോദരൻ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  

സ്വദേശിവൽക്കരണ നടപടികൾ കർശനമാക്കുന്നതുൾപ്പെടെ ഒട്ടേറെ നിയമപരിഷ്കാരങ്ങളും ഇക്കൊല്ലം സൗദിയിലും യുഎഇയിലും നടന്നു. യു എ ഇയിൽ മുസ്ലിംകൾ അല്ലാത്തവർക്കായുള്ള പുതിയ വ്യക്തിനിയമം നിലവില്‍ വന്നു. തൊഴിൽനഷ്ട ഇൻഷൂറൻസ് പദ്ധതി, നടപ്പാക്കി. കോർപറേറ്റ് ടാക്സ് നിലവിൽ വന്നു. വർക്ക് പെർമിറ്റ് രണ്ട് വർഷത്തിൽ നിന്ന് മൂന്നുവർഷമാക്കി. അവിവാഹിതരായ അമുസ്‌ലിം ദമ്പതികൾക്ക് യുഎഇയിൽ ഐ.വി.എഫ് ചികിത്സയ്ക്ക് അനുമതി .ഗർഭച്ഛിത്രത്തിന് ഭർത്താവിന്റെ സമ്മതം ആവശ്യമില്ലാതാക്കി.. പുതിയ നിയമപ്രകാരം ലൈസൻസുള്ള സ്വകാര്യ ക്ലിനിക്കുകൾക്കും ഗർഭച്ഛിദ്രം നടത്താം. അതോടൊപ്പം വാടക ഗർഭധാരണം കുറ്റകരമല്ലാതാക്കി.മദ്യത്തിനുമേൽ ഏർപ്പെടുത്തിയിരുന്ന 30 ശതമാനം നികുതി ദുബായ് മുനിസിപ്പാലിറ്റി ഒഴിവാക്കി. ഐപിഎൽ മിനി താരലേലത്തിനും ദുബായ് വേദിയായി.

അതേസമയം ടൂറിസം മേഖലയിൽ വൻ പദ്ധതികളുമായി മുന്നേറുകയാണ് സൗദി.  മാറുന്ന രാജ്യത്തിനായി അതിവേഗം വീസ നടപടികൾ പൊളിച്ചെഴുതുകയാണ് സൗദി. ഡിജിറ്റൽ വീസ 1 മിനിട്ടിനകം ലഭിക്കും. ഹജ്ജ്, ഉംറ, ടൂറിസ്റ്റ്, ബിസിനസ്, ജോലി വീസകൾ അതിവേഗം നൽകാൻ 30 മന്ത്രാലായങ്ങളുൾപ്പടെ ഏജൻസികളെ ഒറ്റ പ്ലാറ്റ്ഫോമിലാക്കി. കെ.എസ്.എ വീസ എന്നാണ് പേര്. ഒമാനുമായി സംയുക്ത ടൂറിസം പരിപാടികൾ നടത്താനുള്ള ചർച്ചകൾക്കും സൗദി തുടക്കമിട്ടു. സുസ്ഥിര ടൂറിസം വികസനത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നതിനൊപ്പം പ്രദേശത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യം. ഇന്ത്യയും ഒമാനും തമ്മിലുള്ള നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകളും അന്തിമഘട്ടത്തിലായി. ജനുവരിയിൽ കരാർ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ.  വിദേശനിക്ഷേപകരെ ആകർഷിക്കാൻ പുതിയ പ്രഖ്യാപനങ്ങളാണ് ഇക്കൊല്ലം ഒമാൻ നടത്തിയത്. ഒമാന്‍ റസിഡന്‍സ് കാര്‍ഡ് ഇല്ലാതെയും വിദേശ നിക്ഷേപകര്‍ക്ക്  ഒമാനില്‍ സംരംഭങ്ങള്‍ തുടങ്ങാനാകുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോൽസാഹന മന്ത്രാലയം അറിയിച്ചു.

അതേസമയം മേഖലയിലെ പ്രധാന സുരക്ഷാ -പ്രതിരോധ ഉച്ചകോടിയായ മനാമ ഡയലോഗിന്റെ 19-ാമത് പതിപ്പിന്ഇക്കൊല്ലം  ബഹ്റൈൻ വേദിയായി..  പ്രാദേശികവും രാജ്യാന്തരവുമായ സുരക്ഷയ്ക്കും സുസ്ഥിരതയും പ്രാധാന്യം കൊടുത്തുകൊണ്ടായിരുന്നു ചർച്ച.. ഇതിനുപുറമെ ഫോർമുല വൺ  കാറോട്ട മത്സരം, ജ്വല്ലറി അറേബ്യ തുടങ്ങിയ പരിപാടികൾ കൊണ്ടു സമ്പന്നമായിരുന്നു 2023ൽ ബഹ്റൈൻ. *ക്ലബ് ചരിത്രത്തിലെ റെക്കോർഡ് തുക പ്രതിഫലം വാങ്ങി പോർച്ചുഗൽ താരം ക്രിസ്ത്യാനോ ഡൊണാൾഡോ സൗദിയിലെ അൽ നാസർ ക്ലബിനായി കളിക്കാനിറങ്ങിയതും 2023 തുടക്കത്തിലാണ്.

MORE IN GULF THIS WEEK
SHOW MORE