ഏറ്റവും പുതിയ സുരക്ഷാ സാങ്കേതിക വിദ്യകളുമായി 'ബ്ലാക് ഹാറ്റ്'; വന്‍ഹിറ്റ്

gulf
SHARE

സൈബർ ലോകത്തെ ഏറ്റവും പുതിയ സുരക്ഷാ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തി റിയാദിൽ ബ്ലാക് ഹാറ്റ് രാജ്യാന്തര പ്രദർശനം.  കംപ്യൂട്ടറുകളെയും നെറ്റ്‌വർക്കിങ് സിസ്റ്റത്തേയും തകരാറിലാക്കുന്ന വൈറസ് പ്രോഗ്രാമുകളെ കണ്ടെത്തുന്ന 'കാപ്ചർ ദി ഫ്ലാഗ്' മൽസരവും നടന്നു. വിവിധ വിഷയങ്ങളിൽ 250തിലധികം ശില്പശാലകളും ബ്ലാക് ഹാറ്റിന്റെ ഭാഗമായി ഒരുക്കിയിരുന്നു. അതിന്റെ വിശേഷങ്ങളിലേക്ക്.

ലോകം നേരിടുന്ന സുപ്രധാന വെല്ലുവിളികളിലൊന്നാണ് സൈബർ സുരക്ഷ. നിർമിത ബുദ്ധികൂിെ രംഗപ്രവേശം ചെയ്തതോടെ ഓരോ ദിവസവും പുതിയ ശൈലി സ്വീകരിച്ചും വേറിട്ട രീതി അവലംബിച്ചുമാണ് സൈബർ ലോകത്തെ ക്രിമിനലുകൾ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ സൗദി അറേബ്യ വൻ നിക്ഷേപമാണ് സൈബർ സുരക്ഷാ രംഗത്ത് നടത്തുന്നത്. സൈബർ സുരക്ഷാ രംഗത്ത് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പ്രദർശനം ബ്ലാഗ് ഹാറ്റിന്റെ രണ്ടാമത് എഡിഷനാണ് റിയാദ് വേദിയായത്. 90 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരും 70 രാജ്യങ്ങളിൽ നിന്നായി 350 കമ്പനികളും പങ്കെടുത്തു.  രാജ്യാന്തര സൈബർ സുരക്ഷാ വിദഗ്ധരും പ്രഭാഷകരും വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

രാജ്യാന്തര രംഗത്തെ പ്രഗൽഭർ പങ്കെടുത്ത ശിൽപശാലകളിൽ സൈബർ വീഴ്ചകൾ സൃഷ്ടിക്കുന്ന അപകട സാധ്യതകൾ, ഹാക്കിങ്, നിർമിത ബുദ്ധി ഉപയോഗിച്ചുളള സൈബർ സെക്യൂരിറ്റി ആപ്ലിക്കേഷനുകൾ എന്നിവ ചർച്ചയായി. ആധുനിക കാലത്തെ യുദ്ധമുറയിൽ സോഫ്റ്റ്‌വെയറുകളറുടെ പങ്ക് എന്ന വിഷയത്തിലും ശ്രദ്ധേമായ ചർച്ച നടന്നു. പടക്കോപ്പുകൾ ഉപയോഗിക്കാതെയും ആൾ നാശം ഇല്ലാതെയും ശത്രുരാജ്യത്തെ സ്തംഭിപ്പിക്കാനും അവരുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാനും സൈബർ യുദ്ധങ്ങൾക്ക് കഴിയും. അതുകൊണ്ടുതന്നെ ശത്രുരാജ്യത്തിന്റെ സൈബർ അക്രമണങ്ങളെ പ്രതിരോധിക്കുക എന്നത് ഓരോ രാജ്യത്തിന്റെയും സുപ്രധാന ഉത്തരവാദിത്തമായി മാറി.

മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇന്നത്തെ സൈബർ ലോകം. ഇൻഫർമേഷൻ ടെക്‌നോളജി മാത്രമല്ല ഓപ്പറേഷൻ ടെക്‌നോളജിയും സമന്വയിപ്പിച്ചാണ് വൻകിട പദ്ധതികൾ നടപ്പിലാക്കുന്നത്. സ്മാർട്ട് വില്ലേജുകളിൽ മുതൽ വൻകിട ഉൽപാദന കേന്ദ്രങ്ങളിൽ വരെ ഐടിയും ഒടിയും പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുന്നു. ഇതേ നെറ്റ്‌വർക്കിലുളള ഒരു മൊബൈൽ ഫോൺ വഴി പോലും പ്രവർത്തനം താളം തെറ്റിക്കാൻ സൈബർ ഹാക്കർമാർക്ക് കഴിയും.

സൈബർ സെക്യൂരിറ്റി മേഖലയിലേക്ക് കടന്നുവരുന്നവർക്ക് വിദഗ്ധ പരിശീലനം നൽകുന്ന സ്ഥാപനങ്ങളും പ്രദർശനത്തിൽ പങ്കെടുത്തു. ഒട്ടേറെ ഗിഗാ പ്രൊജക്ടുകൾ നടക്കുന്ന സൗദി അറേബ്യയിൽ വൻ തൊഴിൽ സാധ്യതയാണ് സൈബർ സെക്യൂരിറ്റി രംഗത്തുളളത്. ത്രിദിന സമ്മേളനത്തിലും പ്രദർശനത്തിലും പങ്കെടുത്തവരിൽ 50 ശതമാനം വനിതകളും വിദ്യാർഥികളുമാണ്. സൈബർ ലോകത്തെ ചതിക്കുഴികൾ തൽസമയം അവതരിപ്പിച്ച ചില പവിലിയനുകൾ കാണികളെ അമ്പരപ്പിച്ചു. സൈബർ ലോകത്തെ തട്ടിപ്പുകൾക്കെതിരെ ജാഗ്രത ആവശ്യമാണെന്ന ബോധവൽക്കരണവും നടന്നു. സാങ്കേതിക ജ്ഞാനം ഇല്ലെങ്കിൽ കൂടി സാധാരണക്കാരന് സൈബർ ലോകത്തെ അടുത്തറിയാൻ ഒട്ടേറെ എക്‌സർസൈസുകളും ഒരുക്കിയിരുന്നു.

കംപ്യൂട്ടർ, നെറ്റ്‌വർക്ക് സിസ്റ്റം എന്നിവയെ തകർക്കുന്ന മാൽവെയറുകളെ കണ്ടെത്തുന്നതിന് സംഘടിപ്പിച്ച 'കാപ്ചർ ദി ഫ്‌ളാഗ്' മൽസരത്തിലെ പങ്കാളിത്തക്കൊണ്ടും ബ്‌ളാക് ഹാറ്റ് എക്‌സിബിഷൻ ശ്രദ്ധനേടി. 250 ടീമുകളിലായി ആയിരം മൽസരാർഥികളാണ് വിവിധ രാജ്യങ്ങളിൽ നിന്ന് പല ഘട്ടങ്ങളിലെ മൽസരങ്ങൾ വിജയിച്ച്,, ഫൈനൽ റൗണ്ടിൽ മാറ്റുരച്ചത്.  സൈബർ സീഡ് മൽസരം, എസ്‌കേപ്പ് റൂം ആക്റ്റിവിറ്റികൾ, ചിപ്പ് ഹാക്കിങ് തുടങ്ങി വിവിധ മൽസരങ്ങളും ഈ വർഷം അരങ്ങേറി. വിജയികൾക്ക് 10 ലക്ഷം റിയാലാണ് വിതരണം ചെയ്തത്.

സൗദി അറേബ്യ പ്രഖ്യാപിച്ച വിഷൻ 2030 പദ്ധതിയിലെ സുപ്രധാന അജണ്ടളിലൊന്നാണ് ജനനന്മക്ക് മികച്ച സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുക എന്നത്. അതുകൊണ്ടുതന്നെ ബ്‌ളാക് ഹാറ്റ് പോലുളള പ്രദർശനങ്ങൾ ഭാവിയിൽ രാജ്യത്തിന് കരുത്തു പകരും എന്ന കാര്യത്തിൽ സംശയമില്ല. സൗദിയിലെ വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ സൈബർ സെക്യൂരിറ്റി, പ്രോഗ്രാമിങ് ആൻഡ് ഡ്രോൺ ഫെഡറേഷനാണ് ബ്ലാക് ഹാറ്റിന് ആതിഥേയത്വം വഹിച്ചത്. അമേരിക്കയിലാണ് ബ്ലാക് ഹാറ്റ് പ്രദർശത്തിന് തുടക്കം കുറിച്ചതെങ്കിലും രാജ്യാന്തര തലത്തിൽ ഏറ്റവും കൂടുതൽ സന്ദർശകർ പങ്കെടുത്ത പ്രദർശനമായിരുന്നു റിയാദിലേത്.  

Gulf this week

MORE IN GULF THIS WEEK
SHOW MORE