അറബ് പൈതൃക സംഗമവേദിയായി രാജ്യാന്തര ഫാള്‍ക്കന്‍ പ്രദര്‍ശനം

Gulf
SHARE

അറബികളുടെ ജീവിതത്തിന്റെ ഭാഗമാണ് ഫാല്‍ക്കൺ.  മരുഭൂമിയില്‍ ഫാള്‍ക്കണുകളുമായി വേട്ടക്ക് പോകുന്നത് അറബികളുടെ ഇഷ്ട വിനോദം കൂടിയാണ്. അതുകൊണ്ടുതന്നെ റിയാദില്‍ അരങ്ങേറിയ രാജ്യാന്തര ഫാള്‍ക്കന്‍ പ്രദര്‍ശനം അറബ് പൈതൃകത്തിന്‍റെ സംഗമ വേദികൂടിയായി. അതിന്റെ വിശേഷങ്ങളിലേക്ക്.

ലോകത്തെ ഏറ്റവും വലിയ ഫാല്‍ക്കണ്‍സ് ആന്‍ഡ് ഹണ്ടിംഗ് എക്‌സിബിഷനാണ് റിയാദില്‍ അരങ്ങേറിയത്. ഫാല്‍ക്കണുകളെ ഉപയോഗിച്ച് വേട്ടയാടുന്ന രീതി, പരിശീലനം, മരുഭൂമിയിലെ സാഹസിക യാത്ര എന്നിവയെല്ലാം സമന്വയിപ്പിച്ച സാംസ്‌കാരിക വിനോദ പരിപാടിയാണ് പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയത്.അറബികളുടെ സുപ്രധാന സാംസ്‌കാരിക പൈതൃകങ്ങളിലൊന്നാണ് ഫാള്‍ക്കണുകളെ വളര്‍ത്തുകയും അവയോടൊപ്പം മരുഭൂമിയില്‍ വിനോദത്തിലേര്‍പ്പെടുന്നതും. പുതുതലമുറക്ക് ഫാള്‍ക്കണുകളെ പരിചയപ്പെടുത്താനും ഫാള്‍ക്കണ്‍ അനുബന്ധ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മേള സംഘടിപ്പിച്ചത്. 30 രാജ്യങ്ങളില്‍ നിന്നായി 450 പേരാണ് വിവിധ ഇനം ഫാള്‍ക്കണുകളെ പ്രദര്‍ശിപ്പിച്ചത്. ഒരുപാട് പ്രത്യേകതകളുളള ഫാള്‍ക്കണുകൾക്ക് ചീറ്റപ്പുലിയേക്കാള്‍ വേഗമുണ്ട്. അതുകൊണ്ടാണ് അതിവേഗം ഇരയെ റാഞ്ചാന്‍ കഴിയുന്നതെന്ന് ഫാള്‍ക്കന്‍ മേളയില്‍ അതിഥിയായി എത്തിയ കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. സുബൈര്‍ മേടമ്മല്‍ പറഞ്ഞു.

മാംസഭുക്കായ ഫാള്‍ക്കണുകള്‍ പഴകിയ മാംസം ഭക്ഷിക്കാറില്ല. ഒരു ദിവസം ശരാശരി 500 ഗ്രാം മാംസം ഭക്ഷിക്കും. സാധാരണ ജീവനുളള പക്ഷികളെയാണ് ഇവ ഭക്ഷിക്കുന്നത്. ഫാള്‍ക്കണുകള്‍ക്ക് തീറ്റ കണ്ടെത്തുക എന്നതാണ് വളര്‍ത്തുന്നവര്‍ നേരിടുന്ന വെല്ലുവിളി. പലതരം തീറ്റകള്‍ കൊടുക്കുന്നുണ്ടെങ്കിലും വളര്‍ത്തു കേന്ദ്രങ്ങളില്‍ പ്രധാനമായും നല്‍കുന്നത് ആട്ടിറച്ചിയാണ്. ആകാശത്തു നിന്നു താഴേക്ക് മണിക്കൂറില്‍ 390 കിലോ മീറ്റര്‍ വേഗത്തിൽ സഞ്ചരിച്ച് ഫാള്‍ക്കണുകള്‍ ഇരയെ പിടിക്കുന്നത് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. വളരെ വേഗം താഴ്ന്ന് പറന്ന് മൃഗങ്ങളെ റാഞ്ചാനും അതിനെയും വഹിച്ചു പറക്കാനും ഫാല്‍ക്കനുകള്‍ക്ക് കഴിയും. വായുവിനെ കീറി മുറിക്കാനുള്ള പ്രത്യേക ശേഷിയാണ് ഇതിന് കാരണം. വംശനാശ ഭീഷണി നേരിടുന്നതിനാല്‍ ഇന്ത്യന്‍ ഫാള്‍ക്കണുകളെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതിയില്ല. ഇന്ത്യയില്‍ കാണുന്ന പല ഫാള്‍ക്കണുകളും പാക്കിസ്ഥാനില്‍ നിന്നുസൗദിയിലെത്തുന്നുണ്ട്. സൗന്ദര്യമുളള ഫാള്‍ക്കണുകള്‍ സൈബീരിയയില്‍ നിന്നുളളവയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ധാരാളം ഫാള്‍ക്കണുകള്‍ സൗദിയിലെത്തുന്നുണ്ട്. കൃത്രിമ പ്രജനനത്തിലൂടെ മികച്ച ഫാള്‍ക്കണുകളെ ഉത്പ്പാദിക്കുന്നുണ്ടെന്നും ഡോ. സുബൈര്‍ മേടമ്മല്‍ പറഞ്ഞു.

സൗദി അറേബ്യ, യുഎഇ, ഫ്രാന്‍സ്, അമേരിക്ക, ജര്‍മനി, സ്‌പെയിന്‍, ഐര്‍ലന്റ്, കാനഡ, ഇറ്റലി, പോളണ്ട്, റഷ്യ, യുകെ, ഓസ്ട്രിയ, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നുളള ഫാള്‍ക്കണുകളുടെ ലേലവും മേളയുടെ ഭാഗമായി നടന്നു. രണ്ടു മുതല്‍ നാലു കോടി രൂപ വരെ വിലയുളള ഫാള്‍ക്കണുകളാണ് അറബ് നാടുകളിലെ ഫാള്‍ക്കണ്‍ പ്രേമികള്‍ വേട്ടക്ക് ഉപയോഗിക്കുന്നത്. ലോകത്ത് 40തിലധികം ഇനങ്ങളിൽ ഇവയെ കാണാമെങ്കിലും വേട്ടക്ക് അറബികള്‍ ഉപയോഗിക്കുന്നത് ജിര്‍, സെയ്കര്‍, ഷഹീന്‍ എന്നീ ഇനങ്ങളിലുളള ഫാള്‍ക്കണുകളെയാണ്. കോടികള്‍ വിലവരുന്ന ഫാള്‍ക്കണുകളെ അണിയിക്കുന്ന തൊപ്പികളും പ്രദര്‍ശന നഗരിയിലെ കൗതുകമാണ്. അമേരിക്കന്‍ കമ്പനി പ്രദര്‍ശിപ്പിച്ച സ്വര്‍ണവും രത്‌നവും പതിപ്പിച്ച ഹൂഡുകളുകളുടെ ഏറ്റവും കുറഞ്ഞ വില 17 ലക്ഷം രൂപയാണ്. കണ്ണ് മറച്ചാണ് ഫാള്‍ക്കണുകളെ വളര്‍ത്തുന്നത്. മനുഷ്യരേക്കാള്‍ മൂന്നിരട്ടി കാഴ്ച ശക്തിയുളള ഫാള്‍ക്കണുകള്‍ ഏതു സമയവും അടുത്ത കാണുന്നവയെ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇത്.

വടക്കന്‍ റിയാദിലെ മല്‍ഹമിലെ സൗദി ഫാല്‍ക്കണ്‍ ക്ലബ്ബ് ആസ്ഥാനത്ത് ഒരുക്കിയ മേളയില്‍ ഫാല്‍ക്കണ്‍ വേട്ട, പ്രജനനം, പരിചരണം എന്നിവയില്‍ താല്‍പര്യമുളളവര്‍ക്ക് പരിശീലനത്തിനും അവസരം ഒരുക്കിയിരുന്നു. ഫാള്‍ക്കണുകളെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഡിജിറ്റല്‍ റൂമില്‍ ലോകത്തെ മുഴുവന്‍ ഫാള്‍ക്കനുകളെയും അടുത്തറിയാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. മരുഭൂമിയിലെ യാത്രക്ക് ആവശ്യമായ വാഹനങ്ങളുടെ പ്രദര്‍ശനം, വേട്ടക്ക് പോകുമ്പോള്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍, സാഹസിക യാത്ര, ഫാല്‍ക്കണ്‍റി ടെക്‌നിക്കുകള്‍, ഫാല്‍ക്കണ്‍ ഭക്ഷണങ്ങള്‍ക്കുളള പ്രത്യേക ഉല്‍പ്പന്നങ്ങള്‍, ക്യാംപിങ് ഉപകരണങ്ങള്‍, കര, കടല്‍ സാഹസിക യാത്രകള്‍ക്കും, മത്സ്യബന്ധനത്തിനുമുള്ള ഉപകരണങ്ങള്‍, ഫോട്ടോ പ്രദര്‍ശനം എന്നിവയും അരങ്ങേറി. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ അഞ്ചര ലക്ഷം പേരാണ് ഈ വര്‍ഷം മേള സന്ദര്‍ശിച്ചത്. വിനോദ സഞ്ചാര മേഖലക്ക് കരുത്തുപകരുമെന്ന വിലയിരുത്തലിൽ,, അതിന്റെ സാധ്യതകള്‍ കൂടി പരിഗണിച്ച് ഫാള്‍ക്കണ്‍ പൈതൃകത്തിന്റെ സന്ദേശം വ്യാപിപ്പിക്കാനാണ് സൗദി ഫാള്‍ക്കണ്‍ ക്ലബിന്റെ ശ്രമം.

MORE IN GULF THIS WEEK
SHOW MORE