കരാരില്‍ ഒപ്പിട്ടത് വന്‍ ശക്തികള്‍; സാമ്പത്തിക ഇടനാഴിയിലേക്ക് ഉറ്റുനോക്കി മധ്യപൂർവദേശം

Gulf-This--Week-HD
SHARE

ജി 20 ഉച്ചക്കോടിക്കിടെ പ്രഖ്യാപിച്ച സാമ്പത്തിക ഇടനാഴിയിലേക്ക് ഉറ്റുനോക്കുകയാണ് മധ്യപൂർവദേശം ഒന്നാകെ.  ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രാഥമിക വ്യാപാര പാതയെന്ന നിലയിൽ പ്രദേശത്തിന്റെ ചരിത്രപരമായ സ്ഥാനം ഉറപ്പിക്കുന്നതാണ് പുതിയ സാമ്പത്തിക ഇടനാഴി. ഊർജ വ്യാപാരത്തിന് ഊന്നൽ നൽകുന്നതിലൂടെ, ലോകത്തിന്റെ മറ്റു ഭാഗങ്ങൾക്ക് വിലകുറഞ്ഞതും വിശ്വസനീയവുമായ ഊർജം പ്രദാനം ചെയാൻ മേഖലയ്ക്ക് കഴിയും.

ജി 20 ഉച്ചക്കോടിയുടെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്നാണ് ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴി. പങ്കാളിത്ത രാജ്യങ്ങൾക്കിടയിൽ സാമ്പത്തിക രാഷ്ട്രീയ ബന്ധം ഉറപ്പിക്കുന്നതിനുള്ള പാതയാകും ഇത്. വൻതോതിൽ തൊഴിലവസരങ്ങൾക്ക് വഴിവയ്ക്കും. റോഡ് ഗതാഗതം മൂലമുള്ള ചെലവ് കുറയ്ക്കും, ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കും. ഒപ്പം കാര്യക്ഷമത വർധിപ്പിക്കുകയും സാമ്പത്തിക ഐക്യം വർധിപ്പിക്കുകയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. അമേരിക്ക, ഇന്ത്യ, സൗദി അറോബ്യ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങൾ തമ്മിലാണ് ധാരണാപത്രം ഒപ്പിട്ടത്. ലോക സമ്പദ്‌വ്യവസ്ഥയുടെ പകുതിയും ജനസംഖ്യയുടെ 40 ശതമാനവും ഉൾപ്പെടുന്നതാണ് ഇത്.  ആഗോള വ്യാപാരത്തെയും വികസനത്തെയും പരിവർത്തനം ചെയ്യാനുള്ള ശേഷിയുള്ള വൻ ശക്തികളാണ് കരാറിലേർപ്പെട്ടതെന്നും ശ്രദ്ധേയം.  സാമ്പത്തിക വികസനത്തിനൊപ്പം രാജ്യങ്ങൾ തമ്മിലുള്ള കണക്ടിവിറ്റിയും വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. രണ്ടുമാസത്തിനകം പങ്കാളിത്ത രാജ്യങ്ങൾ പദ്ധതിക്ക് അന്തിമ രൂപം നൽകും.    ചൈനയും പാക്കിസ്ഥാനും ചേർന്ന് 155 രാജ്യങ്ങളെ ഉൾപ്പെടുത്തി നടപ്പാക്കാൻ ശ്രമിക്കുന്ന ബെൽറ്റ് റോഡ് പദ്ധതിക്ക് ബദലാണ് പുതിയ ഇടനാഴി. അംഗരാജ്യങ്ങൾ വായ്പ എടുത്ത് വൻ സാമ്പത്തിക ബാധ്യതകളിൽ അകപ്പെട്ടത് ഉൾപ്പെടെ പലവിധ പ്രശ്നങ്ങളെ തുടർന്ന് ഈ പദ്ധതി തുടങ്ങിയിടത്തുതന്നെയാണ് ഇപ്പോഴും.

രണ്ട് ഘട്ടങ്ങളായി തിരിച്ചാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കിഴക്കൻ ഇടനാഴി ഇന്ത്യയേയും ഗൾഫിനെയും തമ്മിൽ ബന്ധിപ്പിക്കും. വടക്കൻ കോറിഡോ‍ർ യൂറോപ്പിനെയും ഗൾഫിനെയും തമ്മിൽ ബന്ധിപ്പിക്കും. പങ്കാളിത്ത രാജ്യങ്ങളെ കപ്പൽ മാർഗവും റെയിൽ മാർഗവും ബന്ധിപ്പിക്കുന്നതിനൊപ്പം ചരക്ക് സേവന കടത്തുകളും വാണിജ്യ വ്യാപാര ബന്ധങ്ങളും ശക്തമാക്കുകയാണ് ഇടനാഴിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്.  കപ്പൽ റയിൽ ഗതാഗതത്തിനൊപ്പം  ഗ്രീൻ ആൻഡ് ഡിജിറ്റൽ ബ്രിഡ്ജ് കൂടി ഇതിന്റെ ഭാഗമായി വരും. ഇടനാഴി പ്രാവർത്തികമാകുന്നതോടെ വ്യാപാരം നാൽപത് ശതമാനം വേഗത്തിലാകും. ഇന്ധനച്ചെലവ് കുറയും. ഇതോടെ കുറഞ്ഞചെലവിൽ ചരക്കുകൾ കയറ്റി അയക്കാനാകും. ഇതോടെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി കൂടും. ഒപ്പം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വിശാലമായ വിപണി തുറന്നുകിട്ടും.

സമ്പാത്തിക ഇടനാഴി ആഗോള കണക്ടിവിറ്റിക്കും വികസനത്തിനും പദ്ധതി സുസ്ഥിരമായ ദിശാബോധം നൽകുമെന്നാണ് ഇടനാഴി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ഒപ്പം വികസിത ഇന്ത്യയ്ക്കായുള്ള അടിത്തറയാണ് പാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  ഇന്ത്യ യുഎഇ സെപ കരാറിന്റെ ഗുണഫലങ്ങൾ സാമ്പത്തിക ഇടനാഴി യാഥാർഥ്യമാകുന്നതോടെ പതിൻമടങ്ങാകും. യുഎഇയെ സംബന്ധിച്ച് എണ്ണ ഇതര വ്യാപാരം 2031 ഓടെ ഇരിട്ടിയാകുമെന്നാണ് വിലയിരുത്തൽ. സാമ്പത്തിക ഇടനാഴി വഴിയുള്ള വ്യാപാരം വർധിക്കുന്നതോടെ സൗദിയും ഇസ്രായേലും തമ്മിലുള്ള ബന്ധം മെച്ചപ്പെടും. ഇത് ഗൾഫിൽ സാമാധാന അന്തരീക്ഷം നിലനി‍ർത്താനും വലിയ പങ്കുവഹിക്കുമെന്നാണ് കണക്കുകൂട്ടൽ.

ഇന്ത്യയും സൗദിയും കൂടുതൽ അടുക്കുന്നതിൻറെ സൂചന കൂടിയാണ് പുതിയ പദ്ധതി പങ്കാളിയാകാനുള്ള മുഹമ്മദ് ബിൻ സൽമാന്ർറെ തീരുമാനം. ഇന്ത്യയിലെ എണ്ണ ശുദ്ധീകരണ ശാല, സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നിവയില്‍ നിക്ഷേപമിറക്കാന്‍ സൗദി തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വേഗത്തിലാക്കാൻ  പ്രത്യേക ഓഫീസ് ഇന്ത്യയില്‍ തുറക്കും.  പദ്ധതി യാഥാർഥ്യമാകുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ അമേരിക്കയാണ്. മധ്യപൂർവദേശത്ത് നഷ്ടപ്പെട്ടു തുടങ്ങിയ പ്രാധാന്യം തിരിച്ചുപിടിക്കാനുള്ള വലിയൊരു അവസരമാണ് അമേരിക്കയ്ക്ക് ഇത്. ഡോളറിനെ മാറ്റി നിർത്തി സ്വന്തം കറൻസിയിൽ ഇന്ത്യയും യുഎഇയും വ്യാപാരം തുടങ്ങിയുതുൾപ്പെടെ പലവിധ തിരിച്ചടികൾ നേരിട്ട അമേരികയ്ക്ക് പുതിയ സാമ്പത്തിക ഇടനാഴി ഗുണം ചെയ്യും. ഒപ്പം മധ്യപൂർവദേശത്ത് ആതിഥ്യം സ്ഥാപിച്ച് തുടങ്ങിയ ചൈനയെ ഒരുപരിധിവരെ അകറ്റി നിർത്താനും പുതിയ പദ്ധതി വഴി അമേരിക്കയ്ക്ക് കഴിയും. അതേസമയം മധ്യപൂർദേശവുമായുള്ള സഹകരണം രണ്ട് മഹാശക്തികൾ തമ്മിലുള്ള സംഘർഷം ഇല്ലാതാക്കാനും സഹായിക്കുമെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടിന്നു.  ഈ മേഖലയിലെങ്കിലും സമാധാനപരമായി മൽസരിക്കാൻ ഇരുകൂട്ടരും പുതുവഴി കണ്ടെത്തേണ്ടി വരും. 

MORE IN GULF THIS WEEK
SHOW MORE