കൂടുതല്‍ അടുത്ത് ഇറാനും സൗദിയും; യമന്‍ യുദ്ധത്തിന് പരിഹാരം തേടുന്നു

gulf this week5
SHARE

നിര്‍ണായകമാകുന്ന നയതന്ത്ര നീക്കങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മധ്യപൂർവദേശത്ത് നടക്കുന്നത്. അമേരിക്കയെ പിന്തള്ളി ചൈനയുടെ മധ്യസ്ഥതയിൽ ഇറാനും സൗദിയും വീണ്ടും കൈകോ‍ർത്തു. ഇതിനു പിന്നാലെ എട്ട് വര്‍ഷത്തോളമായി തുടരുന്ന യമന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും തുടങ്ങി. ബഹ്റൈനും ഖത്തറും നയതന്ത്രബന്ധം പുനസ്ഥാപിച്ചതിനും ഇക്കഴിഞ്ഞ ദിവസം ലോകം സാക്ഷിയായി.

ബെയ്ജിങ്ങിലെ പ്രഖ്യാപനത്തിന് പിന്നാലെ .. നയതന്ത്രബന്ധം പുനസ്ഥാപിക്കാൻ ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് ഇറാനും സൗദിയും നടത്തുന്നത്. കഴിഞ്ഞ ദിവസം റിയാദിലെത്തിയ ഇറാന്‍ പ്രതിനിധി സംഘം നയതന്ത്രകാര്യാലയങ്ങൾ തുറക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു. ചൈനയുടെ ഇടപെടലാണ് ഇറാൻ സൗദി ബന്ധം മെച്ചപ്പെടുന്നതിന് ആക്കം കൂട്ടിയത്. സൗദി സന്ദർശിക്കാനുള്ള സൽമാൻ രാജാവിന്റെ ക്ഷണം ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സ്വീകരിച്ചത് , അനുരഞ്ജന ശ്രമങ്ങൾ അടുത്തതലത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണ് കണക്കാക്കുന്നത്. റൈസിയുടെ സൗദിയിലേക്കുള്ള ആദ്യ ഔദ്യോഗിക യാത്രയാണിത്.  

ഇതിന് പിന്നാലെയാണ് യമൻ  യുദ്ധത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങൾ.  ഒമാന്റെയും ഐക്യരാഷ്ട്ര സഭയുടെയും മധ്യസ്ഥതയിൽ ഹൂതി നേതാക്കളുമായി സൗദി ചർച്ച നടത്തി.  യമനിലെ സൗദി സ്ഥാനപതി മുഹമ്മദ് ബിൻ സയീദ് അൽ ജബറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ മേധാവി  മഹ്ദി അൽ മഷത്തുമായി ചർച്ച നടത്തിയത്. ഹൂത്തികൾക്കു കൂടി പങ്കാളിത്തമുള്ള സർക്കാർ രൂപീകരിച്ച് പ്രശ്നത്തിന് പരിഹാരം കാണാനാണ് ശ്രമം. യമൻ അതിർത്തികളിൽ സൗദി ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കുക, ഹൂത്തി നിയന്ത്രണത്തിലുള്ള തുറമുഖങ്ങളും സന വിമാനത്താവളങ്ങളും തുറക്കുക തുടങ്ങിയ കാര്യങ്ങളും സമാധാന ചർച്ചയുടെ ഭാഗമാണ്. ഇതോടൊപ്പം റെഡ് ക്രോസിന്‍റെ മധ്യസ്ഥതയില്‍ യമനിലെ യുദ്ധത്തടവുകാരെ വിട്ടയക്കുന്നതിനു യമന്‍ സര്‍ക്കാരും ഹൂത്തികളും ധാരണയിലെത്തിയത് സമാധാന ശ്രമങ്ങളുടെ പുരോഗതിയായാണ് കണക്കാക്കുന്നത്.

ഇതോടൊപ്പം സിറിയയുമായി നയതന്ത്രം ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളിലാണ് സൗദി അറേബ്യ. കഴിഞ്ഞദിവസം ജിദ്ദയിൽ വിദേശകാര്യമന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിൽ കോൺസുലാർ സേവനങ്ങളും വിമാന സർവീസുകളും പുനരാരംഭിക്കാൻ  ധാരണയായി. ആഭ്യന്തര സംഘർഷങ്ങളെ തുടർന്ന് സിറിയയിൽ ഉണ്ടായ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണാനും തീരുമാനിച്ചു. സിറിയയുടെ ഐക്യം, സുരക്ഷ, സ്ഥിരത, പ്രാദേശിക അഖണ്ഡത എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച നടത്തി.   ഭീകരവാദത്തിനും ലഹരിമരുന്ന് കടത്തിനുമെതിരായ പോരാട്ടത്തിൽ സഹകരിക്കാനും തീരുമാനമായി. സിറിയയെ അറബ് ലീഗില്‍ തിരിച്ചെടുക്കുന്നുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്.  

ബഹ്റൈനും ഖത്തറും കൈകോർത്താണ് മധ്യപൂർവദേശത്തെ ഏറ്റവും  പുതിയ നയതന്ത്രനീക്കം. ഖത്തറിന് ഏർപ്പെടുത്തിയ ഉപരോധം,, 2021 ൽ  സൗദിയും യുഎഇയും  ഈജിപ്തും ബഹ്റൈനും  പിൻവലിച്ചിരുന്നെങ്കിലും  യാത്രാ വ്യാപാര ബന്ധങ്ങൾ ബഹ്റൈൻ മാത്രം പുനസ്ഥാപിച്ചിരുന്നില്ല.

 റിയാദിൽ ജിസിസി ജനറൽ സെക്രട്ടേറിയറ്റിന്റെ ആസ്ഥാനത്ത് ചേർന്ന  ബഹ്‌റൈൻ-ഖത്തർ ഫോളോ അപ്പ് കമ്മിറ്റിയുടെ രണ്ടാമത്തെ യോഗത്തിലാണ് നയതന്ത്രബന്ധം പുനസ്ഥാപിക്കാൻ തീരുമാനിച്ചത്. ഐക്യരാഷ്ട്രസഭയുടെ  ചാർട്ടറിന്റെ തത്വങ്ങൾക്കനുസൃതമായി ബഹ്റൈനുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി ഖത്ത‍ർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഉഭയകക്ഷി ബന്ധം വികസിപ്പിക്കാനും ഗൾഫ് ഐക്യവും ഏകീകരണവും വർധിപ്പിക്കാനുമുള്ള പരസ്പര ആഗ്രഹത്തിൽ നിന്നാണ് നീക്കമെന്നും   ഇരുപക്ഷവും സ്ഥിരീകരിച്ചു.

തീവ്ര ഇസ്ലാമിക സംഘടനകൾക്ക്‌ പിന്തുണ നൽകി എന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ്,,  2017ൽ അറബ് രാഷ്ട്രങ്ങൾ ഖത്തറുമായുള്ള  എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചത്. ഷിയാ വിഭാഗക്കാരുടെ ശക്തികേന്ദ്രമായ ഇറാനും തുർക്കിയുമായുള്ള ഖത്തറിന്റെ ബന്ധവും ഉപരോധത്തിന് ആക്കംകൂട്ടി. മേഖലയിലെ പ്രബലരായ സൗദി മുന്നിട്ടിറങ്ങിയാണ് അനുരജ്ഞനത്തിലെത്തിയത്. എന്നാൽ  ഇറാൻ ഖത്തർ ബന്ധത്തിൽ,, സുന്നി വിഭാഗക്കാർ രാജവാഴ്ച നടത്തുന്ന ബഹ്‌റൈനുണ്ടായിരുന്ന കടുത്ത അത‍ൃപ്തിയാണ് നയതന്ത്രം ബന്ധം പുനസ്ഥാപിക്കുന്നതിന് തടസമായിരുന്നത്.

അമേരിക്കയെ പിന്തള്ളി മധ്യപൂർവദേശത്ത് സാന്നിധ്യം ശക്തമാക്കാനുള്ള ചൈനയുടെ ശ്രമങ്ങളും, മേഖലയിലെ നിർണായക ശക്തിയാകാൻ ലക്ഷ്യമിട്ടുള്ള സൗദിയുടെ നീക്കങ്ങളുമാണ് പുതിയ മാറ്റങ്ങൾക്ക് പിന്നിൽ. 

MORE IN GULF THIS WEEK
SHOW MORE