കൈകോര്‍ത്ത് സൗദിയും ഇറാനും; ശത്രുക്കളെ മിത്രങ്ങളാക്കി ചൈനീസ് നീക്കം

Gulf-This-Week
SHARE

ഏറെക്കാലത്തെ ഇടവേളക്ക് ശേഷം സൗദി അറേബ്യയും ഇറാനും നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നു. വിമാന സർവീസുകളും നയതന്ത്ര ദൗത്യങ്ങളും പുനരാരംഭിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.  ബെയ്ജിങ്ങിൽ ചൈനയുടെ മധ്യസ്ഥതയിൽ ചേർന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.  യുഎഇയുമായും ബന്ധംമെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ഇറാൻ. കഴിഞ്ഞദിവസമാണ് യുഎഇ സ്ഥാനപതിയെ ഇറാൻ പ്രഖ്യാപിച്ചത്.

ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം ഇറാനും സൗദിയും നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നു. ബെയ്ജിങ്ങിൽ ചൈനയുടെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദും  ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാനും കരാറുകളിൽ ഒപ്പുവച്ചു. വിമാന സർവീസുകളും നയതന്ത്ര ദൗത്യങ്ങളും പുനരാരംഭിക്കും. റിയാദിലും ടെഹ്‌റാനിലുമുള്ള ഇരുരാജ്യങ്ങളുടെയും എംബസികളും  കോൺസുലേറ്റുകളും തുറക്കാനും തീരുമാനിച്ചു.  സന്ദർശനങ്ങൾ പുനരാരംഭിക്കുന്നതിനും  ഇരു രാജ്യങ്ങളിലെയും പൗരന്മാർക്കുള്ള വീസ അനുവദിക്കുന്നതിന് സൗകര്യങ്ങൾ ഒരുക്കുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. സാമ്പത്തികം, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ശാസ്ത്രം, സംസ്കാരം, കായികം എന്നീ മേഖലകളിലും ഇവർ സഹകരിക്കും.  രാജ്യങ്ങൾ തമ്മിലുള്ള  ദൃഢതയും സുരക്ഷാ സഹകരണ കരാറും സജീവമാക്കാനുള്ള വഴികൾ ചർച്ച ചെയ്യാനും ഇരുകൂട്ടരും താൽപര്യം അറിയിച്ചു. 

ചൈനയുടെ മധ്യസ്ഥത ഫലം കണ്ടതിന്റെ നേ‍ർചിത്രമാണ് ഇക്കണ്ടത്.  മധ്യപൂർവദേശത്തെ ചൈനയുടെ സ്വാധീനം വ്യക്തമാക്കുന്നതാണ് സൗദി ഇറാൻ പുതിയ കൂട്ടുകെട്ട്.   ചൈനയെ സംബ്നധിച്ച് ഉടമ്പടി, ആവശ്യകതയും വലിയൊരു അവസരവുമാണ്.   ഗൾഫ് സഹകരണ കൗൺസിലിലെ   രാജ്യങ്ങൾ ചൈനയുടെ ഊർജ സുരക്ഷാ ആവശ്യങ്ങൾക്ക് നിർണായകമാണ്. അത് ഉറപ്പാക്കുന്നതിനൊപ്പം പ്രാദേശിക രാഷ്ട്രീയത്തിൽ  സജീവമായി ഇടപെടലുകൾ നടത്തി, ശക്തരാകാനുള്ള ചൈനയുടെ തന്ത്രത്തിന്റെ ഭാഗം കൂടിയാണ് ഈ മധ്യസ്ഥവേഷം. ആഗോളതലത്തിൽ അമേരിക്കയുടെ സ്ഥാനമാണ് ലക്ഷ്യം.  ഗൾഫ് രാഷ്ട്രങ്ങൾ ലോക ഭൂപടത്തിലേക്ക് കടന്നുവന്ന 1970കൾ മുതൽ അമേരിക്കയ്ക്കായിരുന്നു ഇവിടെ മേൽക്കൈ.  ഡോണൾഡ് ട്രംപിന്റെ കാലത്ത് ഗൾഫ് മേഖലയിലെ അതിശക്തമായ സ്വാധീനമായി അമേരിക്ക മാറി. എന്നാൽ ജോ ബൈഡന്റെ വരവോട് സ്ഥിതിഗതികൾ മാറിതുടങ്ങി. ബന്ധത്തിന് പഴയ ഊഷ്മളതയില്ല. ബൈഡന്റെ സൗദി വിരോധം,,  മുതലാക്കി അമേരിക്കയ്ക്ക് ഗൾഫ് രാജ്യങ്ങൾ നൽകിയ പദവിയിലേക്ക് എത്താനുള്ള ചൈനയുടെ തന്ത്രപരമായ നീക്കമാണ് ഫലം കണ്ടത്.  മാധ്യമപ്രവർത്തകൻ ജമാൽ ഖഷോക്കിയുടെ കൊലപാതകത്തിൽ സൗദിയ്ക്ക് പങ്കുണ്ടെന്ന അമേരിക്കയുടെ റിപ്പോർട്ട് ബൈഡൻ ശരിവച്ചതോടെയാണ് സൗദി അമേരിക്ക ബന്ധം വഷളായത്. പ്രസിഡന്റ് ആയശേഷം ആദ്യമായി നടത്തിയ സൗദി സന്ദർശനത്തിലും ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന പഴയ സൗഹൃദം പ്രതിഫലിച്ചിരുന്നില്ല. ഈ അതിന് പിന്നാലെയാണ്  അമേരിക്ക എതിർക്കുന്ന ഇറാനുമായി  ബന്ധം പുനസ്ഥാപിച്ചത്. ഇറാനെ കുറ്റപ്പെടുത്തി അറബ് രാജ്യങ്ങളുടെ സൈനിക സഖ്യമുണ്ടാക്കാനുള്ള അമേരിക്കൻ ശ്രമങ്ങളെ പിന്തള്ളിയാണ് പുതിയ നീക്കം.  ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് മുൻകൈയ്യെടുത്ത് ചൈനയുടെ മധ്യസ്ഥതയിൽ നടന്ന  പുതിയ കരാർ മധ്യപൂർവദേശത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറുന്നതിന്റെ നേർചിത്രമാണ്.  അമേരിക്കയെ മാത്രം ആശ്രയിക്കുന്നതിൽ നിന്ന്,, ഗൾഫ് രാജ്യങ്ങളും മാറി ചിന്തിക്കാൻ തുടങ്ങിയത് ചൈനയ്ക്ക് ഗുണമായി.  പ്രാദേശിക താൽപര്യങ്ങൾക്ക് ഒപ്പം നിൽക്കുന്ന വൻശക്തികളുമായി കൈകോർക്കാമെന്ന നിലപാടിലേക്ക് ഗൾഫ് നേതാക്കളും മാറി. രാജ്യത്തിന്റെയും പ്രദേശത്തിന്റെയും വളർച്ചയ്ക്കും താൽപര്യങ്ങൾക്കും  നേട്ടമാകുന്ന ആരെയും പിണക്കേണ്ടതില്ലെന്ന തലത്തിലേക്ക് ഗൾഫ് മാറുന്ന കാഴ്ചയാണ് പുതിയ നീക്കങ്ങൾ. യമനിൽ നിന്ന് സൗദി നേരിടുന്ന വെല്ലുവിളികൾക്ക് അറുതിവരുത്താൻ ഇറാനുമായുള്ള ബന്ധം സഹായിക്കുമെന്നാണ് സൗദിയുടെ കണക്കുകൂട്ടൽ. ഹൂതി വിമതരെ അടക്കി നിർത്താൻ ഇറാൻ വിചാരിച്ചാൽ കഴിയും. 

ഒരുകാലത്ത് മധ്യപൂർവമേഖലയിലെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണക്കാരെന്ന് മുദ്രകുത്തപ്പെട്ട രാജ്യമായിരുന്നു ഇറാൻ. യമനിലെ സംഘർഷം, മധ്യധരണ്യാഴിയിലെ സൈനിക ഇടപെടൽ, സിറിയ, ഇറാഖ്, ലെബനോൻ, പലസ്തീൻ... തുടങ്ങി പശ്ചിമേഷ്യയിലെ എല്ലാ പ്രശ്‌നങ്ങൾക്ക് പിന്നിലും ഒരു ഭാഗത്ത് ഉയർന്നുകേട്ട പേര് ഇറാന്റെതായിരുന്നു.   2016ൽ ഷിയാ പുരോഹതിനെ സൗദി വധിച്ചതിന് പിന്നാലെ ഇറാനിലെ സൗദി നയനതന്ത്രകാര്യാലയം ഷിയാ വിഭാഗക്കാർ ആക്രമിച്ചതോടെയാണ് സൗദി ഇറാൻ ബന്ധം വഷളായത്. ഇതോടെ റിയാദ് ടെഹ്‌റാനുമായുള്ള ബന്ധം വിച്ഛേദിച്ചു. ദീർഘകാല എതിരാളികൾ തമ്മിലുള്ള നിരവധി പ്രശ്‌നങ്ങളിൽ ഒന്ന് മാത്രമായിരുന്നു അത്. അന്ന് അവസാനിപ്പിച്ച നയതന്ത്ര ബന്ധമാണ് ഇപ്പോൾ ഇരുരാജ്യങ്ങളും പുനസ്ഥാപിച്ചത്. ഗൾഫിൽ യുഎഇയും കുവൈത്തുമാണ് ഇറാനുമായി ആദ്യം സഹകരിച്ചത്. കഴിഞ്ഞ  ഓഗസ്റ്റിൽ ഇറാനിലേക്ക് യുഎഇ നയതന്ത്രപ്രതിനിധിയെ അയച്ചു.  ഇറാൻ യുഎഇ ബന്ധം ഊഷ്ളമാക്കുന്നതിന്റെ കാഴ്ചകളും ഇക്കഴിഞ്ഞ ദിവസം കണ്ടു. യുഎഇയിൽ ഇറാൻ സ്ഥാനപതിയെ നിയമിച്ചു.  ഇറാൻ വിദേശകാര്യ മന്ത്രാലയത്തിൽ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ച റെസ അമേരിയാണ് പുതിയ സ്ഥാനപതി. നേരത്തെ അൽജീരിയ, സുഡാൻ, എരിത്രിയ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ അംബാസഡറായി പ്രവർത്തിച്ചു പരിചയവുമുണ്ട്.  2016ന് ശേഷം ഇതാദ്യമായാണ് ഇറാൻ യുഎഇയിൽ സ്ഥാനപതിയെ നിയമിക്കുന്നത്.   ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ചർച്ച ചെയ്യാൻ ഇറാൻ പ്രതിനിധി സംഘം കഴിഞ്ഞ മാസം അബുദാബി സന്ദർശിച്ചിരുന്നു.  

സൗദി സന്ദർശിക്കാനുള്ള   സൽമാൻ രാജാവിന്റെ ക്ഷണം ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സ്വീകരിച്ചതായി കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബർ അറിയിച്ചിരുന്നു. റൈസിയുടെ സൗദിയിലേക്കുള്ള ആദ്യ ഔദ്യോഗിക യാത്രയാണിത്.  ഇരുരാജ്യങ്ങളും തമ്മിലുള്ള അനുരഞ്ജന ശ്രമങ്ങൾ അടുത്തതലത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണ് സൽമാൻ രാജാവിന്റെ ക്ഷണം.  എന്നാൽ യാത്ര എപ്പോഴാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.  2021 ഏപ്രിൽ മുതൽ, ബാഗ്ദാദിൽ ഇരുപക്ഷവും അഞ്ച് റൗണ്ട് ചർച്ചകൾ നടത്തിയതിന് പിന്നാലെയാണ് കഴിഞ്ഞമാസം ഷീ ജിങ് പിങ്ങിനെ മധ്യസ്ഥതയിൽ നയതന്ത്രബന്ധം പുനസ്ഥാപിക്കാൻ ഇരുരാജ്യങ്ങളും സമ്മതം മൂളിയത്. സൗദിയുമായി അടുക്കുന്നത് ഇറാന് സാമ്പത്തികമായി നേട്ടമാണ്. വ്യാപാര ബന്ധം ശക്തമായാൽ നിലവിൽ പ്രതിസന്ധിയിൽ കഴിയുന്ന ഇറാന് വലിയ ആശ്വാസമാകും.  

MORE IN GULF THIS WEEK
SHOW MORE