വില്ലന്‍ അറബ് ഭക്ഷണങ്ങളോ? എന്നാല്‍ അറബ് രാജ്യങ്ങളിൽ ഭക്ഷ്യവിഷബാധ വിരളമാണ്, എന്തുകൊണ്ട്?

gulf-food-safety
SHARE

കേരളത്തിൽ തുടർച്ചയായി ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തതോടെ ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ചർച്ചകളാണ് എങ്ങും. ഷവർമയും കുഴിമന്തിയുമൊക്കെ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അതോടെ അറബ് ഭക്ഷണങ്ങളാണ് വില്ലൻ എന്നും ചിലർ ചൂണ്ടിക്കാട്ടി. എന്നാൽ അറബ് നാടുകളിൽ , ഇത്തരത്തിലൊന്ന് റിപ്പോർട്ട് ചെയ്യുന്നത് വളരെ വിരളമായിട്ടാണ്. ആ സാഹചര്യത്തിലാണ് ദുബായിയിൽ എങ്ങനെയാണ് ഭക്ഷണശാലകളും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നതെന്ന് നോക്കാം. 

നാട്ടിലെ ഭക്ഷണശാലകളും ഗൾഫിലെ ഭക്ഷണശാലകളും തമ്മിലുള്ള വ്യത്യാസം വൃത്തിയാണ്. അക്കാര്യത്തിൽ ഇവിടുത്തെ ഭരണകൂടത്തിന്റെ കണിശത, ഏതൊരു ഭക്ഷണശാലയിൽ ചെന്നാലും കാണാം. പേഴ്സണൽ ഇൻ ചാർജ് തസ്തിക ഇല്ലാതെ ഹോട്ടലിന് പ്രവർത്തിക്കാനാകില്ല. അതിന് നിയമം നിഷ്കർഷിക്കുന്ന പരിശീലനം ആ വ്യക്തി ദുബായ് മുനിസിപ്പാലിറ്റിയിൽ നിന്ന് നേടിയിരിക്കണം.

കൂടാതെ ഓരോതരം ഭക്ഷണപദാർഥങ്ങളും അത് കൈകാര്യം ചെയ്യേണ്ട രീതി മനസിലാക്കി വേണം പാകം ചെയ്യാനും സൂക്ഷിക്കാനും.  അതിനും നിയമം നിഷ്കർഷിക്കുന്ന ക്രമീകരണങ്ങൾ ഭക്ഷണശാലകളിൽ ഉണ്ടായിരിക്കണം.ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള കൃത്യമായ ബോധവൽക്കരണമാണ് നാടിന്റെ മറ്റൊരു പ്രത്യേകത. ജീവനക്കാർക്ക് പരിശീലനം നൽകുന്നതിനൊപ്പം കൃത്യമായ ഇടവേളകളിൽ ബോധവൽക്കരണപരിപാടികൾ സംഘടിപ്പിക്കും. ഓരോ ഹോട്ടലുകളുടെയും ഭക്ഷണരീതി, എടുക്കേണ്ട മുൻകരുതലുകൾ അവരെ തുടർച്ചയായി ഓർമിപ്പിക്കും'

പച്ചമുട്ടയിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറെയും ഉണ്ടാകുന്നത്. അതിനാൽ തന്നെ യുഎഇയിൽ പച്ചമുട്ടയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അത്തരം കേസുകളും വിരളമാണ്. ഭക്ഷ്യവിഷബാധയുണ്ടായാൽ പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. ഭക്ഷണസാംപിൾ മാത്രം പരിശോധിച്ച് ഒരിക്കലും നിഗമനത്തിലെത്തില്ല. ആശുപത്രികളിലെത്തുന്ന കേസുകളിൽ നിന്ന് ഭക്ഷ്യവിഷബാധ സ്ഥരീകരിക്കുന്ന രീതിയും തീർത്തും ശാസ്ത്രീയമാണ്.

അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ കേരളവും ദുബായിയും തമ്മിൽ താരതമ്യം സാധ്യമല്ല. എന്നാൽ നിയമം അൽപം കൂടി ക‍ർശനമാക്കിയാൽ തന്നെ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് മേഖലയിൽ വർഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള ദുബായിയിലെ വിദഗ്ധർ പറയുന്നത്. നിയമങ്ങൾ ഉണ്ടായാൽ മാത്രമല്ല, അത് നടപ്പാക്കാനുള്ള മനസ്ഥിതിയും പ്രധാനമാണ്. 

MORE IN GULF THIS WEEK
SHOW MORE