സിഖ് ഗുരുദ്വാരയോടും ക്രിസ്ത്യൻ പള്ളികളോടും ചേർന്ന് ക്ഷേത്രവും; മതേതത്തിന് മാതൃകയായി യുഎഇ

gulf-this-week
SHARE

സഹിഷ്ണുതയും സഹവർത്തിതവും എല്ലാവരും കണ്ടുപഠിക്കേണ്ട രാജ്യമാണ് യുഎഇ. രാജ്യം മുന്നോട്ടുവയ്ക്കുന്ന സാഹോദര്യത്തിന്‍റെ സന്ദേശത്തിന് ഉദാഹരണങ്ങൾ അനവധിയാണ് ഇവിടെ. ദുബായിയിൽ പണിതുകൊണ്ടിരിക്കുന്ന ഹിന്ദുക്ഷേത്രം അതിലൊന്ന് മാത്രം. രണ്ട് വർഷം മുന്‍പ് നിർമാണം തുടങ്ങിയ ക്ഷേത്രം ഒക്ടോബറിൽ ആരാധനയ്ക്കായ് തുറന്നുകൊടുക്കും. ജബൽ അലിയിൽ ക്ഷേത്രത്തിന്‍റെ പണി അതിവേഗം പുരോഗമിക്കുകയാണ്. അവസാനവട്ട മിനുക്ക് പണികളാണ് നടക്കുന്നത്. ഇന്ത്യൻ- അറബ് വാസ്തുശിൽപ പാരമ്പര്യം കോർത്തിണക്കിയാണ്  ക്ഷേത്രം ഒരുങ്ങുന്നത്. യുഎഇ മുന്നോട്ടുവയ്ക്കുന്ന സഹിഷ്ണുതയും മതേതരചിന്തയും അന്വർഥമാക്കി സിഖ് ഗുരുദ്വാരയോടും ക്രിസ്ത്യൻ പള്ളികളോടും ചേർന്നാണ് പുതിയ ക്ഷേത്രം. എല്ലാദേശക്കാർക്കും ഭാഷക്കാർക്കും മതവിശ്വാസികൾക്കും ഇവിടെവരാം. പ്രാർഥിക്കാം. സഹവർത്തിത്തതിനാണ് പ്രാമുഖ്യം.

2019ൽ ഭൂമിയേറ്റെടുത്ത ക്ഷേത്രത്തിന്‍റെ പണി. 2020 ഓഗസറ്റിലാണ് തുടങ്ങിയത്.  25000 ചതുരശ്ര അടി ഭൂമിയിൽ നാലു നിലകളിലായാണ് നിർമാണം. ഒന്നാം നിലയിലാണ് ആരാധന. പരമശിവനാണ് മുഖ്യപ്രതിഷ്ഠ. കൂടാതെ മറ്റ് 15 മൂർത്തികളുടെ പ്രതിഷ്ഠകളും ഇവിടെയുണ്ടാകും.   മുകളിലെ നിലയിലൊരുക്കിയ വലിയ ഹാളിന് ചുറ്റുമായാണ് ശിവപരിവാർ എന്നപേരിൽ പ്രതിഷ്ഠകൾ.   ശാന്തിയുടെയും അഭിവൃദ്ധിയുടെയും പ്രതീകമായി ഹാളിന് മുകളിൽ മധ്യഭാഗത്തായി താമര കാണാം.  ഇവിടെ 108 അലങ്കാര മണികൾ ഒരുക്കും. സിഖ് മതസ്തരുടെ വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബിനായി പ്രത്യേക മുറി . തുളസി തറയും ഹോമകുണ്ഡവുമെല്ലാം ക്ഷേത്രത്തിൽ ഒരുങ്ങുന്നുണ്ട്. 

കമ്യൂണിറ്റി സെന്‍റും നോളജ് സെന്‍ററുമാണ് ഗ്രൌണ്ട് ഫ്ലോറിൽ ഒരുക്കിയിരിക്കുന്നത്. വിവാഹം ഉൾപ്പെടെയുള്ള ഒത്തുചേരലുകൾക്കും മറ്റുമായി കമ്യൂണിറ്റി ഹാൾ ഉപയോഗിക്കാം. 450 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വലിയ ഹാളിനെ ആവശ്യാനുസൃതം രണ്ടു മുറികളാക്കാനുള്ള സൌകര്യവും ഉണ്ട്. അറിവ് പകർന്ന് നൽകാനൊരിടമായാണ് നോളജ് സെന്‍റർ ഒരുക്കുന്നത്. പാര്‍ക്കിങ്ങിനും മറ്റുമായി  രണ്ട് നിലകള്‍ ഭൂമിക്കടിയിലാണ്.

ദസ്റ ആഘോഷങ്ങളോട് അനുബന്ധിച്ച് ഒക്ടോബർ അഞ്ചിന് യുഎഇ ഭരണാധികളുടെ സാന്നിധ്യത്തിൽ   ഉദ്ഘാടനം ചെയ്യും.   ആദ്യഘട്ടത്തിൽ ആരാധനാലയം മാത്രമേ തുറന്നുകൊടുക്കൂ. രണ്ടാംഘട്ടത്തിലെ മറ്റ് സൌകര്യങ്ങൾ ഉപയോഗിക്കാൻ കഴിയൂ.  മകരസംക്രാന്തിയോട് അനുബന്ധിച്ച് ജനുവരി 14നായിരിക്കും കമ്യൂണിറ്റി സെന്‍റർ ഉൾപ്പെടെയുള്ള രണ്ടാഘട്ടത്തിന്‍റെ ഉദ്ഘാടനം.

വിവിധദേശക്കാരായ ഇരുനൂറിലേറെപേരാണ് ക്ഷേത്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ജയ്പൂരിൽ നിന്നാണ് മാർബിളുകൾ എത്തിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെത്തുന്നവരുടെ സൌകര്യരാർഥം പടികൾക്ക് പുറമെ റാംപും ഒരുക്കിയിട്ടുണ്ട്.  

 ദിവസം 1200 പേർക്ക് ദർശനത്തിനെത്താനുള്ള സൌകര്യം ഉണ്ട് ഇവിടെ. വിശേഷദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ക്യു ആർ കോഡ് ഉപയോഗിച്ച് ബുക്കിങ്ങിനുള്ള സൌകര്യമുണ്ടാകും. 

അതേസമയം അബുദാബിയിലെ അബൂ മുറൈഖയില്‍ മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രത്തിന്‍റെ പണി പുരോഗമിക്കുകയാണ്.  ബാപ്‌സ് ഹിന്ദു മന്ദിറിന് പുറമെ ദുബായിൽ ഒരുങ്ങുന്ന പുതിയ ക്ഷേത്രം യുഎഇയുടെ മതേതര മൂല്യങ്ങളുടെ ശോഭ കൂട്ടുന്നു. 

ദുബായിലെ വളരെ പ്രോമിസിങ് ആയൊരു ആർട്ടിസ്റ്റിനെയാണ് ഇനി പരിചയപ്പെടുത്തുന്നത്. വർഷ സജു നായർ. ചിത്രകാരിയാണ്, ചെറുപ്രായത്തിൽ ചിത്രരചനയിൽ ഒരു താൽപര്യവും കാണിക്കുന്നില്ലെന്ന് പറഞ്ഞ് ടീച്ചർ തിരിച്ചയച്ച കുട്ടിയാണ് ഇന്ന് രാജ്യാന്തര മേളകളിൽ  ലൈവായി ചിത്രം വരച്ച് ആസ്വാദകരെ വിസ്മയിപ്പിക്കുന്നത്. 

പ്രിയപ്പെട്ട അധ്യാപികയ്ക്കുള്ള സമ്മാനത്തിന്‍റെ പണിപ്പുരയിലാണ് വർഷ. കൃഷ്ണഭക്തയായ ടീച്ചർക്ക് വേണ്ടിയാണ് പതിവ് ശൈലിവിട്ടൊരു ചിത്രരചനയിലേക്ക് തിരിഞ്ഞത്. ഏതൊരു ആർട്ടിസ്റ്റിനെപോലെ വരച്ച് വരച്ച് പരുവപ്പെട്ടതാണ് വർഷയിലെ കലാകാരി. കുഞ്ഞുനാളിൽ ചിത്രരചനയിൽ താൽപര്യമില്ലെന്ന് പറഞ്ഞ് അധ്യാപകൻ തിരിച്ചയച്ച കുട്ടി  ആറുവർഷം മുന്‍പമാണ് വീണ്ടും ബ്രഷ് കയ്യിലെടുത്തത്.  വര വഴങ്ങുന്ന ആരെയും പോലെ കാണുന്നതെല്ലാം വരച്ചുനോക്കി തന്നെയായിരുന്നു തുടക്കം. പൂക്കളും കായ്കനികളും പ്രകൃതിയുമെല്ലാം വർഷയ്ക്ക് അനായസം വഴി. പിന്നെ അതായി ജീവിതം. പതുക്കെ ഓരോ വിഷയത്തെ ആധാരമാക്കിയായി വര. അതിനായി ഗഹനമായ പഠനങ്ങൾ നടത്തി. 

വരയ്ക്കൊപം വായനയാണ് മറ്റൊരു ഇഷ്ടം. വായിച്ചറിഞ്ഞതിൽ പലതും വർഷയുടെ കാൻവാസിൽ ചിത്രങ്ങൾക്ക് പ്രചോദനമാണ്. സാമൂഹ്യപ്രതിബന്ധയുള്ള വിഷയങ്ങൾ കാൻവാസിൽ തനത് ശൈലിയിൽ അവതരിപ്പിക്കുന്നതാണ് ഈ കലാകാരിയെ വ്യത്യസ്തയാക്കുന്നത്. സ്ത്രീശാക്തീകരണമാണ് .iMMERse in colours .. പ്രമേയം. നൃത്തംചെയ്യുന്ന സ്ത്രീകളിലൂടെയാണ് അത് അവതരിപ്പിച്ചത്.

ഇപ്പോൾ ചിത്രരചനയ്ക്കുള്ള വിഷയം തിരഞ്ഞെടുക്കുന്നത് വീട്ടിലെല്ലാവരും ചേർന്നാണ്. വർഷയുടെ വരകളിലൂടെ  ചിത്രരചനയുടെ എല്ലാതലങ്ങളും മാതാപിതാക്കളായ സജുവിനും ..... മനപാഠം. മകളുടെ കഴിവുകൾ കണ്ടറിഞ്ഞ് എല്ലാ പ്രോൽസഹാനവും നൽകി ഇവരുണ്ട് എപ്പോഴും. അമ്മ നിർദേശിച്ചതാണ് ചക്രതീം. ദ സപ്കോണ്‍ഷ്യസ് പാത് എന്ന പേരിൽ ഏഴ് ചിത്രങ്ങളാണ് ഈ സീരിസിൽ വരച്ചത്. 

അൻപതിലേറെ രാജ്യങ്ങളിലെ കലാകാരൻമാരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുന്ന വേൾഡ് ആർട് ദുബായിൽ രണ്ടുതവണയാണ് വർഷയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. കഴിഞ്ഞ തവണ വർഷയുടെ രണ്ട് സിരീസാണ് ഉൾക്കൊള്ളിച്ചിരുന്നത്. ദ ബ്യൂട്ടി ഓഫ് എക്സിസ്റ്റൻസ് എന്ന പേരിൽ ഒരുക്കിയ സീരീസ് മനുഷ്യവികാരങ്ങളെയാണ് അവതരിപ്പിച്ചത്. ദ സപ്കോണ്‍ഷ്യസ് പാത എന്ന സിരീസും വേൾഡ് ആർട്ടിൽ പ്രദർശിപ്പിച്ചു. 

സംഗീതവും നൃത്തവും പഠിച്ചായിരുന്നു കലാരംഗത്തേക്കുള്ള കടന്നുവരവ്. പതുക്കെ വരയും വർണങ്ങളുമായി വർഷയുടെ ലോകം. ഇന്ന് ജീവസുറ്റ  വർഷയുടെ ചിത്രങ്ങൾ തേടിയെത്തുന്നവർ അനവധിയാണ്. വൻകിട ഹോട്ടലുകൾ വരെ ആക്കൂട്ടത്തിലുണ്ട്.  പെന്‍സിൽ... ചാർക്കോൾ വരകളും അനായാസം വഴങ്ങും. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നതപഠനത്തിനായി യുകെയിലേക്ക് പറക്കാനൊരുങ്ങുകയാണ് വർഷ. ഫോറൻസിക് സയൻസാണ് വിഷയം. ഇഷ്ടവിഷയങ്ങളായ നിയമവും ശാസ്ത്രവും ഇതിലുണ്ടെന്നാതാണ് തിരഞ്ഞെടുക്കാൻ കാരണം.  പുസ്തകങ്ങളോടുള്ള ചങ്ങാത്തമാണ് ഈ വിഷയത്തിലേക്ക് വർഷയെ നയിച്ചത്.

പഠനത്തിനൊപ്പം കലയുടെ മറ്റൊരുതലം യുകെയിൽ കാത്തിരിക്കുന്നുണ്ടെന്ന സന്തോഷം കൂടിയുണ്ട് ഈ കാലാകാരിക്ക്. ചിത്രരചനയിൽ കൂടുതൽ അറിവുകൾ നേടാൻ യുകെയിലെ ജീവിതം സഹായിക്കുമെന്നാണ് പ്രതീക്ഷ. ഗുരുക്കൻമാരുടെയും മാതാപിതാക്കളുടെ അനുഗ്രാഹിശുകളോടെ ജീവിതത്തിന്‍റെ പുതിയയൊരു അധ്യയത്തിലേക്ക് കടക്കുകയാണ് വർഷ.

സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം ആഘോഷിക്കുകയാണ് ഇന്ത്യ. ആസാദി കാ അമൃത് മഹോൽസവ് എന്ന പേരിൽ രാജ്യം സ്വാതന്ത്ര്യം കൊണ്ടാടുമ്പോൾ നാട്ടിലില്ലാത്തതിന്‍റെ  സങ്കടമുണ്ട് പ്രവാസികൾക്ക്. എങ്കിലും ഗൾഫിലും ആഘോഷങ്ങൾക്ക് കുറവൊന്നുമില്ല. ദേശീയ ഗാനം ആലപിച്ച് വീഡിയോ ഇറക്കിയാണ് യുഎഇയിലെ ഇന്ത്യൻ വനിതാഡോക്ടർമാർ ആഘോഷങ്ങളുടെ ഭാഗമായത്.

യുഎഇയിലെ വിവിധ എമിറേറ്റുകളിലായി സേവനം അനുഷ്ഠിക്കുന്ന 53 ഡോക്ടർമാർ ചേർന്നാണ് ദേശീയഗാനം ആലപിച്ചത്. ജനിച്ച വളർന്ന നാടും സംസ്കാരവും വിട്ട് പ്രവാസജീവിതം നയിക്കുന്ന ഒരുപറ്റം ഡോക്ടർമാരുടെ കൂട്ടായ്മയാണ് ഡിഎൻഎസ് എമിറേറ്റ്. എല്ലാവരും ഡോക്ടർമാരാണെങ്കിലും ഇവരെ ചേർത്തുവച്ച മറ്റൊന്നു കൂടിയുണ്ട്. സാരിയോടുള്ള സ്നേഹം. കൂട്ടായ്മ രൂപീകരിച്ചതിന് ശേഷമുള്ള എല്ലാ ഒത്തുചേരലുകളിലും സാരി അണിഞ്ഞ് വരണമെന്നത് നിർബന്ധമാണ്. രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം ആഘോഷിക്കുമ്പോൾ എന്ത് ചെയ്യാമെന്ന എന്ന ചിന്തയാണ് ദേശീയഗാനം ആലപിച്ചൊരു വീഡിയോ ചെയ്യുന്നതിലേക്ക് എത്തിയത്.

ഫുട്ബോൾ ആരാധകർക്കായ് വമ്പൻ ഓഫറുമായി ഫിഫ. ഖത്തർ ലോകകപ്പിന്‍റെ 100 ദിവസത്തെ കൌണ്‍ഡൌണ്‍ ശനിയാഴ്ച തുടങ്ങാനിരിക്കെ ഓപ്പണിങ് മൽസരത്തിന് ടിക്കറ്റ് സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.  മോൾ ഓഫ് ഖത്തറിൽ ശനിയാഴ്ചയാണ് 100 ദിന കൌണ്‍ഡൌണിന്‍റെ ഗ്രാന്‍ഡ് ഫിനാലെ.   അതേസമയം ഫൈനൽ നടക്കുന്ന ലുസെയ്ൽ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം കേങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. ആരാധകർക്ക് റോഡ് മാർഗമെത്താൻ സൌദിയിൽ പുതിയ സല്‍വ ലാന്‍ഡ് ബോര്‍ഡര്‍ ക്രോസിങ്ങിന്‍റെ പരീക്ഷണ പ്രവര്‍ത്തനം തുടങ്ങി.

ഫിഫ ലോകകപ്പിന്‍റെ 100 ദിന കൗണ്ട് ഡൗണ്‍ ആഘോഷങ്ങള്‍ക്കൊരുങ്ങി ഖത്തര്‍. ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ഖത്തറിലെ താമസക്കാര്‍ക്ക് ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തിന്‍റെ ടിക്കറ്റ് സ്വന്തമാക്കാനും അവസരമൊരുക്കുകയാണ് ഫിഫ. ഈ മാസം 13 വരെയാണ് കൗണ്ട് ഡൗണ്‍ ആഘോഷം. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയാണ് 100 ദിന കൗണ്ട് ഡൗണ്‍ ആഘോഷത്തിനൊപ്പം ഫുട്‌ബോള്‍ ആരാധകര്‍ക്ക് അല്‍ ബെയ്ത് സ്‌റ്റേഡിയത്തില്‍ ഖത്തറും ഇക്വഡോറും തമ്മിലുള്ള ലോകകപ്പ് ഉദ്ഘാടന മത്സരത്തിന്‍റെ ടിക്കറ്റ് നേടാനുള്ള അവസരം ഒരുക്കുന്നത്.   

രാജ്യത്തുടനീളമായുള്ള ഷോപ്പിങ് മാളുകളിലാണ് ആഘോഷങ്ങള്‍ നടക്കുക. ഫണ്‍ ഗെയിമുകള്‍, ഷോകള്‍, തല്‍സമയ പ്രകടനങ്ങള്‍ എന്നിവയ്‌ക്കൊപ്പം ആരാധകര്‍ക്ക് ഫുട്‌ബോള്‍ കളിക്കാനുള്ള കഴിവുകള്‍ പരിശോധിക്കാനുള്ള അവസരവും ലഭിയ്ക്കും. നിശ്ചിത ഗെയിമുകളിൽ പങ്കെടുത്ത് ഫുട്ബോൾ കളിക്കാനുള്ള കഴിവ് പ്രകടിപ്പിക്കുന്നവരിൽ ഏറ്റവും അധികം സ്കോർ ചെയ്യുന്നവർക്കായിരിക്കും ടിക്കറ്റ് ലഭിക്കുക. ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലും  പ്ലേസ് വിന്‍ഡോമിലും   മാള്‍ ഓഫ് ഖത്തറിലുമായാണ് ആഘോഷങ്ങൾ.    

അതേസമയം ഫൈനൽ മൽസരം നടക്കുന്ന ലുസെയ്ൽ സ്റ്റേഡിയത്തിന്‍റെ നിർമാണം പൂർത്തിയായി.   ഉദ്ഘാടനം ഏറ്റവും മികച്ചതാക്കാനുള്ള തയാറെടുപ്പിലാണ്  സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി.   ഫൈനല്‍ ഉള്‍പ്പെടെ 10 മത്സരങ്ങള്‍ക്ക് സ്റ്റേഡിയം വേദിയാകും.   ഖത്തര്‍ ലോകകപ്പില്‍ ഏറ്റവുമധികം മത്സരങ്ങള്‍ക്ക് വേദിയാകുന്നതും ലുസെയ്ല്‍ തന്നെ. ദോഹ നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ മാത്രം അകലെയുള്ള ലുസെയ്ല്‍ സ്റ്റേഡിയം ഖത്തറിന്‍റെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ ഏറ്റവും വലുതുമാണ്. ചുറ്റുമതിലില്‍ നിറയെ സ്റ്റേഡിയം നിര്‍മിച്ച തൊഴിലാളികളോടുള്ള ആദരവായി അവരുടെ ചിത്രങ്ങളും പതിച്ചിട്ടുണ്ട്. അറബ് ലോകത്ത്,,  ഉപയോഗിക്കുന്ന പരമ്പരാഗത സുവര്‍ണ യാന പാത്രത്തിന്‍റെ ആകൃതിയാണ് സ്റ്റേഡിയത്തിന്. ഫനാര്‍ വിളക്കിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വെളിച്ചവും നിഴലും ഇഴ ചേര്‍ന്നുള്ളതാണ് ഡിസൈന്‍.  

ഫോസ്റ്റര്‍ പ്ലസ് പാര്‍ട്‌ണേഴ്‌സ് ആണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.  80,000 പേര്‍ക്കുള്ള ഇരിപ്പിടം. സ്റ്റേഡിയത്തിന് അകത്ത് ഖത്തറിന്‍റെയും അറബ് ലോകത്തിന്‍റെയും പൈതൃകവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന ഡിസൈനാണ് ഒരുക്കിയത്. കളിക്കാര്‍ക്കായി ലോകോത്തര നിലവാരത്തിലുള്ള ഡ്രസിങ് റൂമുകൾ. മൽസരം വിലയിരുത്താനുള്ള ഡിജിറ്റല്‍ സ്‌ക്രീന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഡ്രസിങ് മുറികളിലുണ്ട്.  പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടിയ നൂറിലധികം സ്‌കൈബോക്‌സുകളാണ് സ്റ്റേഡിയത്തിനുള്ളത്. വിശാലമായ പാര്‍ക്കിങ് സൗകര്യങ്ങളുമുണ്ട്. ഫിഫയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച്, സുപ്രീം കമ്മിറ്റിയുടെ ഉംസലാല്‍ അലിയിലെ ടര്‍ഫ് ആന്‍ഡ് ട്രീ നഴ്‌സറിയില്‍ വികസിപ്പിച്ചെടുത്ത ടര്‍ഫ് ആണ് പിച്ചില്‍ ഉപയോഗിച്ചിരിക്കുന്നത്.  തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ശീതീകരണ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന കൂളിങ് സംവിധാനം തന്നെയാണ് ഇവിടെയും. ഇരിപ്പിടത്തിന്‍റെ താഴെയാണ് വായു തണുപ്പിക്കാനുള്ള സംവിധാനം. 

അതിനിടെ ഖത്തറിലേക്ക് കളി കാണാൻ കരമാർഗം എത്താൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമായി  സൗദി അറേബ്യയുടെ പുതിയ സല്‍വ ലാന്‍ഡ് ബോര്‍ഡര്‍ ക്രോസിങ്ങിന്‍റെ പരീക്ഷണ പ്രവര്‍ത്തനം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.  പഴയതിനേക്കാള്‍ ആറിരട്ടി ശേഷിയുള്ളതാണ് പുതിയ ക്രോസിങ്.   അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളിലായി പ്രതിദിനം 24,800 വാഹനങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്.     അതിര്‍ത്തിയിലെ അബു സമ്ര ബോര്‍ഡര്‍ ക്രോസിങ്ങിലേ പ്രവേശന നടപടികള്‍ സുഗമമാക്കാനുള്ള പ്രവർത്തനങ്ങളിലാണ് ഖത്തറും.  കഴിഞ്ഞ വര്‍ഷമാണ് അബു സമ്ര ബോര്‍ഡര്‍ ക്രോസിങ്ങിലെ കസ്റ്റംസിന്‍റെ പുതിയ പരിശോധനാ കേന്ദ്രം  പ്രവര്‍ത്തനം തുടങ്ങിയത്. സൗദി അറേബ്യ ഉള്‍പ്പെടെ മറ്റ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്ന് വരുവന്നർക്ക്  ഏറെ സഹായകമാകും പുതിയ ക്രമീകരണങ്ങൾ.

MORE IN GULF THIS WEEK
SHOW MORE