മത്സ്യവിപണി എങ്ങനെയാകണം; ഗൾഫ് മാതൃക; മന്ത്രിമാർക്ക് കണ്ടുപഠിക്കാം

gulf-this-week
SHARE

ഭക്ഷണ- മത്സ്യ വിപണിയെക്കുറിച്ചു ആശങ്കകളുണർത്തുന്ന ഒട്ടേറെ വാർത്തകളാണ് നാം ഈയിടയായി കേൾക്കുന്നത്. മത്സ്യവിപണി എങ്ങനെയാകണമെന്നതിന് മികച്ച മാതൃകകൾ ഗൾഫ് രാജ്യങ്ങളിലുണ്ട്. മന്ത്രിമാരടക്കമുള്ളവർ ഇവിടേക്കെത്തുമ്പോൾ കണ്ടുപഠിക്കുകയും നാട്ടിൽ നടപ്പാക്കുകയും ചെയ്യേണ്ട മാതൃകകൾ. അത്തരമൊരു ഇടത്തേക്കാണ്, അജ്മാനിലെ മീൻമാർക്കറ്റിലേക്കാണ് യാത്ര.

സമയം രാവിലെ 6.30. ചൂടുകാലമാണ്. കടലിൽ നിന്നും മലയാളികളടക്കമുള്ളവരായ മീൻപിടുത്തക്കാർ എത്തിച്ച മീനുകളാണ് ഇവിടെ ലേലത്തിനായി വച്ചിരിക്കുന്നത്. അജ്മാൻ മുനിസിപ്പാലിറ്റി നിയോഗിച്ച തദ്ദേശീയരായ ജീവനക്കാർ വിലനിലവാരമനുസരിച്ച് ലേലം വിളിക്കുകാണ്. മീൻ നേരിട്ട് കണ്ട് കച്ചവടക്കാർ അവരുടെ താൽപര്യമനുസരിച്ച് ലേലം വിളിച്ചെടുക്കുന്നു. 

2007 ൽ തുറന്ന ഈ മീൻ മാർക്കറ്റിൽ നൂറിലേറെ കടകളിലായി നാണൂറോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഭൂരിപക്ഷവും മലയാളികൾ. മൂപ്പതുവർഷത്തോളമായി അജ്മാനിൽ മീൻകച്ചവടമേഖലയിൽ ജോലി ചെയ്യുന്നവരുമുണ്ട് ഇക്കൂട്ടത്തിൽ. അങ്ങനെ ലേലം വിളിച്ചെടുത്ത മീൻ നേരേ കടകളിലേക്കെത്തിക്കും. അവിടെ നിന്നും പൊതുജനങ്ങൾക്ക് നേരിട്ട് കണ്ട് വിലകൊടുത്തുവാങ്ങാം. ചൂര, നെയ്മീൻ, ഹമൂർ, കൊഞ്ച്, അയല അങ്ങനെ എല്ലാത്തരം മീനുകളും ഇവിടെ സുലഭമായി ലഭിക്കും. ഓരോ കടകളിലും നല്ല വൃത്തിയുള്ള ചുറ്റുപാടിലാണ് മീൻ പ്രദർശിപ്പിച്ചിരിക്കുന്നത്. വൃത്തിയായിരിക്കുകയെന്നത്  ഇവിടെ നിയമമാണ്. അല്ലെങ്കിൽ വലിയ വിലകൊടുക്കേണ്ടി വരും.

മുനിസിപ്പാലിറ്റി, ആരോഗ്യവിഭാഗം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ ഏതാണ്ടെല്ലാദീവസവും പരിശോധനയ്ക്കെത്തും. പഴകിയ മീനാണോയെന്ന് പരിശോധിക്കും. പഴകിയ ഒരു മീനെങ്കിലുമുണ്ടെങ്കിൽ  മൂന്നുദിവസത്തേക്കെങ്കിലും കട അടച്ചിടേണ്ടി വരും. പിഴശിക്ഷ അടയ്ക്കേണ്ടിയും വരും. നിയമലംഘനം കണ്ടെത്തിയാൽ പിഴത്തുകയടയ്ക്കാതെ കട തുറക്കാനുമാകില്ല. അത്രത്തോളം കർശനമായാണ് പരിശോധനയും സംവിധാനങ്ങളും. എന്തെങ്കിലുമൊരു പ്രശ്നം വരുമ്പോൾ മാത്രമല്ല പരിശോധന. ജനങ്ങൾക്ക് നല്ല മത്സ്യം വൃത്തിയുള്ള ചുറ്റുപാടുകളിൽ നിന്നും ലഭ്യമാക്കുകയെന്നത് സർക്കാരിൻറെ ഉത്തരവാദിത്തമാണെന്ന പൂർണബോധ്യമുള്ളതിനാൽ അതിനുള്ള പരിശോധനയും സംവിധാനങ്ങളും സർക്കാർ തന്നെ ഉറപ്പാക്കുന്നു.

ഏറ്റവും വൃത്തിയേറിയ ചുറ്റുപാടായിരിക്കണം ഇവിടെയുണ്ടായിരിക്കേണ്ടതെന്നാണ് മുനിസിപ്പാലിറ്റി നിഷ്കർഷിച്ചിരിക്കുന്നത്. മാർക്കറ്റും പരിസരവും വൃത്തിയാക്കാൻ മാത്രം അൻപതോളം ജീവനക്കാരുണ്ട്. തറയിൽ അഴുക്കുവെള്ളം വീഴുന്നില്ലെന്നുറപ്പാക്കും. ഓരോരുത്തരുടേയും കടയിലെ വൃത്തി അവർതന്നെ ഉറപ്പാക്കണം. ആവശ്യക്കാർക്ക് ഇഷ്ടപ്പെട്ട മത്സ്യങ്ങൾ വാങ്ങി ഇവിടെത്തന്നെ അത് വെട്ടിനൽകും. നമ്മൾ ആവശ്യപ്പെടുന്ന തരത്തിൽ. അതിനായി നൂറോളം ജീവനക്കാരെ ഏർപ്പെടുത്തിയിട്ടുണ്ട്. 

യുഎഇയിലെ വിവിധ ഇടങ്ങളിലേക്ക് മാത്രമല്ല. സൌദിയടക്കം രാജ്യങ്ങളിലേക്കും ഇവിടെ നിന്നും മീൻ കൊണ്ടുപോകുന്നുണ്ട്. ഇറാൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ബോട്ടുകളിൽ പിടിക്കുന്ന മീൻ ഇവിടെലേലം ചെയ്യാനെത്തിക്കുന്നുണ്ട്. രാവിലേയും വൈകിട്ടും ലേലമുണ്ടാകും. 24 മണിക്കൂറും തുറന്നിരിക്കുന്ന കടകളുമുണ്ട്. ഓരോ ദിവസവും പ്രവാസിമലയാളികളടക്കം ആയിരങ്ങളാണ് ഇവിടെ മീൻ വാങ്ങാനെത്തുന്നത്. നാട്ടിൽ നിന്നും വികസനപദ്ധതികളും സംവിധാനങ്ങളുമൊക്കെ പഠിക്കാൻ വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരുമൊക്കെ ഇവിടം സന്ദർശിക്കണം. എങ്ങനെയാണ് ഇത്തരം മാർക്കറ്റുകൾ പ്രവർത്തിക്കുന്നതെന്ന് പഠിക്കേണ്ടിയിരിക്കുന്നു.

ജൂൺ 21 നായിരുന്നു രാജ്യാന്തരയോഗാ ദിനാചരണം. രാജ്യം, വർണം, മതം തുടങ്ങി എല്ലാ അതിർവരമ്പുകൾക്കപ്പുറത്തുനിന്നും ലോകം പരിശീലിക്കുന്ന ആരോഗ്യസമ്പ്രദായമായി യോഗ മാറിക്കഴിഞ്ഞു. ഇരുന്നൂറോളം രാജ്യക്കാർ വസിക്കുന്ന യുഎഇയിലെ സുഡാൻ സ്വദേശിയായ ഒരു യോഗാധ്യാപികയെയാണ് ഇനി പരിചയപ്പെടുന്നത്. അൽ ഐനിൽ താമസിക്കുന്ന ഹൈഫ മുഹമ്മദ്. ഹൈഫയുടെ യോഗാജീവിത വിശേഷങ്ങളാണ് ഇനി കാണുന്നത്.

ഇന്ത്യയെന്താണെന്നോ ഇന്ത്യയുടെ സാംസ്കാരിക,ജീവിതരീതികളെന്താണെന്നോ അറിവില്ലാതിരുന്ന ഒരു സുഡാൻ യുവതി. ഈ വർഷത്തെ  രാജ്യാന്തര യോഗാദിനത്തോടനുബന്ധിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൻറെ ക്ഷണപ്രകാരം ദുബായിൽ പ്രവാസിഇന്ത്യക്കാരടക്കമുള്ളവരെ യോഗപരിശീലിപ്പിക്കുന്നു. അവരാണ് യുഎഇയിൽ താമസിക്കുന്ന സുഡാൻ സ്വദേശി ഹൈഫ മുഹമ്മദ്. യോഗ ജീവിതചര്യയാക്കി, മറ്റുള്ളവരെ യോഗയിലേക്കടുപ്പിക്കുന്നതിനായി നിരന്തരം പരിശ്രമിക്കുകയാണ് ഫൈഫ മുഹമ്മദ്. പതിനെട്ടാം വയസിൽ പുസ്തകത്തിലൂടെയാണ് യോഗയെക്കുറിച്ചറിയുന്നത്. വിഡിയോയിലൂടെയും അധ്യാപകരിലൂടെയും യോഗയെക്കുറിച്ചുകൂടുതൽ മനസിലാക്കി. ഒടുവിൽ ഇപ്പോൾ യുഎഇയിൽ യോഗാധ്യാപനത്തിൽ സജീവമായിരിക്കുന്നു.

യുഎഇയിൽ പഠിച്ചുവളർന്ന ഹൈഫ മുഹമ്മദ് 21 വർഷങ്ങൾക്കു മുൻപ് യോഗയുടെ ആദ്യപാഠങ്ങൾ പഠിക്കുമ്പോൾ യുഎഇയിൽ യോഗ അത്ര പ്രചാരത്തിലില്ലായിരുന്നു. എന്നാൽ ഇത് സ്ഥിതി മാറി. എല്ലായിടത്തും യോഗാപഠന കേന്ദ്രങ്ങളുണ്ട്. പഠിപ്പിക്കാൻ അധ്യാപകരും. കുട്ടികളടക്കമുള്ളവർ യോഗയിൽ സജീവമാകുന്നത് സന്തോഷം പകരുന്ന കാഴ്ചയാണ്. യോഗയെക്കുറിച്ച് നൂറുനാവോടെയാണ് ഹൈഫ സംസാരിക്കുന്നത്. യോഗ പരിശീലിച്ചുതുടങ്ങിയശേഷം ജീവിതത്തിൽ നല്ലമാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. 

നിലവിൽ അൽഐനിൽ താമസിക്കുന്ന ഹൈഫ മുഹമ്മദ്, ദുബായ് ഉൾപ്പെടെ വിവിധ എമിറേറ്റുകളിൽ യോഗപരിശീലനം നൽകുന്നുണ്ട്. എല്ലാവരും യോഗ പരിശീലിക്കണമെന്നാണ് അഭ്യർഥന. കാരണം വ്യക്തിജീവിതത്തിലെ മാറ്റങ്ങളിലൂടെ മാത്രമേ സമൂഹത്തിൽ നല്ല മാറ്റങ്ങളുണ്ടാക്കാനാകൂവെന്നാണ് ഈ സുഡാൻ സ്വദേശിയുടെ അഭിപ്രായം. 

ഇതുവരെ ഇന്ത്യ സന്ദർശിച്ചിട്ടില്ലാത്ത ഹൈഫ, അടുത്തുതന്നെ ഇന്ത്യയിലേക്കെത്താനാകുമെന്ന പ്രതീക്ഷയിലാണ്. ഇന്ത്യയുടെ സാസംസ്കാരിക വൈവിധ്യത്തെ ഏറെ ഇഷ്ടപ്പെടുന്നു. വരുംനാളുകളിലും യോഗയുടെ പ്രാധാന്യം കൂടുതൽ പേരിലേക്കെത്തിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുനീങ്ങുകയാണ് ഹൈഫയുടെ ലക്ഷ്യം. അതിനായി വിവിധരാജ്യക്കാരായ കുട്ടികളടക്കമുള്ളവർക്കു യോഗാപരിശീലനം നൽകാൻ മുന്നിൽ നിൽക്കുകയാണ് യുഎഇയിൽ താമസിക്കുന്ന ഈ പ്രവാസിയുവതി.

ആരോഗ്യമുള്ള മനസും ശരീരവുമായി സന്തോഷത്തോടെ ജീവിക്കുകയെന്ന സന്ദേശവുമായി ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളും സ്വദേശികളും യോഗയെന്ന പൌരാണിക ആരോഗ്യപരിപാലന സമ്പ്രദായത്തിൻറെ ഭാഗമായി. തിരക്കും സമ്മർദ്ദങ്ങളുമേറിയ ലോകത്ത് യോഗയുടെ സവിശേഷതയും പ്രത്യേകതയും അവതരിപ്പിച്ചാണ് പ്രവാസലോകം രാജ്യാന്തര യോഗാ ദിനാചരണത്തിൻറെ ഭാഗമായത്. കോവിഡ് മഹാമാരിയുടെ കാലത്ത് ആരോഗ്യസംരക്ഷണം മുഖ്യലക്ഷ്യമായിരിക്കണമെന്ന ഓർമപ്പെടുത്തലായിരുന്നു യോഗാദിനാചരണം.

ഹോൾഡ്.

വിവിധ രാജ്യക്കാരായ ആറായിരത്തിലധികംപേരാണ് യുഎഇയുടെ തലസ്ഥാനനഗരിയായ അബുദാബിയിൽ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗദിനാചരണത്തിൻ പങ്കെടുത്തത്. യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ മുഖ്യാതിഥിയായി. സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന യോഗാദിനാചരണത്തിൽ അബുദാബി സ്പോർട് കൌൺസിൽ, വിവിധസംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ദുബായ് വേൾഡ് ട്രേഡ് സെൻററിൽ നടന്ന യോഗാ ദിനാചരണത്തിൽ അയ്യായിരത്തിലധികം പേർ അണിനിരന്നു. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ മുഖ്യാതിഥിയായിരുന്നു. ദുബായ്, ഷാർജ, അജ്മാൻ, ഫുജൈറ, ഉമ്മൽഖുവൈൻ തുടങ്ങിയ എമിറേറ്റുകളിൽ നിന്നായി പ്രവാസിമലയാളികളടക്കമുള്ളവർ യോഗാദിനാചരണത്തിൻറെ ഭാഗമായി.

കോവിഡ് ഇടവേളയ്ക്കു ശേഷം പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച യോഗാ ദിനാചരണത്തിൽ വനിതകളടക്കമുള്ളവർ ഭാഗമായി. സൗദി അറേബ്യയിൽ ഇന്ത്യൻ എംബസിയുടേയും ജിദ്ദ കോൺസുലേറ്റിൻറേയും നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. റിയാദിൽ സൌദി കായികമന്ത്രാലയത്തിനു കീഴിലെ സൌദി യോഗ കമ്മിറ്റിയുടെ അധ്യക്ഷ നൌഫ് അൽ മർവാനി മുഖ്യാതിഥിയായിരുന്നു. 2017 ലാണ് യോഗ  ഒരു കായിക പ്രവർത്തനമെന്ന നിലയിൽ സൗദിയിൽ  അംഗീകാരം നേടിയത്. കുവൈത്തിൽ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിൻറെ നേതൃത്വത്തിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു. ദേശീയഗാനാലാപനത്തോടെയായിരുന്നു ചടങ്ങുകളുടെ തുടക്കം. 

അതേസമയം, ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിലും ഇന്ത്യൻ എംബസികളുടെ നേതൃത്വത്തിൽ യോഗാ ദിനാചരണം സംഘടിപ്പിച്ചു. മലയാളികളടക്കമുള്ള ഇന്ത്യക്കാരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും അറബ് സ്വദേശികളും യോഗ ദിനാചരണത്തിൻറെ ഭാഗമായി. തിരക്കേറിയ ലോകത്ത് ആരോഗ്യവും മനസും സംരക്ഷിക്കണമെന്ന സന്ദേശത്തോടെ നടത്തിയ യോഗ ദിനാചരണത്തിനു എല്ലാ ഗൾഫ് രാജ്യങ്ങളിലേയും ഭരണാധികാരികൾ പൂർണപിന്തുണയാണ് നൽകിയത്.

അബുദാബിയുടെ തിരക്കേറിയ നഗരഹൃദയത്തിൽ 19 സ്ക്വയർ  കിലോമീറ്റർ വിസ്തൃതിയിൽ ഒരു കണ്ടൽകാട്. യുഎഇയിലെ ഏറ്റവും വലിയകണ്ടൽകാടുകളിലൊന്നിലേക്കാണ് ഇനി യാത്ര. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിൻറെ നല്ല മാതൃക കൂടിയാണ് അബുദാബിയിലെ ഈസ്റ്റേൺ മാഗ്രൂവ്സ്.

അബുദാബിയുടെ നഗരഹൃദയത്തിലെ ഹരിതാഭമാർന്ന കാഴ്ചയാണ് ഈസ്റ്റേൺ ഈസ്റ്റേൺ മാഗ്രൂവ്സ്. അബുദാബി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് പ്രകൃതിയെ ചേർത്തുപിടിച്ച് ഈ കണ്ടൽകാടുകൾ സംരക്ഷിക്കുന്നത്. ഭൂമിയിലെ ഏറ്റവും ജൈവസമ്പന്നമായ ആവാസവ്യവസ്ഥകളിലൊന്നായ കണ്ടൽകാടുകൾ വൈവിധ്യമാർന്ന ജലജീവികളുടെ സുരക്ഷിതമായ ഇടം കൂടിയാണ്. മത്സ്യങ്ങളടക്കമുള്ള ജലജീവികൾക്ക് സുരക്ഷിതമായി പ്രജനനം നടത്താനും,ദേശാടനപക്ഷികൾക്ക്  കൂടുകൂട്ടാനുമുള്ള ഇടങ്ങളാണ് ഈ കണ്ടൽകാടുകൾ.

അബുദാബി നഗരഹൃദയത്തിൽ നിന്നും 10 മിനിട്ട് യാത്ര ചെയ്താൽ ഈസ്റ്റേൺ മാഗ്രൂവ്സിലെത്താം. കണ്ടൽകാടുകളുടെ വളർച്ചയെ മുരടിപ്പിക്കുന്നതൊന്നും ഈ മേഖലയിൽ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയാണ് അബുദാബി മുനിസിപ്പാലിറ്റി ഇവ സംരക്ഷിക്കുന്നത്. ജൈവവൈവിധ്യങ്ങളുടെ ആവാസവ്യവസ്ഥയെന്ന നിലയിൽ നിയന്ത്രണങ്ങളോടെയാണ് ഇടപെടലുകൾ.

പ്രകൃതിയെ നോവിക്കാതെ കണ്ടൽ കാടുകളുടെ സൊന്ദര്യം ആസ്വദിക്കാനുള്ള അവസരമാണ് ഈസ്റ്റേൺ മാഗ്രൂവ്സിലുള്ളത്.  ഒരാൾക്ക് മാത്രം യാത്ര ചെയ്യാവുന്ന ചെറുവള്ളങ്ങളിലൂടെയും ആഡംബര ബോട്ടുകളിലൂടെയുമൊക്കെ കണ്ടൽ മരങ്ങൾക്കിടയിലൂടെ യാത്ര ചെയ്യാം. ഒറ്റയ്ക്ക് യാത്ര ചെയ്യാവുന്ന കായാക്കുകൾക്കും സ്പീഡ് ബോട്ടുകൾക്കും  ആവശ്യക്കാരേറെയാണ്.

ജലപ്പരപ്പിനു മുകളിലേക്കു വളർന്നു നിൽക്കുന്ന കണ്ടൽ വേരുകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ കൗതുക കാഴ്ചയാണ് ഞണ്ടുകൾ, ചെറുമീനുകൾ, ആമകൾ തുടങ്ങിയവയും ഫ്ലെമിംഗോ, പലതരം കൊക്കുകൾ, പൊന്മാനുകൾ തുടങ്ങിയവയെല്ലാം ഈ ആവാസവ്യവസ്ഥയുടെ ഭാഗമാണ്. അവയെ യാതൊരുവിധത്തിലും ബുദ്ധിമുട്ടിക്കാതെയുള്ള വിനോദസഞ്ചാരമാണ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്.

കാടുകളിലൂടെ യാത്ര ചെയ്യുന്നതിനൊപ്പം നീന്താനും സൗകര്യമുണ്ട്. സൂര്യാസ്തമയം, പക്ഷിവീട്, ഫോട്ടോ പോയിൻറ് തുടങ്ങിയവയൊരുക്കിയാണ് സർക്കാർ അനുമതിയുള്ള ഗ്രേസ് ടൂറിസം അടക്കമുള്ള വിനോദസഞ്ചാര ഏജൻസികൾ സഞ്ചാരികളെ സ്വീകരിക്കുന്നത്. രാവിലെ അഞ്ചുമുതൽ വൈകിട്ട് ഏഴുവരെ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം ഉറപ്പാക്കി കണ്ടൽകാടുകളുടെ മനോഹാരിത ആസ്വദിച്ച് അനുഭവിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്.

MORE IN GULF THIS WEEK
SHOW MORE