നിരാശയിൽ നിന്നും പ്രതീക്ഷയിലേക്കുള്ള കാഴ്ച; 'അറേബ്യൻ റമസാൻ'

ramasan
SHARE

കോവിഡ് നിയന്ത്രണങ്ങളില്ലാതെ ഗൾഫിലെ പ്രവാസിമലയാളികളടക്കം വിശ്വാസികൾ പള്ളികളിലേക്കെത്തുന്ന റമസാൻ കാലം വീണ്ടുമെത്തിയിരിക്കുന്നു. രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം പള്ളികളും ഇഫ്താർ കൂടാരങ്ങളുമെല്ലാം സജീവമായിരിക്കുന്നു. പ്രതീക്ഷ നൽകുന്ന കാഴ്ചകളാണ് റമസാൻ കാലത്ത് ഗൾഫ് നാടുകളിൽ കാണുന്നത്. നിരാശയിൽ നിന്നും പ്രതീക്ഷയിലേക്കു നയിക്കുന്ന കാഴ്ചകൾ. മനോരമ ന്യൂസ് പ്രത്യേക പരിപാടി അറേബ്യൻ റമസാനിലേക്കു സ്വാഗതം.

''അല്ലയോ സത്യവിശ്വാസികളേ, നിങ്ങൾക്കു നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾക്കു മുൻപുള്ളവർക്കു നിർബന്ധമാക്കപ്പെട്ടതുപോലെ, നിങ്ങൾ ഭയഭക്തിയുള്ളവരാകാൻ വേണ്ടി...'' ഖുർആൻ സത്യവിശ്വാസികളോടു നിർദേശിച്ച വ്രതാനുഷ്ടാനത്തിൻറെ പുണ്യദിനങ്ങളിലാണ് ഇസ്്ലാം മത വിശ്വാസികൾ.  കോവിഡ് കാലത്ത് പള്ളികളെല്ലാം അടച്ചിട്ടതിൻറെ നെടുവീർപ്പാണ് 45 വർഷത്തിലധികമായി ദുബായിലുള്ള പ്രവാസിമലയാളി നാദാപുരം സ്വദേശി അബ്ദുല്ല വലിയാണ്ടി 2020 ലെ റമസാനിൽ പങ്കുവച്ചത്. ആ നിരാശയും സങ്കടവുമൊക്കെ ഇന്നു മാറിയിരിക്കുന്നു. നിരാശയുടെ, അടച്ചിടലിൻറെ, മഹാമാരിയുടെ വേദനകളും ആശങ്കകളുമൊക്കെ അകന്നിരിക്കുന്നു. പ്രതീക്ഷയോടെ, ആശ്വാസത്തോടെയാണ് ഇന്നു വിശ്വാസികൾ റമസാൻ വ്രതാനുഷ്ടാനത്തിൻറെ ഭാഗമാകുന്നത്.

ലോകമുസ്ലിംങ്ങൾ ഉറ്റുനോക്കുന്ന സൗദിഅറേബ്യയിലെ വിശുദ്ധനഗരങ്ങളായ മക്കയും മദീനയും വിശ്വാസികളാൽ നിറഞ്ഞിരിക്കുന്നു. റമസാൻറെ ആദ്യദിനങ്ങളിൽ തന്നെ വിവിധരാജ്യക്കാരായ വിശ്വാസികൾ ഇരുഹറമിലേക്കുമെത്തി. റമസാനിൽ മക്കയിലെത്തുകയെന്നത് ഒട്ടേറെ വിശ്വാസികളുടെ വലിയആഗ്രഹമാണ്. കഴിഞ്ഞരണ്ടുവർഷവും ആ ആഗ്രഹത്തിനു മഹാമാരി തടസമായിരുന്നു. ഇന്നതു മാറിയിരിക്കുന്നു.  റമസാനിലെ ആദ്യ രാവിൽ മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും ലക്ഷക്കണക്കിന് വിശ്വാസികൾ തറാവീഹ് നമസ്‌കാരത്തിൽ പങ്കെടുത്തു. ഷെയ്ഖ് അബ്ദുല്ല അൽ ജുഹാനിയും ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസും മക്കയിലെ മസ്ജുൽ ഹറമിൽ തറാവീഹ് പ്രാർഥനയ്ക്ക്‌ നേതൃത്വം നൽകി.

പ്രതിദിനം പത്തുലക്ഷംപേരോളം റമസാൻ കാലത്തു ഹറമുകളിലെത്തുമെന്നാണ് കരുതുന്നത്.  റമസാൻ അവസാനപത്തിലേക്കെത്തുമ്പോൾ അതു ഇരുപതുലക്ഷത്തോളമാകും. കഅ്ബയെയോ ഹജറുല്‍ അസ്വദിനെയോ റുക്നുല്‍ യമാനിയെയോ സ്പര്‍ശിക്കാന്‍ ഇപ്പോഴും അവസരമില്ല. ആ ഭാഗങ്ങളിലെല്ലാം നേരത്തെ സ്ഥാപിച്ച ബാരിക്കേഡുകള്‍ തുടരുന്നുണ്ട്. ഹറമിലെ ഇഫ്താർ വിരുന്നുകൾ പുനരാരംഭിച്ചു. വിവിധരാജ്യക്കാരയവർ ഒരുമിച്ചു ഭക്ഷണം പങ്കുവയ്ക്കുന്ന മനോഹരകാഴ്ച. അതെല്ലാം മടങ്ങിവന്നിരിക്കുന്നു. തറാവീഹ് കഴിഞ്ഞാലും വിശ്വാസികളില്‍ ചിലര്‍ ഹറമില്‍ തങ്ങുന്നുണ്ട്. പുലര്‍കാലത്തെ പ്രാര്‍ഥനയും പ്രത്യേക നമസ്‌കാരവും കഴിഞ്ഞാണ് പലരും മടങ്ങുന്നത്. റമസാനിൽ രാത്രി പ്രാർഥനയ്ക്കായി ഹറമിൽ പ്രവേശിക്കുന്നതിനു വിലക്കില്ല. എന്നാൽ, ഉംറ നിർവഹിക്കാനെത്തുന്നവർ പ്രത്യേകം അനുമതി വാങ്ങണമെന്നാണ് നിർദേശം. വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്തു ഹറമുകളിൽ തീർഥാടകരെ സേവിക്കുന്നതിനായി 12,000 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. വനിതാ കേഡർമാരെയും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഹറമുകളിൽ മാസ്ക് ധരിക്കണമെന്നാണ് നിബന്ധന. 

തിരുഗേഹങ്ങളുടെ സംരക്ഷകൻ, സൌദി ഭരണാധികാരി സൽമാൻ രാജാവ് ലോകമുസ്ലിംങ്ങൾക്ക് റമസാൻ ആശംസ നേർന്നു. ഗൾഫ് രാജ്യങ്ങളുടെ ഭരണാധികാരികളുമായി ഫോണിൽ സംസാരിച്ചു ആശംസകൾ കൈമാറി. അങ്ങനെ മഹാമാരി കടന്നുപോയതിൻറെ ആശ്വാസത്തോടെയാണ് സൌദിഅറേബ്യയിലെ വിശുദ്ധനഗരങ്ങളിൽ റമസാൻ കാലത്തു പ്രാർഥനകൾ ഉയരുന്നത്.

***********************************************************

യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെല്ലാം പള്ളികളിൽ വിശ്വാസികൾ സജീവമായി റമസാൻ പ്രാർഥനകളുടെ ഭാഗമാകുന്നു. രണ്ടുവർഷമായി അടച്ചിടടിരുന്ന പ്രാർഥനയുടെഇടങ്ങൾ തുറന്നു. ഒപ്പം തടവറകളിൽ കഴിഞ്ഞ പലർക്കും ആശ്വാസത്തിൻറെ നാളുകൾ കൂടിയാണ് റമസാൻ കാലം. റമസാൻ കൂട്ടായ്മയുടേയും പ്രതീക്ഷയുടേയും അടയാളമായി മാറുന്നത് അങ്ങനെയാണ്.

യുഎഇയിലെ മസ്ജിദുകളിൽ റമസാൻറെ ആദ്യവാരത്തിലെ കാഴ്ചകൾ ഇങ്ങനെയാണ്. വിശ്വാസികൾ നിറഞ്ഞുകവിഞ്ഞ പള്ളികൾ. കോവിഡിനെ അതിജീവിച്ചിരിക്കുന്നുവെന്നതിൻറെ പ്രകടമായകാഴ്ചകൾ. കഴിഞ്ഞരണ്ടുവർഷവും പള്ളികളിലേക്കു വരുന്നതിനു കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നുവെങ്കിൽ ഇന്നത് എല്ലാം ഒഴിവാക്കിയിരിക്കുന്നു. തറാവീഹ് നമസ്കാരത്തിനടക്കം ആയിരങ്ങളാണ് ഒരുമിച്ചുകൂടുന്നത്. യുഎഇയിലെ ഏഴു എമിറേറ്റുകളിലും, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലും വിശ്വാസികൾ സന്തോഷത്തോടെ പള്ളികളിലേക്കണയുന്നു.

പൊതുപരിപാടികളിൽ പ്രവേശിക്കുന്നതിനടക്കം ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചശേഷമുള്ള ആദ്യ റമസാനാണിത്.

പള്ളികളിൽ സാമൂഹികഅകലമില്ലാതെ വിശ്വാസികൾക്ക് പ്രവേശിക്കാം. ഇരിപ്പിടങ്ങൾ അണുവിമുക്തമാക്കിയും സാമൂഹികഅകലം പാലിച്ചുമാണ് പ്രാർഥനകൾ. റമസാൻ അവസാനപത്തിലേക്കെത്തുമ്പോൾ പള്ളികളിൽ വിശ്വാസികൾ നിറഞ്ഞുകവിയും. ഓരോ പള്ളികളിലും കോവിഡ് നിയന്ത്രണങ്ങൾ പാലുക്കുന്നുണ്ടോയെന്നുറപ്പുവരുത്താൻ പരിശോധനകളും നടത്തുന്നുണ്ട്. മതപ്രഭാഷണങ്ങളും സജീവമാണ്. 

പതിവുപോലെ ഇത്തവണയും റമസാനോടനുബന്ധിച്ചു തിരഞ്ഞെടുത്ത തടവുകാർക്ക് ഭരണാധാകിരാകൾ മോചനം പ്രഖ്യാപിച്ചു.

യുഎഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന 540 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാൻ ഉത്തരവിട്ടു. ഈ തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കും. ശിക്ഷാകാലത്തു നല്ല പെരുമാറ്റം കാഴ്ചവച്ച 659 തടവുകാരെ മോചിപ്പിക്കാൻ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശിച്ചു. അജ്മാൻ, ഷാർജ, ഫുജൈറ, ഉമ്മൽഖുവൈൻ എമിറേറ്റുകളിലേയും തിരഞ്ഞെടുത്ത തടവുകാർക്ക് മോചനം അനുവദിച്ചിട്ടുണ്ട്. അതീവഗുരുതരമല്ലാത്ത കേസുകളിൽപെട്ടു കഴിയുന്ന തടവുകാരുടെ നല്ല പെരുമാറ്റം പരിഗണിച്ചാണ് മോചനം അനുവദിക്കുന്നത്. അങ്ങനെ നിയന്ത്രണങ്ങളില്ലാതെ റമസാൻ ആഘോഷിക്കുകയാണ് വിശ്വാസികൾ. അതിനു തുണയായത് ആറു ഗൾഫ് രാജ്യങ്ങളിലേയും ഭരണാധികാരികൾ മഹാമാരിയെ പ്രതിരോധിക്കാനെടുത്ത തീരുമാനങ്ങളാണ്. നടപടികളാണ്.

***********************************************************

റമസാൻ കാലത്തെ ഏറ്റവും സവിശേഷമായ കാഴ്ചയാണ് പങ്കുവയ്ക്കലിൻറെ ഇഫ്താർ വിരുന്നുകൾ. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇഫ്താർ ടെൻറുകൾ സജീവമാണ്. തൊഴിലാളി ക്യാംപുകളിലടക്കം ഭക്ഷണവിതരണമുണ്ട്. 

ഇഫ്താർ വിരുന്നുകൾ റമസാൻ കാലത്തെ ഒരുമയുടെ കാഴ്ചയാണ്. വലുപ്പച്ചെറുപ്പങ്ങളില്ലാതെ ദേശവ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരേ ഭക്ഷണം പങ്കുവയ്ക്കുന്ന കാഴ്ച. കോവിഡ്  കാരണം രണ്ടുവർഷമായി സമൂഹഇഫ്താറുകൾക്ക് ഗൾഫ് നാടുകളിൽ വിലക്കേർപ്പെടുത്തിയിരുന്നു. ഇന്നു ചില നിയന്ത്രണങ്ങളോടെയെങ്കിലും സമൂഹ ഇഫ്താറുകൾ മടങ്ങിയെത്തിയിരിക്കുന്നു. വിശ്വാസത്തിൻറെ ഭാഗമാണെന്നതിനൊപ്പം ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന പ്രവാസികളടക്കമുള്ളവർക്ക് ആശ്വാസകരമാണ് ഇത്തരം ഇഫ്താർ വിരുന്നുകൾ.

സാമ്പത്തികഅസ്ഥിരതയൊക്കെ പിടിമുറുക്കിയ കോവിഡാനനന്തരകാലത്തും അത്തരം കാരുണ്യ പ്രവർത്തനങ്ങൾക്കു മാതൃകയാവുകയാണ് ഗ്രീൻ വിങ്സ് ഷാർജ.  ഷാർജയിലെ ഏറ്റവും വലിയ ഇഫ്താർ കൂടാരങ്ങളിലൊന്നാണ് നബ്ബയിൽ സജ്ജമാക്കിയിരിക്കുന്നത്. നബ്ബയിൽ റമസാൻ വൈകുന്നേരങ്ങളിൽ ആയിരങ്ങളാണ് ഇവിടേക്കെത്തുന്നത്. ഭക്ഷണപ്പൊതികൾക്ക് മുന്നിൽ പ്രാർഥനയോടെ അവർ നോമ്പു തുറക്കുന്നു.

ഗ്രീൻ വിങ്സ് ഷാർജയിലെ 75ഓളം അംഗങ്ങളുടെ പരിശ്രമഫലമായാണ് ഓരോദിവസവും ഇഫ്താർ വിരുന്നൊരുക്കുന്നത്.  യുഎഇയുടെ ഔദ്യോഗിക ജീവകാരുണ്യസംഘടനയായ റെഡ് ക്രെസൻറിൻറെ പിന്തുണയുമുണ്ട്. യുഎഇയിലെ വിവിധ വ്യവസായികളുടേയും സംഘടനകളുടേയുമൊക്കെ സഹകരണത്തോടെയാണ് ഓരോ ദിവസവും  ഭക്ഷണമൊരുക്കുന്നത്. യുഎഇ സർക്കാർ നിർദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് ഇഫ്താർ ടെൻറുകളുടെ പ്രവർത്തനം.

യുഎഇയുടെ തലസ്ഥാന നഗരിയിലെ പ്രധാനശ്രദ്ധാകേന്ദ്മായ എമിറേറ്റ്സ് പാലസിലും വലിയ ഇഫ്താർ കൂടാരമൊരുക്കിയിട്ടുണ്ട്. വിവിധരാജ്യക്കാരായവർ ഒന്നുചേർന്നാണ് ഇവിടെ നോമ്പുതുറക്കുന്നത്. പരമ്പരാഗത അറേബ്യൻ ആതിഥ്യ മര്യാദയോടെ വിഭവങ്ങൾ നിരത്തിയാണ് സന്ദർശകരെ വരവേൽക്കുന്നത്. വിവിധതരം മത്സ്യ,മാംസ വിഭവങ്ങൾ, പരമ്പരാഗത സൂപ്പുകൾ, അറബിക് ബിരിയാണിയടക്കം വിഭവങ്ങൾ തുടങ്ങി ഏത് രാജ്യക്കാർക്കും അവരുടെ തനത് ഭക്ഷണങ്ങൾകൂടി തയ്യാറാക്കിയാണ് നോമ്പ് തുറ ഒരുക്കിയിരിക്കുന്നത്. ഓറിയൻറൽ ഗാസീബോ എന്നു പേരിട്ടിരിക്കുന്ന എമിറേറ്റ്സ് പാലസ് ഹോട്ടലിൽ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നിടത്തു നൂറുകണക്കിന് സന്ദർശകരാണ് നോമ്പുതുറക്കാനെത്തുന്നത്

സന്ദർശകർക്ക് അറബിക് പാനീയങ്ങൾ രുചിച്ചു പരമ്പരാഗത സാന്തൂർ വാദ്യം കേൾക്കാനും അവസരമുണ്ട്.  വിവിധതരം ടർക്കിഷ്, അറബിക് മധുരപലഹാരങ്ങളും ആസ്വദിക്കാം. വിവിധരാജ്യങ്ങളിലെ ഭരണാധിപൻമാരടക്കം സന്ദർശനത്തിനെത്തുന്ന എമിറേറ്റ്സ് പാലസിൽ ഒരുക്കിയിരിക്കുന്ന ഇഫ്താർ വിരുന്നു യുഎഇയുടെ തലസ്ഥാനനഗരയുടെ ഹൃദ്യമായൊരു ആതിഥേയത്വ കാഴ്ചകൂടിയാണ്.

***********************************************************

റമസാൻ കാലം ജീവകാരുണ്യപ്രവർത്തനങ്ങളുടെ കാലംകൂടിയാണ്. ജീവകാരുണ്യപ്രവർത്തനങ്ങളിൽ എന്നും മുന്നിലുള്ള യുഎഇ ഇത്തവണ മറ്റൊരു പദ്ധതിയാണ് റമസാനിൽ തുടങ്ങിവച്ചിരിക്കുന്നത്. ദാരിദ്ര്യത്തിലും വിശപ്പിലും കഴിയുന്നവർക്ക് 100 കോടി ഭക്ഷണപ്പൊതികൾ. റമസാനിൽ ആരും വിശന്നിരിക്കരുതെന്ന ഭരണാധികാരികളുടെ ആഗ്രഹം സഫലമാക്കുന്ന പദ്ധതി.

50 രാജ്യങ്ങളിലെ അർഹരായവർക്കു 100 കോടി ഭക്ഷണപ്പൊതികളെത്തിക്കും. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻറെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പദ്ധതിയാണ് റമസാനിൽ തുടക്കം കുറിച്ചത്. കോവിഡ് കാലത്ത് ഒരുകോടിയോളംപേർക്കും കഴിഞ്ഞ റമസാനിൽ 10കോടിയാളുകൾക്കും ഭക്ഷണമെത്തിക്കാനുള്ള പദ്ധതി വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെയാണ് നൂറുകോടി ഭക്ഷണപ്പൊതികൾ നൽകാനുള്ള പദ്ധതിക്കു യുഎഇ തുടക്കമിട്ടത്. വിശപ്പും ഭക്ഷ്യസുരക്ഷയും വലിയ മാനുഷിക പ്രതിസന്ധിയാണ് ലോകത്തുണ്ടാക്കുന്നതെന്നും പ്രതീക്ഷയുടെ സന്ദേശമാണ് യുഎഇ ലോകത്തോടു പങ്കുവയ്ക്കുന്നതെന്നും വ്യക്തമാക്കിയാണ് ഷെയ്ഖ് മുഹമ്മദ് പദ്ധതി 1ബില്യൺ മീൽസ് പദ്ധതി പ്രഖ്യാപിച്ചത്.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പദ്ധതിയുമായി സഹകരിക്കാം.  1billionmeals.ae എന്ന വെബ്സൈറ്റിലൂടെ സംഭാവന നൽകി പദ്ധതിയുടെ ഭാഗമാകാം. ആഫ്രിക്കയിലേയും ഏഷ്യയിലേയുമടക്കം വിവിധരാജ്യക്കാരായവർക്കു നേരിട്ട് ഭക്ഷണപ്പൊതികളെത്തിക്കുന്നതാണ് പദ്ധതി. വ്യവസായി എം.എ.യൂസഫലി ഉൾപ്പെടെയുള്ളവർ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. 20 ലക്ഷം ദിർഹം, നാലു കോടിയോളം രൂപയാണ് എം.എ.യൂസഫലി പദ്ധതിക്കായി കൈമാറിയത്.

യുഎഇ റെഡ് ക്രെസൻറ്, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ് തുടങ്ങിയ ജീവകാരുണ്യസംഘടനകളാണ് പദ്ധതി നടപ്പാക്കുന്നത്. വ്രതാനുഷ്ഠാനത്തിൻറെ കാലത്ത് ആരും വിശന്നിരിക്കരുതെന്നുറപ്പിക്കാൻ ഒരു രാജ്യത്തിൻറെ ഭരണാധികാരി മുന്നിട്ടിറങ്ങിയ കാഴ്ചകൂടിയാണ് 1 ബില്യൺ മീൽസ് പദ്ധതി. 

**********************************************************

ഈന്തപ്പഴ വിപണിയെക്കുറിച്ചുപറയാതെ റമസാൻ വിശേഷങ്ങൾ പൂർണമാകില്ല. കോവിഡിനു ശേഷം വിപണിയും സജീവമായിരിക്കുന്നു. അബുദാബിയിസെ മീനമാർക്കറ്റിലെ ഈന്തപ്പഴ വിപണിക്കാഴ്ചകൾ കാണാം.

മരുഭൂമിയുടെ പ്രിയപ്പെട്ട വിളയാണ് ഈന്തപ്പഴം. അറേബ്യൻനാടിൻറെ സമ്പൽസമൃദ്ധിയുടെ പ്രതീകം. ഈന്തപ്പഴത്തിൻറെ മധുരം പോലും മഹാമാരി കവർന്നെടുത്ത നാളുകൾ മറികടക്കുകയാണ്. റമസാൻ കാലം ഈന്തപ്പഴങ്ങളുടെ കാലംകൂടിയാണ്. നോമ്പുതുറകളിലെ പ്രഥമവിഭവം. . റമസാനിലെയും ശവ്വാലിലെയും ചൂടുകാറ്റാണ് ഈന്തപ്പഴങ്ങളെ കൂടുതൽ പാകമാക്കുന്നത്. വ്യത്യസ്തരുചികളേകുന്ന മുന്നൂറോളം ഇനം ഈന്തപ്പഴങ്ങൾ യുഎഇയുടെ തലസ്ഥാനനഗരിയായ അബുദാബിയിലെ മീന മാർക്കറ്റിൽ ലഭ്യമാണ്. സൌദിഅറേബ്യ, ജോർദാൻ, പാലസ്തീൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെല്ലാമുള്ള ഈന്തപ്പഴങ്ങൾ എത്തിയിട്ടുണ്ട്.

സൗദി അറേബ്യയിലെ മദീന തോട്ടങ്ങളിൽ വിളയുന്ന അജ്‌വയാണ്  ഈന്തപ്പഴങ്ങളിലെ കേമൻ. സൗദിയിൽ നിന്ന് തന്നെയുള്ള മബ്‌റൂം, സഗായ് എന്നിവയും മുന്തിയ ഇനങ്ങളാണ്. വിലകൂടിയ മജ് ദൂൽ, അംബർ, ഖലാസ്  തുടങ്ങി വില കുറഞ്ഞ ഖുദ്‌രി, ഷാഗി, മറിയം, ദബാസ് തുടങ്ങിയ ഇനങ്ങൾ വരെഇവിടെയുണ്ട്. പെറുവിൽ നിന്നുമത്തിച്ചിരിക്കുന്ന പാതി പഴുത്ത ഈന്തപ്പഴവും മനംകവരുന്നു. അധികം പഴുക്കാത്ത ബർഹിയും ഫര്‍ദുമൊക്കൊണ് മലയാളികളുടെ പ്രിയ ഇനം. 

നോമ്പുകാലത്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനിക്കാനും ദാനംചെയ്യുന്നതിനുമൊക്കെയായി വലിയഅളവിൽ ഈന്തപ്പഴം വാങ്ങുന്ന സ്വദേശികളും ഏറെയാണ്. ഇന്ത്യയടക്കം രാജ്യങ്ങളിലേക്കു യുഎഇ സ്വദേശികൾ ഈന്തപ്പഴം കയറ്റുമതിചെയ്യുന്നുമുണ്ട്.

മീനമാർക്കറ്റിലെ വിപണി ഏറ്റവും സജീവമാകുന്ന കാലംകൂടിയാണിത്. മലയാളികളടക്കം കച്ചവടക്കാർക്ക് പ്രതീക്ഷയേകുന്ന കാലം.  വരുംവർഷങ്ങളിൽ വിപണി കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തെ കച്ചവടക്കാർ. കോവിഡ് കാലം മറികടന്ന് വിപണി സജീവമാകുന്നതിൻറെ സന്തോഷം ഇവർ പങ്കുവയ്ക്കുമ്പോൾ അത് ലക്ഷക്കണക്കിനു പ്രവാസിമലയാളികൾക്കും പ്രതീക്ഷയുടെ ശബ്ദമാണ്.

MORE IN GULF THIS WEEK
SHOW MORE