നാട്ടിലെ കാഴ്ച കാണുന്നില്ലേ?; അടിച്ചേൽപ്പിക്കരുത് നിയന്ത്രണങ്ങൾ: പ്രവാസലോകം

Gulfthis-week
SHARE

ഗൾഫിൽ നിന്നും ഇന്ത്യയിലേക്കെത്തുന്ന എല്ലാ പ്രവാസികളും ഏഴു ദിവസം ക്വാറൻറീനിൽ കഴിയണമെന്ന കേന്ദ്രസംസ്ഥാനസർക്കാരുകളുടെ നിർദേശത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഗൾഫ് നാടുകളിൽ നിന്നുയരുന്നത്. മൂന്നും നാലും ഡോസ് വാക്സീൻ സ്വീകരിച്ചശേഷം നാട്ടിലേക്കു ചെറിയ അവധിക്കെത്തുന്ന പ്രവാസികൾക്ക് ക്വാറൻറീൻ നിർബന്ധമാക്കരുതെന്നാണ് അഭ്യർഥന. നാട്ടിൽ ജനങ്ങൾ ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ ഒത്തുകൂടുമ്പോൾ നിയന്ത്രണമേർപ്പെടുത്താതെ പ്രവാസികളുടെ മേൽ മാത്രം നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നു പ്രവാസലോകം ഒന്നടങ്കം വ്യക്തമാക്കുന്നു.

ഒമിക്രോൺ വ്യാപിച്ചശേഷം കേരളത്തിലെ വിവിധയിടങ്ങളിലായി നടന്ന വിവിധ രാഷ്ട്രീയപാർട്ടികളുടെ പരിപാടികളിലേയും ഉദ്ഘാടന ചടങ്ങുകളിലേയുമൊക്കെ കാഴ്ചകളാണിവ. മന്ത്രിമാരടക്കമുള്ളവർ ഈ പരിപാടികളുടെ ഭാഗമായിട്ടുണ്ട്. എന്തായാലും കോവിഡ് മാനദണ്ഡങ്ങൾ മറികടന്നു ഇത്തരമൊരു കൂട്ടംകൂടലുകളൊന്നും ഗൾഫ് നാടുകളിലുണ്ടാകുന്നില്ലെന്നുറപ്പാണ്. പക്ഷേ, കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ പതിവുപോലെ ഗൾഫിലെ പ്രവാസികളുടെ മേലാണ് അവ അടിച്ചേൽപ്പിക്കുന്നതെന്നാണ് ആരോപണം. 

കേന്ദ്രസർക്കാർ നിർദേശമനുസരിച്ച് കേരളത്തിലേക്കെത്തുന്ന എല്ലാ പ്രവാസികൾക്കും സംസ്ഥാനസർക്കാർ ഏഴു ദിവസത്തെ ക്വാറൻറീൻ നിർബന്ധമാക്കിയിട്ടുണ്ട്. ഗൾഫിൽ നിന്നും ചെറിയ അവധികൾക്കായി നാട്ടിലേക്കു വരുന്ന പ്രവാസികൾക്ക് ഈ തീരുമാനം തിരിച്ചടിയാണ്. അതിനാൽ ഗൾഫിൽ നിന്നു വരുന്നവർക്ക് ഏഴു ദിവസത്തെ ക്വാറൻറീൻ ഒഴിവാക്കണമെന്നാണ് പ്രവാസികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്. 

ഒമിക്രോൺ പശ്ചാത്തലത്തിൽ ലോ റിസ്ക് രാജ്യങ്ങളുടെ പട്ടികയിലാണ് ആറു ഗൾഫ് രാജ്യങ്ങളേയും ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതിദിനകോവിഡ് നിരക്ക് ഗൾഫ് രാജ്യങ്ങളിൽ കൂടിയിട്ടുണ്ടെങ്കിലും മരണനിരക്ക് വളരെ കുറവും രോഗമുക്തി നിരക്ക് വളരെ ഉയർന്നുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലോകരാജ്യങ്ങളിൽ ഏറ്റവും കുറവ് മരണനിരക്കും ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കും രേഖപ്പെടുത്തുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഗൾഫ് രാജ്യങ്ങളുള്ളത്. ബൂസ്റ്റർ ഡോസ് ഉൾപ്പെടെ മൂന്നും നാലും ഡോസ് വാക്സീൻ സ്വീകരിച്ചവരാണ് ഗൾഫിലെ പ്രവാസികൾ. ഒപ്പം യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂറിനുള്ളിൽ ലഭിച്ച പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് നാട്ടിലേക്ക് വരുന്നത്.  അങ്ങനെയുള്ള പ്രവാസികൾ നാട്ടിലെത്തിക്കഴിഞ്ഞാൽ ഏഴു ദിവസം ക്വാറൻറീനിൽ കഴിയണമെന്നത് അനീതിയാണെന്ന് ഗൾഫിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകളും സാമൂഹ്യപ്രവർത്തകരുമടക്കമുള്ളവർ പറയുന്നു. ക്വാറൻറീൻ ഒഴിവാക്കി, പിസിആർ പരിശോധനയുടെ ഫലത്തെ ആശ്രയിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണുചിതം.

കേരളത്തിൽ വിവിധ രാഷ്ട്രീയപാർട്ടികളുടെ സമ്മേളനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പോലും പാലിക്കാതെ ജനം കൂട്ടംകൂടുന്ന സാഹചര്യമുണ്ടായിട്ടും അതൊന്നും ഒഴിവാക്കാതെ പ്രവാസികളുടെ മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് വിവിധ പ്രവാസിസംഘടനകളുടെ നിലപാട്. തീരുമാനം പിൻവലിക്കണെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ പ്രസിഡൻറ് ജോസ് അബ്രഹാം കേന്ദ്രആരോഗ്യമന്ത്രാലയത്തിനു നിവേദനം കൈമാറി. തീരുമാനം പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് നീക്കം.

ക്രിസ്മസ്, പുതുവൽസര തിരക്കൊഴിഞ്ഞതോടെ വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചെറിയ വരുമാനക്കാരായ തൊഴിലാളികളും കുടുംബമൊന്നിച്ചും ഒട്ടേറെപ്പേരാണ് നാട്ടിലേക്ക് അവധിക്കു യാത്ര ചെയ്യുന്നത്. ഒരാഴ്ച ക്വാറൻറീനിൽ കഴിയണമെന്ന നിയമം നിലവിൽ വന്നതോടെ യാത്ര ഒഴിവാക്കേണ്ട സാഹചര്യമാണ് പലരും അഭിമുഖീകരിക്കുന്നത്. ഗൾഫിൽ നിന്നുള്ള പ്രവാസികൾക്ക് ക്വാറൻറീൻ ഒഴിവാക്കാൻ മുഖ്യമന്ത്രി, എംപിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ തുടങ്ങിയവർ ഇടപെടണമെന്നാണ് പ്രവാസിസംഘടനകൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്. 

അതേസമയം, ഗൾഫിലേക്കു മടങ്ങിപ്പോകുന്ന പ്രവാസികൾക്ക് കേരളത്തിലെ വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് ഈടാക്കുന്ന നിരക്ക് കൂടുതലാണെന്നും ആക്ഷേപമുണ്ട്. രണ്ടായിരത്തിഅഞ്ഞൂറു രൂപയോളമാണ് കേരളത്തിലെ വിമാനത്താവളങ്ങളിൽ ഈടാക്കുന്നത്. നിരക്കുകുറയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസംസ്ഥാനസർക്കാരുകൾക്ക് പലതവണ നിവേദനങ്ങൾ കൈമാറിയെങ്കിലും പരിഗണിച്ചില്ലെന്നാണ് ആരോപണം. 

കോവിഡ് തുടങ്ങിയകാലം മുതൽ പ്രവാസികളുടെ മേൽ അശാസ്ത്രീയവും യുക്തിക്കു നിരക്കാത്തതുമായ നിയന്ത്രണങ്ങൾ സർക്കാരുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധമുയർന്നതോടെ അവ മാറ്റിയിട്ടുമുണ്ട്. വോട്ടവകാശമില്ലാത്ത പ്രവാസികളുടെ യാതൊരവകാശങ്ങളേയും പരിഗണിക്കാത്ത സമീപനത്തിൽ നിന്നും സർക്കാരുകൾ പിൻമാറണമെന്നാണ് പ്രവാസലോകം അഭ്യർഥിക്കുന്നത്. നാട്ടിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്ന കാഴ്ചകാണാതെ പ്രവാസികളുടെ മേൽ മാത്രം നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കരുതെന്നാണ് പ്രവാസലോകത്തിൻറെ അഭ്യർഥന.

MORE IN GULF THIS WEEK
SHOW MORE