സംഗീതവും സുഗന്ധവും നിറഞ്ഞ അഫ്ഗാൻ; മുറിവുണക്കും പൈതൃകത്തനിമ

gulfafghan-22
SHARE

ദുബായ് എക്സ്പോയിലെ അഫ്ഗാനിസ്ഥാൻ പവലിയനിലെ കാഴ്ചകളാണ് ആദ്യം കാണുന്നത്. താലിബാൻ ഭരണം പിടിച്ചതോടെ നിർമാണം നിലച്ചിരുന്ന അഫ്ഗാൻ പവലിയനിൽ ഇന്ന് അഫ്ഗാൻ ചരിത്രത്തിന്റെ ഭാഗമായ കാഴ്ചകളുണ്ട്. ഒരുകാലത്ത് അഫ്ഗാൻ സ്ത്രീകളുടെ ജീവിതം എത്രത്തോളം വർണാഭമായിരുന്നുവെന്ന് ഈ പവലിയനിലെ കാഴ്ചകളിലൂടെ തിരിച്ചറിയാം. 

ദുബായ് എക്സ്പോ തുറന്ന് ആദ്യ ദിവസങ്ങളിൽ ഇതായിരുന്നില്ല അഫ്ഗാൻ പവലിയനിലെ കാഴ്ചകൾ. മൂന്നുനാലുമാസമായി നിർമാണം നിലച്ച അവസ്ഥയിലായിരുന്നു പവലിയൻ. താലിബാൻ ഭരണം പിടിച്ചതോടെ സർക്കാർ അസ്ഥിരമായ അവസ്ഥയിൽ പവലിയൻ നിർമാണവും പാതിവഴിയിൽ നിലച്ചു. അവിടെ നിന്നാണ് ഓസ്ട്രിയയിലെ വ്യവസായായ അഫ്ഗാൻ സ്വദേശി ഒമർ റഹിമി എക്സ്പോ അധികൃതരുടെ അനുമതിയോടെ അഫ്ഗാന്റെ ചരിത്രകാഴ്ചകൾ അവതരിപ്പിക്കുന്ന പവലിയൻ ഒരുക്കിയത്.

പൈതൃകത്തനിമകളുള്ള കാഴ്ചകളിലൂടെ നൂറ്റാണ്ടുകൾ പിന്നിലേക്കു പോയാൽ കാത്തിരിക്കുന്നത് സംഗീതവും സൌന്ദര്യവും സുഗന്ധവും നിറഞ്ഞ സൌഭാഗ്യലോകം. വിവിധ ഗോത്ര വർഗക്കാർ ഉപയോഗിച്ചിരുന്ന വാളുകൾ, പരിചകൾ, കുന്തങ്ങൾ, പടച്ചട്ടകൾ, പോരാളികള്‍ക്കും കുതിരകള്‍ക്കുമുള്ള പടച്ചട്ടകള്‍, ലോഹത്തൊപ്പികൾ, പാത്രങ്ങൾ, ആഭരണങ്ങൾ, സംഗീതോപകരണങ്ങൾ തുടങ്ങിയവയാണ് പവിലിയനിലെ പ്രധാന കാഴ്ചകൾ.

അഫ്ഗാൻ വനിതകൾ ഉപയോഗിച്ചിരുന്ന വർണശബളമായ വസ്ത്രങ്ങൾ പവലിയനിൽ കാണാം. വ്യത്യസ്തമായ ആഭരണങ്ങളുടെ ശേഖരം അഫ്ഗാനിസ്ഥാൻറെ മനോഹരമായ ചരിത്രത്തിൻറെ കാഴ്ചകൂടിയാണ്. അഫ്ഗാൻ വനിതകളുടെ വസ്ത്രാലങ്കാരരീതികളെ നേരിട്ടറിയുന്നതിനുള്ള അവസരം കൂടിയാണ് പവലിയൻ. യുദ്ധവും വെട്ടിപ്പിടിക്കലും അടിച്ചമർത്തലുകളുമല്ല യഥാർഥ അഫ്ഗാൻ ജനത അർഹിക്കുന്നതെന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ കാഴ്ചകൾ.

വസ്ത്രങ്ങളിലും പരവതാനികളിലും കരവിരുതുകള്‍കൊണ്ട് വിസ്മയം തീർക്കുന്ന അഫ്ഗാനിസ്ഥാനെ മധ്യപൂർവദേശത്തെ എല്ലാ രാജ്യങ്ങൾക്കും അടുത്തറിയാമെങ്കിലും പാശ്ചാത്യ ലോകത്ത് അത്ര പരിചിതമല്ല. കിലിം, ഖുണ്ടൂസ്, ബുഖര, മലാകി, ഛോബി, ഗസനി, മൈമന, ഗബ്ബെ തുടങ്ങി വിവിധഇനങ്ങളിലെ പരവതാനികൾ ഇവിടെ കാണാം. നൂറ്റാണ്ടുകൾ പഴക്കമേറിയ നെയ്ത്തുവിദ്യയിലൂടെ നിർമിച്ചവയാണിവയിൽ പലതും. പ്രത്യേകയിനം സൂചി ഉപയോഗിച്ചു നെയ്യുന്നതാണ് കിലിം. മലയോരങ്ങളിലെ പൂക്കളുടെ ഡിസൈനുകളാണിവയ്ക്ക്. ഖുണ്ടൂസ് മേഖലയിലെ പരവതാനി നാടിൻറെ അതേ പേരില്‍ അറിയപ്പെടുന്നു. ബുഖരയിൽ കടും ചുവപ്പുവര്‍ണമാണ് മുന്നിട്ടുനില്‍ക്കുന്നതെങ്കിൽ മലാകിയില്‍ പൂക്കളും പ്രകൃതിവര്‍ണങ്ങളുമാണുണ്ടാകുക. 

അഫ്ഗാൻ സംഗീതത്തിൻറെ ഭാഗമായ റുബാബും ഇവിടെ കാണാം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ സംഗീതോപകരണമില്ലെങ്കിൽ പഷ്തൂൺ, ബലൂചി, പേർഷ്യൻ, ഉസ്ബക്ക് ഈണങ്ങൾക്ക് ഇന്നും പൂർണതയില്ല. കശ്മീരി, ഉത്തരേന്ത്യൻ സംഗീതത്തിലും റുബാബിൻറെ സ്വാധീനമുണ്ട്. രുചിക്കൂട്ടുകൾ, കരകൌശല വിദ്യകൾ തുടങ്ങിയവും അഫ്ഗാൻ പവലിയനിൽ ഒരുക്കിയിട്ടുണ്ട്. അഫ്ഗാൻ കുങ്കുമപ്പൂ, മസാലകൾ, സുഗന്ധദ്രവ്യങ്ങൾ എന്നിങ്ങനെ അഫ്ഗാന്റെ  സാംസ്കാരിക ഗ്രാമീണ കാഴ്ചകളുടെ ആവിഷ്കാരം കൂടിയാണീ പവലിയൻ.

മുറിപ്പാടുകൾ നിറഞ്ഞ അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ ചിത്രത്തിൽ നിന്നും ഏറെ വ്യത്യസ്തമാണ് അഫ്ഗാനെന്ന മലനിരകൾ നിറഞ്ഞ നാടിന്റെ സംസ്കാരമെന്ന ഓർമപ്പെടുത്തുകയാണ് ഈ പവലിയൻ. ആ കാഴ്ചകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ് ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്ടിലെ അഫ്ഗാൻ പവലിയൻ.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...