വിദേശനിക്ഷേപം ഇനി ലളിതം; ചരിത്രപരമായ മാറ്റവുമായി യുഎഇ

uae
SHARE

യുഎഇയിൽ കമ്പനി തുടങ്ങുന്നതിനുള്ള നിയമത്തിൽ ചരിത്രപരമായ മാറ്റമാണ് ജൂൺ ഒന്നിന് നിലവിൽ വരുന്നത്. സ്വദേശി സ്പോൺസർമാരില്ലാതെ വിദേശികൾക്ക് 100 ശതമാനം ഉടമസ്ഥാവകാശത്തിൽ കമ്പനി തുടങ്ങാനാകും. 

വൻ വിദേശനിക്ഷേപം ആകർഷിക്കുന്നതിനായി കൂടുതൽ വ്യാവസായിക സൌഹൃദ സംവിധാനമൊരുക്കുകയാണ് യുഎഇ. കോവിഡ് കാരണമുള്ള സാമ്പത്തിക അസ്ഥിരത മറികടക്കാൻ ഉതകുന്ന തീരുമാനം. വിദേശികൾക്ക് ചെറുതും വലുതുമായ സംരംഭങ്ങൾ കൂടുതൽ ലളിതമായ നടപടിക്രമങ്ങളിലൂടെ തുടങ്ങാനുള്ള അവസരം. അതാണ് ജൂൺ ഒന്നിന് നിലവിൽ വരുന്ന പുതിയ നിയമഭേദഗതിയിലൂടെ യുഎഇ മുന്നോട്ടുവയ്ക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, കലാകായികം, ഗതാഗതം, വ്യോമയാനം, ബഹിരാകാശം, ഉൽപാദനം, കാർഷികം, നിർമാണം, സേവനം തുടങ്ങി 132 മേഖലകളിൽ 100 ശതമാനം ഉടമസ്ഥാവകാശത്തോടെ സംരംഭങ്ങൾ തുടങ്ങുന്നതിനാണ് അനുമതി. നിലവിലെ നിയമമനുസരിച്ച് ഫ്രീസോണുകൾക്ക് പുറത്ത് സംരംഭങ്ങൾ തുടങ്ങുമ്പോൾ 51 ശതമാനം ഓഹരി പങ്കാളിത്തം സ്വദേശികളുടേതായിരിക്കണമെന്നാണ് നിബന്ധന. ഈ നിബന്ധന ഒഴിവാക്കി 100 ശതമാനം ഉടമസ്ഥാവകാശവും വിദേശികൾക്ക് നൽകിയാണ് സുപ്രധാന തീരുമാനം നടപ്പാക്കുന്നത്.

കഴിഞ്ഞവർഷം നവംബറിൽ പ്രഖ്യാപിച്ച് ഡിസംബറിൽ തുടങ്ങാനിരുന്ന പദ്ധതിയിൽ കൂടുതൽ മേഖലകളെ ഉൾപ്പെടുത്തി വിപുലീകരിച്ചാണ് ജൂൺ ഒന്നിന് നടപ്പിലാക്കുന്നതെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് വ്യക്തമാക്കുന്നു.  ഊർജം, എണ്ണ ഖനനം, സർക്കാർ സ്ഥാപനം തുടങ്ങി തന്ത്രപ്രധാന മേഖലകളിൽ നിയന്ത്രണം തുടരും. ഫ്രീ സോണുകളിൽ മാത്രം അനുവദിച്ചിരുന്ന ഇളവാണ് എല്ലായിടത്തേക്കും വ്യാപിപ്പിക്കുന്നത്. എന്നാൽ 100 ശതമാനം ഉടമസ്ഥാവകാശത്തോടെ കമ്പനി തുടങ്ങുമ്പോഴും ചില നിബന്ധനകൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. നവീന സാങ്കേതിക വിദ്യകൾ ഉറപ്പായും പ്രയോജനപ്പെടുത്തുകയും സ്ഥാപനത്തിൻറെ ശേഷിക്കനുസരിച്ച് നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണമെന്നും വ്യവസ്ഥയുണ്ട്.

നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 100% ഉടമസ്ഥാവകാശം നൽകുന്നതോടെ നിക്ഷേപരംഗത്ത് വൻകുതിപ്പുണ്ടാകുമെന്നാണ്  പ്രതീക്ഷ. ബഹിരാകാശ രംഗം മുതൽ റീടെയ്ൽ മേഖലകളിൽ വരെ കൂടുതൽ കമ്പനികൾ തുടങ്ങുന്നതിന് വിദേശികൾക്ക് വാതിൽ തുറന്നിടുകയാണ് യുഎഇ. ഈ വർഷം ഒക്ടോബർ മുതൽ അടുത്തവർഷം മാർച്ച് വരെ ദുബായിൽ നടക്കുന്ന രാജ്യാന്തര എക്സ്പോ എന്ന വമ്പൻ മേളയിലൂടെയും തുടർന്നും കൂടുതൽ സാധ്യതകളാണ് രാജ്യം പ്രതീക്ഷിക്കുന്നത്. വാക്സിനേഷൻ സജീവമാക്കിയതോടെ രാജ്യത്തെ കോവിഡ് നിരക്ക് കുറഞ്ഞുതുടങ്ങിയിട്ടുണ്ട്.

നിക്ഷേപകർക്കും വ്യത്യസ്ത മേഖലകളിൽ മികവു പുലർത്തുന്നവർക്കും പൗരത്വവും ഗോൾഡൻ വീസയും യുഎഇ അനുവദിച്ചുതുടങ്ങിയിട്ടുണ്ട്. ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം തുടങ്ങിയതടക്കം രാജ്യം ഈ അടുത്തകാലത്ത് നടപ്പാക്കിയ തീരുമാനങ്ങളും പദ്ധതികളുമെല്ലാം കോവിഡ് കാരണമുള്ള സാമ്പത്തിക അസ്ഥിരത മറികടക്കാൻ ഉതകുന്നതാണ്. ഹോസ്പിറ്റാലിറ്റി അടക്കം വിവിധ മേഖലകളിൽ കൂടുതൽ വിദേശനിക്ഷേപം ഇതുവഴിയുണ്ടാകുമെന്നാണ് പ്രതീക്ഷ.

2020ൽ യുഎഇയുടെ വിദേശ നിക്ഷേപം 44% വർധിച്ച് 7300 കോടി ദിർഹമായി. ആഗോളതലത്തിൽ നിക്ഷേപം 42% കുറഞ്ഞ സമയത്താണ് യുഎഇയ്ക്ക് ഇത്രയും വിദേശനിക്ഷേപം ആകർഷിക്കാനായത്. കാലത്തിനനുസരിച്ചുള്ള വിപ്ളവാത്മകമായ ചരിത്രഭേദഗതികളാണ് യുഎഇ മുന്നോട്ടുവയ്ക്കുന്നത്. ഭരണാധികാരികളുടെ അത്തരം വീക്ഷണങ്ങളിലൂടെ രാജ്യം മുന്നോട്ട് നീങ്ങുമ്പോൾ ഈ രാജ്യത്തുനിന്നും മെച്ചപ്പെട്ട ജീവിതത്തിനുള്ള അവസരം കണ്ടെത്തുന്ന മലയാളികളടക്കമുള്ള പ്രവാസികൾക്കും അത് പ്രതീക്ഷയേകുകയാണ്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...