ഒറ്റക്കെട്ടായി ഗള്‍ഫ്; ഭിന്നത പഴങ്കഥയായി; ഇനി പുതിയയുഗം

gulf
SHARE

സൗദി അടക്കം നാല് രാജ്യങ്ങൾ ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചു. അൽ ഉലയിൽ നടന്ന ജിസിസി ഉച്ചകോടിയിലായിരുന്നു ഗൾഫ് പ്രതിസന്ധിക്ക് വിരാമമിട്ട അന്തിമതീരുമാനം. ഇനി ജിസിസി ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങുമെന്ന പ്രഖ്യാപനമാണ് അൽ ഉല കരാറിൻറെ അന്തസത്ത.

ആധുനിക ഗൾഫ് രൂപമെടുത്തശേഷമുള്ള ഏറ്റവും വലിയ, ഏറ്റവും നീണ്ട പ്രതിസന്ധിക്ക് വിരാമം. മൂന്നരവർഷം നീണ്ട ഖത്തർ ഉപരോധത്തിന് പരിസമാപ്തി. സൗദിഅറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ 2017 ജൂൺ അഞ്ചിന് ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചു. ഗൾഫ് രാജ്യങ്ങളുടെ ഐക്യവും സഹകരണവും ഉറപ്പാക്കുന്ന കരാറിൽ ആറ് ജിസിസി അംഗരാജ്യങ്ങളും ഒപ്പുവച്ചു. അൽ ഉലയിൽ നടന്ന ഉച്ചകോടിയിൽ ഐക്യത്തിൻറെ കാഹളം മുഴക്കി ഭിന്നത മറന്ന് ഒരുമിച്ചു നീങ്ങുമെന്ന് പ്രഖ്യാപനം. ഗൾഫ് പ്രതിസന്ധി അവസാനിച്ചതായും ഖത്തറുമായുള്ള നയതന്ത്രബന്ധമടക്കമുള്ളവ പുനഃസ്ഥാപിച്ചതായും സൗദി വിദേശകാര്യമന്ത്രി ഫൈസൽബിൻ ഫർഹാനാണ് ലോകത്തെ അറിയിച്ചത്. 

ഏറെ ആകാംക്ഷാഭരിതമായിരുന്നു അൽ ഉല ഉച്ചകോടിയിലേക്കുള്ള ചുവടുവയ്പ്പുകൾ. ഉപരോധം അവസാനിപ്പിക്കാനുള്ള കുവൈത്തിൻറേയും അമേരിക്കയുടേയും മധ്യസ്ഥനീക്കങ്ങൾ ഫലം കാണുന്നുവെന്ന സൂചനയുണ്ടായത് കഴിഞ്ഞ ഡിസംബർ ആദ്യമാണ്. മധ്യസ്ഥനീക്കങ്ങളെ സ്വാഗതം ചെയ്ത്, കുറ്റപ്പെടുത്തലുകളും ആരോപണങ്ങളുമില്ലാതെ ഗൾഫ് രാജ്യങ്ങൾ മുന്നോട്ടുവന്നു. ജിസിസി ഉച്ചകോടിയുടെ വിജയത്തിനായി കാത്തിരിക്കുന്നുവെന്നായിരുന്നു യുഎഇ വിദേശകാര്യസഹമന്ത്രി അൽവർ ഗർഗാഷ് അന്ന് പ്രതികരിച്ചത്. കുവൈത്ത് അമീർ ഷെയ്ഖ് നവാഫ്  അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഗൾഫ് രാജ്യങ്ങളുടെയും ഈജിപ്തിൻറേയും ഭരണാധിപൻമാർക്ക് കത്ത് കൈമാറി. ജിസിസി ഒരുമിച്ചു നീങ്ങേണ്ടതിൻറെ ആവശ്യകത ഓർമപ്പെടുത്തുന്നതായിരുന്നു കത്തിലെ ഉള്ളടക്കം. ഒടുവിൽ ജനുവരി നാലിന് രാത്രിയോടെ ഖത്തറും സൌദിയുമായുള്ള കര,ആകാശ,സമുദ്ര അതിർത്തികളെല്ലാം തുറക്കുന്നതായി കുവൈത്ത്  പ്രഖ്യാപിച്ചു. ഉച്ചകോടിക്ക് മുൻപ് ആദ്യ മഞ്ഞുരുകൽ. തൊട്ടുപിന്നാലെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉച്ചകോടിക്കെത്തുമെന്ന് സ്ഥിരീകരണം. ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ഖത്തർ അമീർ സൌദിയിൽ വന്നിട്ടില്ല എന്നതിനാൽതന്നെ ആ വാർത്ത ഏറെ പ്രതീക്ഷയേകുന്നതായിരുന്നു. ജനുവരി അഞ്ച്. മേഖലയുടെ ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു സൌദിയുടെ വടക്കുപടിഞ്ഞാറൻ നഗരമായ അൽ ഉല. ചരിത്രപ്രാധാന്യമേറിയ, പൈതൃകനഗരമായ അൽ ഉലയിലേക്ക് ഉച്ചയോടെ നേതാക്കൾ എത്തിതുടങ്ങി. ആദ്യമെത്തിയത് ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. ഒടുവിൽ ഖത്തർ അമീറിൻറെ വിമാനം സൌദിമണ്ണിൽ തൊട്ടു. വിമാനത്താവളത്തിൽ കാത്തുനിന്ന സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മുന്നോട്ട് വന്ന് സ്വാഗതമോതി ആലിംഗനങ്ങളോടെ അമീറിനെ സ്വീകരിച്ചു. ഉപരോധവും ഭിന്നതകളും നിറഞ്ഞ ഇന്നലെകൾക്ക് വിട.

മറ്റു ഭരണാധിപൻമാരെ കൈ കൊടുത്തും വണങ്ങയും സ്വീകരിച്ചപ്പോൾ ഖത്തർ അമീറിനെ മാത്രമാണ് കിരീടാവകാശി ആലിംഗനം ചെയ്തതെന്നതും ശ്രദ്ധേയമായി. തുടർന്ന് അൽ ഉലയിലെ മറായ ഹാളിൽ ഉച്ചകോടിക്ക് തുടക്കം. സൌദി ഭരണാധികാരി സൽമാൻ രാജാവിൻറെ പ്രതിനിധിയായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉച്ചകോടിയുടെ അധ്യക്ഷപ്രസംഗത്തിൽ ഐക്യത്തിന് ആഹ്വാനം ചെയ്തു. യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ മുഖ്യഉപദേശകൻ ജാറെദ് കുഷ്ണറും ഉച്ചകോടിയുടെ ഭാഗമായി. വട്ടമേശയ്ക്ക് ചുറ്റുമിരുന്നു ഇതുവരെയുണ്ടായിരുന്ന ഭിന്നതകളെല്ലാം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനത്തോടെ ആറ് രാജ്യങ്ങളുടേയും ഭരണാധിപൻമാർ അൽ ഉല കരാറിൽ ഒപ്പുവച്ചു. ഭിന്നത പഴങ്കഥയായി. ഇനി പുതിയയുഗം.

തുടർന്ന് വൈകിട്ടോടെ ഗൾഫ് വിദേശകാര്യമന്ത്രിമാരും ജിസിസി സെക്രട്ടറി ജനറലും പങ്കെടുത്തവാർത്താസമ്മേളനം. ഉച്ചകോടിയിൽ എന്താണ് തീരുമാനമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി. നാല് രാജ്യങ്ങൾ ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കുന്നു. നയതന്ത്ര ബന്ധവും വിമാനസർവീസും അടക്കം എല്ലാം പുനസ്ഥാപിക്കുന്നതായി സൌദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ. 

അങ്ങനെ അൽ ഉല ഉച്ചകോടി ഉലച്ചിലുകളെല്ലാം അവസാനിപ്പിക്കുന്ന സമാധാനയോഗമായി മാറി. ഉച്ചകോടി അവസാനിച്ചതിന് പിന്നാലെ കിരീടാവകാശി ഡ്രൈവ് ചെയ്ത വാഹനത്തിൽ ഖത്തർ അമീർ പുറത്തേക്ക്. പൈതൃകനഗരമായ അൽ ഉലയിലെ കാഴ്ടകൾ പരിചയപ്പെടുത്താനുള്ള സ്വകാര്യ യാത്ര. തുടർന്ന് സൌദി കിരീടാവകാശിയും ഖത്തർ അമീറും പ്രത്യേകംകൂടിക്കാഴ്ച നടത്തി. ഭിന്നത അവസാനിച്ചതോടെ സന്തോഷത്തോടെയായിരുന്നു മേഖലയിലെ നേതാക്കളുടെ പ്രതികരണം.  സ്ഥിരതയും ഐക്യദാർഢ്യവും ഉറപ്പുവരുത്തുന്ന കരാറിൽ ഒപ്പുവച്ചതായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്ന ഭാവിയുടെ പ്രതീക്ഷയാണ് ജിസിസി ഉച്ചകോടിയിൽ പുതുക്കിയതെന്ന് യുഎഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചുവെന്നായിരുന്നു യുഎഇ വിദേശകാര്യസഹമന്ത്രി അൻവർ ഗർഗാഷിൻറെ പ്രതികരണം. യുഎൻ, യൂറോപ്യൻ യൂണിയൻ, അറബ് ലീഗ് തുടങ്ങിയ സംഘടകളും വിവിധരാജ്യങ്ങളും ഉച്ചകോടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു.

ആഘോഷങ്ങളോടെയായിരുന്നു ഖത്തറിലെ ജനത ഉപരോധം നീക്കിയവാർത്തയെ വരവേറ്റത്. ഭീകരപ്രവർത്തനങ്ങളേയും സംഘടനകളേയും പ്രോത്സാഹിപ്പിക്കുന്നു എന്നതടക്കമുള്ള ആരോപണങ്ങളുന്നയിച്ചായിരുന്നു ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. എന്നാൽ മൂന്നരവർഷം പിന്നിടുമ്പോൾ എല്ലാ ആരോപണങ്ങൾക്കും ഭിന്നതകൾക്കും മുകളിലാണ് ഐക്യ ജിസിസി എന്ന പ്രഖ്യാപനമാണ് അൽ ഉലയിൽ നിന്നുയർന്നുകേട്ടത്.

ഖത്തർ ഉപരോധം അവസാനിച്ചു; ജിസിസിയുടെ മുന്നോട്ടുള്ള യാത്ര

ഖത്തർ ഉപരോധം അവസാനിക്കുമ്പോൾ മേഖല പ്രതീക്ഷയിലാണ്. സുരക്ഷയുടെ കാര്യത്തിൽ മാത്രമല്ല,കൂടുതൽ തൊഴിൽ സാധ്യതകളും, വികസനവും അതിലുപരി മഹാമാരി കാരണമുള്ള സാമ്പത്തിക അസ്ഥിരത മറികടക്കാമെന്ന പ്രതീക്ഷ കൂടിയാണ് ജിസിസി ഉച്ചകോടി പങ്കുവയ്ക്കുന്നത്. ഖത്തർ ഉപരോധം അവസാനിപ്പിച്ചശേഷമുള്ള ജിസിസിയുടെ മുന്നോട്ടുള്ള യാത്ര എങ്ങനെയായിരിക്കും.

2017 ജൂൺ അഞ്ചിന് ഖത്തറിനെതിരെ അയൽരാജ്യങ്ങളായ സൌദിയും യുഎഇയും ബഹ്റൈനുമൊക്കെ നയതന്ത്ര,വ്യാപാര,ഗതാഗതം ഉപരോധം പ്രഖ്യാപിച്ചപ്പോൾ പ്രതിസന്ധിയിലായത് പ്രവാസിമലയാളികളടക്കം ഒട്ടേറെപ്പേരായിരുന്നു. വിവിധ ഗൾഫ് രാജ്യങ്ങളിലായി വ്യാപാരവ്യവസായ സംരംഭങ്ങളുള്ളവരിൽ പലരും യുഎഇിലും സൌദിയിലുമിരുന്നാണ് ബിസിനസ് നിയന്ത്രിച്ചിരുന്നത്. ഒപ്പം ആഴ്ചതോറും തൊഴിൽആവശ്യങ്ങൾക്കായി യാത്ര ചെയ്തിരുന്നവരുമൊക്കെ കഴിഞ്ഞമൂന്നരവർഷമായി ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയത്. ഖത്തറിലെ ബാങ്കുകളുമായുള്ള ഇടപാടുകൾവരെ പ്രതിസന്ധിയിലായത് പണമിടപാടുകളെയും ബാധിച്ചു. ഈ സാഹചര്യത്തിന് ഇനി മാറ്റംവരുകയാണ്. ഉപരോധം പിൻവലിച്ചതോടെ സ്വാഭാവികമായും ഖത്തറുമായുള്ള വിമാനസർവീസുകളും പുനസ്ഥാപിക്കപ്പെടുകയാണ്. 

ദുബായിൽനിന്ന് ഒരു മണിക്കൂർകൊണ്ട് ദോഹയിലെത്താമായിരുന്നത് ഒമാൻ വഴിയാക്കി മാറ്റേണ്ടിവന്നിരുന്നു. അത് ഇനി ഒഴിവാകും. ഖത്തറിൽ നിന്ന് നേരിട്ട് എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും വിമാനസർവീസുകൾ പുനരാരംഭിക്കും. കരമാർഗം സൌദിയിലേക്കും സമുദ്രമാർഗം യുഎഇ ബഹ്റൈൻ എന്നിവിടങ്ങളിലേക്കും സഞ്ചരിക്കുന്നതിനുള്ള വിലക്കുകളും ഒഴിവാകും. നേരിട്ട് പറക്കാനാകുന്നതോടെ വിമാന ഇന്ധനചെലവും കുറയും. മലയാളികളടക്കമുള്ള പ്രവാസികളുടെ യാത്രയും എളുപ്പമാകും.

ഗൾഫിൻറെ വിനോദസഞ്ചാരമേഖലയുടെ വികസനത്തിനും പുതിയതീരുമാനം വഴിതെളിക്കും. 2022 ഫിഫ ലോകകപ്പ്, ദുബായ് എക്‌സ്‌പോ തുടങ്ങി ജിസിസിയുടെ സാമ്പത്തിക മേഖല ഊർജിതമാക്കാനുള്ള കായിക, വിനോദസഞ്ചാര, വ്യവസായ പദ്ധതികളാണ് വരും നാളുകളിലായി നടക്കാനിരിക്കുന്നത്. അതിനാൽതന്നെ സന്ദർശകരുടെ എണ്ണം കൂടും. ഹോട്ടൽ, ആതിഥേയ, റീട്ടെയ്ൽ മേഖലകളിൽ കോവിഡ് കാരണമുണ്ടായ പ്രതിസന്ധികളവസാനിപ്പിക്കാനും ഈ മുന്നേറ്റം സഹായകരമാകും. അതേസമയം, വാണിജ്യവ്യാപാരമേഖലയിലും ഉണർവ് പ്രതീക്ഷിക്കുന്നുണ്ട്. സംരംഭങ്ങൾ തുറക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും തടസങ്ങളുണ്ടാകില്ലെന്നത് നിക്ഷേപകരെ ആകർഷിക്കും. 

വിനോദസഞ്ചാരം, വിദ്യാഭ്യാസം, ആരോഗ്യരംഗം, റിടെയ്ൽ തുടങ്ങി വിവിധമേഖലകളിൽ മുന്നേറ്റത്തിന് വഴിതെളിയുകയാണ്. എതെങ്കിലുമൊരു രാജ്യത്തിന് മാത്രമല്ല ഉപരോധം അവസാനിക്കുന്നതുകൊണ്ടുള്ള ഗുണമുണ്ടാകുന്നത്. ആയിരക്കണക്കിന് ഖത്തർ പൌരൻമാരാണ് ഉപരോധത്തിന് മുൻപ് ബഹ്റൈനിലും യുഎഇയിലുമൊക്കെ വിനോദസഞ്ചാരത്തിനായി വന്നുകൊണ്ടിരുന്നത്. അതെല്ലാം പഴയപടിയിലേക്ക് മാറുമെന്നത് മേഖലയ്ക്കാകെ ഗുണകരമാണ്.

പരോധം പ്രഖ്യാപിച്ചതോടെ നിർമാണമേഖലയിലടക്കം പാതിവഴിയിൽ മുടങ്ങിയതും അവസാനിപ്പിക്കേണ്ടി വന്നതുമായ ഒട്ടേറെ പദ്ധതികളുണ്ടായിരുന്നു ഗൾഫ് രാജ്യങ്ങളിൽ. ജിസിസി രാജ്യങ്ങൾക്കിടയിൽ വീണ്ടും വൻകിട വികസന പദ്ധതികൾക്ക് തുടക്കമിടുന്നതോടെ തൊഴിലവസരങ്ങൾ വർധിക്കുന്നത് പ്രവാസികൾക്കടക്കം ഗുണകരമാണ്. ഖത്തർ ബഹ്റൈൻ കോസ് വേ ആസൂത്രണങ്ങളെയും ഉപരോധം തകിടം മറിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ ആ പദ്ധതിക്ക് പുതുജീവനുണ്ടാകുമെന്നാണ് പ്രതീക്ഷ. ഖത്തറുമായി കരഅതിർത്തി പങ്കിടുന്ന സൌദിയിലേക്ക് അബു സമ്ര അതിർത്തിവഴിയുള്ള യാത്ര പുനസ്ഥാപിക്കപ്പെടുന്നതോടെ ചരക്ക് നീക്കവും തുടങ്ങും. ചെറുകിടകച്ചവടക്കാർക്കടക്കം അത് ഗുണകരമായിരിക്കും.

ഉപരോധം നിലനിന്ന കാലത്ത് ഹജ്, ഉംറ തീർഥാടനങ്ങൾക്കും മക്ക,മദീന നഗരങ്ങളിലെ സന്ദർശനത്തിനും ഖത്തർ പൌരൻമാർക്കും ഖത്തറിലുള്ള വിദേശികൾക്കും തടസങ്ങൾ നേരിട്ടിരുന്നു. ഖത്തറിലുള്ള മലയാളികളിൽ പലരും അവധിക്ക് നാട്ടിൽ പോയി നാട്ടിൽ നിന്നുള്ള സംഘങ്ങൾക്കൊപ്പമായിരുന്നു ഹജും ഉംറയുമൊക്കെ നിർവഹിച്ചിരുന്നത്. പുതിയസാഹചര്യത്തിൽ ഈ ബുദ്ധിമുട്ടുകളും ഒഴിവാകും. കരമാർഗവും വിമാനമാർഗവും തടസങ്ങളില്ലാതെ തീർഥാനനത്തിനെത്താൻ ഖത്തറിൽ താമസിക്കുന്നവർക്കാകും.

സുരക്ഷയുടെ കാര്യത്തിൽ ഇറാൻ ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ജിസിസി ഒറ്റക്കെട്ടാണെന്ന സന്ദേശംകൂടിയായിരുന്നു അൽ ഉല ഉച്ചകോടിയിൽ സൌദികിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചത്. അതേസമയം, കോവിഡ് കാരണമുള്ള സാമ്പത്തികഅസ്ഥിരതയെ എങ്ങനെയും മറികടക്കാനുള്ള ശ്രമത്തിലാണ് ഗൾഫ് രാജ്യങ്ങൾ. ഈ സാഹചര്യത്തിൽ ഇസ്രയേലുമായുള്ള ബന്ധത്തിന് പിന്നാലെ ഖത്തറുമായുള്ള ബന്ധവും പുതിയതലത്തിലേക്ക് വരുമ്പോൾ കൂടുതൽ സാധ്യതകളാണ് തുറക്കപ്പെടുന്നത്. അതാകട്ടെ എല്ലാ അസ്ഥിരതകളേയും മറികടന്ന് കൂടുതൽ സുരക്ഷിതമായൊരു സാഹചര്യത്തിലേക്കാണ് മേഖലയെ നയിക്കുന്നത്.

മെട്രോ പാതയിലെ ഗതാഗതസർവീസ്; മികവിൻറെ മാതൃക

ദുബായ് എക്സ്പോയോടനുബന്ധിച്ച് നിർമിച്ച മെട്രോ പാതയിൽ ഗതാഗതസർവീസ് ആരംഭിച്ചു. റെഡ് ലൈനിലെ ജബൽഅലി സ്റ്റേഷനെ എക്സ്പോ വേദിയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ മെട്രോ പാത. സാങ്കേതികവിദ്യകളുടെ സഹായത്തോടെ പൊതുജനങ്ങൾക്ക് സൌകര്യപ്രദമായ യാത്രാ അനുഭവം സമ്മാനിക്കുന്ന മെട്രോയുടെ വിശേഷങ്ങളാണ് ഇനി കാണുന്നത്.

2009 സെപ്റ്റംബർ ഒൻപതിനാണ് ഗൾഫിലെ ആദ്യ മെട്രോയായി ദുബായ് മെട്രോ പൊതുഗതാഗതത്തിനായി തുറക്കുന്നത്. ദുബായ് മെട്രോയിൽ ഒരിക്കലെങ്കിലും സഞ്ചരിച്ചവർക്കറിയാം അതിൻറെ സുരക്ഷിതത്വവും സൌകര്യങ്ങളും. മെട്രോ സ്റ്റേഷനുകളിലൊരുക്കിയിരിക്കുന്ന മുഷിപ്പിക്കാത്ത സൌകര്യങ്ങൾ പൊതുഗതാഗത  രംഗത്തെ മികവിൻറെ മാതൃകയാണ്. മലയാളികളടക്കമുള്ളവർ ആശ്രയിക്കുന്ന ദുബായ് മെട്രോ ഓരോ ഘട്ടങ്ങളായി സൌകര്യങ്ങളും സ്റ്റേഷനുകളും വർധിപ്പിക്കുകയാണ്. ഒടുവിൽ ലോകരാജ്യങ്ങൾ സംഗമിക്കുന്ന എക്സ്പോ വേദിയിലേക്കുള്ള മെട്രോ പാതയിൽ സർവീസ് ആരംഭിച്ചിരിക്കുന്നു. ഏഴ് സ്റ്റേഷനുകളാണ് പുതിയ പാതയിലുള്ലത്. റെഡ് ലൈനിൽ ജബൽഅലി, ദ് ഗാർഡൻസ്, ഡിസ്കവറി ഗാർഡൻസ്, അൽ ഫർജാൻ സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ് എക്സ്പോ മെട്രോ പാതയുടെ ആദ്യഘട്ടം പുതുവർഷത്തിൽ തുറന്നത്. ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക്, എക്സ്പോ എന്നീ മൂന്നു സ്റ്റേഷനുകൾകൂടി വൈകാതെ തുറക്കുമെന്നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അറിയിക്കുന്നത്.

എക്സ്പോ പാതയിൽ ഇരുദിശയിലേക്കും മണിക്കൂറിൽ 46,000 പേർക്കു യാത്ര ചെയ്യാനാകും. 3.2 കിലോമീറ്റർ തുരങ്കപാതയുൾപ്പെടെ  15 കിലോമീറ്ററാണ് ആകെ നീളം. പുലർച്ചെ അഞ്ചു മുതൽ രാത്രി 12 വരെയാണു സർവീസ്. വ്യാഴാഴ്ച രാത്രി ഒന്നുവരെയും വെള്ളിയാഴ്ചകളിൽ രാവിലെ 10 മുതൽ രാത്രി ഒന്നുവരെയും സഞ്ചരിക്കാം. മെട്രോ സ്റ്റേഷനുകളിൽ നിന്നും വിവിധയിടങ്ങളിലേക്ക് 15 മിനിറ്റ് ഇടവിട്ട് ബസ് സർവീസുകളുണ്ട്.  1100 കോടി ദിർഹമാണ് എക്സ്പോ പാതയുടെ ആകെച്ചെലവ്.  2,70,000 പേരാണ് എക്സ്പോ പാതയുടെ മേഖലയിൽ താമസിക്കുന്നത്. ദുബായുടെ  വിവിധ ഭാഗങ്ങളെ യും അൽ മക്തൂം രാജ്യാന്തര  വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന പാത എന്ന നിലയ്ക്കും ഏറെ പ്രാധാന്യം അർഹിക്കുന്നതാണ് പുതിയ പാത. 

എക്സ്പോ വേദിയോട് ചേർന്നുള്ള എക്സ്പോ സ്റ്റേഷനിലാണ് പുതിയ പാത അവസാനിക്കുന്നത്. ഭാവി എന്ന പ്രമേയത്തിൽ ഒരുക്കിയിരിക്കുന്ന സ്റ്റേഷൻറെ വിസ്തീർണം 18,800 സ്ക്വയർ മീറ്ററാണ്. 5,22,000 യാത്രക്കാരെ വരെ പ്രതിദിനം ഉൾക്കൊള്ളാനാകും. മൂന്ന് പ്ളാറ്റ്ഫോമുകളും ആറ് ബസ് സ്റ്റോപ്പുകളുമാണ് സ്റ്റേഷനിൽ ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റ് എടുക്കാനായി എട്ട് മെഷീനുകളും ഒരുക്കിയിട്ടുണ്ട്.

ഇൻറർചെയ്ഞ്ച് സ്റ്റേഷനായ ജബൽ അലി നിർമിച്ചിരിക്കുന്നത് ജലം എന്ന പ്രമേയത്തിലാണ്. 3,20,000 യാത്രക്കാരെയാണ് പ്രതിദിനം ഈ സ്റ്റേഷന് ഉൾക്കൊള്ളാനാകുന്നത്. നാലുവീതം പ്ളാറ്റ് ഫോമുകളും ബസ് സ്റ്റോപ്പുകളും എട്ട് റീടെയ്ൽ ഷോപ്പുകളും ജബൽ അലി സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. പുതുതായി നിർമിച്ച ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് സ്റ്റേഷനാണ് ദുബായിലെ ഏറ്റവും വലിയ  മെട്രോ സ്റ്റേഷൻ. 28,700 സ്ക്വയർ മീറ്റർ വിസ്തൃതിയിലാണ് ഈ സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്.

നൂതനസാങ്കേതിക വിദ്യകളോടെയാണ് പുതിയ സ്റ്റേഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. പ്ളാറ്റ് ഫോമിലേക്ക് പ്രവേശിക്കുന്നതിനുള്ള ഗെയ്റ്റുകളിൽ സെൻസറിനൊപ്പം ത്രീ ഡി ക്യാമറകളുമുണ്ട്. സ്ട്രോളർ, വീൽ ചെയർ എന്നിവയുമായെത്തുന്ന യാത്രക്കാർക്ക് ഗെയ്റ്റിലൂടെ പ്രവേശിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നതിനാൽ അതിനുള്ള സമയം ക്രമീകരിച്ചുനൽകാനാകുമെന്നതാണ് സവിശേഷത.

പരിസ്ഥിതി സൌഹൃദ ഊർജോപയോഗമാണ് എക്സ്പോ പാതയുടെ മറ്റൊരു സവിശേഷത. ഹാർമോണിക് എനർജി സേവിങ് ഒപ്റ്റിമൈസിങ് സിസ്റ്റമാണ് ഏഴ് സ്റ്റേഷനുകളിലും ഉപയോഗിച്ചിരിക്കുന്നത്. റീ ജനറേറ്റിങ് ഇലക്ട്രിസിറ്റി എന്നതാണ് പ്രധാനസവിശേഷത. ഇതുവഴി ഊർജം പാഴാകാതിരിക്കുകയും ഉപയോഗിക്കപ്പെടാത്ത ഊർജം അതേ ഗ്രിഡിലുള്ള മറ്റൊരു ട്രെയിനിനായി ഉപയോഗിക്കാനുമാകും. എൽ.ഇ.ഡി ലൈറ്റിങ് സംവിധാനമാണ് എല്ലാ സ്റ്റേഷനുകളിലുമുള്ളത്. ഊർജോപയോഗ കാര്യക്ഷമതയിൽ ഗോൾഡ് റേറ്റിങ് നേടിയ ആദ്യ മെട്രോ സ്റ്റേഷനാണ് അൽ ഫുർജാൻ.

യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും 2020 ജൂൺ എഴിനാണ്

എക്സ്പോ മെട്രോ പാത ഉത്ഘാടനം ചെയ്തതത്. തുടർന്ന് വീണ്ടും നടത്തിയ നിരീക്ഷണ പരീക്ഷണയോട്ടങ്ങൾക്ക് ശേഷമാണ് പുതുവൽസര സമ്മാനമാണ് മെട്രോയിൽ സർവീസ് തുടങ്ങിയത്. എക്സ്പോ മെട്രോ പാത കൂടി തുറന്നതോടെ ദുബായ് മെട്രോയുടെ ആകെ ദൂരം 90 കിലോമീറ്ററായി ഉയർന്നു.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...