കടബാധ്യതയുള്ളവർക്കു പരിരക്ഷ; കോവിഡ് കാലത്ത് യുഎഇയുടെ കൈത്താങ്ങ്

gtw-uae-845
SHARE

കോവിഡ് കാരണം വാണിജ്യ വ്യവസായ മേഖലയിലുണ്ടായ സാമ്പത്തിക അസ്ഥിരത പരിഹരിക്കാൻ കൃത്യമായ ഇടപെടലുകളാണ് യുഎഇ സർക്കാർ നടത്തുന്നത്. ഇതുവരെ 680 കോടി ദിർഹത്തിൻറെ ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചു. ഒപ്പം വ്യവസായ മേഖലയ്ക്ക് അനുകൂലമായ നിയമഭേദഗതികളും അനുവദിച്ചു. ഗൾഫ് നാടുകൾ സാമ്പത്തിക അസ്ഥിരതയെ   മറികടക്കുന്നത് നമ്മൾ മലയാളികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്.

യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻറെ നിർദേശപ്രകാരം ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൌൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമാണ് 50 കോടിയുടെ നാലാം ഘട്ട ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചത്.  മാർച്ച് 12നും ജൂലൈ 11നും 150 കോടി വീതവും  മാർച്ച്  29ന് 330 കോടി ദിർഹത്തിൻറേയും ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ആരോഗ്യം, ഹോട്ടൽ, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കോർത്തിണക്കുന്ന സമഗ്ര പാക്കേജാണ് നടപ്പാക്കുന്നത്.

സ്വകാര്യ നഴ്സറികളുടെ  ലൈസൻസ് പുതുക്കാനുള്ള ഫീസ് ഒഴിവാക്കി, നഴ്സറികളിലെയും ക്ലിനിക്കുകളുടെയും ജീവനക്കാരുടെ ലൈസൻസ് നീട്ടി നൽകി. കൊമേഴ്സ്യൽ, വിദ്യാഭ്യാസ ലൈസൻസുകൾ പുതുക്കാത്ത സ്വകാര്യ സ്കൂളുകളുടെ പിഴ ഒഴിവാക്കി.,  ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവയുടെ ഫീസിൽ ഈ വർഷം 50% കുറവ്, കൊമേഴ്സ്യൽ ലൈസൻസ് പുതുക്കാത്തതിനുള്ള പിഴയിൽ നിന്നു സ്ഥാപനങ്ങളെ ഒഴിവാക്കി. വാടക കരാർ പുതുക്കുന്നതടക്കമുള്ള  നടപടിക്രമങ്ങളില്ലാതെ ലൈസൻസ് പുതുക്കാം തുടങ്ങിയ ഇളവുകളാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. ചെറുകിട വൻകിട വ്യാപാരി വ്യവസായികൾക്ക് ആത്മവിശ്വാസം പകരുന്ന പദ്ധതികളും ഇളവുകളുമാണ് ദുബായ് സർക്കാർ പ്രഖ്യാപിച്ചത്.

കടബാധ്യതയുള്ളവർക്കു നിയമ പരിരക്ഷയൊരുക്കി പാപ്പർ നിയമ ഭേദഗതിക്കു യുഎഇ മന്ത്രിസഭ അംഗീകാരം നൽകിയതും വ്യാപാരവ്യവസായ മേഖലയിലുള്ളവർക്ക് ആശ്വാസമേകുന്നതാണ്. സാധാരണ കടബാധ്യത ഉണ്ടാകുമ്പോൾ പാപ്പരായി പ്രഖ്യാപിച്ച് ബിസിനസ് നിർത്താനുള്ള നടപടി തുടങ്ങുകയാണ് പതിവ്. പുതിയ നിയമം അനുസരിച്ച്  സ്ഥാപനം പൂട്ടേണ്ടിവരില്ല. കടക്കാരുമായി പുതിയ വ്യവസ്ഥയുണ്ടാക്കി തിരിച്ചടവിന് 12 മാസം വരെ സമയം തേടാം. ഈ വ്യവസ്ഥകൾ കോടതി അംഗീകരിച്ചാൽ ബിസിനസ് നടത്തുന്നതിന് ആവശ്യമായ വായ്പകളും ലഭിക്കും.

വാണിജ്യവ്യവസായ മേഖലയിലെ പതിവ് കുറ്റകൃത്യമായി കണക്കാക്കുന്ന ഒന്നാണ് ചെക്കുകേസുകൾ. ചെക്ക് ബൌൺസാകുന്നത് ക്രിമിനൽ കുറ്റമാകുന്ന സാഹചര്യം ഒഴിവാക്കുന്ന നിയമഭേദഗതിക്കാണ് യുഎഇ മന്ത്രിസഭ അംഗീകാരം നൽകിയത്. ചെക്ക് കേസുകളുമായി ബന്ധപ്പെട്ട് കമ്പനികൾക്ക് ബിസിനസ് നിർത്തേണ്ടിവരില്ല എന്നതാണ് നിയമഭേദഗതി നൽകുന്ന ആശ്വാസം. നിയമഭേദഗതി 2022 ൽ നിലവിൽ വരും.

ഇത്തരത്തിൽ കോവിഡ് കാരണം തളർന്ന സാമ്പത്തികമേഖലയ്ക്ക് ഉണർവ് പകരാനും കമ്പനികൾക്കും വ്യക്തികൾക്കും ഇളവുകളോടെ വാണിജ്യ വ്യവസായ സേവന മേഖലകളിൽ തുടരാനും സഹായകരമാകുന്ന തീരുമാനങ്ങളാണ് യുഎഇ ഭരണാധികാരികൾ പ്രഖ്യാപിച്ചിരിക്കുന്നത്. അത്തരം പ്രഖ്യാപനങ്ങൾ പ്രാവർത്തികമാകുന്നതോടെ മഹാമാരിയുടെ ക്ഷീണം അകറ്റാനാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളടക്കമുള്ളവർ. 

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...