ഇനി മടങ്ങിവരവ്, കണ്ണീർക്കാഴ്ചയായി പ്രവാസലോകം

Gulf-This-Week_30
SHARE

മഹാമാരിയുടെ കാലത്തെ ഗൾഫിലെ സാമ്പത്തിക അസ്ഥിരത നമ്മൾ മലയാളികളെ നേരിട്ടു ബാധിക്കുന്നതാണ്. ജോലി നഷ്ടപ്പെട്ടവർ നാട്ടിലേക്കു മടങ്ങുന്നത് ഈ വർഷാവസാനം വരെയെങ്കിലും തുടരുമെന്നാണ് കരുതുന്നത്. ക്വാറൻറീനുകൾക്കപ്പുറം പ്രവാസികളെ പരിഗണിക്കാൻ പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്തു തുടങ്ങേണ്ടിയിരിക്കുന്നു. ഇതിനായി ഫലപ്രദമായ ചർച്ചകളും കൂടിയാലോചനകളും ഒട്ടും താമസമില്ലാതെ തുടങ്ങണം.

മലയാളികളടക്കമുള്ളവരുടെ സ്വപ്നങ്ങൾക്കു ചിറകു നൽകിയ ഭൂമിയാണ് ഗൾഫ്. എന്നാൽ, ഇവിടെ നിന്നും ഈ മഹാമാരിയുടെ കാലത്തു കേൾക്കുന്ന വാർത്തകൾ അത്ര ശുഭകരമല്ല. കോവിഡിനെ പ്രതിരോധിക്കാനുള്ള നെട്ടോട്ടം ഒരുവശത്ത്. മറുവശത്താകട്ടെ ജോലിയിലെ അസ്ഥിരത  പ്രവാസികളെ ആശങ്കപ്പെടുത്തുകയാണ്. അതേ,  മുപ്പതുകൊല്ലം മുൻപു കുവൈത്ത് യുദ്ധകാലത്തുണ്ടായ ഗൾഫ് പ്രവാസികളുടെ  പ്രവാഹത്തേക്കാൾ ആശങ്കപ്പെടുത്തുന്നതും ആകുലപ്പെടുത്തുന്നതുമായ മടക്കയാത്രയ്ക്കാണ് കളമൊരുങ്ങുന്നത്. തൊഴിലാണ് പ്രശ്നം തൊഴിൽ മാത്രം. സ്വകാര്യവൽക്കരണവും നിതാഖത്തുമൊക്കെ വരുത്തിയ ആശങ്കകൾ കെട്ടടങ്ങും മുൻപാണ് അതിലും വലിയ ആകുലത മേൽവന്നു ചൂടുന്നത്. ഇക്കാലമത്രയും പ്രവാസികളുടെ തണലിലായിരുന്നു നമ്മുടെ മുന്നേറ്റമെങ്കിൽ ഇനി അതേ പ്രവാസികൾക്കു തണലൊരുക്കേണ്ട ഉത്തരവാദിത്തവും നമുക്കുണ്ടെന്നു അധികൃതരും സമൂഹവും മറക്കരുത്. വരും മാസങ്ങളിൽ മലയാളികളടക്കമുള്ളവരുടെ മടങ്ങിപ്പോകലിനായിരിക്കും പ്രവാസലോകം സാക്ഷിയാകേണ്ടിവരുന്നത്. 

തൊഴിൽ മേഖലയുമായി ബന്ധപ്പെട്ടു മൂന്നു വിഭാഗക്കാരാണ് നാട്ടിലേക്കു വരാനൊരുങ്ങുന്നത്. 1. ജോലി നഷ്ടപ്പെട്ടവർ. 2. ശമ്പളം വെട്ടിക്കുറച്ചു   ചെലവു ചുരുക്കാൻ നിർബന്ധിതരാകുന്നതിനാൽ നാട്ടിലേക്കയക്കുന്ന കുടുംബാംഗങ്ങൾ, 3. നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ കമ്പനി നിർദേശിച്ചവർ. ഈ മൂന്നു വിഭാഗങ്ങളിലുള്ള മലയാളികളടക്കമുള്ളവർ അടുത്ത മാസങ്ങളിൽ നാട്ടിലേക്കു മടങ്ങും. ഈ വർഷാവസാനം വരെയെങ്കിലും അത്തരമൊരു കൊഴിഞ്ഞുപോക്കുണ്ടാകുമെന്നാണ് വിലയിരുത്തൽ. പക്ഷേ, മടങ്ങി വരുന്ന പ്രവാസികളെ സ്വീകരിക്കാൻ കേരളം തയ്യാറാണോ എന്നതു ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ക്വാറൻറീനുകൾ ഒരു കാലയളവോടെ അവസാനിക്കും. അതിനു ശേഷം ഇതേ പ്രവാസികൾക്കു മുന്നോട്ടു നീങ്ങേണ്ടതുണ്ട്. കേരളത്തിലേക്കു മടങ്ങിവരുന്നവരെ സാമ്പത്തികമായും സാമൂഹികമായും സഹായിക്കാൻ സർക്കാർ കൂടിയാലോചനകൾ തുടങ്ങേണ്ടിയിരിക്കുന്നു. മടങ്ങിവരുന്ന പ്രവാസികൾക്കു ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വരും നാളുകളിൽ ഉയരാവുന്ന കടുത്ത ആശങ്കയെ അതിജീവിക്കാനുള്ള ഇടപെടലുകൾ, പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു. പ്രവാസികൾ അയച്ച പണത്തിനു നമ്മൾ എന്നും കണക്കു സൂക്ഷിച്ചിട്ടുണ്ട്. പക്ഷേ, അവരുടെ അധ്വാനത്തിനും ജീവിതത്തിനു ഒരിക്കൽപോലും കണക്കുപുസ്തകങ്ങളില്ലായിരുന്നു. തിരികെ മടങ്ങാനാകാത്ത എത്ര പേരുണ്ടാകുമെന്നോ ആകുലതയിൽ എത്രപേർ ജീവിക്കുന്നുണ്ടെന്നോ എന്നതിനു നമുക്കു കണക്കില്ല. അത്തരമൊരു കണക്കെടുപ്പ്, വിവരശേഖരണവും അത്യാവശ്യമാണ്. 

സാമ്പത്തിക അസ്ഥരിത അവസാനിച്ചു ഗൾഫ് മേഖല വീണ്ടും സജീവമാകും. പക്ഷേ, അപ്പോഴേക്കും ജോലി സാധ്യതകൾ നന്നേ കുറയുന്നവരുമുണ്ടാകും. 45 ഉം 50 ഉം വയസിനു മുകളിലേക്കുള്ളവരുടെ സാധ്യതകൾ വളരെ കുറയുമെന്നു തന്നെയാണ് വിലയിരുത്തുന്നത്. താരതമ്യേന ചെറിയ ശമ്പളത്തിൽ ജോലി ചെയ്യാൻ യുവജനങ്ങൾ മുന്നോട്ടുവരും. അത്തരമൊരു സാഹചര്യം ഗൾഫ് മേഖലയിൽ കഴിഞ്ഞ കുറച്ചു നാളായെങ്കിലുമുണ്ടെന്നത് യാഥാർഥ്യവുമാണ്. നിർമാണ മേഖലയിൽ മുതൽ വിനോദസഞ്ചാര മേഖലയിൽ വരെ ജോലി നഷ്ടപ്പെടുന്നവരുണ്ട്. അത്തരത്തിൽ ജോലി നഷ്ടപ്പെടുന്ന മധ്യവയസ്കരെ സർക്കാരുകൾ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണം. കർമപദ്ധതികളിൽ അവരോടുള്ള കരുതലിനും ഇടമുണ്ടാകണം. ജില്ല, താലൂക്ക് അടിസ്ഥാനത്തിൽ പ്രത്യേകം പദ്ധതികളൊരുക്കി അടുത്ത ആറു മാസത്തേക്കെങ്കിലും സഹായം ഉറപ്പാക്കാനുള്ള നടപടികളാണുണ്ടാകേണ്ടത്. നാട്ടിലേക്കു മടങ്ങിയവരൊന്നും തിരിച്ചുവരില്ലെന്നല്ല പറഞ്ഞുവരുന്നത്. പക്ഷേ, മടങ്ങിയെത്തി വീണ്ടുമൊരു ജോലി കണ്ടെത്തുക സാധ്യമല്ലാത്ത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരുണ്ടാകും. അവരെ പരിഗണിച്ചേ മതിയാകൂ. കൃത്യമായ വിവരശേഖരണത്തിലൂടെ ഗൾഫിൽ ചെയ്തുകൊണ്ടിരുന്ന ജോലിക്കു സമാനമായ സാധ്യതകൾ കണ്ടെത്താൻ സഹായമുണ്ടാകണം. സഹകരണ സൊസൈറ്റികളും സംരംഭങ്ങളുമൊക്കെ തുടങ്ങാനുള്ള സാഹചര്യങ്ങളും സഹായങ്ങളുമൊരുക്കണം. നല്ല മാതൃകകൾ പരിചയപ്പെടുത്തുന്നതിനും പരിശീലനം നൽകുന്നതിനുമൊക്കെ സർക്കാർ ഇടപെടൽ കൂടെയുണ്ടായിരിക്കണം. 

നോർക്കയുടേതടക്കം പ്രവാസികൾക്കു സഹായകരമായ പല പദ്ധതികളും നിലവിലുണ്ട്. നിലവിലെ സാഹചര്യത്തിൽ അതിലുപരിയായി കർമ പദ്ധതി തയ്യാറാക്കണം. ലക്ഷങ്ങളാണ് ജോലിയില്ലാതെ നാട്ടിലേക്കു മടങ്ങിവരാനിരിക്കുന്നതെന്നതാണ് സത്യാവസ്ഥ. ഓരോ ജില്ലകളിലും സ്ഥിതി വ്യത്യസ്തമായിരിക്കും. അതിനാൽ തന്നെ താലൂക്ക്, ജില്ലാടിസ്ഥാനത്തിലുള്ള സമിതികൾ രൂപീകരിച്ചു പ്രവാസിസെൽ സംവിധാനമെന്ന പോലെ നടപടികൾ വേഗത്തിലാക്കുന്നതിനു സർക്കാർ ഇടപെടണമെന്നാണ് പ്രവാസലോകത്തിൻറെ ആവശ്യം. 

നിതാഖത്ത് കാരണം നാട്ടിലേക്കു വന്നവർ എങ്ങനെ ജീവിക്കുന്നുവെന്നു കണക്കെടുത്താൻ സങ്കടക്കാഴ്ചകളേറെക്കാണേണ്ടി വരും. പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമൊക്കെ പെയ്തു തോർന്നു ഇന്നും ആശങ്കയുടെ വെയിൽ കൊള്ളുന്ന മുൻ പ്രവാസികളേറെയുണ്ടു നാട്ടിൽ. അത്തരം സാഹചര്യങ്ങൾ ഈ കാലത്തു ആവർത്തിക്കാതിരിക്കണം. ഒപ്പം ആന്തൂരിലെ സാജൻ ആവർത്തിക്കപ്പെടാതിരിക്കാനുള്ള ഇടപെടലുകളും വേണം. ഈ വർഷാവസാനം വരെയെങ്കിലും സർക്കാരും സമൂഹവും അടിയന്തിരമായി പരിഗണിക്കേണ്ട വിഭാഗങ്ങളിലൊന്നായിരിക്കണം മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം. അതിനായി പ്രത്യേക കർമപദ്ധതി ആവിഷ്കരിക്കേണ്ട, ചർച്ച ചെയ്യപ്പെടേണ്ട സമയം കൂടിയാണിപ്പോളെന്നാണ് ആശങ്കയോടെ പ്രവാസലോകം ഓർമപ്പെടുത്തുന്നത്.

---------------------

ലോകമെമ്പാടുമുള്ള ഇസ്ളാം മത വിശ്വാസികൾ റമസാൻ നോമ്പ് അനുഷ്ടിക്കുകയാണ്. മഹാമാരിയുടെ കാലത്ത് പള്ളികളെല്ലാം അടച്ചു.  ഈ ദുരിതകാലത്തു നിന്നുമുള്ള മോചനമാണ് വിശ്വാസികളുടെ പ്രാർഥന. 

മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കണമെന്ന പ്രാർഥനയാണ് ഇത്തവണത്തെ റമസാൻ നോമ്പുകാലം. ഒത്തുചേരലുകളില്ല, ഇഫ്താർ വിരുന്നുകളുമില്ല, ഒരേ ഒരു പ്രാർഥന മാത്രം. ഈ മഹാമാരിയും കടന്നുപോകണമേയെന്നു. പൊള്ളുന്ന ചൂടിലേക്കു ഗൾഫ് രാജ്യങ്ങൾ കടന്നു തുടങ്ങിയെങ്കിലും അതിലും പൊള്ളുന്ന വേദനയോടെയാണ് പ്രാർഥനയും നോമ്പനുഷ്ടാനങ്ങളും പ്രവാസികളടക്കമുള്ളവർ നിർവഹിക്കുന്നത്. 

റമസാൻ കാലത്ത് വിശ്വാസികൾ നിറഞ്ഞുകവിയുന്ന മക്ക, മദീന പള്ളികളിൽ കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി പൊതുജനങ്ങൾക്കു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇരുഹറമുകളിലും ഹറം ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും മാത്രമാണ് പ്രവേശനാനുമതി. മക്കയിലെയും മദീനയിലെയും  വിശുദ്ധ പള്ളികൾ ഒഴികെ മറ്റുപള്ളികൾ ജുമുഅക്കും ജമാഅത്തിനും വേണ്ടി തുറക്കില്ലെന്നും ഇസ്ളാമിക കാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. യുഎഇ അടക്കം എല്ലാ ഗൾഫ് രാജ്യങ്ങളിലും പൊതു ഒത്തുചേരലുകൾ വിലക്കിയിട്ടുണ്ട്. എങ്കിലും താമസയിടങ്ങളിൽ നോമ്പ് അനുഷ്ടിച്ചു വിശ്വാസികൾ പ്രാർഥനാ നിരതരാവുകയാണ്. 

റമസാൻ മാസത്തിലെ ആദ്യരാവിൽ ഉള്ളുപൊള്ളുന്ന വേദനയോടെയായിരുന്നു തറാവീഹ് നമസ്കാരം. മക്ക, മദീനപ്പള്ളികളിൽ ഹറം ഉദ്യോഗസ്ഥരും ജീവനക്കാരും ഒരുമിച്ചു സാമൂഹിക അകലം പാലിച്ചായിരുന്നു പ്രാർഥനാ കർമങ്ങളിൽ പങ്കെടുത്തത്. മക്കയില്‍ ഇരു ഹറം കാര്യാലയ മേധാവി അബ്ദുറഹ്മാന്‍ അല്‍ സുദൈസ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. കഅ്ബയെ ചുറ്റിയിരുന്ന ബാരിക്കേഡുകൾ ഒഴിവാക്കിയിരുന്നു. മദീനയിൽ പ്രാർഥനയ്ക്കു നേതൃത്വം വഹിച്ച ഇമാം ഷെയ്ഖ് സാലാ അൽ ബുദൈർ വിങ്ങിപ്പൊട്ടിയ കാഴ്ച ഉള്ളുലയ്ക്കുന്നതായിരുന്നു.

ഗൾഫിലെ പ്രവാസിമലയാളികളടക്കമുള്ളവർ താമസയിടങ്ങളിലാണ് പ്രാർഥന നടത്തുന്നത്. അത്തരമൊരനുഭവം പ്രവാസിമലയാളികൾക്കടക്കം ആദ്യമാണ്. ഒത്തുചേരുന്നതിനു വിലക്കുള്ളതിനാൽ ഇഫ്താർ സംഗമങ്ങളും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, പുണ്യമാസത്തിൽ ആരും വിശന്നിരിക്കാതിരിക്കാനുള്ള മുൻകരുതലുകൾ ഭരണാധികാരികൾ ഇടപെട്ടു ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം, സൌദിയിൽ റമസാൻ നോമ്പിൻറെ പശ്ചാത്തലത്തിൽ കർഫ്യൂ ഇളവ് അനുവദിച്ചു.മക്കയിലും നേരത്തേ അടച്ചിട്ട ഇരുപതു പ്രദേശങ്ങളും ഒഴികെ എല്ലായിടത്തും രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചുവരെ കർഫ്യൂ ഉണ്ടാകില്ല. ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങൾ, ഷോപ്പിങ് മാളുകൾ, ിർമാണ വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവ ഈ സമയത്ത് തുറന്നു പ്രവർത്തിക്കും. യുഎഇയിൽ മെട്രോ അടക്കം പൊതുഗതാഗത സംവിധാനങ്ങൾ നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചു. രാവിലെ ആറു മുതൽ രാത്രി പത്തുവരെ പൊലീസിൻറെ പ്രത്യേക അനുമതിയില്ലാതെ പുറത്തിറങ്ങാം. അതേസമയം, സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും മാസ്ക് ധരിച്ചിരിക്കണമെന്നുമാണ് നിർദേശം. നിയമലംഘകർക്കെതിരെ കർശന നടപടി തുടരുമെന്നും മുന്നറിയിപ്പുണ്ട്.

-----------------------

കോവിഡ് കാലത്ത് ഫ്ളാറ്റിൻറെ നാലു ചുവരുകൾക്കുള്ളിൽ ഒറ്റപ്പെട്ടുപോയവരേറെയുണ്ട് പ്രവാസലോകത്ത് പ്രത്യേകിച്ചു കുട്ടികൾ. പഠനമെല്ലാം ഓൺലൈനായതോടെ വീടുകളിൽ ഇരുന്നു ബോറഡിക്കുന്നുണ്ട് പലരും. എന്നാൽ, പാട്ടും ഡാൻസും ഷോർട് ഫിലിമും ഒക്കെയായി കോവിഡ് കാലം പ്രയോജനപ്പെടുത്തുന്ന ചിലരുണ്ട്. അവരെയാണ് ഇനി പരിചയപ്പെടുത്തുന്നത്.

ഈ മഹാമാരിയുടെ കാലത്ത് സേവനം അനുഷ്ടിക്കുന്ന ആരോഗ്യപ്രവർത്തകർക്കടക്കം ആദരവർപ്പിച്ചാണ് കുവൈത്തിലെ വീട്ടിലിരുന്നു കണ്ണൂർ സ്വദേശി സുനേഷ് കുമാറിനൊപ്പം പത്താം ക്ളാസുകാരൻ മകൻ അദ്വൈദും മൂന്നാം ക്ളാസുകാരി കല്യാണിയും ഷോർട് ഫിലിം നിർമിച്ചത്. ആരാണ് ഈ കാലത്തിൻറെ സൂപ്പർ ഹീറോസെന്നു മകളെ പരിചയപ്പെടുത്തുകയാണ് അച്ഛൻ.

കുവൈത്ത് ഇന്ത്യ ഇൻറർനാഷണൽ സ്കൂളിലെ വിദ്യാർഥികളാണ് അദ്വൈദും കല്യാണിയും. ഓൺലൈൻ പഠനത്തോടൊപ്പം അച്ഛനുമായി ചേർന്നാണ് ഷോർട് ഫിലിമിനായി ഫ്ളാറ്റിൻറെ നാലു ചുവരുകളെ വേദിയാക്കിയത്. കോവിഡ് പ്രതിരോധത്തിനായി സൂക്ഷിക്കേണ്ട മുൻകരുതലുകളാണ് ദുബായ് ഇന്ത്യൻ ഹൈസ്കൂളിലെ ഏഴാം ക്ളാസ് വിദ്യാർഥി ജാനവും സഹോദരനും മൂന്നാം ക്ളാസ് വിദ്യാർഥിയുമായ ശ്രീഹരിയും ചോർന്നു ഷോർട് ഫിലിം രൂപത്തിൽ അവതരിപ്പിച്ചത്.

മാസ്ക് ധരിക്കേണ്ടത് എന്തിനെന്നും എങ്ങനെയെന്നും പരിചയപ്പെടുത്തുന്നതിനൊപ്പം ശുചിത്വ ശീലങ്ങൾ കൂടി പങ്കുവയ്ക്കുകയാണ് ഇരുവരും. ഒഴിവു സമയം നല്ലതിനായി പ്രയോജനപ്പെടുത്തുന്നു എന്നതിനൊപ്പം കാലഘട്ടത്തിനു ഏറ്റവും ആവശ്യമായ സന്ദേശം കൂടി പകരുകയെന്ന ലക്ഷ്യത്തോടെയാണ് കുട്ടികളുടെ താൽപര്യത്തെ പ്രോത്സാഹിപ്പിക്കുന്നതെന്നു ജാനവിൻറേയും ശീഹരിയുടേയും അച്ഛനും ദുബായിലെ റേഡിയോ അവതാരകനും കൂടിയായ ഷാബു കിളിത്തട്ടിൽ.

കോവിഡ് ബോധവൽക്കരണത്തിനായി സഹോദരങ്ങളായ മൂന്നു പേർ ചേർന്നു അവതരിപ്പിക്കുന്ന ഗാനവും പ്രവാസലോകത്ത് ഏറേ ശ്രദ്ധേയമായിരിക്കുകയാണ്. കോട്ടയം പള്ളിക്കൂടം സ്കൂളിലെ പത്താം ക്ളാസുകാരി തിയ ആൻ ജേക്കബ്, ഷാർജ ഡൽഹി പ്രൈവറ്റ് സ്കൂളിലെ ആറാം ക്ളാസ് വിദ്യർഥി മാത്യു ജേക്കബ്, അഞ്ചാം ക്ളാസുകാരി റൂത്ത് ലിസ് ജേക്കബ് എന്നിവർ ചേർന്നാണ് ഈ ഗാനം അവതരിപ്പിക്കുന്നത്.

സംഗീതവും രചനയും അവതരണവുമെല്ലാം ഒരുമിച്ചാണ് ചെയ്തത്. ബോധവൽക്കരണത്തിനായി എന്തു ചെയ്യാനാകുമെന്ന ചിന്തയിലാണ് പ്രിയപ്പെട്ട സംഗീതത്തെത്തന്നെ കൂട്ടുപിടിച്ചത്.

യുഎഇയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും മുൻപാണ് ഷാർജ കോർണിഷ് അടക്കമുള്ള സ്ഥലങ്ങളിൽ ഈ ഗാനം ചിത്രീകരിച്ചത്. ദുബായിൽ സിനിമ സംവിധായകനായ  അരുൺ ശേഖർ മകൾ സയൂരിക്കൊപ്പം ചെയ്ത ഷോർട് ഫിലിമും പ്രവാസലോകത്ത് വൈറലാവുകയാണ്...

ലോക് ഡൌൺ കാലത്തെ ഓൺലൈൻ ഗെയിമും അതുമായി ബന്ധപ്പെട്ടു വീട്ടിലുണ്ടാകുന്ന നർമരംഗങ്ങളുമാണ് ഇതിവൃത്തം.

. തമാശകളും ചിരികളും ഉണരണം. വീടുകൾ കൂടുതൽ സജീവമാകട്ടെ. കുട്ടികളുടെ മാനസിക വിഷമതകളും ഒറ്റപ്പെടലുകളുമൊക്കെ ഇല്ലാതാക്കാൻ മാതാപിതാക്കളടക്കം കൂടുതൽ ശ്രദ്ധചെലുത്തേണ്ട സമയം കൂടിയാണ് ഈ കോവിഡ് കാലം.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...