കോവിഡ് ദുരന്തകാലത്തെ പ്രവാസജീവിതം; പ്രതിരോധം; കാഴ്ചകൾ

Gulf-This-Week-03-04-20
SHARE

ദുബായിൽ നിന്നും മടങ്ങിയെത്തിയ പ്രവാസികളിൽ ചിലർക്കു കോവിഡ് 19 സ്ഥിരീകരിച്ചത് മലയാളികൾക്കിടയിൽ ആശങ്കയുയർത്തിയിട്ടുണ്ട്. അത്തരം ആശങ്കകളെ കൃത്യമായ പ്രതിരോധപ്രവർത്തനങ്ങളിലൂടെ മറികടക്കാൻ ശ്രമിക്കുകയാണ് ദുബായ് ഹെൽത്ത് അതോറിറ്റി അടക്കമുള്ളവർ. യുഎഇയിലെ പ്രതിരോധപ്രവർത്തനങ്ങളോട് പ്രവാസിമലയാളികൾ പൂർണമായും സഹകരിക്കണം. അതിജീവനത്തിനു ജാഗ്രതയാണ് ആദ്യം വേണ്ടത്.

അതിശക്തമായ പ്രതിരോധത്തിലൂടെ കോവിഡിനെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് യുഎഇ. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് വിമാനത്താവളം അടച്ചിട്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും കൊറോണ വൈറസിൻറെ വ്യാപനത്തെ പ്രതിരോധിക്കുകയാണ് രാജ്യം. കഴിഞ്ഞ മാസം ഇരുപത്താറിനു തുടങ്ങിയ അണുവിമുക്തമാക്കൽ പ്രക്രിയ തുടരുകയാണ്. രാത്രി എട്ടു മുതൽ രാവിലെ ഏഴു വരെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, തെരുവുകൾ, പൊതു ഗതാഗതം, മെട്രോ സർവീസ് എന്നിവയിലെല്ലാം അണുനശീകരണം നടത്തുന്നുണ്ട്. ഈ സമയത്ത് നിർബന്ധമായും വീട്ടിലിക്കണമെന്ന നിർദേശം ജനങ്ങൾ പൂർണജാഗ്രതയോടെയാണ് പാലിക്കുന്നത്. ഏറ്റവും തിരക്കേറിയ റോഡിലെ ഏറ്റവും തിരക്കേറിയ സമയത്തെ ഈ കാഴ്ചകൾ നമ്മൾ മലയാളികൾക്കു ജാഗ്രതയുടെ പാഠമാണ്.

ദുബായ് നായിഫ് മേഖലയിൽ നിന്നും മടങ്ങിയ കാസർഗോഡുകാരന് കോവിഡ്19 സ്ഥിരീകരിച്ചതോടെ മലയാളികൾ ആശങ്കയോടെയാണ് നായിഫെന്ന ഈ മേഖലയെ നോക്കികണ്ടത്. അത്തരം ആശങ്ക അകറ്റുന്നതിനു ദുബായ് പൊലീസും ദുബായ് ഹെൽത്ത് അതോറിറ്റിയും നേരിട്ടിറങ്ങി. ആസ്റ്റർ ക്ളിനിക്കിലെ നാൽപ്പതംഗ മെഡിക്കൽ സംഘത്തിൻറെ മേൽനോട്ടത്തിൽ നായിഫിലെ അഞ്ചിടങ്ങളിലായി എണ്ണൂറോളം പേരെയാണ് താമസസ്ഥലത്തെത്തി ആരോഗ്യപരിശോധന നടത്തിയത്. ആശങ്കപ്പെടേണ്ടതില്ലെന്നു ദുബായ് പൊലീസ് അധികൃതർ ഉറപ്പുനൽകുന്നു.

നായിഫ് മേഖലയെക്കുറിച്ചു മലയാളികൾക്കിടയിൽ ആശങ്കഉയർന്നതോടെ യുഎഇയിലെ സാമൂഹ്യപ്രവർത്തകനായ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിലാണ് ആദ്യ ഇടപെടലുകൾ നടത്തിയത്.ആരോഗ്യവകുപ്പ് അധികൃതരെ വിവരം ധരിപ്പിക്കുന്നതിനും ഭക്ഷണമടക്കമുള്ള സൌകര്യങ്ങൾ നായിഫിലെ സാധാരണക്കാർക്കായി ഒരുക്കുന്നതിലും നസീറിൻറെ ഇടപെടലുണ്ടായിരുന്നു.

കോവിഡ്19 ൻറെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനും ആരോഗ്യപരിശോധന അടക്കമുള്ള സൌകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായി അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായ് ഇന്ത്യൻ കോൺസുലേറ്റും സജീവമായി രംഗത്തുണ്ട്. യാത്രാവിലക്ക് അടക്കം യുഎഇ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളോടു പൂർണമായും സഹകരിക്കണമെന്നാണ് അബുദാബിയിലെ ഇന്ത്യൻ സ്ഥാനപതിയും ദുബായ് ഇന്ത്യൻ കോൺസുൽ ജനറലും നിർദേശിക്കുന്നത്.  അത്യാവശ്യങ്ങൾക്കല്ലാതെ വീടിനു പുറത്തേക്കിറങ്ങരുതെന്ന സർക്കാർ നിർദേശം പാലിക്കുക.

വരും ദിവസങ്ങളിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാം. അതെല്ലാം കോവിഡ്19 എന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാനുള്ള ശ്രമമാണെന്ന ബോധ്യമുണ്ടായിരിക്കണം മലയാളികളടക്കമുള്ള പ്രവാസികൾക്ക്. നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കു കടുത്തശിക്ഷയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കോവിഡ് കാരണം താമസസ്ഥലത്ത് ഭക്ഷണമടക്കമുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കു സഹായവുമായി വിവിധ മലയാളി സംഘടനകൾ രംഗത്തുണ്ട്. ദുബായ് കെ.എം.സി.സി, ഷാർജ ഇന്ത്യൻ അസോസിയേഷൻ, ഇൻകാസ് തുടങ്ങിയ സംഘടനകൾ ഭക്ഷണമടക്കമുള്ള സൌകര്യങ്ങളെത്തിക്കുന്നുണ്ട്. ഒപ്പം ഹെൽപ്പ്ലൈൻ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. 

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കു യാത്രാവിലക്ക് പ്രഖ്യാപിച്ചതോടെ യുഎഇയിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്കെത്തിക്കാനാകാത്ത അവസ്ഥയുണ്ടായി. ഇതിനു താൽക്കാലികപരിഹാരമായെന്ന വാർത്ത ആശ്വാസകരമാണ്. കാർഗോ വിമാനങ്ങളിൽ മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോയിത്തുടങ്ങി. ഏറെ സങ്കടത്തോടെ പലപ്രവാസികളുടേയും മൃതദേഹങ്ങൾ അവരുടെ പ്രിയപ്പെട്ടർക്കു യാത്രമൊഴിപോലും നൽകാനാകാതെ ഈ പ്രവാസലോകത്ത് സംസ്കരിക്കേണ്ടിവന്ന കാഴ്ച വേദനാജനകമായിരുന്നു. സാമൂഹ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ നേതൃത്വത്തിലാണ് മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

സുരക്ഷാനിർദേശങ്ങൾ ലംഘിക്കുന്നവരും തെറ്റായ പ്രചരണങ്ങൾ നടത്തുന്നവരും അറസ്റ്റ് അടക്കമുള്ള നടപടികൾ നേരിടേണ്ടിവരും. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതിരിക്കുക. ജാഗ്രതയോടെ സർക്കാർ നിർദേശങ്ങൾ അനുസരിക്കുക. അതിലൂടെ മാത്രമേ ഈ മഹാമാരിയെ അകറ്റാനാകൂ എന്നു മറക്കാതിരിക്കുക. 

*************************************************

കേരളത്തിൻറെ ചരിത്രത്തിലാദ്യമായി പ്രവാസികൾക്കെതിരായ തെറ്റായ പ്രചരണങ്ങൾ കണ്ട കാലം കൂടിയാണ് ഈ ദുരിതകാലം.  കാസർക്കോട്ടെ ഒരു പ്രവാസിക്കുപറ്റിയ തെറ്റിൻറെ പേരിൽ എല്ലാ പ്രവാസികളേയും ചേർത്തുപിടിച്ചു അപഹസിക്കുന്ന കാഴ്ചകൾ. ഒടുവിൽ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ളവർക്കു ഇടപെടേണ്ടിവന്നു തെറ്റിദ്ധാരണകൾ അവസാനിപ്പിക്കാൻ....

അവധിക്കുവരുന്ന പ്രവാസിയെ വിമാനത്താവളങ്ങളിൽ ഏറെ സ്നേഹത്തോടെ കാത്തുനിന്നു സ്വീകരിച്ച കാഴ്ചകൾ മങ്ങിത്തുടങ്ങിയ കാലം. ഗൾഫിൽ നിന്നും മടങ്ങിയെത്തിയ ചിലർക്കു വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പ്രവാസസമൂഹത്തെയൊന്നാകെ കുറ്റപ്പെടുത്തുന്ന കാഴ്ചകൾ. സർക്കാർ നിർദേശങ്ങൾ പാലിക്കാതിരുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഗൾഫ് മലയാളികളെ പ്രതിക്കൂട്ടിലാക്കാൻ ചിലർ നടത്തുന്ന വ്യഗ്രതയെയാണ് മുഖ്യമന്ത്രി വിമർശിച്ചത്. വിമാനത്താവളത്തിലെത്തി സ്വന്തമായി വാഹനമോടിച്ചു നേരേേ ക്വാറൻറീനിലേക്കു പോയവരും, വീട്ടിൽ കാണാൻ കൊതിച്ച മക്കളെയടക്കം മാറ്റിനിർത്തി സ്വയം ക്വാറൻറീൻ സ്വീകരിച്ചവരും ഏറെയുണ്ട്. പക്ഷേ, അത്തരം നന്മകൾക്കും മുൻകരുതലുകൾക്കും നേരേ കണ്ണടച്ചു ഒറ്റപ്പെട്ട തെറ്റുകളെ പർവതീകരിക്കുന്നതിനുള്ള മറുപടിയാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. 

ഏതു ദുരന്തത്തിലും പ്രവാസികൾ കേരളമണ്ണിനെ കരുതുമെന്ന വിശ്വാസത്തിനു ഈ നിമിഷം വരെ കോട്ടം വന്നിട്ടില്ല. പക്ഷേ, ആ കരുതൽ തിരികെ നൽകുന്നതിൽ കേരളം പരാജയപ്പെടുന്നുണ്ടെന്ന് സമൂഹമാധ്യമങ്ങളിലടക്കമുള്ള പ്രചരണങ്ങളിലൂടെ വ്യക്തമാണ്. ജോലി നഷ്ടപ്പെടുമോയെന്ന ആശങ്ക, വിമാനക്കമ്പനികളുടെ വൻ ടിക്കറ്റ് കൊള്ള, നാട്ടിലെ പ്രിയപ്പെട്ടവരെയെല്ലാം തൃപ്തിപ്പെടുത്താനുള്ള ഓട്ടം അങ്ങനെ എല്ലാ ആശങ്കകളേയും അതിജീവിച്ചു നാട്ടിലേക്കു പോകാനാഗ്രഹിക്കുന്നവരോട് ഇങ്ങോട്ട് വന്നേക്കരുതെന്നു പറയുന്ന ക്രൂരത പ്രവാസികളോടുള്ള നെറികേടാണ്. 

ദുബായിൽ ചുരുക്കം ചില പ്രദേശങ്ങളിൽ മാത്രമാണ് കോവിഡ്  ആശങ്ക ശക്തമായിരുന്നത്. എന്നാൽ, പ്രവേശനവിലക്കേർപ്പെടുത്തിയും താമസസ്ഥലങ്ങളിലെത്തി ആരോഗ്യപരിശോധന നടത്തിയുമെല്ലാം അധികൃതർ അത്തരം ആശങ്കകളെ അകറ്റുകയാണ്. മുൻവിധിയോടെയുള്ള തെറ്റായ സമീപനങ്ങൾ ഉപേക്ഷിക്കുക. പ്രവാസികൾ നാടിൻറെ നന്മ ആഗ്രഹിക്കുന്നവരാണെന്നു മുൻകാലചിത്രങ്ങൾ മറക്കാതിരിക്കട്ടെ. സമൂഹമാധ്യമങ്ങളെന്ന പുതിയകാലതെരുവുകളിലെ വിചാരണകൾ അവസാനിപ്പിക്കണം. അത്തരം വിദ്വേഷലന്ദേശങ്ങളും സന്ദേഹങ്ങളും പ്രചരിപ്പിക്കാതിരിക്കുക.

*************************************************

ഗൾഫിൽ ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് സൌദിയിലാണ്. എങ്കിലും പ്രതിരോധനടപടികളിലുടെ, ചികിൽസയിലൂടെ മരണനിരക്കു കുറയ്ക്കാൻ അധികൃതർക്കായിട്ടുണ്ട്. കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളേർപ്പെടുത്തിയാണ് സൌദി മഹാമാരിയെ പ്രതിരോധിക്കുന്നത്. 

വിവിധ രാജ്യക്കാരായ ലക്ഷക്കണക്കിനു പേർ പങ്കെടുക്കുന്ന ഉംറ തീർഥാടനം നിർത്തിയാണ ്സൌദി പ്രതിരോധപ്രവർത്തനം തുടങ്ങുന്നത്. ജനങ്ങൾ വീടിനു പുറത്തേക്കിറങ്ങുന്നത് തടയാൻ വൈകിട്ട് ഏഴു മുതൽ രാവിലെ ആറു വരെ കർഫ്യൂ ഏർപ്പെടുത്തി. മക്ക, മദീന, റിയാദ് നഗരങ്ങളിൽ മൂന്നു മണിക്കു കർഫ്യൂ തുടങ്ങും. ഇറാനിൽ നിന്നും മടങ്ങിയെത്തിയവരിലാണ് രാജ്യത്ത് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. അവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ ക്വാറൻറീൻ ചെയ്തു. ഒപ്പം വിദേശത്തുനിന്നെത്തിയവരേയും മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. മക്ക, മദീന വിശുദ്ധ നഗരണങ്ങളിലും കനത്ത ജാഗ്രതയോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജ്യാന്തര ആഭ്യന്തര വിമാനസർവീസുകൾക്കുള്ള വിലക്ക് അനിശ്ചിതകാലത്തേക്കു നീട്ടി. സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിൽ നിയന്ത്രണങ്ങളും തുടരും. ട്രെയിൻ, ബസ്‌, ടാക്സി എന്നിവയും ഇനിയൊരു അറിയിപ്പുണ്ടാകുന്നത്‌ വരെ സർവീസ് നടത്തരുതെന്നു അധികൃതർ നിർദേശിച്ചു.  നിയമലംഘകർക്കടക്കം എല്ലാവർക്കും സൌജന്യമായി കോവിഡ് ചികിൽസ ഉറപ്പുവരുത്തണമെന്നാണ് സൌദി ഭരണാധികാരി സൽമാൻ രാജാവിൻറെ നിർദേശം.

അതിനിടെ കോവിഡിനെ പ്രതിരോധിക്കാൻ സൌദി ഭരണാധികാരി സൽമാൻ രാജാവൻറെ നേതൃത്വത്തിൽ അടിയന്തര വെർച്വൽ ജി20 ഉച്ചകോടി ചേർന്നു. കോവിഡ് വ്യാപനത്തിനെതിരെയും സാമ്പത്തിക മേഖലയിലെ ആശങ്ക ഒഴിവാക്കുന്നതിനുമായി ഒരുമിച്ചു നീങ്ങുമെന്നു ജി20 രാജ്യങ്ങൾ പ്രഖ്യാപിച്ചു. കോവിഡ് 19കാരണമുണ്ടായ സാമ്പത്തിക, സാമൂഹിക,  ആഘാതങ്ങൾ നേരിടാൻ ആഗോള സമ്പദ്‌വ്യവസ്ഥയിൽ അധികമായി അഞ്ചു ട്രില്യൺ ഡോളർ   ജി20 രാജ്യങ്ങൾ ഉറപ്പാക്കുമെന്നു തീരുമാനിച്ചു. സാമ്പത്തിക നേട്ടങ്ങളെക്കാൾ മനുഷ്യ ജീവനാണ് പ്രാധാന്യം നൽകേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ പറഞ്ഞു. മഹാമാരി സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും മോദി വ്യക്തമാക്കി. അതേസമയം, വൈറസ് വ്യാപനം തടയാൻ വരും ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്നാണ് സൂചന. 

ഈ മാസം റമദാൻ നോമ്പ് ആരംഭിക്കാനിക്കെ പ്രവാസികളടക്കമുള്ളവർക്കു അവശ്യവസ്തുക്കൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത നിയന്ത്രണങ്ങളാണ് സൌദി സ്വീകരിച്ചിരിക്കുന്നത്. ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്നു ഭരണകർത്താക്കൾ ഉറപ്പുനൽകിയിട്ടുണ്ട്. കർഫ്യൂ നിർദേശങ്ങൾ ലംഘിക്കുന്നവർക്കും തെറ്റായ പ്രചരണങ്ങൾ നടത്തുന്നവർക്കും ശിക്ഷയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അവശ്യ സാധനങ്ങൾ പൂഴ്ത്തി വയ്ക്കുന്നതും വിലവർധിപ്പിക്കുന്നതും ശിക്ഷാർഹമാണെന്ന് പബ്ലിക് പ്രോസിക്യുഷൻ മുന്നറിയിപ്പ് നൽകുന്നു. നിയമലംഘകർക്ക് ഒരു കോടി റിയാൽ വരെ പിഴ ചുമത്തും. അവശ്യകാരങ്ങൾക്കല്ലാതെ താമസസ്ഥലത്തു നിന്നും പുറത്തേക്കിറങ്ങരുതെന്നു റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും ഇന്ത്യക്കാർക്കു നിർദേശം നൽകി.

************************************************

ഖത്തറിൽ ഭരണാധികാരി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി നേരിട്ടാണ് പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കുവൈത്തിൽ പൊതുഅവധിക്കൊപ്പം കർഫ്യൂ കൂടി ഏർപ്പെടുത്തിയാണ് മഹാമാരിയെ പ്രതിരോധിക്കുന്നത്. പ്രതിരോധപ്രവർത്തനങ്ങൾ ഫലംകാണുന്ന കാഴ്ച ആശ്വാസകരമാണ്.

ഖത്തറിൽ പതിനെട്ടാം തീയതി മുതലാണ് പ്രവേശനവിലക്കേർപ്പെടുത്തി പ്രതിരോധം തുടങ്ങിയത്. അവശ്യസാധനങ്ങൾക്കും ജോലിക്കുമല്ലാതെ പുറത്തേക്കിറങ്ങരുതെന്നാണ് നിർദേശം. 55 വയസ്സിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, ജീവിതശൈലീ രോഗങ്ങളുളളവര്‍, കിഡ്നി രോഗികള്‍ എന്നീ വിഭാഗക്കാര്‍ക്കു വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതിയുണ്ട്. ഭക്ഷ്യവസ്തുക്കള്‍ക്കും മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കും നികുതിയിളവ് പ്രഖ്യാപിക്കുകയും ചെയ്തു.  

ഖത്തറില്‍ ക്വാറന്‍റീനിലും ഐസൊലേഷനിലുമുള്ള എല്ലാ വിദേശ തൊഴിലാളികള്‍ക്കും ശമ്പളം മുടങ്ങാതെ ലഭ്യമാക്കണമെന്ന തൊഴില്‍ മന്ത്രാലയത്തിൻറെ നിർദേശം പ്രവാസിമലയാളികളടക്കമുള്ലവർക്ക് ആശ്വാസകരമാണ്. തൊഴിലാളികള്‍ക്ക് പരാതികള്‍ അറിയിക്കാനായി 1,6,0,0,0 എന്ന  ഹോട്ട്ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തി. താമസകേന്ദ്രങ്ങളില്‍ എന്തെങ്കിലും പോരായ്മകളോ ബുദ്ധിമുട്ടുകളോ തൊഴിലാളി അനുഭവിക്കുന്നുണ്ടെങ്കില്‍ 1,6,0,0,8 എന്ന നമ്പരിൽ അറിയിക്കാം. തൊഴിലാളികൾക്കു കോവിഡ് കാരണം ജോലിയില്ലാത്ത സാഹചര്യമാണെങ്കിൽ ഭക്ഷണമടക്കമുള്ള സൌകര്യങ്ങൾ തൊഴിൽ ഉടമകൾ ഏർപ്പാടാക്കണം.രാജ്യത്തു കോവിഡ് ചികിൽസ സൌജന്യമാണ്.  താമസവീസയോ ഖത്തർ ഐഡിയോ ഇല്ലാത്തവര്‍ക്കും സൌജന്യമായി മികച്ച ചികിത്സ ലഭ്യമാക്കും. 

കോവിഡുമായി ബന്ധപ്പെട്ട  ആരോഗ്യബുദ്ധിമുട്ടുകൾ നേരിടുന്നവർ അധികൃതരുമായി ബന്ധപ്പെടണമെന്നാണ് നിർദേശം. അത്തരം നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് പ്രവാസികളടക്കമുള്ളവരോടുള്ള ഓർമപ്പെടുത്തൽ. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഖത്തർ‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി ടെലിഫോണില്‍ സംസാരിച്ചു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ സാഹചര്യത്തെക്കുറിച്ചു മോദി അന്വേഷിച്ചു. ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്നു അമീർ ഉറപ്പുനൽകി. പ്രവാസികളുടെ കാര്യത്തിൽ ഖത്തർ ഭരണകൂടത്തിൻറെ കരുതലിനു മോദി നന്ദി അറിയിച്ചു.   അതേസമയം, കുവൈത്തിലും പ്രതിരോധനടപടികൾ തുടരുകയാണ്. പൊതുഅവധിക്കൊപ്പം കർഫ്യൂ കൂടി പ്രഖ്യാപിച്ചു. വൈകിട്ട് അഞ്ചു മുതൽ പുലർച്ചെ നാലു വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. ഈസമയത്ത് വീടിനു പുറത്തേക്കിറങ്ങരുതെന്നാണ് നിർദേശം.

രാജ്യത്തെ ഏറ്റവും വലിയ വിദേശി സമൂഹമാണ് ഇന്ത്യക്കാർ.  വിദേശികളിൽ ഏറ്റവുമധികം വൈറസ് ബാധ സ്ഥിരീകരിച്ചതും ഇന്ത്യക്കാർക്കാണ്. അതിനാൽ ഇന്ത്യക്കാർക്കിടയിൽ കൃത്യമായ ബോധവൽക്കരണവും ആരോഗ്യപരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

കർഫ്യൂലംഘിക്കുന്നതടക്കമുള്ള നിയമലംഘകർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നിയമലംഘനം നടത്തിയ ഇന്ത്യക്കാരടക്കമുള്ളവർ പിടിിലാകുകയും ചെയ്തിട്ടുണ്ട്. രാജ്യം കൃത്യമായ മുന്നൊരുക്കങ്ങളിലൂടെ മഹാമാരിയെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ അതിനോടു പൂർണമായും സഹകരിക്കണമെന്നാണ് മലയാളികളടക്കമുള്ള പ്രവാസിഇന്ത്യക്കാരോട് ഇന്ത്യൻ സ്ഥാനപതികാര്യാലയം നിർദേശിക്കുന്നത്.

*************************************************

കോവിഡ് 19 ബാധിച്ചവരിൽ  അൻപതു ശതമാനത്തിലധികം പേർ സുഖം പ്രാപിക്കുന്നുവെന്ന ആശ്വാസകരമായ വാർത്തയാണ് ബഹ്റൈനിൽ നിന്നുമുള്ളത്. ഒമാനിൽ കോവിഡ്19 സമൂഹവ്യാപനത്തിലേക്കു കടന്നുവെന്നത് ആശങ്കയുളവാക്കുന്നതാണ്. എങ്കിലും രാജ്യം മുന്നൊരുക്കങ്ങളിലൂടെ പ്രതിരോധം ശക്തമാക്കുകയാണ്.

ബഹ്റൈനിലെ പ്രതിരോധപ്രവർത്തനങ്ങൾ ഫലം കാണുന്നതിൻറെ സൂചനയാണ് രാജ്യത്തു രോഗമുക്തരാകുന്നവരുടെ എണ്ണത്തിലെ വർധന. കോവിഡ് 19 സ്ഥിരീകരിച്ചവരിൽ അൻപതു ശതമാനത്തിലധികം പേരും രോഗം മാറി ആശുപത്രി വിടുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ആദ്യമരണം സ്ഥിരീകരിച്ചത് ബഹ്റൈനിലാണെങ്കിലും ശക്തമായ പ്രതിരോധ നടപടികളും ചികിൽസയും ഉറപ്പാക്കിയാണ് മഹാമാരിയെ തോൽപ്പിക്കുന്നത്. തൊഴിലാളി ക്യാപുകളിലടക്കം മലയാളമടക്കമുള്ള ഭാഷകളിൽ ബോധവൽക്കരണം നടത്തുന്നുണ്ട്. ഇറാനിലുണ്ടായിരുന്ന സ്വദേശികളെ പ്രത്യേക വിമാനത്തിൽ മടക്കിയെത്തിച്ചു ക്വാറൻറീനിലേക്കു മാറ്റുകയും ആവശ്യമായ ചികിൽസ ഉറപ്പാക്കുകയും ചെയ്തു. വൈറസ് വ്യാപനം തടയാൻ ഇതുകാരണമായി. റസ്റ്ററൻ‌റുകളിൽ ടേക് എവേ, പാഴ്സൽ എന്നിവ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. സൂപ്പർ മാർക്കറ്റുകളിൽ ആദ്യത്തെ ഒരുമണിക്കൂർ പ്രായമുള്ളവർക്കും ഗർഭിണികളായ സ്ത്രീകൾക്കും മാത്രമായി അനുവദിച്ചു. സിനിമാ തീയറ്ററുകൾ, സ്വകാര്യ കായിക കേന്ദ്രങ്ങൾ,ജിമ്മുകൾ, നീന്തൽ കുളങ്ങൾ എന്നിവ അടച്ചിട്ടു. രാജ്യത്തുപ്രവേശിക്കുന്നവരെല്ലാം സ്വയം ക്വാറൻറീനു വിധേയരാകണമെന്നാണ് നിർദേശം. ഇത്തരത്തിൽ കൃത്യമായ ആരോഗ്യപരിശോധനയും ബോധവൽക്കരണവും നടത്തിയാണ് ബഹ്റൈൻ കോവിഡ് 19 നെ പ്രതിരോധിക്കുന്നത്. അതേസമയം, ഒമാനിൽ വൈറസ് സമൂഹവ്യാപനത്തിലേക്കു കടന്നുവെന്ന പ്രഖ്യാപനം ആശങ്കയുളവാക്കുന്നതാണ്. വരും ദിവസങ്ങളിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഈ പ്രഖ്യാപനത്തോടെ നിരത്തുകൾ ഒഴിഞ്ഞ കാഴ്ചയാണ് ഒമാനിൽ കാണുന്നത്. പ്രവേശന വിലക്കേർപ്പെടുത്തിയും പൊതുപരിപാടികൾ റദ്ദാക്കിയുമാണ് ഒമാൻ പ്രതിരോധം തുടരുന്നത്.

അതേസമയം, സമൂഹവ്യാപനത്തിലേക്കു കടന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ആശുപത്രികൾ സജ്ജീകരിച്ചു കഴിഞ്ഞു. ഭക്ഷ്യക്ഷാമമടക്കമുള്ള എല്ലാ ബുദ്ധിമുട്ടുകളും പരിഹരിക്കാൻ സുപ്രീം കമ്മിറ്റി സജീവമായി രംഗത്തുണ്ട്.  ഗൾഫിൽ ഏറ്റവും കുറവ് രോഗബാധ റിപ്പോർട്ട് ചെയ്ത ഒമാനിൽ വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം കൂടിയേക്കാം. അതിനാൽ അവശ്യവസ്തുക്കൾക്കല്ലാതെ താമസസ്ഥലത്തിനു പുറത്തേക്കിറങ്ങരുതെന്നാണ് ആരോഗ്യമന്ത്രാലയത്തിൻറെ നിർദേശം. 

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...