പൊതുപരിപാടികൾ വിലക്കി; കടുത്ത നിയന്ത്രണങ്ങൾ; കോവിഡിനെ ചെറുക്കാൻ യുഎഇ

uae-19
SHARE

പൊതുപരിപാടികൾ വിലക്കിയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി നൽകിയുമാണ് യുഎഇ പ്രതിരോധം ശക്തമാക്കിയത്. വീസനിയന്ത്രണങ്ങളടക്കം ഏർപ്പെടുത്തിയത് വൈറസ് വ്യാപനം തടയാനുള്ള നടപടികളുടെ ഭാഗമായിട്ടാണ്. ലോകത്ത് ഏറ്റവുമധികം പേർ സന്ദർശിക്കുന്ന വിമാനത്താവളമെന്ന നിലയിൽ ദുബായിൽ ശക്തമായ ആരോഗ്യപ്രതിരോധസംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ട്രാൻസിറ്റ് വീസക്കാരെയടക്കം തെർമൽ സ്ക്രീനിങ് പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. വന്നിറങ്ങുന്ന യാത്രക്കാരെല്ലാം പതിനാലു ദിവസം താമസസ്ഥലങ്ങളിൽ ക്വാറൻറീനിൽ കഴിയണമെന്നാണ് നിർദേശം. കോവിഡ് വ്യാപകമായ മേഖലകളിൽ നിന്നുള്ളവരെ കൂടുതൽ പരിശോധനയ്ക്കു വിധേയമാക്കും. കൃത്യമായ നടപടികളിലടെയാണ് യുഎഇ കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കുന്നത്. പൊതുസ്ഥലങ്ങളിൽ കൂട്ടംചേരുന്നതിനു വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മതകാര്യവകുപ്പിൻറെ നിർദേശപ്രകാരം മുസ്ലിം പള്ളികൾ അടക്കം എല്ലാ ആരാധനാലയങ്ങളും ഒരു മാസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ വീസാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.  അവധിക്കു നാട്ടിൽപോയ യുഎഇയിൽ റസിഡൻസ്, അഥവാ താമസ വീസയുള്ളവർക്കു രണ്ടാഴ്ചത്തേക്കു രാജ്യത്തേക്കു പ്രവേശിക്കാനാകില്ല.  സന്ദർശക, ബിസിനസ്, തൊഴിൽ വീസകളിൽ പുതിയതായി വരുന്നവർക്കു പ്രവേശനവിലക്കുണ്ടാകുമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു. 

യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം ഒരു മാസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 18 വയസ്സിനു താഴെയുള്ളവരുടെ എല്ലാ കായിക പരിപാടികളും നിർത്തിവച്ചതായി യുഎഇ ജനറൽ അതോറിറ്റി ഫോർ സ്പോർട്സ് അറിയിച്ചു. സർക്കാർ ജീവനക്കാർക്ക് രണ്ടാഴ്ചത്തേക്കു വീട്ടിലിരുന്നു ജോലി ചെയ്യാൻ അനുമതിയുണ്ട്. ഗർഭിണികൾ, 9നു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, ഭിന്നശേഷിക്കാർ, പ്രതിരോധ ശേഷി കുറഞ്ഞവർ, 60നു മുകളിൽ പ്രായമുള്ളവർ എന്നിവർക്ക് ഓഫിസിൽ എത്താതെ തന്നെ  ജോലി ചെയ്യാം.

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, ലുവ്റ് മ്യൂസിയം, ദുബായ് ഗ്ളോബൽ വില്ലേജ്, ബുർജ് ഖലീഫയിലെ അറ്റ് ദ് ടോപ്, ബോളിവുഡ് പാർക്ക്, പുരാവസ്തു, ചരിത്ര കേന്ദ്രങ്ങൾ, വായനശാലകൾ, തീം പാർക്കുകൾ, സിനിമാശാലകൾ, ജിംനേഷ്യം, പാർക്കുകൾ എന്നിവ അടച്ചിട്ടാണ് യുഎഇ വൈറസ് വ്യാപനത്തെ തടയുന്നത്. ദുബായിൽ എല്ലാ ബാറുകളും പബ്ബുകളും ഈ മാസം അവസാനം വരെ അടഞ്ഞുകിടക്കും. വിവാഹം അടക്കമുള്ള പൊതുപരിപാടികൾ മാറ്റിവയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, കോവിഡ് സാമ്പത്തികമേഖലയ്ക്കു വരുത്തിവയ്ക്കുന്ന നഷ്ടം പരിഹരിക്കാൻ ഉത്തേജക പാക്കേജുകൾ യുഎഇ പ്രഖ്യാപിച്ചു. ദുബായിലെ വാണിജ്യ വ്യവസായ മേഖലയ്ക്കു 150 കോടി ദിർഹത്തിന്റെ ഉത്തേജനപാക്കേജാണ് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി വ്യവസായങ്ങൾ തുടങ്ങാനുള്ള ചെലവു കുറയ്ക്കുകയും നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്യും. ടൂറിസം, റീട്ടെയ്ൽ, വാണിജ്യം, ഊർജം, ലോജിസ്റ്റിക്സ് മേഖലകൾക്കു പ്രഖ്യാപനം നേട്ടമാകുമെന്നാണു സൂചന. താമസ,വാണിജ്യ,വ്യവസായ മേഖലകളിലെ ജലവൈദ്യുതി നിരക്കിൽ മൂന്നു മാസത്തേക്ക് പത്തുശതമാനം ഇളവ് നൽകും. സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാൻ ഉപഭോക്താക്കളെയും വ്യവസായ സ്ഥാപനങ്ങളേയും സഹായിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ രണ്ട് ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു.

അബുദാബിയിൽ താമസക്കാർക്കും വാണിജ്യ, വ്യാപാര സ്ഥാപനങ്ങൾക്കും ജലവൈദ്യുതി ബില്ലിൽ ഇളവു നൽകാൻ 500 കോടി ദിർഹം അനുവദിച്ചു. റസ്റ്ററന്റ്, ടൂറിസം, വിനോദ സ്ഥാപനങ്ങളുടെ വാടക 20 ശതമാനം കുറച്ചു. വാണിജ്യ, വ്യാപാര ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളുടെ വാടക കരാർ ഫീസ്, വാണിജ്യ ആവശ്യത്തിനുള്ള വാഹനങ്ങളുടെ 2020ലെ റജിസ്ട്രേഷൻ ഫീസ് എന്നിവ ഒഴിവാക്കി. അബുദാബിയിൽ ഈ വർഷം ഗതാഗത ടോളുകളുണ്ടാകില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡ് 19 സംബന്ധിച്ച് വ്യാജ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയടക്കം പ്രചരിപ്പിച്ചാൽ ക്രിമിനൽ കേസെടുക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂട്ടർ ഡോ. ഹമദ് ബ്ൻ സൈഫ് അൽ ഷംസി വ്യക്തമാക്കി. യുഎഇയിലെ സ്വദേശികളും വിദേശികളും ഈ പൊതു നിയമം പാലിക്കണമെന്നാണ് നിർദേശം.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...