തീർഥാടനങ്ങൾ താത്കാലികമായി റദ്ദാക്കി; പ്രതിരോധം ശക്തമാക്കി സൗദി

gulf-19
SHARE

സൌദിയിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനവിലക്കേർപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ചില സർക്കാർ ഓഫീസുകളുമെല്ലാം അടച്ചിട്ടാണ് പ്രതിരോധം ശക്തമാക്കിയിരിക്കുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായുള്ള നിർദേശങ്ങളെല്ലാം കൃത്യമായി പാലിക്കണമെന്നാണ് അധികൃർ ഓർമപ്പെടുത്തുന്നത്. രാജ്യത്ത് ആദ്യകോവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെടുന്നതിനും മുൻപ്തന്നെ സൌദി പ്രതിരോധം ശക്തമാക്കിയിരുന്നു. ലക്ഷക്കണക്കിനു തീർഥാടകരെത്തുന്ന ഉംറ തീർഥാടനം താൽക്കാലികമായി റദ്ദാക്കിയാണ് പ്രതിരോധത്തിന്റെ തുടക്കം.

സൌദി ഭരണാധികാരി സൽമാൻ രാജാവിൻറേയും കിരാടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം എട്ടു തീരുമാനങ്ങളാണ് കോവിഡുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചത്. ആ പ്രധാനപ്പെട്ട എട്ട് തീരുമാനങ്ങള്‍ ഇവയാണ്:

1. ആരോഗ്യം, ആഭ്യന്തരം, പ്രതിരോധ മന്ത്രാലയങ്ങള്‍ ഒഴികെ രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ 16 ദിവസത്തേക്ക് അടച്ചു.

2. ഭക്ഷണം ലഭ്യമാക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഒഴികെയുള്ള ഷോപ്പിങ് മാളുകൾ അടച്ചു.

3. ബാര്‍ബര്‍ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയ്ക്കു താൽക്കാലിക നിയന്ത്രണം.

4. ഹോട്ടലുകള്‍, റസ്റ്റൊറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളിൽ പാർസലിനു മാത്രം അനുമതി.

5. പാര്‍ക്കുകള്‍, ബീച്ചുകള്‍, റിസോട്ടുകള്‍, ക്യാംപുകൾ എന്നിവ അടച്ചു. പൊതു ഇടങ്ങളിൽ ഒത്തുചേരുന്നതിനു വിലക്ക്.

6. സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള എല്ലാ വിധ അന്വേഷണങ്ങളും ഇടപാടുകളും ഇലക്ട്രോണിക്, ഓൺലൈൻ സംവിധാനങ്ങൾ വഴി മാത്രം.

7. ജോലി സ്ഥലങ്ങളില്‍ പരമാവധി ജീവനക്കാരെ കുറക്കാന്‍ സ്വകാര്യ കമ്പനികൾക്ക് നിർദേശം.  ഗര്‍ഭിണികള്‍, ആരോഗ്യ പ്രയാസം ഉള്ളവര്‍ എന്നിവര്‍ക്കെല്ലാം നിര്‍ബന്ധമായും അവധി നൽകണം.

8. വിദേശത്ത് നിന്നും എത്തുന്നവർക്ക് കമ്പനികൾ 14 ദിവസം നിര്‍ബന്ധമായും അവധി നല്‍കണം: ഇവര്‍ വീടുകളിലോ താമസ സ്ഥലങ്ങളിലോ നിരീക്ഷണത്തില്‍ തുടരണം.

ഈ നിർദേശങ്ങൾ നടപ്പിലാക്കുന്നുണ്ടെന്നു ഉറുപ്പുവരുത്തുകയും തെറ്റായ വാർത്തകൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നു മുന്നറിയിപ്പും നൽകിയിട്ടുമുണ്ട്. അതേസമയം, കോവിഡ് 19 നെ തുടർന്നു അസ്ഥിരമായ സ്വകാര്യമേഖലയെ സഹായിക്കാൻ സൌദി അറേബ്യൻ മോണിറ്ററി അതോറിറ്റി അൻപത് ബില്യൺ സൌദി റിയാലിൻറെ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കുമായാണ് മുപ്പത് ബില്യൺ റിയാൽ മാറ്റിവച്ചിരിക്കുന്നത്. ചെറുകിട, മധ്യനിര വ്യവസായങ്ങൾക്കും പദ്ധതിയിലൂടെ സഹായം ഉറപ്പാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം കൃത്യമായി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. കോവിഡ് 19 മായി ബന്ധപ്പെട്ട സംശയങ്ങൾക്കു മറുപടി നൽകാനും വേണ്ട നടപടിക്രമങ്ങൾ ഉറപ്പുവരുത്താനുമായി 937 എന്ന നമ്പരിലേക്ക് വിളിക്കാവുന്നതാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സർക്കാർ നിർദേശിക്കുന്ന നിയന്ത്രണങ്ങളും പ്രതിരോധമാർഗങ്ങളും കൃത്യമായി പാലിക്കണമെന്നുമാണ് ആരോഗ്യമന്ത്രാലയം പ്രവാസികളേയും സ്വദേശികളേയും ഓർമപ്പെടുത്തുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...