കോവിഡ് 19നെതിരെ മുൻകരുതലും ജാഗ്രതയും; പ്രതിരോധിക്കാൻ ഗൾഫ്

covid
SHARE

ലോകം കോവിഡ് 19 ൻറെ ആശങ്കയിലാണ്. എല്ലാ ഗൾഫ് രാജ്യങ്ങളിലും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. മികച്ച ചികിൽസാസൌകര്യങ്ങളും ആരോഗ്യപ്രതിരോധസംവിധാനങ്ങളും ഒരുക്കിയാണ് ഗൾഫ് രാജ്യങ്ങൾ വൈറസിനെ പ്രതിരോധിക്കുന്നത്. 

കോവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെ വൈറസ് വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികളാണ് ഗൾഫ് രാജ്യങ്ങൾ സ്വീകരിച്ചുപോരുന്നത്. പ്രവാസികളടക്കമുള്ളവർക്കു കൃത്യമായ മുൻകരുതൽ നിർദേശങ്ങൾ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ആരോഗ്യമന്ത്രാലയങ്ങൾ കൈമാറുന്നുണ്ട്. ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്നാണ് അധികൃതരുടെ ഓർമപ്പെടുത്തൽ.

ഇറാനിൽ കോവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെയാണ് അയൽ രാജ്യങ്ങളായ ജിസിസി രാജ്യങ്ങളിൽ വൈറസ് ബാധയേറ്റവരുടെ എണ്ണം വർധിച്ചത്. സൌദി, യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലിൽ കോവിഡ് 19 സ്ഥിരീകരിച്ചവരിൽ ഭൂരിപക്ഷവും ഇറാനിൽ നിന്നും മടങ്ങിയെത്തിയവരാണ്. തുടർന്നു ഇറാനിലേക്കും തിരികെയുമുള്ള വിമാന, കടൽ മാർഗങ്ങളിലെ സർവീസുകൾ റദ്ദാക്കിയാണ് ഗൾഫ് രാജ്യങ്ങൾ പ്രതിരോധം ആരംഭിച്ചത്. സൌദിയടക്കം എല്ലാ രാജ്യങ്ങളും കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സൌദിയിൽ ചരിത്രത്തിലാദ്യമായി ജിസിസി പൌരൻമാർക്കു മക്ക, മദീന എന്നീ വിശുദ്ധ നഗരങ്ങളിലേക്കു വിലക്കേർപ്പെടുത്തിയതും ഉംറ വീസയ്ക്കു വിലക്കേർപ്പെടുത്തിയതും പ്രതിരോധപ്രവർത്തനങ്ങളെ എത്രത്തോളം ഗൌരവമായാണ് കാണുന്നതെന്നതിൻറെ ഉദാഹരണമമാണ്. വിമാനസർവീസുകൾ റദ്ദാക്കിയും ആശുപത്രികൾ, വിമാനത്താവളങ്ങൾ, ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിലെല്ലാം കൃത്യമായ ആരോഗ്യപരിശോധന സംവിധാനങ്ങളൊരുക്കിയും പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്.

ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങളും ജാഗ്രതാ പ്രതിരോധനിർദേശം സമൂഹമാധ്യമങ്ങളിലടക്കം നൽകി. ആരോഗ്യമന്ത്രാലയങ്ങളുടെ ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമ അക്കൌണ്ടുകളിൽ തുടർച്ചയായി മുൻകരുതൽ നിർദേശങ്ങൾ അറിയിക്കുന്നുണ്ട്. അത് കൃത്യമായി പാലിക്കണമെന്നാണ് അധികൃതരും ഡോക്ടർമാരും നിർദേശിക്കുന്നത്.

വ്യക്തി ശുചിത്വമാണ് ഏറ്റവും പ്രധാനപ്രതിരോധമാർഗം. മാർക്കറ്റുകൾ അടക്കമുള്ള പൊതു സ്ഥലങ്ങളിലും തൊഴിലാളി ക്യാംപുകളിൽ ജീവിക്കുന്നവരും വ്യക്തിശുചിത്വം ഉറപ്പാക്കണമെന്നു ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. ഇടവിട്ടു കൈ കഴുകി വൃത്തിയാക്കുകയെന്നത് ഏറ്റവും പ്രധാനമാണെന്നാണ് ലോകാരോഗ്യസംഘടനയുടെ നിർദേശം.

ചുമ, ജലദോഷം, പനി തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ നിർബന്ധമായും ഡോക്ടർമാരിൽ നിന്നും പ്രതിവിധി തേടണം. സ്വയം ചികിൽസ ഒഴിവാക്കണം. കോവിഡ് 19 വ്യാപിച്ച രാജ്യങ്ങളിൽ നിന്നും ഗൾഫിലേക്കെത്തിയവർ അതാത് രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയങ്ങളെ ബന്ധപ്പെടണം. മൊബൈൽ ക്ളിനിക്കുകളടക്കം തയ്യാറാക്കിയിരിക്കുന്ന ഗൾഫ് രാജ്യങ്ങളിൽ ആരോഗ്യപരിശോധനയ്ക്കു കാലതാമസം ഒട്ടുമില്ല. അതേസമയം, യാത്ര നടത്തുന്ന പ്രവാസികളും മുൻകരുതൽ നടപടി സ്വീകരിക്കണം. വൈറസ് ബാധ വ്യാപിച്ച രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് പ്രത്യേക പരിശോധനയാണ് വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

രോഗവ്യാപനം തടയാൻ ഏറ്റവും മികച്ചതും നൂതനവുമായ ആരോഗ്യപരിശോധന ചികിൽസാ സംവിധാനങ്ങളാണ് ഗൾഫ് രാജ്യങ്ങളിൽ ഒരുക്കിയിരിക്കുന്നത്. കോവിഡ് 19 ബാധിച്ചവർക്കു യുഎഇയിൽ ചികിൽസ സൌജന്യമാണ്. ഈ സാഹചര്യത്തിലും തെറ്റായ വാർത്തകൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുന്നതിനെ നിരുൽസാഹപ്പെടുത്തേണ്ടതുണ്ട്. അത്തരം വാർത്തകൾ വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും ഡോക്ടർമാർ നിർദേശിക്കുന്നു.

ഏതെങ്കിലും ഭക്ഷണപദാർഥങ്ങൾ വൈറസ് ബാധയ്ക്കു കാരണമാകുമെന്നു കണ്ടെത്തിയിട്ടില്ല. അത്തരത്തിലുള്ള പ്രചരണങ്ങൾ തെറ്റാണ്. മദ്യം ഉപയോഗിക്കുന്നതിലൂടെ കോവിഡ് 19 പ്രതിരോധിക്കാനാകുമെന്ന പ്രചരണത്തെ ലോകാരോഗ്യസംഘടന തള്ളിക്കളഞ്ഞിട്ടുണ്ട്.

ആശങ്കയല്ല പ്രതിരോധവും ജാഗ്രതയുമാണ് വേണ്ടത്. അതിനാൽ, ആരോഗ്യമന്ത്രാലയങ്ങളും ബന്ധപ്പെട്ട വകുപ്പുകളും നിർദേശിക്കുന്ന കാര്യങ്ങൾ മാത്രം പിൻതുടരുക. അനാവശ്യ ആശങ്ക ഒഴിവാക്കുക. ആരോഗ്യപ്രതിരോധമന്ത്രാലയങ്ങൾ ഏറ്റവും ജാഗ്രതയോടെ പ്രവാസി സ്വദേശി വ്യത്യാസമില്ലാതെ ചികിൽസ സൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആരോഗ്യസുരക്ഷയുടെ ഭാഗമായുള്ള പരിശോധനകളുമായും നിർദേശങ്ങളുമായും പൂർണമായും സഹകരിക്കുക. അതാണ് മലയാളികളടക്കമുള്ള പ്രവാസികളോടുള്ള അഭ്യർഥന.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...