നാട്ടിൻപുറങ്ങളോട് കിടപിടിക്കും വായനശാല പ്രവാസലോകത്തും

gulf-week
SHARE

നാട്ടിൻപുറങ്ങളിലെ ഗ്രാമീണ വായനശാലകളെ ഓർമിപ്പിക്കും വിധം പ്രവാസലോകത്തും ഒരു വായനശാല. ഒരു ദിർഹം മാത്രം കൊടുത്തു അംഗത്വം നേടാവുന്ന ഷാർജ മലയാളിക്കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള വായനശാലയുടെ വിശേഷങ്ങളാണ് ആദ്യം.

പ്രവാസലോകത്തെ തിരക്കുകൾക്കിടയിൽ വായനാനുഭവം മറക്കുന്നവരേറെയുണ്ട്. അത്തരക്കാരെ വീണ്ടും വായനയിലേക്കു അടുപ്പിക്കുന്നതിനും പ്രവാസലോകത്തെ വിദ്യാർഥികളിലെ വായനാശീലം വർധിപ്പിക്കുന്നതിനുമായാണ് ഷാർജ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ലൈബ്രറി ഒരുക്കിയിരിക്കുന്നത്. പ്രവാസലോകത്ത് വായനശാലകളിലേക്കുള്ള അംഗത്വം പോലും ചെലവേറിയ പശ്ചാത്തലത്തിൽ വെറും ഒരു ദിർഹം മാത്രം ഈടാക്കിയാണ് അബുഷാഗരയിൽ വായനശാല തുറന്നത്.

ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്‌സ് എക്സിക്യൂട്ടീവ് മോഹൻ കുമാർ വായനശാല ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങൾ വിലകൊടുത്തു വാങ്ങുന്നതിനു പകരം കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമൊക്കെ പുസ്തകങ്ങൾ ശേഖരിച്ചാണ് വായനശാല ഒരുക്കിയിരിക്കുന്നത്. ഈ മാസം ആദ്യം ഉദ്ഘാടനം കഴിഞ്ഞ വായനശാലയിലേക്ക് ആദ്യദിവസങ്ങളിൽ തന്നെ ആയിരത്തിഅഞ്ഞൂറിലധികം പുസ്തകങ്ങൾ ശേഖരിക്കാനായി. 

പ്രവാസലോകത്തെ വിദ്യാർഥികളുടെ, വരും തലമുറയുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനു ചുരുങ്ങിയ ദിവസങ്ങൾകൊണ്ടു തന്നെ ഈ ചെറിയ വായനശാലയ്ക്കു സാധിക്കുന്നുണ്ട്. നൂറ്റമ്പതിലേറെ പുസ്തകങ്ങൾ വായനക്കായി പുറത്തേക്കുപോയിക്കഴിഞ്ഞു. കുട്ടികളുടെ സജീവപങ്കാളിത്തമാണ് വായനശാലയുടെ പ്രചാരം വർധിപ്പിക്കുന്നത്.

വിവിധയിടങ്ങളിലെ പുസ്തകശാലകളുടെ സഹകരണത്തോടെയാണ്  ഷാർജ മലയാളി കൂട്ടായ്മ വായനശാല പദ്ധതി നടപ്പാക്കുന്നത്. ഇതിൻറെ ആദ്യഘട്ടമായാണ് അബുഷഗാരയിൽ വായനശാല തുറന്നത്. കൂടുതൽ സ്ഥലങ്ങളിലേക്കു ഇത്തരം വായനശാലകൾ ഒരുക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. ഇതിനായി അക്ഷരപ്രേമികൾ കൂടുതൽ പുസ്തകങ്ങൾ സംഭാവന നൽകുമെന്നാണ് പ്രതീക്ഷ. 

ലോകപുസ്തകതലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട ഷാർജയിൽ ഒരു ദിർഹം അംഗത്വഫീസ് മാത്രം ഈടാക്കി  കൂടുതൽ പുസ്തശാലകൾ തുറക്കുന്നത് പ്രവാസിമലയാളികളുടേതടക്കം വായനശീലം വളർത്തുമെന്നാണ് പ്രതീക്ഷ. 

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...