ലോകത്തെ ഏറ്റവും ഉയരമേറിയ മണൽക്കൂനകൾ; യാത്ര

GTW-manalthitta-03
SHARE

ലോകത്തെ ഏറ്റവും ഉയരമേറിയ മണൽക്കൂനകളിലേക്കാണ് ഇനി യാത്ര. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി വിനോദക്കാഴ്ചകളൊരുക്കുന്ന അബുദാബിയിലെ ഡെസേർട് ക്യാംപിലെ വിശേഷങ്ങളാണ് ഇനി. 

അബുദാബി അലൈൻ പാതയിൽ ഒരു മണിക്കൂർ യാത്ര ചെയ്താൽ അൽ ഖസന്ന റോഡിലെത്താം. അവിടെ നിന്നാണ് സാഹസികതയുടെ മണൽപ്പരപ്പിലേക്കുള്ള യാത്ര തുടങ്ങുന്നത്. മണൽക്കൂനകളിലൂടെ ചാടിയും ഇളകിമറിഞ്ഞും കുതിക്കുന്ന വാഹനത്തിലെ യാത്ര ത്രസിപ്പിക്കുന്നതാണ്. ഒപ്പം അകമ്പടിയായി പരമ്പരാഗത അറബിക് സംഗീതവും.

മരുഭൂമിയിലെ പരുക്കൻ കൂറ്റൻ കുന്നുകളിലൂടെ  തലങ്ങും വിലങ്ങും യാത്ര ചെയ്താണ് സഞ്ചാരികളുടെ സാഹസിക യാത്ര. സാഹസികത മണൽക്കൂനകളുടെ മുകളിലേക്കുയരുമ്പോഴും സുരക്ഷയ്ക്കു വിട്ടുവീഴ്ചകളില്ല. 

സന്ധ്യമയങ്ങുന്നതോടെ ക്യാമ്പിൽ എത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത് സാഹസികതയുടെ തുടർച്ചയാണ്. ക്യാംപിൻറെ നാലു വശങ്ങളിലും മണൽക്കുന്നുകളിലൂടെ ബൈക്ക് സഫാരിക്കു അവസരമുണ്ട്. 

തണുത്ത സായാഹ്നത്തില്‍ സൂര്യാസ്തമയത്തിൻറെ പശ്ചാത്തലത്തിൽ ഒട്ടകസവാരി, ഡേസേര്‍ട്ട് ബൈക്ക് റൈഡ്, ഒടുവില്‍ ആവേശമുണര്‍ത്തുന്ന ബെല്ലി ഡാന്‍സ്.   

ഈജിപ്ഷ്യന്‍ നൃത്തരൂപമായ തനോരയും ഫയര്‍ഡാന്‍സും ബെല്ലി ഡാൻസിനൊപ്പം സഞ്ചാരികളുടെ മനംകവരും. അറബ് ലോകത്തെ യാത്രകളിലെ നിറസാന്നിധ്യമായ അതിവിശിഷ്ടവിഭവങ്ങളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. അറേബ്യൻ  രുചികളായ മട്ടൺ കബാബ്, ചിക്കൻ ഫ്രൈ, കുബ്ബൂസ് തുടങ്ങി ആവിപറക്കുന്ന വിഭവങ്ങൾ ആസ്വദിക്കാം.

സാഹസികത ഇഷ്ടപ്പെടുന്ന, ആവേശവും ആഘോഷവും ജീവിതമാണെന്നു തിരിച്ചറിയുന്നവർക്ക് ഇവിടേക്കു സ്വാഗതം.  മരുഭൂപ്രകൃതിയോട് ചേർന്നു നിൽക്കുന്ന പരമ്പരാഗത എമിറാത്തി നിർമാണ ശൈലിയിൽ നിർമിച്ച അബുദാബി ഡെസേർട് റോസ് ക്യാംപിൽ ഒരുക്കിയിരിക്കുന്നതെല്ലാം ആവേശം പകരുന്നതാണ്. 

പരമ്പരാഗത അറബ് ആതിഥ്യമര്യാദയുടെ നിറവാണ് മരുഭൂമിയിലെ ക്യാംപിലെ സന്ദർശകർക്കായി ഒരുക്കുന്നത്. ജീവിതത്തിരക്കുകൾക്കും ടെൻഷനുമൊക്കെ ഇടയിൽ ആഘോഷങ്ങൾക്കും സാഹസികതയ്ക്കുമായി സമയം മാറ്റിവയ്ക്കാൻ ആഗ്രഹിക്കുന്നവരെ കാത്തിരിക്കുകയാണ് പ്രകൃതി ഒരുക്കിനൽകിയ ഈ മണൽക്കൂനകൾ.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...