വെളിച്ചത്തിന്റെ വർണോത്സവത്തിൽ മുങ്ങി ഷാർജ

sharjh
SHARE

ഗൾഫിൽ നിന്നും മടങ്ങുന്നവരുടെ പുനരധിവാസം അടക്കമുള്ള പദ്ധതികൾക്ക് പരിഗണന നൽകുന്ന കേരള ബജറ്റ് പ്രവാസിമലയാളികൾക്ക് ആശ്വാസമേകുന്നതാണ്. എന്നാൽ, അത് എങ്ങനെ നടപ്പിലാക്കുമെന്നതിൽ ആശങ്കയുണ്ട്. ബജറ്റ് പ്രഖ്യാപനത്തെക്കുറിച്ചുള്ള പ്രവാസിമലയാളികളുടെ വിലയിരുത്തലാണ് ആദ്യം.

പ്രവാസി ക്ഷേമത്തിനായി ബജറ്റിൽ 90 കോടി രൂപ നീക്കിവച്ച പ്രഖ്യാപനം പ്രവാസിമലയാളികൾക്ക് ആശ്വാസകരമാണ്. കഴിഞ്ഞ വർഷത്തെ മുപ്പതു കോടിയിൽ നിന്നും 90 കോടിയേക്കെത്തുമ്പോൾ അത് കൃത്യമായി ചിലവഴിക്കണമന്നാണ് പ്രവാസികളുടെ ആവശ്യം.

പ്രവാസിപുനരധിവാസത്തിനുള്ള സാന്ത്വനം പദ്ധതിക്ക് 27 കോടി വകയിരുത്തുകയും സഹായം കിട്ടാനുള്ള കുടുംബവരുമാന പരിധി 1.5 ലക്ഷം രൂപയാക്കുകയും ചെയ്തു. ഇതോടെ തൊഴിൽ നഷ്ടപ്പെട്ട കൂടുതൽ പ്രവാസികൾക്ക് പദ്ധതിയുടെ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഒപ്പം പ്രവാസിക്ഷേമനിധിക്ക് ഒൻപതു കോടി രൂപയും ധനമന്ത്രി ഡോ.തോമസ് ഐസക് പ്രഖ്യാപിച്ചു.

എയർപോർട്ട് ആംബുലൻസ്, പ്രവാസിച്ചിട്ടി, പ്രവാസ ഡിവിഡന്റ്, വിദേശജോലിക്ക് ജോബ് പോർട്ടൽ, വിദേശ മലയാളികൾക്ക് 24 മണിക്കൂർ ഹെൽപ് ലൈൻ, ലീഗൽ സെൽ, 10,000 നഴ്സുമാർക്ക് വിദേശ ജോലി ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക പരിശീലനം  എന്നിങ്ങനെ പല പദ്ധതികൾക്കും വകയിരുത്തിയ തുകയുടെ കുറവ് പ്രവാസികളുടെ പ്രതീക്ഷയ്ക്കു മങ്ങലേൽപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൾഫിലെ സന്ദർശനത്തിനിടെ പ്രഖ്യാപിച്ച ജോബ് പോർട്ടൽ അടക്കമുള്ള പദ്ധതികൾ വീണ്ടും പ്രഖ്യാപനങ്ങളായി ആവർത്തിക്കപ്പെടുന്നതിൽ പ്രവാസികൾക്ക് ആശങ്കയുമുണ്ട്.

നാട്ടിലേക്കു മടങ്ങുന്ന പ്രവാസിക്കായുള്ള ബജറ്റിലെ കരുതൽ പ്രതീക്ഷ പകരുന്നതാണ്. പക്ഷേ, പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപനങ്ങളോടുള്ള വിശ്വാസ്യത ഇല്ലാതാക്കുന്ന ഇടപെടലുകൾ ആവർത്തിക്കുന്നത് ആശങ്കയുളവാക്കുന്നതാണ്. സംരംഭങ്ങൾക്കായി മുതൽ മുടക്കാൻ തയ്യാറാകുമ്പോൾ സർക്കാരിൻറെ ഭാഗത്തു നിന്നും അതിനനുസരിച്ചുള്ള പിന്തുണ പ്രത്യക്ഷമായിത്തന്നെയുണ്ടാകണമന്നാണ് പ്രവാസികളുടെ ആവശ്യം.

ലോകകേരളസഭയ്ക്കും ലോക സാംസ്കാരികമേളയ്ക്കുമായി 12 കോടി രൂപ നീക്കിവച്ചതും സ്വഗതാർഹമാണ്. പക്ഷേ, ലോകകേരള സഭ, വ്യവസായ പ്രമുഖരുടെ കൂടിച്ചേരലുകൾ മാത്രമായി മാറുന്നുണ്ടോയെന്ന ആശങ്ക സാധാരണ പ്രവാസികൾ പങ്കുവയ്ക്കുന്നുണ്ട്. ലോകകേരള സഭ എന്ന സംവിധാനം ഇടത്തരം, ചെറുകിയ വ്യവസായികൾക്കും സാധാരണക്കാർക്കും കൂടുതൽ പ്രാതിനിധ്യം നൽകുന്നതായി മാറണമെന്ന ആവശ്യവും പ്രവാസികൾ വ്യക്തമാക്കുന്നു.

പ്രവാസികളുടെ മാതാപിതാക്കളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള ഗാർഡൻ ഓഫ് ഹോപ്പ് പോലെയുള്ള ഒന്നു രണ്ടു പദ്ധതികൾ ഒഴിച്ചാൽ ബാക്കിയെല്ലാം കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ചില പദ്ധതികളുടെ തുടർച്ചയും വിപുലീകരണവുമാണെന്നും ആക്ഷേപമുണ്ട്. ഗൾഫ് രാജ്യങ്ങളിൽ മാത്രം 89 ലക്ഷത്തിലേറെ ഇന്ത്യക്കാരുണ്ടെന്നാണ് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പാർലമെൻറിൽ അറിയിച്ചത് അടുത്തിടെയാണ്. ഇതിൽ നാൽപ്പതു ശതമാനത്തിലേറെയും മലയാളികളാണ്. അതിനാൽ തന്നെ കേരളത്തിൻറെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസിമലയാളികളെ അർഹിക്കുന്ന ഗൌരവത്തോടെ പരിഗണിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.

യു.എ.യിലെ സാംസ്കാരിക നഗരമായ ഷാർജയിൽ വെളിച്ചത്തിൻറെ വർണോത്സവം. പ്രധാനമന്ദിരങ്ങളിലെല്ലാം വർണവിസ്മയം വിതറിയ കാഴ്ചകാണാൻ ആയിരങ്ങളാണ് നിരത്തുകളിലേക്കെത്തുന്നത്. ഷാർജ ലൈറ്റ് ഫെസ്റ്റിവലിൻറെ ആ കാഴ്ചകളാണ് ഇനി കാണുന്നത്.

ഷാർജയുടെ രാത്രികാഴ്ചകൾക്ക് പതിവിലേറെ ഭംഗിയാണിപ്പോൾ. അറേബ്യൻ തനിമകളുടെ തലയെടുപ്പുള്ള പ്രൗഢമന്ദിരങ്ങൾക്കു വിസ്മയ ശോഭയേകുന്ന ലൈറ്റ് ഫെസ്റ്റിവൽ ആയിരങ്ങളെ ആകർഷിക്കുകയാണ്.

യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയാണ് ലൈറ്റ് ഫെസ്റ്റിവൽ ഒരുക്കുന്നത്. ഷാര്‍ജയിലെ വാസ്തുവിദ്യാ വിസ്മയമായ നൂര്‍ മസ്ജിദ് പലവര്‍ണങ്ങളില്‍ പല ഭാവങ്ങളായി വിരിയുകയാണ് രാവുകളിൽ. തൊട്ടടുത്തു കോർണിഷിൽ നദിക്കരയിലിരുന്നു കരിമരുന്നു പ്രയോഗവും കാണാം.

യൂണിവേഴ്സിറ്റി സിറ്റി ഹാൾ, അമേരിക്കൻ യൂണിവേഴ്സിറ്റി, പൊലീസ് അക്കാദമി, യൂണിവേഴ്സിറ്റി ഓഫ് ഷാർജ, ഷാർജ മോസ്ക്, സിറ്റി മുനിസിപ്പാലിറ്റി, ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി, അൽ മജാസ് ലൈറ്റ് സ്കൾപ്ചർ, അൽ ഖസ്ബ, ഒമ്രാൻ തരിയം സ്ക്വയർ, ഷാർജ ചേംബർ ഓഫ് കൊമേഴ്സ്, അൽ ഹംറിയ മുനിസിപ്പാലിറ്റി, അൽ വുസ്ത ടിവി ബിൽഡിങ്, കൽബയിലെ യൂണിവേഴ്സിറ്റി ഓഫ് ഷാർജ, ഖോർഫക്കാൻ ഹൗസ് ഓഫ് ജസ്റ്റിസ് തുടങ്ങി 19 മന്ദിരങ്ങളാണ് ദീപാലംകൃതമായിരിക്കുന്നത്.

ഷാര്‍ജയുടെ സംസ്കാരവും പാരമ്പര്യവും പ്രൌഡിയും വിളിച്ചോതുന്ന മന്ദിരങ്ങളെ പരിചയപ്പെടാനുള്ള അവസരം കൂടിയാണിത്. മലയാളികളടക്കം നൂറുകണക്കിനു പേരാണ് ആഘോഷരാവുകളിൽ വെളിച്ചത്തിൻറെ വിസ്മയം കാണാനെത്തുന്നത്. പൗരാണിക അറബ് ജീവിതവും ഉപജീവനമാർഗമായ മീൻപിടിത്തവും മുത്തുവാരലും പത്തേമാരി യാത്രയും സാഹസികത നിറഞ്ഞ അതിജീവനവും ശബ്ദവും വെളിച്ചവുംകൊണ്ട് കാഴ്ചക്കാരിലെത്തിക്കുന്ന കാഴ്ച വിസ്മയമാണ്.

വീഡിയോ മാപ്പിങ് വിർച്വൽ റിയാലിറ്റി സംവിധാനവുമായി സമന്വയിപ്പിച്ചാണ് വിസ്മയക്കാഴ്ചകളൊരുക്കുന്നത്.മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ലൈറ്റ് ഫെസ്റ്റിവലിലെ ഗ്രാഫിക് ഡിസൈനുകള്‍ക്ക് അവസാന രൂപം നല്‍കിയത്. പത്താം വർഷത്തിലെത്തി നിൽക്കുമ്പോൾ യുഎഇയുടെ വിനോദസഞ്ചാര ഭൂപടത്തിലെ പ്രധാനകാഴ്ചയി മാറിയിരിക്കുന്നു ഷാർജ ലൈറ്റ് ഫെസ്റ്റിവൽ.

കഴിഞ്ഞവർഷം പന്ത്രണ്ടു ലക്ഷം പേരാണ് ഈ കാഴ്ചകൾ കാണാനെത്തിയത്. വര്‍ണപ്രകാശങ്ങളാല്‍ മനസു നിറച്ചൊരു സായാഹ്നം ആസ്വദിച്ചാണ് ഓരോ സന്ദര്‍ശകനും ഈ കാഴ്ചകളില്‍ നിന്ന് മടങ്ങുന്നത്.

ജലം അമൂല്യമാണെന്നും അതു സംരക്ഷിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്നുമുള്ള ഓർമപ്പെടുത്തലോടെ വിദ്യാർഥികളുടെ മനുഷ്യച്ചങ്ങല. അബുദാബിയിൽ ആറായിരത്തിലധികം പേർ പങ്കെടുത്ത ബോധവൽക്കരണ പരിപാടിയുടെ വിശേഷങ്ങളാണ് ഇനി കാണുന്നത്.

ജലം ജീവൻറെ നിലനിൽപ്പിനാവശ്യമാണെന്നും അതു സംരക്ഷിക്കപ്പെടേണ്ടത് ഉത്തരവാദിത്തമാണെന്നുമുള്ള ഓർമപ്പെടുത്തലോടെയാണ് അബുദാബി  ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളും മാതാപിതാക്കളും മനുഷ്യച്ചങ്ങല തീർത്തത്. ഹോൾഡ് ദ് ഡ്രോപ്, സേവ് വാട്ടർ എന്നതായിരുന്നു അബുദാബി കോർണിഷിൽ നടന്ന പരിപാടിയുടെ പ്രമേയം. ജലസംരക്ഷണം ഉദ്ബോധിപ്പിക്കുന്ന ബാനറുകളും കൈയ്യിലേന്തിയാണ് വിദ്യാർഥികളടക്കമുള്ളവർ അണിനിരന്നത്.

ജലദൗർലഭ്യം നേരിടുന്ന ലോകത്ത് ലാഘവത്തോടെ വെള്ളം ഉപയോഗിക്കുന്ന സാഹചര്യത്തിൽ ജലസംരക്ഷണ സന്ദേശം വരും തലമുറയ്ക്കു മനസിലാക്കുന്നതിൻറെ ഭാഗമായാണ് അബുദാബി ഇന്ത്യൻ സ്കൂൾ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.

അബുദാബി ഇന്ത്യൻ സ്‌കൂളിൽ ജലസംരക്ഷണ ബോധവത്ക്കരണ പദ്ധതികൾ ഒരു വർഷമായി സജീവമാണ്. വിവിധ സംഘടനകളുമായും സർക്കാർ വകുപ്പുകളുമായും സഹകരിച്ച് സ്‌കൂളിനകത്തും പുറത്തുമായി നടത്തുന്ന പരിപാടികളിൽ കുട്ടികൾ, വരും തലമുറ സജീവസാന്നിധ്യമാണ്.

വരും തലമുറക്ക് വേണ്ടി വെള്ളം ശ്രദ്ധയോടെയുള്ള ഉപയോഗിക്കുമെന്ന പ്രതിജ്ഞ മനുഷ്യച്ചങ്ങല തീർത്ത  വിദ്യാർഥികൾ ഏറ്റുചൊല്ലി. അബുദാബി പൊലീസ്, കമ്യൂണിറ്റി പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് ബോധവൽക്കരണ പരിപാടിയായി മനുഷ്യച്ചങ്ങല തീർത്തത്

കേരളത്തിലെ ക്രൈസ്തവരുടെ തനതു കലാരൂപമായ മാർഗം കളിയുടെ മെഗാപ്രദർശനത്തിനാണ് കുവൈത്ത് പോയവാരം സാക്ഷ്യം വഹിച്ചത്. ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ മെഗാ മാർഗം കളിയുടെ കാഴ്ചയാണ് ഇനി കാണുന്നത്.

മെച്ചപ്പെട്ട ജീവിതം തേടി പ്രവാസലോകത്തേക്കു കൂടുമാറിയിട്ടും സംസ്കാരത്തിൻറെ, ജീവതത്തിൻറെ ഭാഗമായ കലാ ആസ്വാദനത്തെ കൈവിടാതിരിക്കാനുള്ള ശ്രമം. കുവൈത്ത് സിറോ മലബാർ സഭയുടെ ഔദ്യോഗിക അൽമായ സംഘടന സിറോ മലബാർ കൾച്ചറൽ  അസോസിയേഷൻ കുവൈത്തിൻറെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ലിംക ബുക്ക് ഓഫ് റെക്കോഡിൽ  ഇടം നേടിയ മെഗാ മാർഗം കളി അവതരിപ്പിച്ചത്. ഖൈഫാൻ അമച്വർ അത്‌‌ലറ്റിക് സ്റ്റേഡിയത്തിൽ മലയാളികളും വിദേശികളും സ്വദേശികളുമായ ആയിരങ്ങളെ സാക്ഷിനിർത്തി 876 പേർ 25 മിനിട്ടു നീണ്ട മാർഗം കളി അവതരിപ്പിച്ചു.

കത്തിച്ചുവച്ച തിരിവിളക്കിനു ചുറ്റും നിന്ന്, പരമ്പരാഗതമായ വെള്ള മുണ്ടും ചട്ടയും അണിഞ്ഞ്, ഒരേ താളത്തിൽ ഒരേ മനസോടെ കൈകൊട്ടിപാടിയാണ് പുരുഷൻമാരും വനിതകളും കുട്ടികളുമടങ്ങിയ സംഘം മാർഗം കളി അവതരിപ്പിച്ചത്.വിവിധ ദേശക്കാരായവരെ ഒരുമിപ്പിച്ചു മൂന്നു മാസത്തോളം നീണ്ട പരിശീലനത്തിലൂടെയാണ് മെഗാ മാർഗം കളിക്കൊരുങ്ങിയത്.

എസ്‌.എം.സി.‌എ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  `ശുക്റൻ അൽ കുവൈത്ത്` എന്ന പേരിലവതരിച്ച പരിപാടി കുവൈത്തിനോടുള്ള സ്നേഹാദരവ് പ്രകടിപ്പിക്കുന്നതായിരുന്നു. കുവൈത്ത് രാജകുടുംബാഗവും കുവൈത്ത് വിദേശകാര്യ കൗൺസിലറുമായ ഷെയ്ഖ് ദുഐജ് അൽ ഖലീഫ അൽ സബാഹ്, ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി പി.പി.നാരായൺ, ലിംകാ ബുക്ക് ഓഫ് റിക്കോർഡ് പ്രതിനിധികൾ എന്നിവരും മാർഗം കളി കാണാനെത്തിയിരുന്നു. SMCA പ്രസിഡന്റ് തോമസ് കുരുവിള, ജനറൽ സെക്രട്ടറി ബിജു ആന്റോ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.

ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണവുമായി കേരളത്തിലെ പൂർവവിദ്യാർഥികളുടെ നേതൃത്വത്തിൽ ദുബായിൽ മിനി മാരത്തൺ സംഘടിപ്പിച്ചു. പൂർവവിദ്യാർഥികളുടെ യുഎഇയിലെ ഔദ്യോഗിക സംഘടനയായ അക്കാഫ് നടത്തിയ മിനി മാരത്തണിൽ മൂവായിരത്തിലധികം പേരാണ് പങ്കെടുത്തത്.

ആരോഗ്യ പരിപാലനത്തിന് വ്യായാമത്തിൻറെ പ്രധാന്യത്തെക്കുറിച്ച് ബോധവൽക്കരണം ലക്ഷ്യമിട്ടാണ് കേരളത്തിലെ കോളജുകളിലെ പൂർവവിദ്യാർഥികളുടെ, യുഎഇയിലെ ഔദ്യോഗിക സംഘടനയായ അക്കാഫ് വൊളൻറിയർ ഗ്രൂപ്പ്,, ദ ഗ്രേറ്റ് ഇന്ത്യൻ റൺ എന്ന പേരിൽ മിനി മാരത്തൺ സംഘടിപ്പിച്ചത്.  ദുബായ് മംസാർ പാർക്കിൽ രാവിലെ എഴരയ്ക്കു തുടങ്ങിയ മിനി മാരത്തൺ ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ഫ്ലാഗ് ഓഫ് ചെയ്തു.

ദുബായ് പൊലീസിന്റെ വാഹനനിരയ്ക്കു പിന്നാലെ റൈഡേഴ്സ് മോങ്കിന്റെ ഹാർലി ഡേവ്സൺ ബൈക്കുകളുടെ നിണ്ട നിര. പിന്നിൽ റോഡ് ഓഫ് റൈഡേഴ്സിന്റെ വാഹങ്ങൾ. തുടർന്നു അക്കാഫ് വൊളന്റിയേഴ്സിലെ അംഗങ്ങളും ഷാർജ ഇന്ത്യൻ ഹൈസ്കൂളിലെ വിദ്യാർഥികളും അണിനിരന്നു.

മംമ്സാർ ബീച്ച് റോഡിലൂടെ അഞ്ചു കി.മീ ദുരമായിരുന്നു റൺ. കൂട്ടയോട്ടത്തിനു കൊഴുപ്പേകാൻ വാദ്യഘോഷങ്ങളും അണിനിരന്നു. റൺ തിരികെ മംമ്സാർ പാർക്കിലെത്തിയതോടെ ആവേശം നിറച്ച് സാംസ്കാരിക കലാപരിപാടികൾ അരങ്ങേറി. ഇന്ത്യ ക്ലബ് ചെയർമാനും മാരത്തൺ ഗ്രാൻഡ് അംബാസിഡറുമായ സിദ്ധാർഥ് ബാലചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.  ആഡ്രയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സൂംബ നൃത്തത്തിനൊപ്പം കാണികളും ചുവടുവച്ചു. ദുബായ് പൊലീസിന്റെ ഡോഗ് സ്ക്വാഡായ കെ.ക്ലബിന്റെ പ്രകടനം ഉദ്വേഗ നിമിഷങ്ങൾ സമ്മാനിച്ചു. സുരക്ഷാബോധവൽക്കരണത്തിൻറെ ഭാഗമായിട്ടായിരുന്നു പ്രകടനം.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...