എക്സ്പോ ചരിത്രസംഭവമാക്കാൻ യുഎഇ; കാത്തിരിപ്പിൽ പ്രവാസികൾ

gulf-this-week-dubai-expo-845
SHARE

ലോകം കാത്തിരുന്ന, യുഎഇയുടെ സാമ്പത്തിക മുന്നേറ്റത്തിനു പ്രതീക്ഷ പകരുന്ന എക്സ്പോ 20-20 യിലേക്ക് ഇനി മാസങ്ങളുടെ ദൂരം മാത്രം. ടിക്കറ്റ് വിൽപ്പന ആരംഭിച്ചതോടെ എക്സ്പോയിലേക്ക് ലോകം ഔദ്യോഗികമായി പ്രവേശിച്ചിരിക്കുകയാണ്.

ദുബായ് ആതിഥേയത്വം വഹിക്കുന്ന വേൾഡ് എക്സ്പോ രണ്ടായിരത്തിഇരുപതിലേക്കുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചു. ഗൾഫ് മേഖലയിലേക്ക് ആദ്യമായി വിരുന്നെത്തുന്ന വേൾഡ് എക്സ്പോയിലേക്കുള്ള ടിക്കറ്റുകൾ ആകർഷക പാക്കേജുകളോടെയാണു വിൽപ്പനയ്ക്കെത്തുന്നത്. ഒരു ദിവസത്തേക്ക് 120 ദിർഹവും മൂന്നു ദിവസത്തേക്ക് 260 ദിർഹവുമാണ് നിരക്ക്. 350 ദിർഹത്തിന് ഒരു മാസത്തെ പാസും 595 ദിർഹത്തിനു സീസണൽ ടിക്കറ്റും ലഭിക്കും. 

വിദ്യാർഥികൾക്കു  ഒരു ദിവസത്തെ ടിക്കറ്റിനു 60 ദിർഹവും മൂന്നു ദിവസത്തേക്ക് 130 ദിർഹവും ഒരുമാസത്തേക്ക് 175 ദിർഹവും സീസണൽ ടിക്കറ്റിനു 297 ദിർഹവുമാണ് നിരക്ക്.  6 മുതൽ 17 വയസ്സുവരെയുള്ളവർക്കും ഏതു പ്രായക്കാരായ വിദ്യാർഥികൾക്കും 50% ഇളവുണ്ടാകും. https://www.expo2020dubai.com/ എന്ന വെബ്സൈറ്റിൽ നിന്നും ടിക്കറ്റ് സ്വന്തമാക്കാം. അഞ്ചു വയസ്സിൽ താഴെയുള്ളവർ, മുതിർന്ന പൗരന്മാർ, നിശ്ചയദാർഢ്യ വിഭാഗക്കാർ എന്നിവർക്കു പ്രവേശനം സൌജന്യമാണ്. നിശ്ചയദാർഢ്യ വിഭാഗക്കാരുടെ കൂടെയുള്ളയാൾക്കു പകുതി നിരക്കു നൽകിയാൽ മതിയാകും. 

അതേസമയം, ഇന്ത്യൻ കായികമേഖലയുമായി എക്സ്പോ 2020 സഹകരിക്കുന്നുവെന്ന വാർത്ത ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് ക്രിക്കറ്റ് പ്രേമികൾക്കു സന്തോഷമേകുന്നതാണ്. ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാൻ റോയൽസിൻറെ മുഖ്യ സ്പോൺസറായി ദുബായ് എക്സ്പോ 2020 കരാർ ഒപ്പിട്ടു. ദുബായ് എക്സ്പോ രണ്ടായിരത്തി ഇരുപതിൻറെ ലോഗോയുള്ള ജഴ്സിയണിഞ്ഞായിരിക്കും മലയാളിയായ സഞ്ജു സാംസണും റോബിൻ ഉത്തപ്പയുമുൾപ്പെടെയുള്ള രാജസ്ഥാൻ റോയൽസ് ടീം അംഗങ്ങൾ കളത്തിലിറങ്ങുന്നത്. 

ഏറ്റവും വലിയ രാജ്യാന്തര വിപണിയായ ഇന്ത്യയിലും ക്രിക്കറ്റിനെ സ്നേഹിക്കുന്ന മറ്റു രാജ്യങ്ങളിലും എക്സ്പോ രണ്ടായിരത്തിഇരുപതിനെക്കുറിച്ചു അവബോധമുണ്ടാക്കാൻ ഐപിഎൽ ഫ്രാഞ്ചൈസിയുമായുള്ള ബന്ധം സഹായകരമാകുമെന്നു  എക്സ്പോ മാർക്കറ്റിങ് വൈസ് പ്രസിഡൻറ് ആൻറണി വാർഡ് വ്യക്തമാക്കി. രാജസ്ഥാൻ റോയൽസിനു വിജയാശംസ നേരുന്നതായും എക്സ്പോ അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. സഹകരണത്തിൻറെ ഭാഗമായി രാജസ്ഥാൻ റോയൽസിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ എക്സ്പോ രണ്ടായിരത്തി ഇരുപതിൻറെ വെബ്സൈറ്റിലേക്കുള്ള ലിങ്കും ചേർത്തിട്ടുണ്ട്. 

ഒക്ടോബർ 20 മുതൽ ഏപ്രിൽ 10വരെ നടക്കുന്ന എക്സ്പോ എക്‌സ്‌പോ 2020 യോടെ യുഎഇ ലോകരാജ്യങ്ങള്‍ക്കിടയില്‍ ശക്തമായ സാന്നിധ്യമായി മാറുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ആഗോള സാമ്പത്തിക മേഖലയിലെ തളർച്ചയ്ക്കിടയിലും ഗൾഫ് മേഖലയ്ക്ക് കരുത്തു പകരുന്നതായിരിക്കും എക്സ്പോ 2020.

എക്സ്പോയ്ക്കായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഏറ്റവും മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങളും സുരക്ഷയുമാണ് ഏർപ്പെടുത്തിതുടങ്ങുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻറെ നിർദ്ദേശ പ്രകാരമുള്ള സുഗമ യാത്ര സ്മാർട് സംവിധാന വികസന പദ്ധതികളുടെ ഭാഗമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ സൌകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

കനത്ത തിരക്കിനിടയിലും വേഗത്തിൽ, സുരക്ഷിതമായി  നടപടി ക്രമങ്ങൾ പൂർത്തീകരിക്കാനാണ് 90 പുതിയ കൌണ്ടറുകൾ തുറന്നതായി ദുബായ് എമിഗ്രേഷൻ തലവൻ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി പറഞ്ഞു. ചെക്ക് ഇൻ മുതൽ യാത്രക്കാർ വിമാനത്തിൽ കയറുന്നതുവരെയുള്ള നടപടികൾ പൂർത്തിയാക്കാൻ സഹായകമായ ബയോമെട്രിക് പാതയും എക്സ്പോയോടനുബന്ധിച്ച് തയ്യാറാകും. 

അത്തരത്തിൽ സകലമേഖലകളിലും മുന്നേറ്റത്തിനുള്ള വഴി തെളിക്കുന്ന ചരിത്രസംഭവമായി എക്സ്പോ 2020 യെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഭരണാധികാരികളും സ്വദേശികളും മലയാളികളടക്കമുള്ള പ്രവാസികളും. 

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...