ഗൾഫ് മേഖലയിൽ ആശങ്കയൊഴിയുന്നു; പ്രതിക്കൂട്ടിലാകുന്ന ഇറാൻ ഭരണകൂടം

iran-america
SHARE

ഇറാൻ അമേരിക്ക സംഘർഷസാധ്യതയ്ക്ക് അയവു വന്നിരിക്കുന്നു. ഗൾഫ് രാജ്യങ്ങളുടെ മധ്യസ്ഥതാ ശ്രമം ഫലം കാണുന്ന കാഴ്ച. അതേസമയം, യുക്രെയ്ൻ വിമാനം തകർത്തതിലൂടെ പ്രതിക്കൂട്ടിലായിരിക്കുകയാണ് ഇറാൻ ഭരണകൂടം. രാജ്യാന്തര എതിർപ്പിനൊപ്പം സ്വന്തം രാജ്യത്തുനിന്നും അമർഷത്തിൻറെ സ്വരമാണ് ഭരണകൂടത്തിനെതിരെ ഉയർന്നത്.

ഇറാഖിലെ യുഎസ് സൈനികതാവളങ്ങൾ ഇറാൻ ആക്രമിച്ചതിനു പിന്നാലെ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നടത്തിയ വാർത്താസമ്മേളനം പ്രതീക്ഷ പകരുന്നതായിരുന്നു. യുദ്ധത്തിലേക്കുള്ള വെല്ലുവിളികളില്ലാതെ, ചർച്ചയ്ക്ക് തയ്യാറാണെന്നു അമേരിക്ക ഐക്യരാഷ്ട്രസഭയെ അറിയിച്ചതും ആശങ്കയകറ്റിയ വാർത്തയായി. ഇറാനെ ആക്രമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു ട്രംപിൻറെ വാക്കുകൾ.

ഇറാഖിലെ അമേരിക്കൻ കേന്ദങ്ങൾക്കു നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയെങ്കിലും അതൊന്നും രൂക്ഷമായിരുന്നില്ല. പ്രതികാരമാണെന്നു വരുത്തിതീർക്കുന്ന വിധം ആക്രമണങ്ങളായിരുന്നു ഇറാൻറേതെന്നാണ് വിലയിരുത്തൽ. അതിനിടെ, സൈനിക കമാൻഡർഖാസിം സുലൈമാനിയെ വധിച്ചതിനു പിന്നാലെ ഇറാൻ ഭരണകൂടത്തിനു ജനപിന്തുണ കൂടുമെന്നു കരുതിയ സാഹചര്യത്തിലായിരുന്നു യുക്രെയ്ൻ വിമാനം അപകടത്തിൽ പെടുന്നത്. എട്ടാം തീയതി രാവിലെ ടെഹ്‌റാനിലെ ഇമാം ഖുമൈനി വിമാനത്താവളത്തിൽനിന്നും യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് പൊവുകയായിരുന്ന യുക്രെയ്ന്റെ ബോയിങ് 737-800 വിമാനം ടേക് ഓഫിനു പിന്നാലെ തകർന്നു വീണ വാർത്ത കേട്ടു ലോകം ഞെട്ടി. ഇറാൻറെ മിസൈൽ പതിച്ചാണ് വിമാനം വീണതെന്ന അമേരിക്ക അടക്കമുള്ളവരുടെ ആരോപണങ്ങളെ ഇറാൻ ആദ്യം തള്ളി. അബദ്ധത്തിൽ സംഭവിച്ച കൈപ്പിഴയിലൂടെ സ്വന്തം മിസൈലേറ്റാണ് വിമാനം തകർന്നതെന്നു പിന്നീടു നടത്തിയ കുറ്റസമ്മതം ഇറാനെ പ്രതിക്കൂട്ടിലാക്കി. 

167 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കൊല്ലപ്പെട്ടവരില്‍ 82 പേര്‍ ഇറാനികളായിരുന്നു. 7 കാനഡക്കാരും 11 ഉക്രെയിന്‍കാരും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തോടെ ഇറാൻ സർക്കാരിനെതിരെ സ്വന്തം ദേശത്ത് കടുത്ത പ്രതിഷേധം ഉയർന്നു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്കെതിരെയടക്കം മുദ്രാവാക്യങ്ങൾ ഉയർന്നു. രാജിവയ്ക്കണെന്ന് ആവശ്യമുയർന്നു. യുവാക്കളുടെ നേതൃത്വത്തിനു രാഷ്ട്രീയ പിന്തുണയില്ലെങ്കിലും ജനപിന്തുണ ശക്തമായി. 1979ലെ ഇസ്‍ലാമിക വിപ്ലവത്തിനുശേഷം ആദ്യമായാണ് ഇറാനിൽ ഇത്രയും വലിയ പ്രതിഷേധങ്ങൾ നടക്കുന്നതെന്നാണു വിലയിരുത്തൽ. പ്രതിഷേധക്കാർക്കെതിരെ ഭരണകൂടം കിരാതനടപടികളിലേക്കു കടന്നതോടെ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ എതിർപ്പുമായി രംഗത്തെത്തി. കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ വിമാന അപകടത്തിനു കാരണക്കാരായ ഉത്തരവാദികളിൽ ചിലരെ അറസ്റ്റ് ചെയ്തെന്നു ഇറാൻ വ്യക്തമാക്കി. സംഭവത്തെക്കുറിച്ചു വിശദ അന്വേഷണം തുടരുകയാണെന്നു ഇറാന്റെ ജുഡീഷ്യറി വക്താവ് ഘോലംഹുസൈൻ ഇസ്മയിലി പറഞ്ഞു. 

മേഖലയിൽ ഇറാൻ ഒറ്റപ്പെട്ട പശ്ചാത്തലത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇറാനിലെത്തി. ഇറാൻ സൈനിക കമാൻഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനു ശേഷം മറ്റൊരു രാജ്യത്തിൻറെ ഭരണാധികാരി ഇറാനിലെത്തിയത് ആദ്യമായിട്ടായിരുന്നു. മേഖലയിൽ സമാധാനം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഖത്തർ അമീറിൻറെ ഇറാൻ സന്ദർശനം. ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനു ശ്രമിക്കണമെന്നു ഇറാൻ പ്രസിഡൻറ് ഹസ്സൻ റൂഹാനിയെ സാക്ഷിനിർത്തി ഖത്തർ അമീർ പറഞ്ഞു. 

വൈത്ത്, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളാണ് മേഖലയിൽ സമാധാനം നിലനിർത്താൻ ഇറാനും അമേരിക്കയ്ക്കുമിടയിൽ മധ്യസ്ഥത വഹിക്കുന്നത്. സംഘർഷസാധ്യതയ്ക്ക് അയവു വന്നതോടെ രാജ്യാന്തര വിപണിയിൽ ഉയർന്ന എണ്ണവില വീണ്ടും പൂർവസ്ഥിതിയിലായി. കഴിഞ്ഞയാഴ്ച 70 ഡോളർ കടന്ന ബ്രെന്റ് ക്രൂഡ് ബാരലിന് വില യുദ്ധഭീതി ഒഴിഞ്ഞതോടെ വീണ്ടും 65 ഡോളറിൽ താഴെയെത്തി. 

ഇറാഖ് സേനാ തലവൻ ഖാസിം സുലൈമാനിയെ വധിച്ചതിനു പിന്നാലെ ഉടലെടുത്ത സംഘർഷ സാധ്യത കുറയ്ക്കാൻ ഗൾഫ് രാജ്യങ്ങളുടെ ശക്തമായ ഇടപെടലിനായെന്നതാണ് വിലയിരുത്തൽ. സൌദി, യുഎഇ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ ഭരണാധികാരികളെല്ലാം സമാധാനത്തിനായി ആഹ്വാനം ചെയ്തത് ഫലപ്രദമായി. അത്തരം ഇടപെടലുകൾ തുടരുമെന്നും മേഖലയിൽ സമാധാനവും അതുവഴി സാമ്പത്തിക സാമൂഹിക സ്ഥിരതയും തിരികെവരുമെന്നുമാണ് പ്രവാസികളടക്കമുള്ളവരുടെ പ്രതീക്ഷ.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...