ഒരു കൂരയ്ക്കു കീഴിലെ വൈവിധ്യം; കാഴ്ച വിസ്മയം തീർത്ത് ദുബായ് ഗ്ളോബൽ വില്ലേജ്

globalvilla
SHARE

വൈവിധ്യങ്ങൾ ഒരു കൂരയ്ക്കു കീഴിൽ അണിനിരക്കുന്ന കാഴ്ചയാണ് ദുബായ് ഗ്ളോബൽ വില്ലേജ്. എഴുപത്തിയെട്ടു രാജ്യങ്ങളിലെ സാംസ്കാരികത്തനിമ അടുത്തറിയാൻ അവസരം. ഈ വൈവിധ്യങ്ങളുടെ മനോഹര ലോകത്തേക്കാണ് ഇനി യാത്ര.

ബോസ്നിയൻ തെരുവുകളിലെ രുചിയേറിയ കെബാബ്, സിറിയയിലെ പഴയ ഡമാസ്കസ് തെരുവിലെ സുഗന്ധദ്രവ്യങ്ങൾ, അഫാഗാനിസ്ഥാനിലെ പ്രശസ്തമായ കമ്പള്ളിവസ്ത്രങ്ങൾ എല്ലാം ഒരു കൂരയ്ക്കു കീഴിൽ കറങ്ങിനടന്നു നോക്കിവാങ്ങാൻ അവസരം. അതാണ് ഗ്ളോബൽ വില്ലേജ് സ്വദേശികൾക്കും പ്രവാസികൾക്കും വിദേശികൾക്കും സന്ദർശകർക്കുമായി ഒരുക്കുന്നത്.

സിറിയ. വാർത്തകളിൽ യുദ്ധത്തിൻറെ മുറിവുകളെക്കുറിച്ചേറെക്കേട്ട പേര്. തലസ്ഥാന നഗരിയായ ഡമാസ്കസിലെ പുരാതനമായ വാണിഭകേന്ദ്രങ്ങളുടെ ഓർമയുണർത്തി ഗ്ളോബൽ വില്ലേജിലെ സിറിയൻ പവലിയനിലും തെരുവിനെ പുനരാവിഷ്കരിച്ചിരിക്കുന്നു. സുഗന്ധദ്രവ്യങ്ങൾ, വസ്ത്രങ്ങൾ, അലങ്കാര കണ്ണാടികൾ, അതിമനോഹരമായ ഗ്ളാസുകൾ, ലൈറ്റുകൾ, ഇരിപ്പിടങ്ങൾ അങ്ങനെ പഴമയുടെ മനോഹാരിതയെ അതേപടി കാണാനും സ്വന്തമാക്കാനും അവസരമൊരുക്കുകയാണ് സിറിയൻ പവലിയൻ.

ഇന്ത്യയുടെ അയൽ രാജ്യമായ അഫ്ഗാനിസ്ഥാനിലെ പുരാതന സംസ്കാരത്തിൻറെ ഭാഗമായ വസ്ത്രങ്ങളും ഭക്ഷണങ്ങളുമെല്ലാം പരിചയപ്പെടാൻ അഫ്ഗാൻ പവലിയനിൽ അവസരമൊരുക്കിയിട്ടുണ്ട്. രാജ്യം സന്ദർശിക്കാതെ ആ രാജ്യത്തെ സംസ്കാരം നേരിട്ടറിയാനുള്ള അവസരം. അഫ്ഗാൻ മലനിരകളിൽ നിന്നും ശേഖരിച്ച വിവിധവർണങ്ങളിലുള്ള കല്ലുകളും അവ കൊണ്ടു നിർമിച്ച മോതിരങ്ങളും ഏറെ ശ്രദ്ധയാകർഷിക്കുന്നു. ലോകപ്രശസ്തമായ അഫ്ഗാൻ കമ്പളി വസ്ത്രങ്ങൾ നേരിട്ടു വാങ്ങാനും കാണാനും ഈ പവലിയനിൽ സൌകര്യമൊരുക്കിയിട്ടുണ്ട്.

തടിക്കഷ്ണങ്ങളിലൂടെ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിൻറേയും യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻറേയുമൊക്കെ ശിൽപങ്ങൾ രചിക്കുന്ന അഫ്ഗാൻ സ്വദേശി എം.മുജ്തബയെയും ഇവിടെ കാണാം. മനോഹരമായ ഈ തടിശിൽപങ്ങൾ സ്വന്തമാക്കാനും അവസരമുണ്ട്.

തെക്കൻ യൂറോപ്പിലെ ബാൽക്കൺ ഉപദ്വീപിലെ ബോസ്നിയൻ കെബാബും ഹൌസ് കോഫിയും കഴിക്കാൻ സൌകര്യമൊരുക്കുകയാണ് ബോസ്നിയയുടെ പവലിയൻ. ഒരു തെരുവിലേതെന്ന പോലെ ഭക്ഷണ വൈവിധ്യങ്ങളുടെ ലോകമാണ് ഈ പവലിയൻ. കൈ കൊണ്ടു നെയ്തെടുക്കുന്ന മനോഹരമായ കാർപ്പെറ്റു നിർമിക്കുന്ന ബോസ്നിയൻ വനിതയാണ് പവലിയനിലേക്കു സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. 

ആഥിതേയ രാജ്യമെന്ന നിലയിൽ യുഎഇയുടെ അതിവിശാലമായ പവലിയാനാണ് ഗ്ളോബൽ വില്ലേജിൽ ഒരുക്കിയിരിക്കുന്നത്. പുരാതനമായ അറബ് പൈതൃകം വിളിച്ചോതുന്ന ശിൽപകലയാണ് പവലിയൻറെ പ്രധാനകവാടത്തിലെ ആകർഷണം. വിശേഷപ്പെട്ട അത്തറും ഊദും, അറബ് വസ്ത്രങ്ങൾ, ഭക്ഷണങ്ങൾ എല്ലാം പവലിയനിൽ കാണാം, സ്വന്തമാക്കാം.

പാക്കിസ്ഥാൻ, അസർബെയ്ജാൻ, യെമൻ, അമേരിക്ക, ആഫ്രിക്ക തുടങ്ങി ഇരുപത്തിയെട്ടു പവലിയനുകളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. ഓരോ പവലിയനുകളും വ്യത്യസ്ത സംസ്കാരങ്ങളെ പ്രതിനിധാനം ചെയ്യുന്നതിനാൽ സന്ദർശകർക്കു പുതിയ കാഴ്ചയും അനുഭവവും പങ്കുവയ്ക്കുമെന്നുറപ്പ്. ഒപ്പം, ബലിവുഡ് ഉൾപ്പെടെ വിവിധ നൃത്തരൂപങ്ങൾ ആസ്വദിക്കാനും ഈ ആഗോളഗ്രാമത്തിൽ അവസരമുണ്ട്.

പുസ്തകങ്ങളിലും സിനിമകളിലും മാത്രം കണ്ടു പരിചയമുള്ള വ്യത്യസ്ത സംസ്കാരങ്ങളെ അടുത്തറിയാനും അനുഭവിക്കാനും അവസരമൊരുക്കുന്ന ഗ്ളോബൽ വില്ലേജ് എപ്രിൽ നാലിനു സമാപിക്കും. മൂന്നു വയസിനു മുകളിലും അറുപത്തിയഞ്ചു വയസിനു താഴെയുള്ളവർക്കും പതിനഞ്ചു ദിർഹമാണ് ടിക്കറ്റ് നിരക്ക്. മലയാളികളടക്കമുള്ള പ്രവാസികളുടെ ശീതകാലത്തിലെ പ്രധാനസന്ദർശനസ്ഥലമായി മാറിയിരിക്കുകയാണ് ഈ ആഗോള ഗ്രാമം.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...