പ്രതീക്ഷകളും ആശങ്കകളും നിറഞ്ഞ സഹിഷ്ണുതാ വർഷം; പിന്നിട്ട വഴികളിലൂടെ ഗൾഫ് 2019

gulfthisweek
SHARE

രണ്ടായിരത്തിപത്തൊൻപതു വിടപറയുകയാണ്. ഗൾഫ് മേഖലയിൽ ഏറെ പ്രതീക്ഷകളും ഒപ്പം ആശങ്കകളും നിറഞ്ഞ വർഷം. എണ്ണക്കപ്പലുകൾക്കു നേരെ തുടർച്ചയായുണ്ടായ ആക്രമണം മേഖലയിൽ ആശങ്ക പടർത്തി. അതേസമയം, ജിസിസി ഒരുമിച്ചു നീങ്ങുമെന്ന പ്രഖ്യാപനം പ്രതീക്ഷ പകരുന്നതുമാണ്. പോയവർഷത്തെ പ്രധാനസംഭവങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക പരിപാടി ഗൾഫ് രണ്ടായിരത്തിപത്തൊൻപതിലേക്കു സ്വാഗതം.

2019നെ സഹിഷ്ണുതാ വർഷമായാണ് യുഎഇ ആചരിച്ചത്. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം സഹിഷ്ണുതാ വർഷത്തിലെ ചരിത്രസംഭവമായിരുന്നു. അബുദാബിയിലെ മാനവസാഹോദര്യപ്രഖ്യാപനം ലോകജനതയ്ക്കു മുന്നിൽ സമാധാനത്തിൻറെ പുതിയ സന്ദേശമായി.

ആഗോളകത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പ, അറേബ്യൻ മനസുകളിലേക്ക് കുടിയേറിയ മൂന്നു ദിനങ്ങൾ. ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെയുള്ള ദിനങ്ങൾ യുഎഇയുടെ സഹിഷ്ണുതാ വർഷാചരണത്തിലെ ഏറ്റവും മനോഹര കാഴ്ചയായിരുന്നു. അബുദബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിലെത്തിയ മാർപാപ്പയെ അബുദബി കിരീടാവകാശിയും യുഎഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തി സ്വീകരിച്ചു.

ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡൻറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, അബുദബി കിരീടാവകാശിയും യുഎഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മാനവസാഹോദര്യ സമ്മേളനത്തെ അഭിസംബോധന ചെയ്താണ് മാർപാപ്പ, യുഎഇ സന്ദർശനത്തിലെ ആദ്യ പ്രസംഗം നടത്തിയത്. യെമൻ, സിറിയ, ഇറാഖ്, ലിബിയ എന്നിവിടങ്ങളിലെ യുദ്ധക്കെടുതികൾ കൺമുൻപിലുണ്ടെന്നും അതിനാൽ, ആയുധകച്ചവടത്തെ എതിർക്കണമെന്നുമുള്ള ആഹ്വാനവുമായിരുന്നു മാർപാപ്പയുടെ പ്രസംഗത്തിൻറെ രത്നച്ചുരുക്കം.

ഈജിപ്തിലെ അൽ അസ്ർ ഗ്രാൻഡ് മോസ്ക് ഇമാം അഹ്മദ് അൽ തയിബും മാർപാപ്പയും മാനവസാഹോദര്യ രേഖയിൽ ഒപ്പുവച്ചു. ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ മാർപാപ്പ അർപ്പിച്ച കുർബാനയിൽ മലയാളികളടക്കമുള്ള പ്രവാസിസഹസ്രങ്ങൾ പങ്കെടുത്തു. മാനവസാഹോദര്യവും ലോകസമാധാനവും ഉയർത്തിപ്പിടിക്കാൻ ഒരുമിച്ചു നീങ്ങണമെന്നായിരുന്നു തലസ്ഥാന നഗരിയിലർപ്പിച്ച കുർബാനക്കിടെ മാർപാപ്പയുടെ ആഹ്വാനം.

പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവരുടെ യുഎഇ സന്ദർശനം ഏറെ പ്രാധാന്യമേറിയതായിരുന്നു. പ്രവാസിമലയാളികളടക്കമുള്ളവരുടെ സജീവപങ്കാളിത്തമായിരുന്നു രാഷ്ട്രീയനേതാക്കളുടെ പരിപാടികളിലുടനീളമുണ്ടായിരുന്നത്.

യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിൻറെ പേരിലുള്ള രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് പുരസ്കാരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു സമ്മാനിച്ചു. ആദ്യമായാണ് ഒരിന്ത്യക്കാരൻ ഈ ബഹുമതിക്കു അർഹനായത്. ഇന്ത്യയുമായുള്ള ചരിത്രപരവും സമഗ്രവും തന്ത്രപ്രധാനവുമായ ബന്ധത്തിനു, പ്രിയ സുഹൃത്തു കൂടിയായ നരേന്ദ്രമോദിയുടെ സംഭാവനകളെ പരിഗണിച്ചാണ് ബഹുമതിയെന്നായിരുന്നു പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ടു ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞത്. രണ്ടാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ഗൾഫ് സന്ദർശനം. നരേന്ദ്രമോദിയുടെ മൂന്നാം യുഎഇ സന്ദർശനം. കശ്മീർ വിഷയത്തിൽ ഇന്ത്യക്കു ആദ്യം പിന്തുണയറിയച്ച യുഎഇയിലേക്കുള്ള സന്ദർശനം. ഏറെ പ്രത്യേകതകൾ നിറഞ്ഞ ഓഗസ്റ്റ് മാസത്തിലെ സന്ദർശനം. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ്, കോൺഗ്രസ് അധ്യക്ഷനായിരുന്നപ്പോൾ ഫെബ്രുവരിയിൽ രാഹുൽ ഗാന്ധിയും യുഎഇയിലെത്തി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150 ജന്മവാർഷികത്തോടനുബന്ധിച്ച്, ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന സാംസ്കാരിക പരിപാടിയിൽ ബിജെപി സർക്കാരിനെ കടന്നാക്രമിച്ചായിരുന്നു 

മുഖ്യമന്ത്രി പിണറായി വിജയൻ ലോകകേരളസഭയുമായി ബന്ധപ്പെട്ടു രണ്ടു തവണയാണ് യുഎഇയിലെത്തിയത്. ലോക കേരളസഭയുടെ ആദ്യ മേഖലാ സമ്മേളനം ഫെബ്രുവരി15,16 തീയതികളിലായി ദുബായിൽ സംഘടിപ്പിച്ചു. പ്രവാസികൾക്കുള്ള ക്ഷേമപദ്ധതികളും നവകേരള നിർമിതിക്കും വികസനത്തിനും പ്രവാസികളെ പരിഗണിക്കുന്ന പദ്ധതികളുമാണ് ലോകകേരള സമ്മേളനത്തിൽ ചർച്ചയായത്.

അന്തരിച്ച മുൻവിദേശകാര്യമന്ത്രി സുഷ്മ സ്വരാജിൻറെ ഒ.ഐ.സി സമ്മേളനത്തിലെ പ്രതിനിധ്യവും, വി.മുരളീധരൻ അടക്കമുള്ള വിവിധകേന്ദ്രസംസ്ഥാനമന്ത്രിമാരുടെ സന്ദർശനവും യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കു പ്രധാനവാർത്തകളായിരുന്നു.

യുഎഇയുടെ ആദ്യ ബഹിരാകാശയാത്രികൻറെ കുതിപ്പിനും ഈ വർഷം സാക്ഷ്യായി. തിരഞ്ഞെടുക്കപ്പെട്ട നിക്ഷേപകർക്കു ഗോൾഡൻ കാർഡ് വീസ അനുവദിച്ചതും ഫാമിലി വീസയിൽ കുടുംബാംഗങ്ങളെ യു.എ.ഇലേക്കു കൊണ്ടു വരുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതും പ്രവാസികൾക്കു ഗുണകരമായ തീരുമാനങ്ങളായിരുന്നു. ഈ വർഷത്തെ പുതിയ തീരുമാനങ്ങൾ, പദ്ധതികൾ എല്ലാം എക്സ്പോ രണ്ടായിരത്തിഇരുപതിലേക്കുള്ള ചുവടുവയ്പ്പായിരുന്നു.

സെപ്റ്റംബർ 25, വൈകിട്ട് 5.57 നായിരുന്നു  ബഹിരാകാശ ഗവേഷണരംഗത്ത് യുഎഇയുടെ അഭിമാനക്കുതിപ്പ്. ഹസ അൽ മൻസൂരിയേയും വഹിച്ചുകൊണ്ടുള്ള സോയൂസ് 15 പേടകം കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്നും രാജ്യാന്തര ബഹിരാകാശനിലയത്തിലേക്കു യാത്ര തിരിച്ചു. ഹസയുടെ നേട്ടം വരും ചരിത്രപരവും ഗൾഫ് മേഖലയ്ക്കാകെ പ്രചോദനകരവും അഭിമാനവും നൽകുന്നതാണെന്നു യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡൻറും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പ്രഖ്യാപിച്ചു.

യു.എ.ഇയിൽ തിരഞ്ഞെടുക്കപ്പെടുന്ന നിക്ഷേപകർക്കും വിശിഷ്ടവ്യക്തികൾക്കും സ്ഥിരതാമസത്തിനുള്ള അനുമതി നൽകുമെന്ന പ്രഖ്യാപനം രാജ്യത്തെ കൂടുതൽ നിക്ഷേപസൌഹൃദമാക്കാൻ ലക്ഷ്യമിട്ടായിരുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാൻ ഡോ.ആസാദ് മൂപ്പൻ തുടങ്ങി മലയാളികളടക്കമുള്ള പ്രവാസിവ്യവസായികൾക്കു ഗോൾഡൻ കാർഡ് വീസ ലഭിച്ചു.

യു.എ.ഇയിൽ പ്രവാസികൾക്കു കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള സ്പോൺസർഷിപ്പ് നിയമം ഉദാരമാക്കിയ ഭേദഗതിക്കു മന്ത്രിസഭ അംഗീകാരം നൽകി. ജോലിക്കു പകരം വരുമാനം അടിസ്ഥാനമാക്കിയായാണ് സ്പോൺസർഷിപ്പ് നിയമം ലഘൂകരിച്ചത്. പുതിയ നിയമം അനുസരിച്ച് നിശ്ചിത വരുമാനം ഉള്ള ആർക്കും കുടുംബത്തെ സ്പോൺസർ ചെയ്യാൻ അനുമതി ലഭിക്കും.

യുഎഇയും ലോകവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന എക്സ്പോ രണ്ടായിരത്തി ഇരുപതിലേക്കുള്ള കൌണ്ട് ഡൌൺ ഒക്ടോബർ ഇരുപതിനു യുഎഇയിലെ ഏഴ് എമിറേറ്റുകളിലുമായി പ്രഖ്യാപിച്ചു. അടിസ്ഥാനസൌകര്യങ്ങളിലടക്കം വൻപദ്ധതികളാണ് എക്സ്പോയോടനുബന്ധിച്ചു ഒരുക്കുന്നത്. ഇന്ത്യൻ പവലിയൻറെ നിർമാണോത്ഘാടനം കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ നിർവഹിച്ചു.

അതേസമയം, മലയാളികളടക്കമുള്ള പ്രവാസിഇന്ത്യക്കാരെ സങ്കടത്തിലാഴ്ത്തിയ അപകട വാർത്തയ്ക്കും ദുബായ് സാക്ഷിയായി. ജൂൺ ആറ്, വ്യാഴാഴ്ച വൈകിട്ട് അഞ്ച് നാൽപ്പതിനു ഒമാനിലെ ഒമാനിൽ നിന്നും ദുബായിലേക്കുള്ള യാത്രാമധ്യേ ബസ് അപകടത്തിൽപെട്ടു വിവിധ രാജ്യക്കാരായ പതിനേഴു പേർ വാഹനാപകടത്തിൽ മരിച്ചു. അതിൽ പതിനേഴു പന്ത്രണ്ടു പേർ ഇന്ത്യക്കാരടക്കം പതിനേഴു മരണം. ഏഴു പേരും മലയാളികളായിരുന്നു. ദുബായ് റാഷിദിയ മെട്രോ സ്റ്റേഷനു സമീപം അവസാന സ്റ്റോപ്പിലെത്തുന്നതിനു അഞ്ചു മിനിട്ടു മുൻപായിരുന്നു പ്രവാസികളെ കണ്ണീരിലാഴ്ത്തിയ അപകടം.

ചെക്കുകേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി അജ്മാനിൽ ജയിലിൽ കിടന്നതും ഏറെ ചർച്ച ചെയ്യപ്പെട്ട വാർത്തയായിരുന്നു. മലയാളിയായ നാസിൽ അബ്ദുല്ല നൽകിയ പരാതിയിലായിരുന്നു തുഷാറിനെ അറസ്റ്റ് ചെയ്തത്.

ബഹിരാകാശം, കാർഷികം ഉൾപ്പെടെ പതിമൂന്നു മേഖലകളിൽ നൂറു ശതമാനം വരെ ഉടമസ്ഥതയിൽ വിദേശനിക്ഷേപത്തിന് അനുമതി, ഭാര്യയുടെ സ്പോൺസർഷിപ്പിൽ രാജ്യത്തെത്തിയ ഭർത്താക്കൻമാർക്കും, പിതാവിൻറെ സ്പോൺസർഷിപ്പിലെത്തിയ പ്രായപൂർത്തിയായ ആൺകുട്ടികൾക്കും വർക്ക് പെർമിറ്റ് എന്നിവയ്ക്ക് അനുമതി നൽകിയതും ഇന്ത്യ യുഎഇ ബന്ധത്തിൻറെ ഊഷ്മളതയുടെ പുതിയ അധ്യായമായി അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിൻറെ നിർമാണോത്ഘാടനവും പ്രവാസിമലയാളികൾ അടക്കമുള്ളവർ പ്രതീക്ഷയോടെ, സന്തോഷത്തോടെയാണ് സ്വീകരിച്ചത്.

എണ്ണകപ്പലുകൾക്കും എണ്ണകേന്ദ്രങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളാലും യുഎസ് ഇറാൻ പ്രശ്നങ്ങളാലും മേഖലയിൽ ഏറെ ആശങ്ക നിറഞ്ഞൊരു വർഷമാണ് കടന്നു പോകുന്നത്. എണ്ണവിപണിയെ നേരിട്ടു ബാധിച്ച ആക്രമണങ്ങൾക്കെതിരെ രാജ്യാന്തര ഇടപെടലുണ്ടാകണമെന്നാണ് ജിസിസിയുടെ 

മേയ് 12, ഞായർ.. ഫുജൈറ തീരത്തു പുലർച്ചെ ആറു മണിയോടെ  സൌദിഅറേബ്യയുടേതുൾപ്പെടെ നാലു കപ്പലുകൾ ആക്രമിക്കപ്പെട്ടു. ഇറാൻ അമേരിക്ക സംഘർഷം രൂക്ഷമാവുന്നതിനിടെ അമേരിക്കയിലേക്കു എണ്ണ നിറയ്ക്കാൻ പുറപ്പെട്ട കപ്പലിനു നേരേ ആക്രമണമുണ്ടായത ലോകത്തെ ഞെട്ടിച്ചു. രണ്ട് സൌദി ടാങ്കറുകൾ, ഷാർജയിൽ നിന്നുള്ള ഒരു കപ്പൽ, ഒരു നോർവീജിയൻ കപ്പൽ എന്നിവയാണ് ആക്രമണത്തിനിരയായത്. എണ്ണക്കപ്പലുകളുടെ പ്രധാനസഞ്ചാരപാതയായ ഹോർമുസ് കടലിടുക്കിനു സമീപത്തെ ബങ്കറിങ് ടെർമിനലിലായിരുന്നു സംഭവം.  ഗൾഫ് മേഖലയിലൂടെയുള്ള ചരക്കു നീക്കം അട്ടിമറിക്കാൻ ഇറാൻ നേരിട്ടോ അല്ലാതെയോ ശ്രമിക്കുമെന്ന അമേരിക്കയുടെ മുന്നറിയിപ്പിനു തൊട്ടുപിന്നാലെയുണ്ടായ സംഭവത്തിൽ ആരോപണശരങ്ങൾ നീണ്ടത് ഇറാനു നേരേയായിരുന്നു. കൃത്യം ഒരുമാസത്തിനു ശേഷം ജൂൺ പതിമൂന്നിനു പുലർച്ചെ ആറ് പന്ത്രണ്ടിനും ഏഴിനും ഹോർമൂസ് കടലിടുക്കിനു സമീപം വീണ്ടും രണ്ട് എണ്ണകപ്പലുകൾക്കു നേരേ ആക്രമണമുണ്ടായി. ഒരു മാസത്തിനിടെയുണ്ടായ രണ്ടാമത്തെ ആക്രമണം ഗൾഫ് മേഖലയിൽ അതീവആശങ്ക പടർത്തി.

ജിസിസിയും അറബ് രാഷ്ട്രങ്ങളും അമേരിക്കയും ആക്രമണങ്ങളെ അപലപിച്ചു. യുഎസ് പ്രസിഡനറ് ഡോൺൾഡ് ട്രംപ് ഇറാനെ പേരടുത്തു വിമർശിച്ചു. ആക്രമിക്കപ്പെട്ട കൊക്കുവ കറേജ്യസ് കപ്പലിനുസമീപം പൊട്ടാതെകിടന്ന കാന്തിക സ്ഫോടകവസ്തുക്കൾ ഇറാൻ നാവികസേന മാറ്റുന്ന ദൃശ്യങ്ങൾ  യു.എസ്  പുറത്തുവിട്ടത് ഇറാനെ പ്രതിക്കൂട്ടിലാക്കി. എന്നാൽ, പതിവുപോലെ ഇറാൻ ആരോപണങ്ങളെ പൂർണമായും തള്ളി. അബ്ഹ രാജ്യാന്തര വിമാനത്താവളത്തിനു നേരെ ജൂൺ മാസമുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരിയടക്കം ഇരുപത്താറു പേർക്കാണ് പരുക്കേറ്റത്. സാമ്പത്തിക രംഗത്ത് ആശങ്കയുളവാക്കുന്ന ആക്രമണങ്ങൾ പ്രതിരോധിക്കാൻ രാജ്യാന്തരസമൂഹത്തിൻറെ ഇടപെടൽ അത്യാവശ്യമാണെന്നാണ് വിലയിരുത്തുന്നത്.

പ്രതിഷേധങ്ങൾക്കും ഇടപെടലുകൾക്കുമിടെ വീണ്ടും സെപ്റ്റംബർ 14, ശനിയാഴ്ച പുലർച്ചെ സൌദിയുടെ ദേശീയഎണ്ണകമ്പനിയായ അരാംകോയുടെ രണ്ടു എണ്ണക്കേന്ദ്രങ്ങൾക്കു നേരേ ഡ്രോൺ ആക്രമണമുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ സ്റ്റെബിലൈസേഷൻ പ്ലാന്റായ അബ്ഖൈഖിനും ഖുറൈസ് എണ്ണപ്പാടത്തിനും നേരെയാണ് ആക്രമണമുണ്ടായത്.  ആക്രമണത്തിനു പിന്നാലെ എണ്ണ ഉൽപ്പാദനം പകുതിയോളം കുറഞ്ഞു. ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തികതകർച്ച ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കു പിന്നിൽ ഇറാൻറെ പിന്തുണയുണ്ടെന്ന ആരോപണം വീണ്ടും ഉയർന്നു. എന്നാൽ, അമേരിക്കയുടേതടക്കം ആരോപണം നിഷേധിച്ച ഇറാൻ, യുദ്ധത്തിനു പോലും തയ്യാറാണെന്നു പ്രഖ്യാപിച്ചു മേഖലയെ ഞെട്ടിച്ചു.

എണ്ണവിപണക്കുണ്ടായ തകരാർ കണക്കിലെടുത്ത് ഐക്യരാഷ്ട്രസഭയും അമേരിക്ക, ഫ്രാൻസ്, തുടങ്ങിയ രാജ്യങ്ങളും സൌദിക്കു പിന്തുണ പ്രഖ്യാപിച്ചു. ഈ പിന്തുണ സൌദിക്കു ഇറാനു മേലുള്ള ആരോപണങ്ങൾ ശക്തമാക്കുന്നതിനുള്ള ഊർജവുമായി.

മേഖലയിലെ ആശങ്കപ്പെടുത്തുന്ന സംഭവങ്ങൾക്കൊപ്പം സൌദിയിൽ കർശനനിയമങ്ങളുടെ ഇളവടക്കമുള്ള സന്തോഷമുള്ള വാർത്തകളും ഉയർന്നുകേട്ടു. സൌദി ഇന്ത്യ ബന്ധം കൂടുതൽ മികച്ച തലത്തിലേക്കുയർന്നതിനും 2019 സാക്ഷിയായി.

സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറെ ഫെബ്രുവരിയിലെ ഇന്ത്യ സന്ദർശനം ചരിത്രസംഭവമായിരുന്നു. പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ കടുത്ത വിമർശനങ്ങളുയർന്ന പശ്ചാത്തലത്തിലായിരുന്നു കിരീടാവകാശിയുടെ സന്ദർശനം. ഭീകരവാദത്തെ ഇരു രാഷ്ട്രങ്ങളും തുല്യ ഗൗരവത്തോടെയാണ് കാണുന്നതെന്നു സൗദി കിരീടാവകാശി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുളള സംയുക്ത പ്രസ്താവനയിൽ പ്രഖ്യാപിച്ചു.

സൌദി ഭരണാധികാരി സൽമാൻ രാജാവിൻറെ ക്ഷണപ്രകാരമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒക്ടോബർ മാസത്തിലെ ഒരുദിവസത്തെ സന്ദർശനവും ഏറെ പ്രാധാന്യമർഹിക്കുന്നതായിരുന്നു. സൗദി ഭരണാധികാരി സൽമാൻ രാജാവുമായി നടത്തിയ ചർച്ചയിലെ പ്രധാനവിഷയം ഭീകരതയായിരുന്നു. എല്ലാ തരത്തിലുമുള്ള ഭീകരതയെ അപലപിക്കുന്നതായും അതിനെതിരെ ഒരുമിച്ചു നീങ്ങുമെന്നും ഇരുഭരണാധികാരികളും വ്യക്തമാക്കി. മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസിവ്യവസായികളുടെ സംഗമത്തെ മോദി അഭിസംബോധന ചെയ്തു.

സൌദിയിൽ വിവിധ വിനോദ, കായിക, വ്യവസായ പരിപാടികളില്‍ പങ്കെടുക്കാനെത്തുന്നവർക്കായി ഇവൻറ് വീസ ഏർപ്പെടുത്താൻ മാർച്ചിലാണ് സർക്കാർ തീരുമാനിച്ചത്. വിനോദസഞ്ചാരമേഖലയുടെ വികസനം ലക്ഷ്യമിട്ടാണ് നടപടി. അപേക്ഷ ലഭിച്ചു ഇരുപത്തിനാലു മണിക്കൂറിനകം വീസ അനുവദിക്കുമെന്ന പ്രഖ്യാപനം തുറന്ന മനസോടെയുള്ളതായിരുന്നു. സൌദിയിൽ വ്യോമഗതാഗതവും റോഡ് ഗതാഗതവും നിയന്ത്രിക്കാൻ വനിതകളെ നിയമിച്ചതു ചരിത്രതീരുമാനമായി. അതേസമയം, ടെലികോം, ഐ.ടി മേഖലകളിൽ അടക്കം സ്വദേശിവത്കരണം ശക്തമാക്കിയത് മലയാളികളടക്കമുള്ള തൊഴിൽ അന്വേഷകർക്കു തിരിച്ചയിയായി. അതേസമയം, മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടകേസിൽ റിയാദ് ക്രിമിനൽ കോടതി വിധി പ്രഖ്യാപിചചു. വർഷം അവസാനിക്കാൻ ഒരാഴ്ച ബാക്കിനിൽക്കെ, അഞ്ചു സൌദി പൌരൻമാരെയാണ് കോടതി വധശിക്ഷയ്ക്കു വിധിച്ചത്. മൂന്നു പേരെ 24 വർഷത്തെ തടവിനും വിധിച്ചു. സൌദി പ്രതിക്കൂട്ടിലാക്കപ്പെട്ട കേസിൽ ഒരു വർഷം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയാണ് കൃത്യമായി വിധി പ്രസ്താവിച്ചത്.

ഖത്തറിനെതിരെ സൌദി അടക്കം നാലു രാഷ്ടങ്ങൾ ഏർപ്പെടുത്തിയ ഉപരോധം രണ്ടര വർഷം പിന്നിടുകയാണ്. പക്ഷേ, ഈ വർഷാവസാനം മഞ്ഞുരുകലിൻറെ ചില നല്ല വാർത്തകൾ ഗൾഫ് മേഖലയിൽ നിന്നും കേട്ടു. ഉപരോധം അവസാനിപ്പിച്ച് ജിസിസി ഐക്യം വീണ്ടെടുക്കുമെന്ന പ്രതീക്ഷയോടെയാണ് 2019 കടന്നുപോകുന്നത്.

നവംബർ 13, ഖത്തർ ആതിഥേയത്വം വഹിച്ച അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കുമെന്നു സൌദിയും യു.എ.ഇയും ബഹ്റൈനും തീരുമാനിക്കുന്നു. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായി സൌദി, യുഎഇ കായികതാരങ്ങൾ ഖത്തർ മണ്ണിലേക്ക്. അനൈക്യത്തിൽ നിന്നും ഐക്യത്തിലേക്കുള്ള ചുവടുവയ്പ്പ് കളിക്കളത്തിലൂടെയായിരുന്നു. ഉപരോധവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സൌദി അടക്കമുള്ള രാജ്യങ്ങളുമായി ചർച്ച നടക്കുന്നുവെന്നും അതിൽ പുരോഗതിയുണ്ടെന്നുമുള്ള ഖത്തർ വിദേശകാര്യ മന്ത്രിയുടെ സ്ഥിരീകരണം മേഖലയിൽ പ്രതീക്ഷഉണർത്തി. തുടർന്നു നടന്ന ജിസിസി യോഗത്തിൽ ഖത്തറിനെ കടുത്ത വിമർശനങ്ങളുയർത്തി ഒറ്റപ്പെടുത്താതിരിക്കുന്നതിനു മറ്റു രാജ്യങ്ങൾ ശ്രദ്ധിച്ചതും മഞ്ഞുരുകലിൻറെ നല്ല സൂചനകളായിരുന്നു. റിയാദിൽ ജിസിസി യോഗത്തിനെത്തിയ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽഥാനി സൗദി ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയതും ശുഭസൂചനയായി.

ഒരിന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ ബഹ്റൈൻ സന്ദർശനത്തിനും 2019 സാക്ഷിയായി. കുവൈത്തിൽ പുതിയപ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭ നിലവിൽ വന്നത് ഏറെ ചർച്ചയായി. ഒമാനിലെ സ്വദേശിവൽക്കരണം കൂടുതൽ ശക്തമാക്കുന്ന തീരുമാനം പ്രവാസികൾക്കു നിരാശപകർന്നു.

ഓഗസ്റ്റിൽ രണ്ടുദിവസത്തെ യുഎഇ സന്ദർശനത്തിനു പിന്നാലെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബഹ്റൈൻ സന്ദർശനം. ബഹിരാകാശ ഗവേഷണം, സോളാർ, സാംസ്കാരികം, റൂപേ കാർഡ് തുടങ്ങി നാലു കരാറുകളിൽ ഇന്ത്യയുടം ബഹ്റൈനും ഒപ്പുവച്ചു. മനാമയിലെ നാഷണൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ഇരുപതിനായിരത്തോളം വരുന്ന പ്രവാസിഇന്ത്യക്കാരെ അഭിസംബോധന ചെയ്ത മോദി, കേന്ദ്രസർക്കാരിൻറെ വിവിധ പദ്ധതികളെക്കുറിച്ചാണ് സംസാരിച്ചത്.

കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹ് കുറ്റവിചാരണ നേരിട്ടതിനു പിന്നാലെ നവംബർ പതിനാലിനാണു  ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹിൻറെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചത്. തുടർന്നാണ് അമീറിൻറെ നിർദേശപ്രകാരം അമീർ ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. അതേസമയം, കുവൈത്തിലെത്തുന്ന വിദേശികളുടെ പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്നത് ഒഴിവാക്കുമെന്ന പ്രഖ്യാപനം ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെട്ടു. പാസ്പോർട് നഷ്ടപ്പെടുന്നതും പിടിച്ചുവയ്ക്കുന്നതും കാരണമുള്ള ബുദ്ധിമുട്ടൊഴിവാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ. ,ഒമാനിൽ നിന്നും തൊഴിൽ അന്വേഷകരായ പ്രവാസികൾക്കു നിരാശയുള്ള വാർത്തയാണ് 2019 ൽ കൂടുതൽ കേട്ടത്.  എൻജിനീയർമാരുടേതടക്കം പത്ത് വിഭാഗങ്ങളിലെ 87 തസ്തികകളിൽ 2018 ജനുവരിയിൽ ഏർപ്പെടുത്തിയ താൽക്കാലിക വീസാ വിലക്ക് നീട്ടി. ഒപ്പം സീനിയര്‍ മാനേജ്മെൻറ് തസ്തികകളിലും ഒമാൻ സ്വദേശിവൽക്കരണം നടപ്പാക്കിതുടങ്ങി.

പ്രതീക്ഷകളോടെയാണ് ഗൾഫ് മേഖലയിലെ പ്രവാസികൾ രണ്ടായിരത്തിഇരുപതിലേക്കു ചുവടുവയ്ക്കുന്നത്. ശാസ്ത്രസാങ്കേതിക വിനോദരംഗങ്ങളിൽ ഗൾഫ് രാജ്യങ്ങൾ മികച്ച ചുവടുവയ്പ്പിനൊരുങ്ങുന്നത് ലോകം സാക്ഷിയാകുന്നു. 

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...